ADVERTISEMENT

സമീപകാലത്തെ ഏറ്റവും വലിയ ബജറ്റുമായി ‘ആദിപുരുഷ്’ തിയറ്ററുകളിലെത്തിയിരിക്കുന്നു. ആദിപുരുഷ് തിയറ്ററിൽ പോയി കാണാൻ മാത്രമുണ്ടോ? ആദിപുരുഷിന്റെ വെല്ലുവിളികൾ എന്തൊക്കെയാണ്? പ്രഭാസിന്റെ ശ്രീരാമൻ എങ്ങനെയുണ്ട്? ഏതൊരു സിനിമാപ്രേമിയും ചോദിക്കുന്ന മൂന്നുചോദ്യങ്ങളാണിത്. സിനിമയുടെ റിവ്യൂവും ഇതുതന്നെയാണ്.

∙ വീണ്ടും രാമായണം വരുമ്പോൾ..

ആദികവി വാല്‌മീകിയുടെ ആദിമഹാകാവ്യത്തിലെ നായകൻ. ആദിപുരുഷനെന്ന ശ്രീരാമൻ. രാമായണം സിനിമയാക്കുകയെന്നത് ഏതൊരു സംവിധായകനും നൂറാവർത്തി ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്. അതിനു പല കാരണങ്ങളുണ്ട്. ഇന്ത്യയുടെ രണ്ട് ഇതിഹാസകാവ്യങ്ങളിൽ ഒന്നായ രാമായണത്തിന്റെ കഥ ഏതു കൊച്ചുകുട്ടിക്കും പച്ചവെള്ളം പോലെ അറിയാം. പല കാലങ്ങളിൽ പല സാഹിത്യകാരൻമാർ രാമായണത്തിനു പല വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. രാമാനന്ദ് സാഗറിനെപ്പോലുള്ള മഹാരഥൻമാർ രാമായണം സീരിയലാക്കി അവതരിപ്പിച്ച് സാധാരണക്കാരായ മനുഷ്യരെ കീഴ്പ്പെടുത്തിക്കഴിഞ്ഞതാണ്. എൻ.ടി.രാമറാവു മുതൽ ബാലകൃഷ്ണ വരെയുള്ള അനേകം നടന്മാർ ശ്രീരാമനായി ജനഹൃദയം കീഴടക്കിയതാണ്.

അതുകൊണ്ട് ഒരിക്കൽക്കൂടി രാമായണം സിനിമയാക്കുകയെന്നത് ഏതു സംവിധായകനെ സംബന്ധിച്ചും വെല്ലുവിളിയാണ്. കഥയും കഥാഗതിയും ക്ലൈമാക്സുമടക്കം എല്ലാം എല്ലാവർക്കുമറിയാം. എന്നിട്ടും... എന്നിട്ടും ഓം റാവുത്ത് എന്ന സംവിധായകൻ ആദിപുരുഷ് എന്ന സിനിമയുമായി ഇന്ന് ലോകം മുഴുവനുമുള്ള തിയറ്റർ സ്ക്രീനുകളിലെത്തിയിരിക്കുന്നു. ഇതുവരെ ആരും കാണിക്കാത്ത എന്തു മാജിക്കാണ് ഓം റാവുത്തിന്റെ കയ്യിലുള്ളത് എന്നറിയാനാണ് കാണികൾ തിയറ്ററിലേക്കെത്തിയത്. ആദിപുരുഷ് ഓം റാവുത്തിന്റെ രാമായണ വ്യാഖ്യാനമാണ്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ ലങ്കയാണ്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ രാമരാവണയുദ്ധവുമാണ്.

∙ രാമനോ രാവണനോ..

പ്രഭാസ് ശ്രീരാമനായും സെയ്ഫ് അലിഖാൻ രാവണനായുമെത്തിയ ആദിപുരുഷ് ഓംറാവുത്തിന്റെ ഗ്രാഫിക്സ് പരീക്ഷണമാണ്. 700 കോടിയോളം രൂപ ചെലവിട്ട് സിനിമ ഒരുക്കിയത് രാമായണത്തിന്റെ വിഎഫ്എക്സ് സാധ്യതകൾ മുന്നിൽക്കണ്ടു മാത്രമാണ് എന്ന് അടിവരയിടുന്ന ചിത്രമാണ് ആദിപുരുഷ്.

ഇതിൽ രാമായണകഥയെ അതേപടി പകർത്തിവച്ചിട്ടില്ല. തനിക്കാവശ്യമുള്ള ഭാഗങ്ങൾ മാത്രമെടുത്ത് മൂന്നു മണിക്കൂറിൽ പറയുകയാണ് ഓം റാവുത്ത് ചെയ്തിരിക്കുന്നത്. അയോധ്യയുപേക്ഷിച്ച് ശ്രീരാമനും സീതയും ലക്ഷ്മണനും കാട്ടിൽ താമസിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. സീതയെ തട്ടിക്കൊണ്ടു പോകുന്ന രാവണൻ. സീതയെ വീണ്ടെടുക്കാനുള്ള ശ്രീരാമന്റെ പോരാട്ടം. ഒടുവിൽ രാവണനിഗ്രഹം വരെയുള്ള കഥാഭാഗത്തെ നോൺലീനിയറായാണ് ഓം റാവുത്ത് പറഞ്ഞുപോവുന്നത്.

ശ്രീരാമനായുള്ള പകർന്നാട്ടത്തിൽ പ്രഭാസ് കാണികളെ നിരാശരാക്കുന്നില്ല. എന്നാൽ ഗ്രാഫിക്സിന്റെ സഹായമില്ലാതെ രാമനെ അവതരിപ്പിച്ച എൻടിആറും ബാലകൃഷ്ണയുമടക്കമുള്ള തെലുങ്കു താരങ്ങൾക്കു മുന്നിൽ പ്രഭാസിന്റെ ശ്രീരാമൻ പിടിച്ചുനിൽക്കുന്നത് ഗ്രാഫിക്സിന്റെ പിൻബലത്തിലാണ്. റിയാക്‌ഷൻ ഷോട്ടുകൾ പോലും വളരെക്കുറച്ചു മാത്രമേയുള്ളൂ എന്നതിനാൽ അഭിനയ സാധ്യത വളരെക്കുറവാണ്. സീതയായി കൃതി സനോൺ മോശമല്ലാത്ത അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. രാവണനായി സെയ്ഫ് അലിഖാൻ ആദ്യപകുതിയിൽ മുന്നേറുന്നുണ്ട്. എന്നാൽ രണ്ടാംപകുതിയിൽ പരമ്പരാഗത രാവണനിൽനിന്ന് സൂപ്പർഹീറോ സിനിമയിലെ വില്ലനിലേക്കാണ് കളംമാറ്റിച്ചവിട്ടുന്നത്. രാവണന്റെ പത്തു തലകൾ എങ്ങനെയായിരിക്കും എന്ന് രസകരമായി ഓം റാവുത്ത് പറഞ്ഞുവയ്ക്കുന്നുണ്ട്.

∙ ഗ്രാഫിക്സിന് എത്ര മാർക്ക്?

ക്യാമറ ഗെസ്റ്റ്റോളിലാണെന്നു തോന്നിപ്പോകുന്നത്ര ഗ്രാഫിക്സാണ് ആദിപുരുഷിലുള്ളത്. വിഎഫ്ക്സ് ഇല്ലാത്ത ഒരു ഫ്രെയിം പോലും ചിത്രത്തിലില്ല. ‘ഇമോഷൻ കാപ്ചർ’ ഒട്ടുമില്ലാത്ത ‘മോഷൻ കാപ്ചർ’ മാത്രമായി പലയിടത്തും സിനിമ മാറുന്നുവെന്നതാണ് സിനിമയുടെ തിരിച്ചടി.

സീതാപഹരണം മുതൽ ലങ്കയിലേക്കുള്ള യാത്ര വരെയാണ് ചിത്രത്തിന്റെ ആദ്യപകുതി. ഇത്രയും ഭാഗത്ത് വിഎഫ്എക്സ് അടക്കമുള്ള മേഖലയിൽ ശരാശരി അനുഭവം മാത്രമാണ് സിനിമ സമ്മാനിക്കുന്നത് എന്നു പറയാതെ വയ്യ. പക്ഷേ രണ്ടാംപകുതിയിൽ താരതമ്യേന മികച്ച ദൃശ്യാനുഭവമായി ചിത്രം മാറുന്നുണ്ട്. വിഎഫ്എക്സ് കൊണ്ട് കൊത്തിമിനുക്കിയെടുത്ത ക്ലൈമാക്സ് രംഗങ്ങൾ കാണികൾക്ക് തങ്ങൾ കാണുന്നത് രാമായണം കഥയാണോ അതോ ഹോളിവുഡ് സൂപ്പർഹീറോ സിനിമയാണോ എന്ന ചിന്തയുണ്ടാക്കും.

മയൻ നിർമിച്ച സ്വർണമയിയായ ലങ്കയെന്നാണ് രാവണന്റെ ലങ്കയെ വാല്‌മീകി വരച്ചിട്ടത്. എന്നാൽ കാണികൾ പ്രതീക്ഷിക്കാത്ത രീതിയിൽ സയൻസ് ഫിക്‌ഷൻ സിനിമകൾക്കു സമാനമായ ലങ്കയാണ് ആദിപുരുഷിലുള്ളത്. ദുഃഖിതയായ സീതയിരിക്കുന്ന അശോകവനി തൂവെള്ള പൂക്കൾ നിറഞ്ഞ കരിനീല മരങ്ങൾ കൊണ്ടു നിറഞ്ഞതായാണ് കാണിക്കുന്നത്. അറുനൂറോ എഴുനൂറോ കോടി രൂപ ചെലവിട്ടതു പരിഗണിച്ചാൽ വിഎഫ്ക്സ് ഒരൽപം കൂടി നന്നാക്കാമായിരുന്നില്ലേ എന്നു തോന്നിയേക്കാം.

∙ പുതിയ സന്ദേശങ്ങൾ?

ഓരോ രാജാവിന്റെയും ചെയ്തികൾക്ക് ആ ജനത കൂടി ഉത്തരം പറയേണ്ടിവരുമെന്ന് ശ്രീരാമൻ പറയുന്നുണ്ട്. രാജാവിനു വേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് യോദ്ധാക്കൾ ചിന്തിക്കരുത്. ഓരോ യുദ്ധവും തനിക്കു വേണ്ടിയാണെന്നു കരുതി വേണം പോരാട്ടത്തിനിറങ്ങാൻ എന്ന് ഓംറാവുത്തിന്റെ ശ്രീരാമൻ പറയുന്നുണ്ട്. എന്നാൽ ഇതിനപ്പുറം വൈകാരികമായോ വിശ്വാസപരമായോ ആദിപുരുഷിൽ ഓംറാവുത്ത് ഒന്നും നൽകുന്നില്ല എന്നതാണ് സത്യം.

∙ തിയറ്ററിൽ കാണണോ?

ഹേ റാം...! ആദിപുരുഷ് കണ്ടിറങ്ങിയപ്പോൾ മനസ്സിൽ പൊന്തിവന്ന ഒരേയൊരു വാക്കാണത്. കുട്ടികളോടൊത്ത് ത്രിഡി ഫോർമാറ്റുള്ള തിയറ്ററിൽ പോയി കാണാവുന്ന ചിത്രമാണ് ആദിപുരുഷ്. ഒരു ചിത്രകഥ പോലെ കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ് ആദിപുരുഷ്. ഹോളിവുഡിലെ സൂപ്പർഹീറോ യൂണിവേഴ്സുകളെ വെല്ലുന്നൊരു കഥാലോകം ഇന്ത്യയിലുണ്ട്. ന്യൂജെൻ കുട്ടികൾക്ക് രാമായണത്തിന്റെ ആ അനന്ത സാധ്യതകളിലേക്ക് ആദിപുരുഷ് വാതിൽ തുറന്നിടുന്നുണ്ട്.

English Summary: Adipurush movie review
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com