കൂട്ടുകാരനെ നായകനാക്കണമെന്ന് സംവിധായകൻ; മടിച്ച് നിർമാതാക്കൾ; ആ സിനിമയ്ക്കു സംഭവിച്ചത്
Mail This Article
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ തിയറ്റര്‍ റിലീസായ രണ്ടു തമിഴ് സിനിമകള്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്ത ലവ് ടുഡേ മാസങ്ങള്‍ പിന്നിട്ടിട്ടും ട്രെന്‍ഡിങ് ആണ്. ഹോട്ട്‌സ്റ്റാറിലൂടെ എത്തിയ ‘ജോ’യുടെ അവസ്ഥയും സമാനമാണ്. രണ്ടും സംവിധായകരുടെ കന്നിച്ചിത്രങ്ങളാണ്. ചില ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ രണ്ടിലും ഏറെക്കുറെ പുതുമുഖങ്ങള്‍ തന്നെയാണ് അഭിനേതാക്കള്‍.
പുതുമുഖങ്ങളെ അണിനിരത്തി പ്രണയചിത്രങ്ങള്‍ ഒരുക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിൽ, എണ്‍പതുകളില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും തൊണ്ണൂറുകളില്‍ നിറവും അനിയത്തിപ്രാവും അടക്കം സമാനമായ പരീക്ഷണങ്ങളിലധികവും വിജയം കൊയ്ത ചരിത്രമേയുളളു. കാതലനും കാതല്‍ക്കോട്ടയും അടക്കം ഇത്തരം പരീക്ഷണങ്ങള്‍ തമിഴിലും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിവൃത്തത്തിലും ആഖ്യാനത്തിലും തമിഴ് സിനിമ ഇതുവരെ ആരും ചിന്തിക്കാത്ത തലങ്ങളിലേക്ക് കടന്നു കയറുകയാണ്. മുന്‍കാലങ്ങളില്‍നിന്നു വിഭിന്നമായി ചെറുസിനിമകള്‍ക്കു ലഭിക്കുന്ന വന്‍വിജയത്തിനൊപ്പം സാറ്റലൈറ്റ്, ഒടിടി ബിസിനസുകളും ചലച്ചിത്രവ്യവസായത്തിന് ഒന്നാകെ നവോന്മേഷം പകരുന്നു.
ആഖ്യാനത്തില്‍ പുതുസമീപനവുമായി ജോ
നേരം, പ്രേമം എന്നീ സിനിമകള്‍ ഒരുക്കിയ അല്‍ഫോന്‍സ് പുത്രന്റെ സ്വാധീനം ഒരു പരിധി വരെ ആഖ്യാനവഴിയില്‍ കാണാവുന്ന സിനിമയാണ് ജോ. സംവിധായകന്‍ ഹരിഹര്‍ റാമിന്റെ കന്നിച്ചിത്രമാണിത്. അദ്ദേഹം മറ്റാരും പരീക്ഷിക്കാന്‍ തയാറാകാത്ത ഒരു സാഹസത്തിനു കൂടി ഒരുമ്പെട്ടു. ലബ്ധപ്രതിഷ്ഠരായ നായികനായകന്‍മാരെക്കുറിച്ച് പൊതുസമൂഹത്തിന് ചില മുന്‍വിധികളുണ്ട്. അവരെ ഒരു പ്രണയചിത്രത്തിലെ കഥാപാത്രങ്ങളായി കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് പൂര്‍ണമായ അര്‍ഥത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ ബിസിനസ് സംബന്ധമായ സുരക്ഷിതത്വം മാറ്റി വച്ച് പുതുമുഖങ്ങളെ തന്നെ കാസ്റ്റ് ചെയ്താല്‍ നന്നായിരിക്കുമെന്ന് ഒരു നിര്‍ദേശം ഹരിഹര്‍ മുന്നോട്ടു വച്ചു. നിർമാതാക്കള്‍ക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല.
എന്നാല്‍ തന്റെ ആത്മസുഹൃത്തായ റിയോ രാജാണ് നായകനെന്ന് ഹരിഹര്‍ പറഞ്ഞപ്പോള്‍ അവര്‍ ഒന്ന് അമ്പരന്നു. ഇതില്‍ വ്യക്തിപരമായ താൽപര്യങ്ങളൊന്നുമില്ലെന്നും ഏറെക്കാലമായി അടുത്തറിയാവുന്ന ആള്‍ എന്ന നിലയില്‍ റിയോ രാജിന്റെ ടാലന്റിനെക്കുറിച്ച് തനിക്ക് ഉത്തമബോധ്യമുണ്ടെന്നും താന്‍ മനസ്സില്‍ കണ്ട കഥാപാത്രം മറ്റാരേക്കാളും നന്നായി അവതരിപ്പിക്കാന്‍ കഴിയുക അദ്ദേഹത്തിനായിരിക്കുമെന്നും ഹരിഹര്‍ വാദിച്ചു. നിര്‍മാതാക്കള്‍ ആ നിലപാടിനോട് യോജിക്കുകയും ചെയ്തു. രണ്ട് നായികമാരുളള സിനിമയുടെ ആദ്യപകുതിയിലെ നായിക മലയാളിയായ 19 കാരി മാളവികാ മനോജാണ്. മറ്റൊന്ന് ഭവ്യ ട്രിക്കയും.
കഥാപാത്രങ്ങളുടെ ഭാവഹാവാദികള്‍ കൃത്യമായി ഉള്‍ക്കൊണ്ട് അവതിപ്പിക്കുന്നതില്‍ ഏറ്റവും വിജയിച്ചത് മാളവികയാണ്. അഭിനയിക്കുന്നു എന്ന തോന്നലില്ലാതെ കൃത്യമായി കഥാപാത്രത്തിലേക്ക് പരകായപ്രവേശം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു. കാഴ്ചയില്‍ സുന്ദരനായ ഹീറോ റിയോരാജ് നല്ല നിലയില്‍ കഥാപാത്രത്തോടു നീതി പുലര്‍ത്തി. കലഹപ്രിയനും ചൂടനും എന്നാല്‍ അടിസ്ഥാനപരമായി പരമസാധുവുമായ ഒരു മനുഷ്യന്റെ മാനറിസങ്ങളും ശരീരഭാഷയും കൃത്യമായി അവതരിപ്പിക്കാന്‍ റിയോക്ക് കഴിഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ അഭിനയം പ്രകടനപരമാവുന്നത് നിയന്ത്രിക്കാനും ഒഴിവാക്കാനും സംവിധായകനു കഴിയാതെ പോയി. നായകന്റെ സുഹൃത്തുക്കള്‍ അടക്കം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളായി സംവിധായകന്‍ തിരഞ്ഞെടുത്തത് പുതുമുഖങ്ങളെയായിരുന്നു. അവരില്‍ പലരും നായകനെക്കാള്‍ മികച്ച സ്വാഭാവിക അഭിനയം കൊണ്ട് നമ്മുടെ മനസ്സു കവരുന്നു.
മലയാളനടി പ്രവീണയും ഏറെ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. നായകന്റെ അമ്മയായി വരുന്ന പ്രവീണയ്ക്ക് ലഭിച്ചത് സ്ഥിരം പാറ്റേണിലുളള ഒരു അമ്മ വേഷമല്ല. മറിച്ച് കഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്ന അതിശക്തമായ കഥാപാത്രമാണ്. മാതൃ-പുത്ര ബന്ധത്തിന്റെ യും പിതൃ-പുത്ര ബന്ധത്തിന്റെയും കരുത്തും ആഴവും മികച്ച സന്ദര്‍ഭങ്ങളിലൂടെ പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ ചലച്ചിത്രകാരനു കഴിഞ്ഞിട്ടുണ്ട്. കുടുംബവേരുകള്‍ ന്യൂജെന്‍ സിനിമകള്‍ക്ക് അന്യമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്ന കാലത്ത് ന്യൂജെന്‍ കാഴ്ചപ്പാടുകളും ബന്ധങ്ങളുടെ മാസ്മരികതയും കൃത്യമായി ബ്ലെന്‍ഡ് ചെയ്യുകയാണ് സംവിധായകന്.
മേക്കിങ് സ്‌റ്റൈലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കുറച്ചൊന്ന് കാലിടറുന്നത് തിരക്കഥയുടെ ദൗര്‍ബല്യങ്ങളിലാണ്. കഥയുടെ രസച്ചരടും ഉദ്വേഗവും മുറുക്കുന്ന തലത്തിലേക്ക് രണ്ടാം പകുതിയിൽ തിരക്കഥ പൊളിച്ചു പണിതിരുന്നെങ്കില്‍ സിനിമ കുറെക്കൂടി ആസ്വാദ്യമായേനെ.
എന്നാല്‍ സിനിമയുടെ ആദ്യപകുതി മനോഹരമായി രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കണ്‍വന്‍ഷനല്‍ ലൈനില്‍ നിന്നു വിട്ട് കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കുന്നതിനൊപ്പം കഥാപാത്രസൃഷ്ടിയിലും വിപ്ലവകരമായ പൊളിച്ചടുക്കലുകള്‍ക്ക് ശ്രമിക്കുന്നു ഹരിഹര്‍. എത്ര തീവ്രമായി പരസ്പരം സ്‌നേഹിക്കുമ്പോഴും ഈഗോയും പൊസസീവ്‌നെസ്സും ബന്ധങ്ങളെ എങ്ങനെ ശിഥിലമാക്കുന്നുവെന്നും അതേസമയം കണ്‍വന്‍ഷനല്‍ സിനിമാസ്‌റ്റൈലില്‍ നായകനും നായികയും തല്ലിപ്പിരിയാതെ പരസ്പരം മനസ്സിലാക്കിക്കൊണ്ട് വീണ്ടും ഒന്നിച്ച് നില്‍ക്കുന്നതും പ്രണയത്തിനിടയിലും മാതാപിതാക്കളോടുളള ഇഷ്ടം സൂക്ഷിക്കുന്നതും മറ്റും കൃത്യമായ അനുപാതത്തില്‍ ബാലന്‍സ് ചെയ്ത് അവതരിപ്പിക്കാന്‍ സംവിധായകന് കഴിയുന്നു.
വ്യവസ്ഥാപിത സിനിമാ സങ്കല്‍പങ്ങള്‍ പൊളിച്ചടുക്കുന്ന പ്രതിപാദനരീതികളും നാടകീയത തൊട്ടുതീണ്ടാത്ത സ്വാഭാവികമായ ട്വിസ്റ്റുകളും സിനിമയെ ആകര്‍ഷകമാക്കുന്നു. ആരും പ്രതീക്ഷിക്കാത്ത പുതുചാലുകളിലേക്ക് കഥാഗതിയെ വലിച്ചുകൊണ്ട് പോകാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കഴിയുന്നുണ്ട്. അപ്രതീക്ഷത ക്ലൈമാക്‌സിലും പുതുമ കരുതി വയ്ക്കുന്നുമുണ്ട്.
ആകെക്കൂടി മുഷിവില്ലാതെ കഥ പറയാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ സവിശേഷത. പരമ്പരാഗത തമിഴ് സിനിമകളുടെ കൂടപ്പിറപ്പായ അതിഭാവുകത്വവും കടുത്ത ചായക്കൂട്ടുകളും പാടെ മാറ്റി നിര്‍ത്തി മലയാള സിനിമാ ആഖ്യാന രീതികളോട് ചേര്‍ന്നു നില്‍ക്കും വിധം സ്വാഭാവികതയും മിതത്വവും നിലനിര്‍ത്തി ആഖ്യാനം നിര്‍വഹിക്കാനാണ് ഹരിഹറിന്റെ ശ്രമം. അതില്‍ അദ്ദേഹം വിജയിക്കുന്നുമുണ്ട്.
ലീനിയര്‍ നറേറ്റിവ് എന്ന പ്രതീതി ഉണര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന സിനിമ ഇടയ്‌ക്കൊക്കെ നോണ്‍ലീനിയര്‍ രീതിലേക്ക് വഴിമാറുന്നതും കാണാം. കാലഗണനയെ അതിലംഘിക്കുന്ന സീനുകളുടെ സംയോജനത്തിലൂടെ പുതിയ തരം സൗന്ദര്യശാസ്ത്രം നിര്‍മിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നത് കാണാം. പ്രേക്ഷകര്‍ക്ക് പരിചിതമായ ഫ്‌ളാഷ് ബാക്കുകള്‍ക്ക് പകരം ഫ്‌ളാഷ് ഫോര്‍വേഡ് പോലുളള പുതിയ സങ്കേതങ്ങള്‍ ഈ സിനിമയില്‍ പരീക്ഷിക്കപ്പെടുന്നുണ്ട്.
ഫാസ്റ്റ്പാസഞ്ചര്‍ പോലെ അതിവേഗത്തില്‍ കഥ പറഞ്ഞു പോകുന്നതാണ് പൊതുവെ തമിഴ് സിനിമകളൂടെ രീതി. എന്നാല്‍ അമിതവേഗം ഇല്ലാതെ അതേസമയം തീര്‍ത്തും അയഞ്ഞു പോകാതെ താളനിബദ്ധമായി കഥാകഥനം നിര്‍വഹിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. കളര്‍ടോണും ഫ്രെയിമുകളും മറ്റും കഥയുടെ സ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ രൂപപ്പെടുത്തുകയാണ് ചെയ്തിട്ടുളളത്. ഗിമ്മിക്കുകളെ പാടെ പുറത്ത് നിര്‍ത്തുമ്പോഴും പുതുമ തോന്നുന്ന നറേറ്റീവ് സ്‌റ്റൈല്‍ കൊണ്ടുവരാനും ഹരിഹറിന് കഴിഞ്ഞു. എഡിറ്റിങ് പാറ്റേണില്‍ പരീക്ഷിക്കുന്ന പുതുസമീപനങ്ങളില്‍ പലപ്പോഴും നാം അല്‍ഫോന്‍സ് പുത്രനെ ഓര്‍ത്തു പോകും.
നേറ്റിവിറ്റിയുടെ പരിമിതികള്‍ ഒഴിവാക്കിയിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കും ഏത് ദേശത്തുളളവര്‍ക്കും സ്വീകാര്യമാം വിധം സാംസ്‌കാരികവും ആചാരാനുഷ്ഠാനപരവുമായ അന്തരങ്ങള്‍ മായ്ച്ചു കളയുന്നുണ്ട് സിനിമ. തമിഴ് പതിപ്പില്‍ പൊങ്കല്‍ ആഘോഷിക്കുമ്പോള്‍ മലയാളം പതിപ്പില്‍ അത് ഓണാഘോഷമാക്കി മാറ്റിയിരിക്കുന്നു. മലയാളം പതിപ്പില്‍ കെഎസ്ആര്‍ടി ബസ് കാണിക്കുകയും ആലപ്പുഴ എന്ന് നെയിംബോര്‍ഡ് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിധത്തില്‍ ഒടിടി പ്രേക്ഷകര്‍ക്ക് പാകമാകും വിധം വിദഗ്ധമായി രൂപകല്‍പന ചെയ്‌തെടുത്തിരിക്കുന്നു ജോ. ആയാസരഹിതമായി കണ്ടിരിക്കാവുന്ന സിനിമ എന്നത് തന്നെയാണ് ജോയെ ആകര്‍ഷകമാക്കുന്നത്.
100 കോടി ക്ലബ്ബില്‍ ഒരു പുതുമുഖചിത്രം
സാധാരണഗതിയില്‍ കോടി ക്ലബ്ബുകള്‍ അലങ്കരിക്കുന്നത് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ്. എന്നാല്‍ ലവ് ടുഡേ എന്ന പുതുമുഖചിത്രം റെക്കോര്‍ഡുകള്‍ തച്ചുടച്ചു. ലവ് ടുഡേ എന്ന ബ്ലോക്ക് ബസ്റ്ററിന്റെ സംവിധായകന്‍ പ്രദീപ് രംഗനാഥന്‍ അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. അത് വൈറലായപ്പോള്‍ സ്വന്തമായി സിനിമ ഒരുക്കാനുളള ആത്മവിശ്വാസം വര്‍ധിച്ചു. കഥയുമായി സമീപിച്ച നിർമാതാവിന് സംഭവം ഇഷ്ടമായെങ്കിലും പ്രദീപ് മുന്നോട്ടു വച്ച ഒരു നിര്‍ദ്ദേശം സ്വീകാര്യമായില്ല. സിനിമയില്‍ നായകനായി, അതുവരെ ഒരു സിനിമയിലും മുഖം കാണിക്കാത്ത സംവിധായകന്‍ തന്നെ അഭിനയിക്കും പോലും.
ആദ്യസിനിമ യാഥാർഥ്യമാക്കാനുളള വിട്ടുവീഴ്ച എന്ന നിലയില്‍ പ്രദീപ് നിർമാതാവിനെ അനുസരിച്ചു. പ്രശസ്ത നടന്‍ ജയംരവിയെ നായകനാക്കി പടം പൂര്‍ത്തിയാക്കി. സാമാന്യ വിജയം മാത്രം നേടിയ ‘കോമാളി’ക്കു പക്ഷേ മികച്ച റിവ്യൂസ് ലഭിച്ചു. ആ ചിത്രം സംവിധായകന്‍ എന്ന നിലയില്‍ പ്രദീപിന്റെ ജാതകം തിരുത്തിക്കുറിച്ചു. കോമാളിയുടെ വിജയം നല്‍കിയ ധൈര്യത്തിലാണ് പ്രദീപ് തമിഴിലെ വമ്പന്‍ നിർമാതാക്കളില്‍ ഒരാളായ കല്‍പ്പാത്തി എസ്. അഘോരത്തെ സമീപിക്കുന്നത്. വൈറലായ അപ്പാലോക്ക് എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥാതന്തു കുറെക്കെൂടി വികസിപ്പിച്ച് ഒരു ഫീച്ചര്‍ ഫിലിമാക്കാമെന്നും കഥയിലെ പുതുമ സിനിമയ്ക്കു ഗുണകരമാവുമെന്നും പ്രദീപ് വാദിച്ചു. ഷോര്‍ട്ട്ഫിലിമും ആദ്യചിത്രമായ കോമാളിയും കണ്ട നിര്‍മാതാക്കള്‍ക്ക് സ്‌ക്രീന്‍ റൈറ്റര്‍, ഡയറക്ടര്‍ എന്നീ നിലകളിലുളള പ്രദിപിന്റെ കഴിവില്‍ മതിപ്പ് തോന്നി സിനിമ നിര്‍മിക്കാന്‍ തയാറായി.
എന്നാല്‍ പ്രദീപ് തുടര്‍ന്ന് മുന്നോട്ട് വച്ച അഭിപ്രായം അവരെ ഞെട്ടിച്ചു. ചിത്രത്തില്‍ നായകനായി താന്‍ തന്നെ അഭിനയിക്കും. തനിക്ക് അഭിനയിക്കാന്‍ വേണ്ടിയാണ് ആദ്യസിനിമ ആകേണ്ടിയിരുന്ന ഈ കഥ മാറ്റി വച്ച് കാത്തിരുന്നതെന്നും അദ്ദേഹം അറിയിച്ചപ്പോള്‍ ആ ആത്മവിശ്വാസത്തെ നിര്‍മാതാക്കള്‍ മാനിച്ചു. നായികയായി പ്രദീപ് കണ്ടെത്തിയത് മലയാളിയായ ഇവാന എന്ന പെണ്‍കുട്ടിയെ. യോഗി ബാബു, സത്യരാജ്, രാധികാ ശരത്കുമാര്‍ എന്നിവരായിരുന്നു ആ സിനിമയില്‍ ആകെയുളള അറിയപ്പെടുന്ന മുഖങ്ങള്‍.
5 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ലവ് ടുഡേ ബോക്‌സ് ഓഫിസില്‍ നിന്ന് മാത്രം 100 കോടിയിലധികം നേടി. വിവിധ ചാനല്‍ സംപ്രേഷണ അവകാശവും ഓവര്‍സീസ് റൈറ്റും ഒടിടി റൈറ്റ്‌സും വഴി ലഭിച്ച തുകയും വേറെ.
പ്രദീപ് സുന്ദരകളേബരനായ, ടിപ്പില്‍ ഹീറോ ലുക്കുളള ആളൊന്നുമായിരുന്നില്ല. ശരാശരിയിലും താഴെ മാത്രം രൂപഭംഗിയുളള ഒരു സാധാരണ ചെറുപ്പക്കാരന്‍. നടന്‍ ധനുഷുമായുളള നേരിയ രൂപസാദൃശ്യം മാത്രമായിരുന്നു എടുത്തു പറയാവുന്ന പ്രത്യേകത. അഭിനയത്തിലും പ്രദീപ് അസാധാരണത്വം സൃഷ്ടിക്കാന്‍ ശ്രമിക്കാതെ നമ്മളില്‍ ഒരാള്‍ എന്ന പ്രതിതി നിലനിര്‍ത്തി. അതുകൊണ്ട് തന്നെ കഥാപാത്രവുമായും കഥയുമായും പെട്ടെന്ന് കണക്ട് ചെയ്യാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചു. തിയററ്ററുകള്‍ ജനസമുദ്രമാക്കിയ ലവ് ടുഡേ ഒടിടി യില്‍ വന്നതോടെ ആഗോളശ്രദ്ധ പിടിച്ചു പറ്റി. ഏത് ദേശത്തുളളവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പാകത്തില്‍ വളരെ യുണിക്കായ ഒന്നായിരുന്നു അതിന്റെ കഥാതന്തു. അടിസ്ഥാനപരമായി രണ്ട് മൊബൈല്‍ ഫോണുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍.
വേറിട്ട ചിന്തയില്‍ നിന്നാണ് കഥാബീജം രൂപപ്പെട്ടിരിക്കുന്നത്. വിവാഹം നടത്തിത്തരണമെന്ന അഭ്യർഥനയുമായി കമിതാക്കള്‍ ഒരുമിച്ച് കാമുകിയുടെ അച്ഛനെ സമീപിക്കുന്നു. രഹസ്യങ്ങളുടെ ആവാസകേന്ദ്രമായ മൊബൈല്‍ ഫോണ്‍ പരസ്പരം കൈമാറാന്‍ അയാള്‍ നിര്‍ദ്ദേശിക്കുന്നു. കമിതാക്കള്‍ അത് അനുസരിക്കുന്നു. തുടര്‍ന്ന് ഇരുവരും കാണുന്നത് അതുവരെ മനസ്സിലാക്കാത്ത പ്രണയിയുടെ മറ്റൊരു മുഖമാണ്. അതിന്റെ പ്രത്യാഘാതങ്ങളും ഗുണവിശേഷങ്ങളുമെല്ലാം സിനിമ വിശദമായി ചര്‍ച്ച ചെയ്യുന്നു. ഒളിമറകള്‍ക്ക് സാധ്യതയില്ലാത്ത നവസാങ്കേതികതയും സമൂഹമാധ്യമങ്ങളും അരങ്ങു തകര്‍ക്കുന്ന പുതുകാലത്തിന്റെ സ്പന്ദനങ്ങള്‍ സിനിമ ഭംഗിയായി ആവിഷ്‌കരിക്കുന്നു.
കണ്ടു പരിചയിക്കാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രസൃഷ്ടിയും പ്ലോട്ട് കണ്‍സപ്റ്റും സിനിമയെ വേറിട്ടതാക്കുന്നു. ലവ് ടുഡേ എന്ന ടൈറ്റില്‍ പ്രമേയത്തിന് അനുയോജ്യമാണെങ്കിലും പുതുമയില്ലാതെ പോയത് അതില്‍ മാത്രമാണ്. ആഖ്യാനത്തില്‍ അമിതവര്‍ണ്ണങ്ങള്‍ ഒഴിവാക്കി വിശ്വാസനീയത നിലനിര്‍ത്തിക്കൊണ്ട് കഥ പറയാന്‍ കഴിയുന്നു എന്നതും ലവ് ടുഡേയുടെ മേന്മയാണ്.
സുരക്ഷിതവഴികള്‍ തേടുന്ന മലയാള സിനിമ
ചലച്ചിത്ര നിർമിതിയില്‍ ഈ രണ്ടു സിനിമകള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു കാഴ്ചപ്പാടുണ്ട്. ഭീമമായ വേതനവും സങ്കുചിതമായ പരിഗണനകളും മാനദണ്ഡമാക്കി ഡേറ്റ് നല്‍കുന്നവരാണ് പല വന്‍ താരങ്ങളും. കഥയുടെ തിരഞ്ഞെടുപ്പില്‍ അവര്‍ സംവിധായകനെ വിശ്വസിക്കുകയോ അയാളുടെ തീരുമാനങ്ങള്‍ക്ക് വില കല്‍പിക്കുകയോ ചെയ്യുന്നില്ല പലപ്പോഴും. തിരക്കഥയിലെ അനാവശ്യ ഇടപെടലുകള്‍ വേറെ. സിനിമയെ സംബന്ധിച്ച് ആത്യന്തികമായും അടിസ്ഥാനപരമായും പ്രധാന വ്യക്തി സംവിധായകനാണെന്നും അയാളുടെ സങ്കല്‍പത്തിലെ സൃഷ്ടി യാഥാർഥ്യമാക്കാന്‍ സഹായിക്കുകയാണ് മറ്റുളളവര്‍ ചെയ്യേണ്ടതെന്നും പലപ്പോഴും ഇക്കൂട്ടര്‍ മറന്നു പോകുന്നു. ഇതുകൊണ്ടുതന്നെ പല സിനിമകളും സംവിധായകന്‍ മനസ്സില്‍ കണ്ടതില്‍നിന്നു വിഭിന്നമായി, വികലമായി പോകുന്നു.
ഇത്തരം ശാഠ്യങ്ങള്‍ക്കുളള പരിഹാരമാണ് പ്രതിഭാധനരായ പുതുമുഖങ്ങളെ കണ്ടെത്തി അവതരിപ്പിക്കുക എന്നത്. അതിനുളള ക്ഷമയും സഹനശക്തിയും സംവിധായകര്‍ക്ക് ഉണ്ടാവണമെന്നു മാത്രം. ഏതൊരു മികച്ച നടനും അടിസ്ഥാനപരമായി ഒരു ആക്ടിങ് സ്‌റ്റൈല്‍ ഉണ്ടാവും. വര്‍ഷങ്ങളായി ഇതേ ശൈലി ആവര്‍ത്തിക്കുന്നതിലുടെ സംഭവിക്കുന്ന മടുപ്പും വിരക്തിയും അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയും ബാധിക്കും. പലപ്പോഴും പ്രേക്ഷകന് കാണാന്‍ സാധിക്കുക കഥാപാത്രങ്ങള്‍ക്ക് ഉപരി ഈ നടനെ ആയിരിക്കും. ഇത്തരം പരാധീനതകള്‍ക്കുളള പരിഹാരം കൂടിയാണ് പുതുമുഖ താരങ്ങള്‍. ബിസിനസിലെ സുരക്ഷിതത്വം എന്ന മിഥ്യാധാരണയ്ക്കു വഴങ്ങി നിര്‍മാതാക്കള്‍ വലിയ താരങ്ങളുടെ പിന്നാലെ പോകുമ്പോള്‍ സംഭവിക്കുന്ന വിപത്ത് ഭയനകമാണ്. ഒരു ഇടത്തരം താരത്തിന്റെ സിനിമ പോലും പൂര്‍ത്തിയാക്കാന്‍ മലയാളത്തില്‍ വേണ്ടി വരുന്നത് 7 മുതല്‍ 12 കോടി വരെയാണ്. തമിഴ്‌സിനിമയില്‍ 50 മുതല്‍ നൂറു കോടിയിലേറെ വരെയാണ് പല സിനിമകളുടെയും മുതല്‍മുടക്ക്. ഈ സ്ഥാനത്താണ് യഥാക്രമം അഞ്ചും മൂന്നരക്കോടിയും മുടക്കിയ സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ സ്ഥാനം പിടിക്കുന്നത്.
സിനിമ തിയറ്റര്‍ ഹിറ്റാണെങ്കില്‍ സൂപ്പര്‍താര സിനിമകള്‍ക്കു തത്തുല്യമായ തുക നല്‍കി എടുക്കാന്‍ ടിവി ചാനലുകളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും തയാറാകും. ചുരുക്കത്തില്‍, ലാഭം നിരവധി മടങ്ങായി വര്‍ധിക്കും. എന്നാല്‍ കോടാനുകോടികള്‍ പ്രതിഫലം വാങ്ങുന്ന നായകന്‍മാരുടെ സിനിമകള്‍ വലിയ തുക കലക്‌ഷന്‍ നേടിയാലും പലപ്പോഴും ലാഭകരമാകുന്നില്ല എന്നാണ് നിര്‍മാതാക്കള്‍ക്ക് പൊതുവെയുളള പരാതി. എന്നിട്ടും അവരെ ആശ്രയിച്ച് സിനിമകള്‍ ഒരുക്കാന്‍ അവര്‍ ബാധ്യസ്ഥരാകുന്നു. അതിന് രണ്ടു കാരണങ്ങള്‍ പറയപ്പെടുന്നു. തമിഴ് സിനിമയെ അപേക്ഷിച്ച് ധീരമായ പരീക്ഷണങ്ങള്‍ക്ക് മലയാളത്തിലെ സീനിയര്‍ സംവിധായകരോ നവാഗതരോ പോലും തയാറാകുന്നില്ല. എല്ലാവര്‍ക്കും താരത്തിന്റെ തണലില്‍ സേഫ് ഗെയിം കളിക്കാനാണ് താൽപര്യം. സ്വാഭാവികമായും ഒരു ഡസന്‍ താരങ്ങള്‍ക്ക് ചുറ്റും സിനിമ ഭ്രമണം ചെയ്യുന്നു. തുടര്‍ച്ചയായി നാല് പടങ്ങള്‍ പൊട്ടിയ നായകന്‍മാര്‍ പോലും ഒരു പടം വിജയിച്ചാലുടന്‍ പ്രതിഫലം മൂന്ന് ഇരട്ടിയായി വർധിപ്പിക്കുന്നു. തങ്ങളെ വേണ്ടെന്ന് വയ്ക്കാനുളള തന്റേടം മലയാളത്തിലെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം.
തമിഴ് സിനിമയ്ക്ക് ഇത്തരം പരാധീനതകളില്ല. രജനിയുടെയും കമലിന്റെയും വിജയ് യുടെയും അജിത്തിന്റെയും തട്ടുപൊളിപ്പന്‍ സിനിമകള്‍ അരങ്ങ് തകര്‍ക്കുന്നതിനിടയില്‍ രണ്ടാം നിരയിലും മൂന്നാം നിരയിലും നാലാം നിരയിലുമുളള നായകന്‍മാര്‍ക്കും അവര്‍ ഇടം നല്‍കുന്നു. ഈ ബഹളങ്ങള്‍ക്കെല്ലാമിടയിലാണ് പ്രദീപിനെ പോലെയും റിയോയെ പോലെയുമുളള നവാഗര്‍ വന്ന് അദ്ഭുതം സൃഷ്ടിക്കുന്നത്. ഏത് ഭാഷയിലും എക്കാലത്തും സിനിമ നന്നായാല്‍ വിജയിക്കും എന്ന കാര്യം ഏറെക്കുറെ വാസ്തവമാണ്.
നടന്‍ എന്ന നിലയില്‍ ഒന്നുമല്ലാതിരുന്ന കാലത്താണ് ജയ് ജയ് ഹോ, പാല്‍ത്തൂജാന്‍വര്‍, ജാനേമന്‍ എന്നീ സിനിമകളിലുടെ ബേസില്‍ ജോസഫ് തുടര്‍വിജയങ്ങള്‍ കെയ്തത്. അദ്ദേഹത്തിന്റെ സമീപകാല സിനിമയായ ഫാലിമിയും ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
ബേസില്‍ എന്ന താരത്തെ പ്രൊജക്ട് ചെയ്യാനല്ല അദ്ദേഹവും സംവിധായകരും ശ്രമിക്കുന്നത്. രസകരമായ ഒരു കഥ അന്തസ്സായി പറയാനാണ്. അതിന് സഹായിക്കുന്ന കഥാപാത്രങ്ങള്‍ എന്ന നിലയില്‍ സ്വാഭാവികമായി പെരുമാറുന്നവര്‍ മാത്രമാണ് ബേസില്‍ അവതരിപ്പിക്കുന്ന നായകന്‍മാര്‍. ഇത്ര മികച്ച ഒരു ഉദാഹരണം മുന്നിലുണ്ടായിട്ടും ബേസില്‍ ജോസഫുമാരെ കണ്ടെത്താന്‍ ശ്രമിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് മലയാള സിനിമ.
ചര്‍വിതചര്‍വണം ചെയ്യപ്പെട്ട വിഷയങ്ങളും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഒരുക്കിയിട്ട് ഏത് വലിയ നടന്‍ അഭിനയിച്ചാലും ഗുണപരമായോ വ്യാവസായികമായോ അത് മലയാള സിനിമയ്ക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല എന്നതാണ് വസ്തുത. അഭിനയത്തിലായാലും സാങ്കേതിക തലത്തിലായാലും സിനിമയുടെ ആകത്തുകയ്ക്ക് തന്നെ ഫ്രഷ്‌നസ് നല്‍കാന്‍ കഴിവുറ്റ നവാഗതരുടെ പ്രകടനം കൊണ്ട് സാധിക്കും എന്നതിന്റെ ഏറ്റവും മികച്ച സമീപകാല ഉദാഹരണങ്ങളാണ് ലവ് ടുഡേയും ജോയും.