കുട്ടികളെ ഉറപ്പായും കാണിക്കാവുന്ന പത്തു സിനിമകൾ
Mail This Article
സിനിമ കാണാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. സിനിമയോടുള്ള പ്രിയത്തിന് പ്രായപരിമിതികളില്ല. കുട്ടികള്‍ക്കായി അനിമേഷൻ ചിത്രങ്ങളടക്കം നിരവധി സിനിമകളാണ് ഇന്ന് ഒടിടി പ്ലാട്ഫോമുകളില്‍ ഉള്ളത്. കുട്ടികൾക്കായുള്ള ചില മികച്ച സിനിമകളെ പരിചയപ്പെടാം. അവരുടെ ഒഴിവുസമയം ആസ്വാദ്യമാക്കാം.
1. ഹെയ്ദി
ജൊഹാന സ്പിരിയുടെ “ഹെയ്ദി” എന്ന നോവലിനെ ആസ്പദമാക്കി അലൈൻ സ്പോനർ സംവിധാനം ചെയ്ത ചിത്രമാണ് ഹെയ്‌ദി. മാതാപിതാക്കൾ ഇല്ലാതെ വളർന്ന ഹെയ്തി എന്ന കൊച്ചു പെൺകുട്ടി ഒരു കൊട്ടാരത്തിനുള്ളിൽ എത്തിപ്പെടുന്നതും അവിടെ അവള്‍ കടന്നു പോകുന്ന അനുഭവങ്ങളുമാണ് ചിത്രത്തില്‍ ഉള്ളത്. ഹൃദയസ്പർശിയായ ഈ സിനിമ കുട്ടികൾക്ക് ഇഷ്ടപ്പെടും എന്നത് തീർച്ചയാണ്. ഒപ്പം ഹെയ്ദി എന്ന പെണ്‍കുട്ടി അവരുടെയുള്ളിൽ കയറിക്കൂടുകയും ചെയ്യും.
2. ചിൽഡ്രൻ ഓഫ് ഹെവന്‍
മജീദ് മജീദി സംവിധാനം ചെയ്ത ചിൽഡ്രൻ ഓഫ് ഹെവൻ ഫിലിം ഫെസ്റ്റിവലുകളിൽ ഉൾപ്പെടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. അലിയുടെയും അവന്റെ കുഞ്ഞനുജത്തി സാറയുടെയും കഥയാണ് ഈ സിനിമ. അനുജത്തിയുടെ ഷൂ നഷ്ടപ്പെടുന്നതും അവൾക്ക് ഒരു പുതിയ ഷൂ വാങ്ങാൻ വേണ്ടിയുള്ള അലിയുടെ പരിശ്രമങ്ങളും ആണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. (ആമസോണ്‍ പ്രൈം)
3. ദ് വൈറ്റ് ബലൂൺ
അബ്ബാസ് കിയരസ്താമിയുടെ തിരക്കഥയിൽ ജാഫർ പനാഹി സംവിധാനം ചെയ്ത ചിത്രമാണ് “ദ് വൈറ്റ് ബലൂൺ”. രസിയയുടെയും സഹോദരൻ അലിയുടെയും കഥയാണ് സിനിമ പറയുന്നത്. അമ്മയ്ക്കൊപ്പം മാർക്കറ്റിൽ പോയി തിരിച്ചു വരുമ്പോൾ ഭംഗിയുള്ള സ്വര്‍ണ്ണ മീനുകളെ കാണുകയും അതിനെ വാങ്ങാൻ വേണ്ടി സഹോദരനായ അലിക്ക് തന്റെ ബലൂൺ നൽകി പണം വാങ്ങുകയും ചെയ്യുന്നു റസിയ. അവളുടെ കയ്യിൽനിന്നു പണം നഷടപ്പെടുന്നതും പിന്നീടുള്ള അവളുടെ പരിശ്രമങ്ങളും ആണ് സിനിമയിലുള്ളത്. റസിയയുടെയും അലിയുടെയും നിഷ്കളങ്കമായ അഭിനയം കൊണ്ടുതന്നെ സിനിമ അതീവ മനോഹരമാണ്. (ആമസോണ്‍ പ്രൈം)
4. ദ് റെഡ് ബലൂൺ
ആൽബർട്ട് ലമോറിസ് സംവിധാനം ചെയ്ത “ദ് റെഡ് ബലൂൺ” എന്ന ഫ്രഞ്ച് ചിത്രം പാസ്കൽ എന്ന പയ്യന്റെയും അവനൊപ്പം കൂടുന്ന ഒരു ചുവന്ന ബലൂണിന്റെയും കഥയാണ് പറയുന്നത്. വഴിയിൽനിന്നു ലഭിക്കുന്ന ആ ചുവന്ന ബലൂൺ അവന്റെ യാത്രകളിലെല്ലാം കൂടെ കൂടുന്നു. അവൻ ക്ലാസിലേക്ക് പോകുമ്പോൾ അവനെ കാത്ത് വഴിയരികിൽ നിൽക്കുന്ന ചുവന്ന ബലൂണിനെയും ജനാലയിലൂടെ ബലൂണില്‍ തന്നെ നോക്കി ക്ലാസ്സിൽ ഇരിക്കുന്ന പാസ്കലിനേയും പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. പാസ്ക്കലും ചുവന്ന ബലൂണും തമ്മിലുള്ള വൈകാരികമായ ബന്ധമാണ് ചിത്രം പങ്കു വയ്ക്കുന്നത്. (എം.എക്സ് പ്ലയര്‍)
5. ബൈസിക്കിള്‍ തീവ്സ്
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം റോമിൽ ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് വിക്ടോറിയ ഡി സീക്കയുടെ പ്രശസ്തമായ “ബൈസിക്കിള്‍ തീവ്സ്”. അന്റോണിയോയും മകൻ ബ്രൂണോയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. കഷ്ടപ്പാടുകൾക്കിടയിൽ അവരുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. ഇതു മൂലം പ്രതിസന്ധിയില്‍ ആകുന്ന അന്റോണിയോയും ബ്രൂണോയും സൈക്കിള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. (ആമസോണ്‍ പ്രൈം)
6. അയാം കലാം
നിള മദാബ് സംവിധാനം ചെയ്ത "അയാം കലാം" എന്ന സിനിമ, വലുതാകുമ്പോള്‍ അബ്ദുല്‍ കലാമിനെപ്പോലെയാകണം എന്ന് ആഗ്രഹിക്കുന്ന ചോട്ടു എന്ന ബാലന്‍റെ കഥയാണ്. അതിനായി അവന്‍ തന്‍റെ പേര് പോലും കലാം എന്നാക്കുന്നു. ദാരിദ്ര്യം മൂലം ചെറിയ പ്രായത്തില്‍ത്തന്നെ ഒരു ഹോട്ടലില്‍ ജോലി ചെയ്താണ് അവന്‍ ജീവിക്കുന്നത്. എങ്കിലും തന്‍റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അവന്‍ മുറുകെ പിടിക്കുന്നുണ്ട്. വലിയൊരു ആഗ്രഹത്തിന് പിറകെ ഉള്ള അവന്‍റെ യാത്രയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. (ആമസോണ്‍ പ്രൈം)
7. ബെഞ്ചി
നായക്കുട്ടികളെ ഇഷ്ടമല്ലാത്ത കുട്ടികൾ കുറവായിരിക്കും. അത്തരത്തില്‍ ഒരു നായക്കുട്ടിയുടെ രസകരമായ കഥ പറയുന്ന സിനിമയാണ് ബ്രാണ്ടന്‍ ക്യാമ്പ് സംവിധാനം, ചെയ്ത “ബെഞ്ചി”. ഫ്രാങ്കി എന്ന പെൺകുട്ടിക്കും സഹോദരൻ കാർട്ടറിനും തെരുവിൽനിന്നു കിട്ടുന്ന നായ്ക്കുട്ടിയാണ് ബെഞ്ചി. പിന്നീട് അവരെ പല പ്രതിസന്ധികളില്‍നിന്നും രക്ഷിക്കുന്ന ബെഞ്ചിയെ തീര്‍ച്ചയായും കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. (നെറ്റ്‌ഫ്ലിക്സ്)
8. കോക്കോ
വലിയ സംഗീതജ്ഞനാവണമെന്ന് മോഹമുള്ള മിഗേല്‍ എന്ന കൊച്ചു പയ്യന്റെ കഥയാണ് ഓസ്കർ നേടിയ കൊക്കോ എന്ന ആനിമേഷൻ ചിത്രം പറയുന്നത്. സംഗീതം കൊണ്ടു തന്നെ ഏറെ മനോഹരമാണ് ചിത്രം. കോക്കോയുടെ കഥ പരിഗണിച്ചാൽ ,സാധാരണ ആനിമേഷൻ സിനിമകളിൽ നിന്ന് വിഭിന്നമായി ഈ കഥ ഒരു ലൈവ് ആക്‌ഷൻ സിനിമക്കാണ് കൂടുതൽ അനുയോജ്യമെന്ന് തോന്നും. പക്ഷേ ആനിമേഷൻ കഥ പറച്ചിലിലൂടെ സാധ്യമാവുന്ന കുട്ടിത്തം നിറഞ്ഞ ഒരു ശൈലി ഈ സിനിമയില്‍ കാണാന്‍ കഴിയും. അനിമേഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടാത്തവർക്ക് പോലും ഈ ചിത്രം വളരെ പ്രിയപ്പെട്ടതാണ്. (ഡിസ്നി ഹോട്ട്സ്റ്റാര്‍)
9. ഇൻസൈഡ് ഔട്ട്
കൊക്കോ പോലെ തന്നെ മനോഹരമായ അനിമേഷൻ ചിത്രമാണ് ഇൻസൈഡ് ഔട്ട്. പുതിയൊരു സ്ഥലത്തേക്ക് പറിച്ചു നടപ്പെടുന്ന ട്രെയിലർ എന്ന പെൺകുട്ടിയുടെ നസിക സംഘർഷങ്ങളും അവിടെ അവൾക്കു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിലുള്ളത്. മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കറും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മനുഷ്യമനസ്സിന്റെ എല്ലാ വികാരങ്ങളെയും ചിത്രം കൈകാര്യം ചെയ്യുന്നു. ട്രയിലറിനുള്ളിലെ അഞ്ച് വികാരങ്ങളായ ദേഷ്യം, സന്തോഷം, വേദന, നിരാശ ഭയം എന്നിവയെ ഓരോ കഥാപാത്രങ്ങളായി ആണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. (ഡിസ്നി ഹോട്ട്സ്റ്റാര്‍)
10. ഫൈൻഡിങ് നീമോ
കടലിൽനിന്നും നീമോ എന്ന കുഞ്ഞൻ മീനിനെ പിടിച്ചു കൊണ്ട് പോകുകയും അവനൊരു അക്വേറിയത്തിൽ എത്തപ്പെടുകയും ചെയ്യുന്നു. നീമോയെ തിരികെ കൊണ്ടുവരാനായി മാർലിൻ എന്ന അച്ഛൻ മീൻ നടത്തുന്ന യാത്രയാണ് ഫൈൻഡിങ് നീമൊ എന്ന രസകരമായ ആനിമേഷൻ ചിത്രം പറയുന്നത്. മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരവും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. (ഡിസ്നി ഹോട്ട്സ്റ്റാർ)