ADVERTISEMENT

നൃത്തം, ആക്ഷൻ, കോമഡി എന്നിവയുമായി പ്രഭുദേവയെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിച്ചുകൊണ്ട് എസ് ജെ സിനു സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേട്ട റാപ്പ്.  പ്രഭുദേവയുടെ സിനിമാപ്രവേശനത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യുവാക്കളെ ത്രസിപ്പിക്കുന്ന പ്രകടനവുമായാണ് ഏറ്റവും പുതിയ ചിത്രത്തിൽ താരം എത്തിയത്. അനായാസമായ നൃത്തച്ചുവടുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രത്തിൽ വേദികയാണ് നായിക. ഹോളിവുഡ് താരം സണ്ണി ലിയോൺ ഐറ്റം ഡാന്സറായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

തമിഴ് സിനിമയിലെ വലിയ ആക്ഷൻ ഹീറോ ആകാൻ കാത്തിരിക്കുന്ന ഒരു ഇടത്തരക്കാരനായ ചെറുപ്പക്കാരനാണ് ബാല.  ബാലയുടെ പരിശ്രമങ്ങളെല്ലാം പക്ഷെ വിഭലമായിരുന്നു.  നൃത്തത്തിലും ബോക്സിങ്ങിലും കഴിവ് തെളിയിച്ച ബാല ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്ന എക്സ്ട്രാ നടനായോ ഡാന്സറായോ ഒക്കെ തഴയപ്പെടുമ്പോൾ ബാലയെ നിരാശ ബാധിക്കുന്നു.  ആയിടക്കാണ് പോപ്പ് ഗായികയാകാൻ ആഗ്രഹിക്കുന്ന ജാനകി ബാല കണ്ടുമുട്ടുന്നത്.  ഒരു വേദിയിൽ ജാനകിക്കൊപ്പം നൃത്തം ചെയ്ത ബാലയെ ജാനകി തന്റെ ബാൻഡിനൊപ്പം ചേരാൻ ക്ഷണിക്കുന്നു പക്ഷെ തന്റെ ലക്‌ഷ്യം ഒരു നടനാവുകയാണ് എന്ന് പറഞ്ഞ് ബാല ആ ക്ഷണം നിരസിക്കുകയാണ്.  ജീവിതത്തിൻ്റെയും കരിയറിൻ്റെയും തടസ്സങ്ങളിലൂടെയുള്ള അവരുടെ യാത്രയാണ് പേട്ട റാപ്പ് എന്ന സിനിമയുടെ കഥാതന്തു.

പ്രഭുദേവയുടെ സിഗ്നേച്ചർ ഡാൻസ് സീക്വൻസുകളും ത്രസിപ്പിക്കുന്ന ആക്ഷൻ മുഹൂർത്തങ്ങളുമാണ് പേട്ട റാപ്പിന്റെ ആകർഷണം. വേദികളുടെ അഴകുറ്റ നൃത്തരംഗങ്ങളും അഭിനയ ശൈലിയും ജാനകി എന്ന കഥാപാത്രത്തെ മികച്ചതാക്കി.  യുവതാരങ്ങൾക്കൊപ്പം മികച്ച ഫോമിലുള്ള പ്രഭുദേവയെയാണ് പേട്ട റാപ്പിൽ കാണുന്നത്.  ചിത്രത്തിൽ ഇരട്ട റോളിൽ എത്തുന്ന താരം സീരിയസ് ആക്ഷൻ രംഗങ്ങളും ഹാസ്യ മുഹൂർത്തങ്ങളും ഒരുപോലെ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്റെ സ്വതസിദ്ധമായ  നൃത്ത നൈപുണ്യവും ചിത്രത്തിലുടനീളം പ്രകടമാക്കുന്നുണ്ട്.  വിവേക് ​​പ്രസന്നയും ഭഗവതി പെരുമാളും ഉൾപ്പെടുന്ന കോമഡി രംഗങ്ങൾ തീവ്രമായ ആക്ഷൻ രംഗങ്ങൾക്കിടെ പ്രേക്ഷകനിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്നുണ്ട്.  മലയാളി താരങ്ങളായ കലാഭവൻ ഷാജോൺ,  റിയാസ് ഖാൻ, ലാലി പി എം, രാജീവ് പിള്ളൈ, ബാലതാരം ശിവാനി എന്നിവരാണ് പേട്ട റാപ്പിലെ പ്രധാന താരങ്ങൾ.  വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, വി ജയപ്രകാശ് എന്നിവർക്കൊപ്പം അതിഥി താരമായി സണ്ണി ലിയോണും എത്തുന്നു. 

സംഗീതം, ആക്ഷൻ, ഹാസ്യം എന്നിവയെല്ലാം സംയോജിപ്പിച്ച് സംവിധായകൻ എസ് ജെ സിനു തയ്യാറാക്കിയ പേട്ട റാപ്പ് യുവാക്കൾക്ക് ഒരു പുത്തൻ അനുഭവമായേക്കും.  ഡിനിൽ  പി കെയുടേതാണ് തിരക്കഥ. ബാലയും ജാനകിയും തമ്മിലുള്ള റൊമാൻസിനൊപ്പം ആക്ഷൻ്റെയും നൃത്തത്തിൻ്റെയും ഒരു ഷോകേസ് കൂടിയാണ് പേട്ട റാപ്പ്.  പ്രഭുദേവയുടെയും വേദികളുടെയും സണ്ണി ലിയോണിന്റെയും ത്രസിപ്പിക്കുന്ന നൃത്തരംഗങ്ങൾ മനോഹരമായി ഒപ്പിയെടുത്ത ജിത്തു ദാമോദറിൻ്റെ ഛായാഗ്രഹണം ചിത്രത്തെ ഊർജ്ജസ്വലമാക്കുന്നു.  പ്രത്യേകിച്ച് ആക്ഷൻ സീക്വൻസുകളിലും നൃത്ത നമ്പരുകളിലും പ്രഭുദേവയുടെ കൊറിയോഗ്രഫി സമയത്തെ ക്യാമറ വർക്ക് ആകർഷകമാണ്.  ഡി.ഇമ്മാൻ ഒരുക്കിയ സംഗീതമാണ് പേട്ട റാപ്പിൻ്റെ മറ്റൊരു ഹൈലൈറ്റ്. 

യുവാക്കൾ ഉൾപ്പടെ എല്ലാ പ്രായത്തിൽ പെട്ട പ്രേക്ഷകനും ഒരു ഒരു വിഷ്വൽ ഓഡിറ്ററി ട്രീറ്റ് ആണ് പേട്ട റാപ്പ്.  സ്വപ്നങ്ങൾ നേടിയെടുക്കാൻ മനുഷ്യർ നടത്തുന്ന കാത്തിരിപ്പും പോരാട്ടങ്ങളും യുവാക്കൾക്ക് റിലേറ്റ് ചെയ്യാൻ കഴിയും.  സ്വപ്‌നങ്ങൾ പിന്തുടരുന്നവർ ഒരിക്കലും തളരരുതെന്നും കഠിനാധ്വാനത്തിലൂടെ എന്തും നേടിയെടുക്കാൻ കഴിയുമെന്നുമുള്ള ഒരു സന്ദേശം കൂടി പേട്ട റാപ്പ് പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

English Summary:

Petta Rap movie review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com