ADVERTISEMENT

നാട്ടിൻപുറത്തെ മനോഹര നിമിഷങ്ങളും നർമ സന്ദർഭങ്ങളും കോർത്തിണക്കിയുളള കോമഡി–ഫാമിലി എന്റർടെയ്നറാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം ചീനാ ട്രോഫി. രാജേഷ് എന്ന നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില അബദ്ധങ്ങളും ആക്സ്മിക സംഭവങ്ങളുമൊക്കെയാണ് നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫി പറയുന്നത്..

ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടമായ രാജേഷ് ബേക്കറി ഉടമയാണ്. ഒരു കുഞ്ഞു കട, ഇതാണ് അയാളുടെ ഏക ഉപജീവനമാർ​ഗവും. രാജേഷിന്റെ ഉറ്റതോഴനാണ് വിജിചേട്ടൻ. രാജേഷിന്റെ എന്താവശ്യത്തിനും വിജിചേട്ടനും ഒപ്പമുണ്ടാകും. ജാഫർ ഇടുക്കിയാണ് വിജിയായെത്തുന്നത്. ധ്യാനിന്റെയും ജാഫർ ഇടുക്കിയുടെയും കോമ്പിനേഷൻ രംഗങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തും.

അങ്ങനെയിരിക്കുമ്പോൾ രാജേഷിന്റെ ജീവിതത്തിലേക്കൊരു ട്രോഫി എന്ന പോലെ ചൈനയിൽ നിന്നും സെൻസ്വ എന്ന പെൺകുട്ടി എത്തുന്നത്. സെൻസ്വയുടെ വരവ് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ലളിതമായൊരു കഥയെ സത്യസന്ധമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു.

ചിത്രത്തിൽ ധ്യാനിന്റെയും കെൻ ഡി സിർദോയുടെയും പ്രകടനമാണ് സിനിമയിൽ എടുത്തുപറയേണ്ട പ്രത്യേകത. വൈകാരികമായ ചില മുഹൂർത്തങ്ങളെ മിതത്വത്തോടെ അവതരിപ്പിച്ചതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാവാൻ ഇരുവർക്കും കഴിഞ്ഞു. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വേണ്ട വിധത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ജോണി ആന്റണിയുടെ ശ്രമം ഇക്കുറിയും വിജയിച്ചിട്ടുണ്ട്. ജാഫർ ഇടുക്കിയും മികവു പുലർത്തി.

സൗഹൃദത്തിന്റെ മൂല്യവും അതിലൂടെ പലപ്പോഴും ആളുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും ഒക്കെ ചിത്രം പറഞ്ഞു പോകുന്നുണ്ട്. പുതുമുഖം ദേവിക രമേഷ് ആണ് നായിക. കലാഭവൻ നാരായണൻകുട്ടി, സുനിൽ ബാബു, ലിജോ ഉലഹന്നാൻ, ജോർഡി പൂഞ്ഞാർ, റോയ് തോമസ് പാല, പൊന്നമ്മ ബാബു, ഉഷ, അഖില നാഥ്, ബബിത ബഷീർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

നാട്ടിൻപുറത്തെ നന്മയും അതോടൊപ്പമുള്ള കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. രാജേഷിന്റെ ജീവിതവും അയാൾ അനുഭവിക്കേണ്ടിവരുന്ന ചില സംഘർഷങ്ങളും എല്ലാം നമുക്ക് ചുറ്റും നാം എവിടെയൊക്കെയോ കണ്ടിട്ടുണ്ടെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കാൻ ഈ ചിത്രത്തിലൂടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചീന ട്രോഫിയിലൂടെ മലയാള സിനിമയ്ക്ക് മികച്ചൊരു സംവിധായകനെയും എഴുത്തുകാരനെയും കൂടി ലഭിക്കുകയാണ് എന്ന് പറയാം. ബോറടിപ്പിക്കാതെ, വലിച്ചു നീട്ടാതെ പ്രേക്ഷകരെ പിടിച്ചിരുത്താൻ അനിലിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തോട് ചേർന്നു നിൽക്കുന്ന എഡിറ്റിങ്ങും ചീന ട്രോഫിക്ക് മികവ് കൂട്ടുന്നു. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ. സന്തോഷ് അണിമയുടെ ഛായാഗ്രഹണവും സിനിമയെ ആസ്വാദ്യമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. 

മനോഹരങ്ങളായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗാനങ്ങൾ എഴുതിയത് അനിൽ ലാൽ ആണ്. സൂരജ് സന്തോഷും വർക്കിയും ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷ്നൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമിച്ചിരിക്കുന്നത്. തമാശകളും നാടൻ ശൈലിയുമൊക്കെയായി പ്രേക്ഷകർക്കു മനസ്സറിഞ്ഞ് ചിരിക്കാവുന്ന മനോഹര ചിത്രമാണ് ചീനാ ട്രോഫി.

English Summary:

Cheena Trophy Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com