ADVERTISEMENT

ഓണത്തിന് കുടുംബ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ മറ്റൊരു സമ്മാനവും കൂടി സിനിമാ ആരാധകരെ തേടി തീയറ്ററിൽ എത്തിയിട്ടുണ്ട്.  പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' ചിരിയുടെ മാലപ്പടക്കവുമായി തിയറ്ററിലെത്തുമ്പോൾ അത് ഓണാഘോഷത്തിന് പുത്തനുണർവ് പകരുകയാണ്. ഷാജി കൈലാസ് ആനി ദമ്പതിമാരുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് ചിത്രത്തിലെ നായകൻ.  ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന് ചിത്രത്തിന് പേര് വന്നതിൽ ചിത്രത്തിലൊളിപ്പിച്ച ദുൽഖർ സൽമാന്റെ മറ്റൊരു സർപ്രൈസ് കൂടിയുണ്ട്.   

സ്വന്തം അച്ഛനെ ചതിച്ച് പണം തട്ടിയെടുത്ത് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ട മാട്ടുമ്മേൽ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ പോൾ മാട്ടുമ്മേലിനെ  അന്വേഷിച്ചാണ് മുജീബ് നഗരത്തിലെത്തിയത്.  മാട്ടുമ്മേൽ ബംഗ്ലാവിന്റെ അടുത്തുള്ള കോഫി ഷോപ്പിൽ മുജീബ് ജോലിക്ക് കയറി.  സുകുമാര കുറുപ്പ് എന്ന പഴയ ചട്ടമ്പിയുടെ കോഫി ഷോപ്പിന് ആ പേര് മാത്രമേ സ്വന്തമായുള്ളൂ.  അഷ്ടിക്ക് വക കണ്ടെത്താൻ കഴിയാത്ത സുകുമാരക്കുറുപ്പ് പക്ഷെ മൂന്നു നാല് ജോലിക്കാരെയും തീറ്റിപ്പോറ്റുന്നുണ്ട്.  സുകുമാരക്കുറുപ്പിന്റെ ഗ്യാങ്ങിലെ മറ്റൊരാളായി മുജീബ് മാറി.  ഇതിനിടയിൽ ബസ് സ്റ്റോപ്പിൽ കണ്ടുമുട്ടിയ ദേവിക എന്ന പെൺകുട്ടി മുജീബിന്റെ മനസ്സിൽ കയറിപ്പറ്റി.  മകൻ മാത്യൂസിന് ഓഫീസിലെ റിസപ്‌ഷനിസ്റ്റുമായി ബന്ധമുണ്ടെന്നറിഞ്ഞ പോൾ മാട്ടുമ്മേൽ ആ പെൺകുട്ടിയെ കൊല്ലാൻ അഞ്ചുകോടി രൂപ വിലയിടുന്നു.  ഈ ക്വട്ടേഷൻ ഏറ്റെടുത്തത് നാട്ടിലെ ചട്ടമ്പികളുടെ സുഹൃത്തായ പൊലീസുകാരനും.  പെട്രോൾ അടിക്കാൻ പണമില്ലെങ്കിലും ഒരു വലിയ വാൻ സുകുമാരക്കുറുപ്പിന് സ്വന്തമായിട്ടുണ്ട്.  ഒരു ദിവസം നിനച്ചിരിക്കാതെ സുകുമാരക്കുറുപ്പിന്റെ വാനിൽ ഒരു വലിയ സ്രാവ് വന്നുപെട്ടു.  ആ സ്രാവിനെ വച്ച് പണമുണ്ടാക്കാമെന്ന് മുജീബും കുറുപ്പും സ്വപ്നം കാണുമ്പോഴേക്കും മാട്ടുമ്മേലിന്റെ ഗുണ്ടകളും പൊലീസുകാരും അവരെ വേട്ടയാടാൻ തുടങ്ങി.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സംവിധായകന്റെയും മലയാളികളുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന ആനിയുടെയും പുത്രൻ റുഷിൻ  തന്റെ കന്നി ചിത്രത്തിൽ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല.  മുജീബ് എന്ന പ്രാരാബ്ധക്കാരനായ ചെറുപ്പക്കാരന്റെ വേഷം റുഷിൻ ഷാജി കൈലാസിൽ ഭദ്രമായിരുന്നു.  ദേവിക എന്ന നായികാ കഥാപാത്രമായി എത്തിയ പുതുമുഖ താരം കൃഷ്‌ണേന്ദു സ്വരൂപ് വിനു മലയാളത്തിന് പുതിയ നായികാ വാഗ്ദാനമാണ്.  അബു സലിം ആണ് സുകുമാര കുറുപ്പ് ആയി എത്തുന്നത്.  വില്ലൻ ഗുണ്ടാ റോളുകളിൽ നിന്ന് കോമഡി കഥാപത്രങ്ങളിലേക്കുള്ള അബു സലീമിന്റെ ചുവടുമാറ്റം പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.  ദിനേശ് പണിക്കരാണ് പോൾ മാട്ടുമ്മേൽ ആയി ചിത്രത്തിലെത്തിയത്.  ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. 

ഒരു മുഴുനീള കോമഡി എന്റർടൈനറാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.  വി ആർ ബാലഗോപാലാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  ചിരിയും ചിന്തയും സംയോജിപ്പിച്ച് പ്രേക്ഷകനെ രണ്ടു മണിക്കൂർ പിടിച്ചിരുത്താൻ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപിന് കഴിഞ്ഞിട്ടുണ്ട്.   നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ  ഷെബി ചൗഘട്ട് ഇക്കുറിയും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ലളിതമായ കഥ പറച്ചിലിന്റെ ഭംഗിയും അതോടൊപ്പം തന്നെ പ്രേക്ഷകനെ കുടുകുടെ ചിരിപ്പിക്കുന്ന ആഖ്യാനവുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

കുടുംബത്തിനൊപ്പവും സുഹൃത്തുകൾക്കൊപ്പം ആസ്വദിക്കാവുന്ന ഒരു ഫാമിലി എന്റർടെനറാണ്  ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. യുവതലമുറയുടെ തൊഴിൽ ഇല്ലായ്മയും പ്രതിസന്ധികളും ഇക്കാലത്തും എത്രത്തോളമുണ്ടെന്നും കുടുംബ ബന്ധത്തേക്കാൾ സുഹൃത്ത് ബന്ധങ്ങൾക്ക് പ്രസക്തിയുണ്ടെന്നും അടിവരയിടുന്ന ചിത്രം ഈ ഓണനാളുകളിൽ തീയറ്ററിലെത്തി ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്.

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com