തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല; ഒടിടിയിൽ സൂപ്പർ ഹിറ്റായി സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’
Mail This Article
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഭരതനാട്യം' സിനിമയ്ക്ക് ഒടിടിയിൽ അതി ഗംഭീര അഭിപ്രായം. സെപ്റ്റംബർ 27 മുതൽ മനോരമ മാക്സ്, ആമസോൺ പ്രൈം എന്നീ പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തെക്കുറിച്ച് ഗംഭീര പ്രതികരണങ്ങളാണ് ആളുകൾ സമൂഹ മാധ്യമങ്ങളിൽ കമന്റ് ആയി പങ്കുവയ്ക്കുന്നത്. ഓഗസ്റ്റ് 30ന് തിയറ്ററുകളിലെത്തിയ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
സൈജു കുറുപ്പ് നായകനായെത്തിയ സിനിമകളിൽ ഏറ്റവും മികച്ച എന്റർടെയ്നർ എന്നാണ് പ്രേക്ഷകർ ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിൽ സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ,സോഹൻ സീനുലാൽ, ദിവ്യ എം നായർ, ശ്രീജ രവി, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എൻ്റർടെയ്ന്‍മെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവഹിക്കുന്നു.
സിനിമ ഒടിടിയിൽ കണ്ട ആളുകളുടെ പ്രതികരണങ്ങൾ നോക്കാം
1) സുന്ദരം എന്നൊരു ഒറ്റ വാക്കിലൊതുക്കാം. രസകരമായ തിരക്കഥ, ഭംഗിയായെടുത്തിരിക്കുന്നു. നായകനായ സൈജു നിർമാതാവായ ആദ്യ സിനിമ. ഭരതനാട്യം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണദാസ് മുരളിയാണ്. മനുഷ്യരുടെ കഥകളുള്ള നല്ല സിനിമകളുമായി കൃഷ്ണദാസിനിയും വരുമെന്ന നല്ല പ്രതീക്ഷയാണീ സിനിമ തരുന്നത്. ഞെക്കി പഴുപ്പിച്ച തമാശകളെങ്ങുമില്ല. എന്നാലിതിലെ ചെറിയ തമാശകളിൽ ത്രൂ ഔട്ടൊരു സന്തോഷ ഫീലുണ്ടാവും നമുക്ക്.
സൈജു ഭംഗിയായിത്തന്നെ ശശിധരൻ നായരായിട്ടുണ്ട്. അച്ഛൻ ഭരതൻ - സിനിമയുടെ പേര് തന്നെ പണ്ട് മുരടനായ ഈ അച്ഛന്റെ നാട്യങ്ങളിൽ നിന്നാണല്ലോ, സായികുമാറ് ആ റോള് നല്ല വൃത്തിയായി ചെയ്തിട്ടുമുണ്ട്. അഭിനേതാക്കളെല്ലാരും ജിനിൽ റെക്സിനേയും ജീവിൻ റെക്സിനേയും രണ്ട് ഘോഷുമാരേയും എടുത്ത് പറഞ്ഞേ പറ്റൂ. അഭിരാം, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ, ശ്രുതി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരൊക്കെ ആ വീട്ടിലേയും നാട്ടിലേയും മനുഷ്യരായുണ്ട്. മിസ്സാക്കണ്ട , മനോരമ മാക്സിലാണ് ഭരതനാട്യം.
2) ഭരതനാട്യം കണ്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ആഴ്ച ആണെന്ന് തോന്നുന്നു ഈ പടം റിലീസായത്. സൈജു കുറുപ്പ് ആദ്യമായി നിർമിച്ച ചിത്രമാണിത്. പക്ഷേ ചിത്രം കാണാൻ തിയറ്ററിൽ ആള് കയറാത്തത് സൈജുവിനെ നന്നായി ടെൻഷൻ അടിപ്പിച്ചു. തന്റെ സാമ്പത്തിക നഷ്ടം വളരെ വലുതാണെന്നും 50 ലക്ഷം പോലും കലക്‌ഷൻ വന്നില്ലെന്നും അദ്ദേഹം ഒരു ഇന്റർവ്യൂവിൽ പറഞ്ഞപ്പോൾ സങ്കടം തോന്നി.
ഞാൻ ഈ പടം കാണാൻ അന്ന് തിയറ്ററിൽ പോയെങ്കിലും അത് കാണാൻ സാധിക്കാതെ കണ്ണൻ താമരകുളത്തിന്റെ "വിരുന്ന് ' കണ്ട് മടങ്ങി. ഇന്ന് പടം കണ്ടു, മുഖത്ത് മന്ദഹാസം നിലനിർത്തി കാണാവുന്ന ഡീസന്റ് കുടുംബചിത്രമാണ് ഭരതനാട്യം. രണ്ടാം പകുതിയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്, അവസാന ഭാഗത്ത് വരുന്ന ഇമോഷണൽ രംഗങ്ങളുടെ ഫീൽ കറക്റ്റ് കിട്ടി.. ആദ്യ പകുതി വല്യ സുഖം തോന്നിയില്ല, ബട്ട് ബോറടി ഫീൽ എവിടെയും ഇല്ല. സൈജു, സായ് കുമാർ തുടങ്ങിയവർ നല്ല പ്രകടനമായിരുന്നു.സൈജുവിന്റെ ഏറ്റവും ഇളയ അനിയന്റെ വേഷം ചെയ്ത പയ്യനും കൊള്ളാം. സിനിമ കണ്ടവർ അഭിപ്രായം പറയു. കാണാത്തവർ കണ്ട് നോക്കു.
3) മനസ്സു നിറച്ചൊരു സിനിമ... പറ്റുമെങ്കിൽ എല്ലാവരും ഒന്ന് കണ്ടു നോക്കുക. ഇവിടെ വിജയിച്ചു പോകുന്ന പല വാഴപ്പടങ്ങളെക്കാളും എഴുത്തിലും അവതരണത്തിലും ക്വാളിറ്റിയുള്ള സിനിമയാണ്. ഒരു രണ്ടു മണിക്കൂർ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതു വെറുതെയാകില്ല. ഒരു നഷ്ടബോധവും ഈ സിനിമ നൽകില്ല....
കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത കുടുംബ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമാണ് ഭരതനാട്യം... സൈജു കുറുപ്പ് പ്രധാന കഥാപാത്രമായും നിർമ്മാണത്തിലും ഭാഗമായ ഈ ചിത്രം തുടക്കം മുതൽ തീരുന്ന വരെ എവിടെയും ബോറടിപ്പിക്കാതെ പറഞ്ഞുവെക്കുന്നതിൽ സംവിധായകനും അണിയറ പ്രവർത്തകരും വിജയിച്ചിട്ടുണ്ട്...
മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിൽ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം മകനോട് മറ്റൊരു ഭാര്യയെ കുറിച്ച് പറഞ്ഞതിന് ശേഷവും മരണപ്പെട്ടില്ലെങ്കിൽ ആശുപത്രി കട്ടിലിൽ നിന്ന് റിക്കവർ ആയി വീട്ടിലെത്തിയാൽ എന്തൊക്കെ സംഭവിക്കുമോ അതൊക്കെയാണ് ഭരതനാട്യം എന്ന സിനിമയിൽ പറഞ്ഞുവയ്ക്കുന്നത്. നന്നായി ചിരിപ്പിക്കുന്ന സന്ദർഭങ്ങളും ഫീൽ ഗുഡ് എന്ന് ഫീൽ ആയ് തന്നെ പറയാവുന്ന പശ്ചാത്തലവും അതിന്റെ ആഖ്യാനവും നല്ല പെർഫോമൻസുകളും എല്ലാമായി സിനിമ തീയറ്റർ കാഴ്ച നഷ്ടപ്പെട്ടതിൽ വിഷമം തോന്നിപ്പിക്കുന്ന ഒരു അനുഭവമാണ് നൽകിയത്...
സൈജു കുറുപ്പിന്റെ ഏറെ കാലത്തിനു ശേഷമുള്ള മികച്ചൊരു പെർഫോമൻസും സായി കുമാർ, കലാരഞ്ജിനി, ശ്രീജാ രവി എന്നിങ്ങനെയുള്ള അഭിനേതാക്കളുടെ എടുത്തു പറയേണ്ട പ്രകടനങ്ങളും കൂടെ സൈജു കുറുപ്പിന്റെ അനിയൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുവരുടെയും പെർഫോമൻസുകളും സിനിമയുടെ ആകെത്തുകയെ നല്ല രീതിയിൽ തന്നെ ലിഫ്റ്റ് ചെയ്യുന്നുണ്ട്..അനാവശ്യം എന്ന് തോന്നിപ്പിക്കുന്ന ഒരു രംഗം പോലും ഇല്ലാത്ത മനസ്സുനിറഞ്ഞ ഒരു സിനിമാനുഭവം...