ADVERTISEMENT

വിദ്യാർഥി കാലഘട്ടത്തിൽ ഒരിക്കലെങ്കിലും ‘തുണ്ട്’ വച്ച് പരീക്ഷയെഴുതിയിട്ടുണ്ടെങ്കിൽ നിങ്ങൾ‌ ഇൗ സിനിമ കാണണം. ആസ്വാദനരീതികൾ മാറിയതോടെ സമീപകാലത്ത് ചിരി വറ്റിപ്പോയ തിയറ്ററുകളിൽ ഒരിടവേളയ്‌ക്കുശേഷം പൊട്ടിച്ചിരികൾ തിരികെയെത്തിക്കുന്നു 'തുണ്ട്' എന്ന സിനിമ. ന്യൂജെൻ കാലഘട്ടത്തിലെ പരീക്ഷാഹാളുകളിൽ കൂടുതൽ ഹൈടെക്കായി മാറിയ 'തുണ്ടടി' എന്ന 'കലാരൂപം' ചിത്രത്തിൽ സരസമായി അവതരിപ്പിച്ചിരിക്കുന്നു. 

തൃശൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് കോൺസ്റ്റബിളാണ് ബേബി. മടി കാരണം സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷ എഴുതാതെ നടന്ന ബേബി, ചില പ്രത്യേക സാഹചര്യങ്ങളിൽ ഹെഡ് കോൺസ്റ്റബിൾ പരീക്ഷ എഴുതാൻ തീരുമാനിക്കുന്നു. നേരായ വഴിക്ക് പരീക്ഷ വിജയിക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് അയാൾ തുണ്ട് വച്ചെഴുതാൻ നിർബന്ധിതനാകുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിന്റെ പരിണതഫലങ്ങളുമാണ് ഇൗ ചിത്രത്തിൽ നർമത്തിൽ ചാലിച്ചവതരിപ്പിച്ചിരിക്കുന്നത്.

മകൻ സ്‌കൂൾ പരീക്ഷ തുണ്ടടിച്ച് എഴുതി പിടിക്കപ്പെടുമ്പോൾ ഗുണദോഷിക്കുന്ന ബേബി തന്നെ രണ്ടാം പകുതിൽ തുണ്ടടിച്ച് പരീക്ഷയെഴുതാൻ ശ്രമിക്കുന്നതാണ് ചിത്രത്തിലെ രസക്കാഴ്ച. കുടുംബപ്രശ്‌നങ്ങൾ, തൊഴിലിടത്തിൽ സഹപ്രവർത്തകരുടെ പാരവയ്പും തൊഴുത്തിൽക്കുത്തും, മേലധികാരികളുടെ തെറിപ്പൂരം, ചെയ്യാത്ത തെറ്റുകൾക്ക് ബലിയാടാകേണ്ടി വരിക തുടങ്ങിയവയടക്കമുള്ള സാധാരണക്കാരായ പൊലീസുകാരുടെ പ്രശ്നങ്ങൾ കഥയ്ക്കിടയിൽ ലഘുവായി ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. അതിഭാവുകത്വമില്ലാതെ ലളിതമായ സന്ദർഭങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നുണ്ട്. 

അയ്യപ്പൻ നായരടക്കം ഗൗരവസ്വഭാവമുള്ള നിരവധി പൊലീസ് വേഷങ്ങൾ ബിജു മേനോൻ ചെയ്തിട്ടുണ്ടെങ്കിലും ബേബി അവയിൽനിന്ന് വേറിട്ടുനിൽക്കുന്നു. ഏറ്റവും താഴെത്തട്ടിലുള്ള പൊലീസുകാർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ ബേബിയിലൂടെ ബിജുമേനോൻ പകർന്നാടുന്നു. ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രം ഗോകുലൻ അവതരിപ്പിച്ച പൊലീസുകാരനാണ്. പൊലീസ് ഡോഗ് ട്രെയിനറായ കഥാപാത്രവും നായയും തമ്മിലുള്ള ആത്മബന്ധം വൈകാരികത ചാലിച്ച് ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സ്‌ക്രീൻ സ്‌പേസ് കുറവാണെങ്കിലും പാരവയ്പുകാരനായ പൊലീസുകാരന്റെ റോൾ ഷൈനും ഭംഗിയാക്കി.

ഒരു നവാഗത സംവിധായകന്റെ തരക്കേടില്ലാത്ത എൻട്രിയാണ് സിനിമയിലൂടെ റിയാസ് ഷെരീഫിന് ലഭിക്കുന്നത്. ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും ജിംഷി ഖാലിദ് കൈകാര്യം ചെയ്യുന്നു. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. റാഫി, ഗോകുലൻ, ഉണ്ണിമായ, ഷാജു, നൗഷാദ് അലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രസിപ്പിക്കുന്ന ആദ്യപകുതിക്കു ശേഷം അപ്രസക്തമായ പല സബ്പ്ലോട്ടുകളിലേക്ക് ചിത്രം രണ്ടാംപകുതിയിൽ ചിതറിപ്പോകുന്നുണ്ട്. ഇടയ്ക്കിടെ ആസ്വാദനത്തിന്റെ രസച്ചരട് പൊട്ടിപ്പോകുന്നുണ്ടെങ്കിലും വലിയ തെറ്റില്ലാതെ സിനിമ അവസാനിക്കുന്നുണ്ട്. 

ഒരുപാട് പൊലീസ് സിനിമകൾ അടുത്തകാലത്തായി മലയാളത്തിൽ ഇറങ്ങുന്നുണ്ടെങ്കിലും കേസന്വേഷണത്തിന്റെ പതിവുവഴികളിൽ ചുറ്റിത്തിരിയാതെ, പൊലീസുകാരുടെ ജീവിതപ്രശ്നങ്ങളെ ഫോക്കസ് ചെയ്തവതരിപ്പിക്കുന്നതാണ് തുണ്ടിനെ വ്യത്യസ്തമാക്കുന്നത്. പ്രമേയത്തിലോ അവതരണത്തിലോ വലിയ പുതുമ പറയാനില്ലെങ്കിലും തിയറ്ററുകളിൽ കാണാവുന്ന ഒരു തെറ്റില്ലാത്ത ചിത്രമെന്ന് തുണ്ടിനെക്കുറിച്ച് പറയാം. 

English Summary:

Thundu Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com