‘ഹെഡ്മാസ്റ്റർ’, ഒരു ക്ലാസ് സിനിമ: റിവ്യൂ
Mail This Article
ഫിഫ്ത് എലമെന്റ് ഫിലിംസിന്റെ പാർട്ണർ എന്ന നിലയിൽ എട്ടു ഫീച്ചർ സിനിമകളുടെ നിർമാണത്തിൽ പങ്ക് ചേർന്നിട്ടുണ്ട് ഞാൻ. എല്ലാത്തിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായിരുന്നു. എങ്കിലും സിനിമയെക്കുറിച്ചുള്ള അറിവ് വട്ടപ്പൂജ്യം. ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പോലും അത്ര പോരാ. പക്ഷേ ഹെഡ്മാസ്റ്റർ എന്ന സിനിമയുടെ പ്രിവ്യൂ കണ്ടപ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞു.
എന്റെ കുട്ടിക്കാലത്തു തന്നെ അധ്യാപകരുടെ ശമ്പളത്തിൽ വലിയ മാറ്റം വന്നിരുന്നു. അതുകൊണ്ട് അധ്യാപകനായിരുന്ന എന്റെ അച്ഛന്റെ കഷ്ടപ്പാടുകൾ കേട്ടറിഞ്ഞിട്ടേ ഉള്ളൂ. കേട്ടറിഞ്ഞതിൽ നിന്നും ഏത്രയോ അധികമാണ് വാസ്തവം എന്ന് കാരൂരിന്റെ കഥകൾ വായിച്ചാണ് അറിഞ്ഞത്. പൊതിച്ചോറ്, അത്ഭുതമൃഗം, കൊച്ചുതൊമ്മൻ, സാറിനും പട്ടിക്കും തുടങ്ങിയ കഥകൾ മനസ്സിൽ നിൽക്കുന്നു. ഏതു കഥ സിനിമയാക്കിയാലും എനിക്ക് കഥയോട് മാത്രമേ ഇഷ്ടം തോന്നുകയുള്ളു. അതൊരു മുൻവിധിയാണ്.
ഹെഡ്മാസ്റ്റർ എന്ന ചിത്രം ബെന്യാമിൻ പറഞ്ഞ ഒരു വാചകത്തെ ഓർമിപ്പിച്ചു. നാം നേരിട്ട് അനുഭവിക്കാത്തതെല്ലാം നമുക്കു കഥകൾ മാത്രമാണ്. എന്നിട്ടും തിയറ്ററിൽ മിക്കവരും കണ്ണു തുടയ്ക്കുന്നത് കണ്ടു. ഏതൊക്കെയോ രീതിയിൽ മനുഷ്യാവസ്ഥ എന്ന പൊതുവ്യഥ അവരെയും കരയിച്ചിട്ടുണ്ടാകും. സിനിമയിൽ പറയുന്ന കഥയുടെ പശ്ചാത്തലം ഇന്നില്ല. പക്ഷേ മറ്റൊരു രൂപത്തിൽ ആ മനുഷ്യവ്യഥ ഇന്നുമുണ്ട്. ദാരിദ്ര്യത്തിനും ദാർശനികതയ്ക്കും ഇടയിൽ പെട്ട് ഞെരുങ്ങി മരിക്കുന്ന ഒരു സത്യാന്വേഷിയുടെ ദുഃഖം. പറയുന്ന വാക്കിനോളം വലുതാകാൻ പ്രവൃത്തിക്ക് കഴിയാതെ വരുന്ന ഒരു ആത്മാവിന്റെ ഒടുവിലത്തെ തേങ്ങൽ. അതിന് ഒരു മാറ്റവും വന്നിട്ടില്ല, ലോകത്തൊരിടത്തും. ആ രീതിയിൽ ഇതൊരു പീരീഡ് ഫിലിം അല്ല. ഒരു ക്ലാസിക് ആണ്. ഇത് പഴകില്ല. എന്നും നമ്മുടെ മനസ്സാക്ഷിയെ കുത്തിനോവിച്ചുകൊണ്ടിരിക്കുന്ന പച്ചമുൾമുനയായിരിക്കും.
ചിത്രത്തിൽ എടുത്തുപറയേണ്ടത് രണ്ടു കൂടുമാറ്റങ്ങളാണ്, പരകായപ്രവേശങ്ങളാണ്. രണ്ടും വ്യത്യസ്തം. രണ്ടും ചേട്ടാനിയന്മാരുടെ നേട്ടങ്ങൾ, ബാബു ആന്റണിയും തമ്പി ആന്റണിയും. അഭിനയത്തിൽ ആരാണ് അണ്ണൻ ആരാണ് തമ്പി എന്നൊരു തർക്കമുണ്ട്.
ബാബു ആന്റണിയുടെ സ്ഥിരം വേഷങ്ങൾ അദ്ദേഹത്തിന്റെ അഭിനയം അപൂർവമായേ ആവശ്യപ്പെട്ടിരുന്നുള്ളൂ, വൈശാലിയിലെ രാജാവിനെപ്പോലെ. അതിൽനിന്ന് വ്യത്യസ്തമായ ഒരു വേഷം ക്യാമറയുടെ മുന്നിൽ ഏറെക്കാലം നിന്നതിന്റെ അനുഭവപരിചയം കൊണ്ട് അദ്ദേഹം ഗംഭീരമാക്കി. വ്യക്തിത്വത്തെ മറയ്ക്കുന്ന മേക്ക്ഓവർ വല്ലതും കൂടി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.
നേരേ തിരിച്ചാണ് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ കഥ. അമേരിക്കയിലെ നല്ല തിരക്കുള്ള, affluent ആയ ഒരു ബിസിനസ് ലോകത്തുനിന്ന്, അധികമായി അഭിനയാനുഭവ പരിചയം ഇല്ലാതെ ‘പൊതിച്ചോർ കട്ടു തിന്നുന്ന ഒന്നാംസാർ’ എന്ന റോളിലേക്കുള്ള പരകായപ്രവേശം എത്ര ഭംഗിയായി, അയത്നലളിതമായി അദ്ദേഹം നിർവഹിച്ചിരിക്കുന്നു. വേദനാജനകമായ ഒരു ഗതകാലം നമ്മെ ഓർമിപ്പിക്കുന്ന ഈ ചിത്രം അവരവരുടെ വേരുകൾ മറക്കാൻ ഇഷ്ടമില്ലാത്തവർ ഹൃദയത്തിൽ സൂക്ഷിക്കും. നമ്മളെങ്ങനെ നമ്മളായെന്ന് മറക്കരുതല്ലോ. ഏതാനും ഷോട്ടിൽ മാത്രം വന്നുപോകുന്ന ശങ്കർ രാമകൃഷ്ണന്റെ ഓരോ ഷോട്ടും അവിസ്മരണീയം.
ബജറ്റ് പരിമിതി ഇല്ലായിരുന്നെങ്കിൽ ചിത്രം കുറേക്കൂടി മനോഹരമാക്കാമായിരുന്നു. 60 ദിവസമൊക്കെയാണ് ചില ചിത്രങ്ങളുടെ ഷെഡ്യൂൾ നീളുന്നത്. ദിവസം രണ്ടു ലക്ഷം രൂപ നിത്യച്ചെലവിനു വേണ്ടിവന്നാൽത്തന്നെ ഒരു കോടിക്ക് മുകളിൽ പ്രൊഡക്‌ഷൻ ചെലവ് പോകും. കുടുംബചിത്രങ്ങൾക്ക് അത് അഭിലഷണീയമല്ല, പ്രായോഗികമല്ല. തിയറ്റർ ഇളക്കി മറിക്കാനൊന്നും സാധ്യതയില്ലെങ്കിലും ഇത് കാണാൻ ആളുകൾ ക്യൂ നിൽക്കുന്നുണ്ട്, ഇപ്പോഴേ, സകുടുംബം.