ADVERTISEMENT

31 വർഷങ്ങൾക്കു ശേഷം നാഗവല്ലിയുടെ ചിലങ്ക ഡോൾബി അറ്റ്മോസ് ശബ്ദമികവോടെയും 4കെ ദൃശ്യമിഴിവോടെയും തിയറ്ററുകളിൽ കിലുങ്ങാനൊരുങ്ങുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരെ ഞെട്ടിക്കാൻ വേണ്ടതെല്ലാം ചിത്രത്തിലൊരുക്കിയിട്ടുണ്ട് അണിയറപ്രവർത്തകർ. ചെന്നൈയിലെ ലിസി ലക്ഷ്മി സ്റ്റുഡിയോയിലെ പ്രിവ്യൂ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം ചിത്രം കാണാൻ ശോഭനയുമുണ്ടായിരുന്നു. 

സിനിമയുടെ ആത്മാവായി മാറി മൺമറഞ്ഞ താരങ്ങൾക്കെല്ലാം ഓർമപ്പൂക്കൾ സമർപ്പിച്ച് ആരംഭിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ശബ്ദമികവാണെന്നു ടെറ്റിൽ കാർഡു തെളിയുന്നതോടെ മനസ്സിലാകും. പലതവണ കണ്ടു പരിചതമാണെങ്കിലും തുടർന്നുള്ള ഓരോ സീനുകളുടെയും തെളിമയും പുതുമയും പ്രേക്ഷകനെ പിടിച്ചിരുത്തി മുന്നോട്ടു കൊണ്ടു പോകുമെന്നുറപ്പ്. വീണയുടെ തന്ത്രികളിലൂടെ പ്രേക്ഷക മനസ്സിലേക്കും സിരകളിലേക്കും ഭീതി പടർത്തിയ മണിചിത്രത്താഴിന്റെ പുതിയ പതിപ്പ് അറ്റ്മോസ് ശബ്ദത്തിൽ അതേ ഭീതിയും സിരകളിൽ നിറയ്ക്കും. 

സിനിമയ്ക്കായി പശ്ചാത്തല സംഗീതത്തിന്റെ പലഭാഗങ്ങളും വീണ്ടും വീണ്ടും റിക്കോർഡ് ചെയ്തതായി അണിയറ പ്രവർത്തകർ പറയുന്നു. അടുത്ത സീനുകളിലേക്കു പോകുമ്പോഴുള്ള ട്രാൻസിഷനു വേണ്ടിയും പ്രത്യേക ശബ്ദഭാഗങ്ങൾ ഉപയോഗിച്ചതും മികച്ച അനുഭവം തിയറ്ററിൽ നൽകും. ഡോ.സണ്ണിയുടെ കഥാപാത്രത്തിനു നേരെ നാഗവല്ലി നടത്തുന്ന ആക്രമണങ്ങളുടെ സീനുകളിൽ ശബ്ദമികവു ശരിക്കും അനുഭവിച്ചറിയാം. അടുത്തതെന്തു സംഭവിക്കുമെന്നറിയാമെങ്കിലും പലയിടത്തും പ്രേക്ഷകനെ ഞെട്ടിക്കാൻ വേണ്ടത് സിനിമയിലുണ്ട്. 

ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സൗണ്ട് ഡിസൈനറും ഓഡിയോ എൻജിനീയറുമായ എം.ആർ.രാജാകൃഷ്ണനാണ് അറ്റ്മോസ് മിക്സിങ് നടത്തിയത്. ഗാനങ്ങൾക്കുൾപ്പെടെ അധിക ശബ്ദവിന്യാസങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങൾ ഏറെ നേടിയ ചിത്രത്തിന്റെ പതിപ്പുകളിലൊന്ന് ഡൽഹിയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ സൂക്ഷിച്ചിരുന്നു. ഇതാണു റീമാസ്റ്ററിങ്ങിനായി ഉപയോഗിച്ചതെന്നു നിർമാതാവ് അപ്പച്ചൻ മനോരമയോടു പറഞ്ഞു. 1 കോടിയോളം രൂപ ചെലവഴിച്ചാണു പുതിയ പതിപ്പ് ഇറക്കിയത്. 

manichitrathazhu

മുൻപു പ്രദർശിപ്പിച്ച അതേ പതിപ്പു തന്നെയാണു തിയറ്റർ റിലീസിനായും ഉപയോഗിച്ചിട്ടുള്ളത്. പഴയ വിഡിയോ കാസറ്റുകളിലും മറ്റുമുള്ള അധിക സീനുകൾ ചിത്രത്തിലില്ല. 35എംഎം സ്ക്രീൻ സൈസിലാണു ചിത്രമെത്തുന്നത്. ഏറെ പഴക്കമുള്ള പ്രിന്റായിരുന്നതിനാൽ തന്നെ ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ 4കെ മികവിൽ അൽപം ഇടിവു തോന്നാം. എങ്കിലും മലയാളിയുടെ ഗൃഹാതുരതയ്ക്കൊപ്പമുള്ള ചിത്രത്തിന്റെ ഓരോ സീനുകളും വലിയ സ്ക്രീനിൽ മികച്ച ശബ്ദവിന്യാസത്തോടെ വീണ്ടും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നുള്ളത് ഉറപ്പ്. 

manichitrathazhu-2

എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ ഇപ്പോഴും ഫ്രെഷാണെന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ തമിഴ് താരം കാർത്തിയുടെ പ്രതികരണം. ശോഭനയെ ഏറെ അഭിനന്ദിച്ച ശേഷമാണു കാർത്തി മടങ്ങിയതും. വൈകാരികമായ നിമിഷമാണിതെന്നു ശോഭന പറഞ്ഞു. ഓർമകൾ ഏറെയുള്ള സിനിമയാണിത്. വീണ്ടും ബിഗ് സ്ക്രീനിലെത്തുമ്പോൾ ഏറെ സന്തോഷവതിയാണെന്നും ശോഭന പ്രതികരിച്ചു. ഓഗസ്റ്റ് 17നാണു ചിത്രം റിലീസ് ചെയ്യുക. ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനമുള്ള തിയറ്ററുകളിൽ മാത്രമാകും റിലീസ്. കേരളത്തിൽ നൂറോളം തിയറ്ററുകളിൽ ചിത്രം കാണാം. 

English Summary:

Manichitrathazhu 4K Print Remastered Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com