ADVERTISEMENT

സമൂഹത്തില്‍ നടമാടുന്ന വിപത്തിനു നേരെ ഒരിക്കല്‍ കൂടി വിരല്‍ ചൂണ്ടുകയാണ് കണ്ണന്‍ താമരക്കുളം വിരുന്ന് എന്ന ചിത്രത്തിലൂടെ. തിരക്കഥാകൃത്ത് ദിനേശ് പള്ളത്തുമായി ചേര്‍ന്ന് കണ്ണന്‍ താമരക്കുളം ചെയ്ത പട്ടാഭിരാമനും അത്തരമൊരു വിപത്ത് ചൂണ്ടിക്കാട്ടിയ ചിത്രമായിരുന്നു. വളരെ ഒറ്റപ്പെട്ടതെങ്കിലും സമൂഹത്തില്‍ നടമാടുന്ന ചില സംഗതികളേയും അതിന്റെ ഭവിഷ്യത്തുകളേയും കുറിച്ചാണ് വിരുന്നില്‍ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. അതിനായി ഒരുക്കിയ പ്ലാറ്റ്‌ഫോമാകട്ടെ സിനിമയുടെ ക്ലൈമാക്‌സിലേക്കുള്ള യാത്രയെ കുറിച്ച് യാതൊരു സൂചനയും നല്‍കാത്തതും. സിനിമ കണ്ടുകഴിയുന്ന പ്രേക്ഷകന്‍ പിറകിലേക്ക് ആലോചിച്ചാല്‍ സംവിധായകനും തിരക്കഥാകൃത്തും ആദ്യം മുതലേ ചില സൂചനകളൊക്കെ നല്‍കുന്നുണ്ടല്ലോ എന്ന് തിരിച്ചറിയുകയും ചെയ്യും.

ജോണ്‍ കളത്തിലെന്ന ബിസിനസ് പ്രമുഖന്‍ കൊല്ലപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നാട്ടുകാരുടെ വിലയിരുത്തുകളിലാണ് സിനിമ ആരംഭിക്കുന്നത്. അയാളെ കൊലപ്പെടുത്തുന്നതാണെന്ന് പ്രേക്ഷകന്‍ ആദ്യം തന്നെ അറിയുന്നുണ്ട്. അതിനു പിന്നാലെ അയാളുടെ ഭാര്യ എലിസബത്തും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നു. മരിക്കുന്നതിന് മുമ്പ് റോഡിലുണ്ടായിരുന്ന ഒരു ഓട്ടോഡ്രൈവറോട് തന്റെ കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് എലിസബത്ത് വിശദമാക്കുന്നുണ്ടെങ്കിലും അത് അയാള്‍ക്ക് മനസ്സിലാകുന്ന രീതിയിലായിരുന്നില്ല. തുടര്‍ന്ന് നടക്കുന്ന അന്വേഷണമോ സഞ്ചാരമോ ആണ് വിരുന്ന്.

നാട്ടിലെ ‘നന്മമരമാണ്’ ഓട്ടോഡ്രൈവര്‍ ഹേമന്ത്. അച്ഛന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതിനാല്‍ അയാള്‍ ആഴ്ചയിലൊരിക്കല്‍ ആര്‍സിസിയില്‍ പോകുന്നവര്‍ക്ക് സൗജന്യ യാത്ര ഒരുക്കും. അയാള്‍ക്കു മുമ്പില്‍ നടക്കുന്ന ഒരു വാഹനാപകടത്തിന്റെ പിന്നാലെ അയാള്‍ നടക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ചിലര്‍ കൂടി അയാളോടൊപ്പം ചേരുകയും സിനിമയുടെ ക്ലാമാക്‌സിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

ദൈവം അരങ്ങു വാഴേണ്ടിടത്തെല്ലാം സാത്താനെ കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കുന്ന അപചയമാണ് സിനിമയുടെ പ്രമേയം. അടുത്ത കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാകടയിലും ആന്ധ്രയിലുമെല്ലാം സംഭവിച്ച ഏതാനും സാത്താന്‍ പ്രവര്‍ത്തനങ്ങളാണ് വിരുന്നിന്റെ ആകെത്തുക. സാത്താന്‍ സേവയും അതിന്റെ ചരിത്രവും പശ്ചാതലവും ഉള്‍പ്പെടെ പറയുകയും അതിനെതിരെ കാഴ്ചക്കാരെ ബോധവാന്മാരാക്കുകയും ചെയ്യുന്നുണ്ട് വിരുന്ന്. പതിമൂന്നാം വെള്ളിയാഴ്ചയിലെ രണ്ടാം വിരുന്നില്‍ ബലിയര്‍പ്പിക്കപ്പെടുന്നവള്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിന്റെ അധികാരം കൈയാളുമെന്ന് വിശ്വസിക്കുന്നത് സിനിമയിലല്ല, യഥാര്‍ഥ ലോകത്താണ്. അതിന്റെ ഉദാഹരണങ്ങള്‍ പലപ്പോഴും വാര്‍ത്താ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്.

പട്ടാഭിരാമനിലെന്ന പോലെ വിരുന്നിലും മികച്ച വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ബാലേട്ടനായെത്തിയ ബൈജു സന്തോഷാണ്. വില്ലനില്‍ നിന്നും തമാശ- സ്വഭാവ നടനിലേക്കുള്ള പരിണാമം ബൈജു സന്തോഷിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. സിനിമയിലുടനീളം ബൈജുവിന്റെ സഖാവ് ബാലേട്ടന്‍ കസറുന്നുണ്ട്. കാഴ്ചക്കാര്‍ക്ക് മനസ്സിലാകാത്ത ചില സംഭാഷണങ്ങളും മന്ത്രോച്ചാരണങ്ങളും വിരുന്നിലുണ്ട്. അതിന് വിവര്‍ത്തനവും വരുന്നുണ്ട്. ഹീബ്രുവാണ് പ്രസ്തുത ഭാഷയെന്നാണ് കഥാപാത്രങ്ങള്‍ പറയുന്നത്.

പുറം ലോകത്തിന്റെ കാഴ്ചകള്‍ മാത്രം കണ്ടുശീലിച്ചവര്‍ക്ക് മുമ്പില്‍ തങ്ങള്‍ കാണാത്തൊരു ലോകമുണ്ടെന്നും അവിടെ ദുരൂഹമായി പലതും സംഭവിക്കുന്നുണ്ടെന്നും വിരുന്നില്‍ പറയുന്നു. തമിഴ് താരം അര്‍ജുന്‍ സര്‍ജ മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള സിനിമയാണ് വിരുന്ന്. നേരത്തെ പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴില്‍ ആക്ഷന്‍ കിങ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മികച്ച സംഘട്ടന രംഗങ്ങള്‍ വിരുന്നില്‍ കാഴ്ചക്കാര്‍ക്ക് മികച്ച വിരുന്നാകും.

നിര്‍മാതാവ് ഗിരീഷ് നെയ്യാര്‍ തന്നെയാണ് സിനിമയിലെ ഹേമന്ത് എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം അഭിനയിക്കുന്നത്. ഗിരീഷ് നെയ്യാറും അര്‍ജുനും നിക്കി ഗല്‍റാണിയും ബൈജു സന്തോഷുമാണ് സിനിമയുടെ കൂടുതൽ ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത്.

ആക്‌ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമായ ചിത്രം ത്രില്ലർ ഗണത്തിൽെപടുന്നു.

English Summary:

Virunnu Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com