ഇങ്ങനെയൊരു ക്രൈം നടന്നിട്ടുണ്ടാകുമോ? പിടിച്ചുലയ്ക്കും 1000 ബേബീസ്
Mail This Article
ബോളിവുഡിലെ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന സൂപ്പർതാരം നീന ഗുപ്തയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയ സീരീസ് ആണ് ‘1000 ബേബീസ്’. ഏഴ് എപ്പിസോഡുകളിലായി മലയാളത്തിൽ ചിത്രീകരിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും ലഭ്യമാണ്. തന്റെ ഭൂതകാലത്തിലെ കുറ്റകൃത്യങ്ങളുടെ ഓർമകളിൽ വെന്തുരുകി മാനസിക നില തെറ്റി ജീവിക്കുന്ന ഒരു വൃദ്ധയും അവരുടെ കുറ്റകൃത്യത്തിന്റെ പരിണിതഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെയും കഥയാണ് 1000 ബേബീസ് പറയുന്നത്. നടൻ റഹ്‌മാൻ ഏറെ ശ്രദ്ധേയമായൊരു വേഷത്തിൽ ഈ സീരീസിൽ പ്രത്യക്ഷപ്പെടുന്നു.
2010 ലാണ് കഥ ആരംഭിക്കുന്നത്. മകനൊപ്പം കോട്ടയത്തെ മുണ്ടക്കയം ഗ്രാമത്തിലെ ഒരു ഇരുണ്ട റബ്ബർ തോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിൽ താമസിക്കുന്ന സാറാ ഔസേഫ് എന്ന വൃദ്ധയിലൂടെയാണ് പ്രേക്ഷകർ കഥയിലേക്ക് പ്രവേശിക്കുന്നത്. മകൻ ബിബിൻ ഔസേഫ് ഒരു ഗ്രാമീണ ലാബിലെ ലാബ് ടെക്നീഷ്യനാണ്. അസാമാന്യ ബുദ്ധിശക്തിയുള്ള ബിബിൻ അമ്മയുടെ നിർബന്ധപ്രകാരമാണ് ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച് അമ്മയെ വിട്ടുപോകാതെ അവിടെ തന്നെ ജീവിക്കുന്നത്. സാറ ഒരു വിചിത്ര സ്ത്രീയാണ്. പലപ്പോഴും നിയന്ത്രണം വിട്ട് അലറിക്കരയുന്ന സാറ മാർക്കർ പേന ഉപയോഗിച്ച് വീടിനുള്ളിലെ ഒരു മുറിയിലെ ചുവരുകളിൽ എന്തോ എഴുതിക്കൊണ്ടാണ് ദിവസങ്ങൾ ചെലവഴിക്കുന്നത്. ബിബിൻ തന്റെ അമ്മയെ അഗാധമായി സ്നേഹിക്കുന്നുണ്ട്. മാർക്കർ പേന തീരുമ്പോൾ മാനസികാസ്വാസ്ഥ്യം പ്രകടമാക്കുന്ന അമ്മയെ ബിബിൻ മാർക്കർ വാങ്ങി നൽകി ആശ്വസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഒടുവിൽ സാറ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു ദിവസം അവർ മകനോട് താൻ ചുവരിൽ എഴുതുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു. ആ തുറന്നുപറച്ചിലിനു പിന്നിലെ യാഥാർഥ്യങ്ങളുടെ ചുരുളഴിക്കാൻ ഒടുവിൽ നിയോഗിക്കപ്പെടുന്നത് കളമശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അജി കുര്യനാണ്. അറിയപ്പെടുന്ന ഒരു നടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അജി കുര്യൻ ഒടുവിൽ എത്തിച്ചേരുന്നത് സാറയുടെ വീട്ടിലാണ്.
നീന ഗുപ്തയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ സീരീസിനെ ശ്രദ്ധേയമാക്കുന്നത്. സാറ എന്ന വൃദ്ധയുടെ ശരീരത്തിന്റെയും മനസ്സിന്റെയും സങ്കീർണ്ണതകളിലേക്ക് കൂടുവിട്ട് കൂടുമാറുകയായിരുന്നു നീന ഗുപ്ത. ഫ്ളാഷ്‌ബിക്കിൽ ബിബിന്റെ സ്നേഹനിധിയായ അമ്മയായും കർക്കശക്കാരിയായ നഴ്സ് ആയും നീന ഗുപ്ത അപാരമായ അഭിനയ വൈദഗ്ധ്യമാണ് പ്രകടമാക്കുന്നത്. ഓരോ ഫ്ലാഷ്‌ബാക്കും സാറയുടെ ജീവിതത്തിന്റെ മറ്റൊരു വശം നമുക്ക് കാണിച്ചുതരുമ്പോൾ നീന ഗുപ്തയുടെ പ്രകടനത്തിൽ ഓരോ പൊൻതൂവലായി മാറുന്നു. അജി കുര്യനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടൻ റഹ്മാൻ ആണ്. സ്റ്റീരിയോടിപ്പിക്കൽ പൊലീസ് വേഷങ്ങളിൽ നിന്ന് വിഭിന്നമായി ഏറെ മികവുറ്റ രീതിയിൽ അജി കുര്യനായി റഹ്മാൻ മാറി. സങ്കീർണ്ണത ഏറെയുള്ള ബിബിൻ എന്ന കഥാപാത്രമായി സഞ്ജു ശിവറാം തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചു. കരുതലുള്ള ഒരു മകനിൽ നിന്ന് നിരവധി അടരുകളുള്ള ഒരു മനുഷ്യനിലേക്കുള്ള സഞ്ജു ശിവരാമന്റെ പകർന്നാട്ടം ഗംഭീരമായിരുന്നു. ജോയ് മാത്യു, ഷാജു ശ്രീധർ, ആദിൽ എബ്രഹാം, ശ്രീകാന്ത് മുരളി, രാധിക രാധാകൃഷ്ണൻ, രാധ ഗോമതി, ഇർഷാദ്, അശ്വിൻ കുമാർ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നടൻ ശ്രീജിത്ത് രവിയുടെ ഭാര്യ സജിത ഒരു ചെറിയ കഥാപാത്രമായി സീരീസിൽ എത്തുന്നുണ്ട്.
പ്രീക്വൽ, സീക്വൽ, ലെഗസി, ഫസ്റ്റ് ഹാഫ്, ഇന്റർവെൽ, സെക്കന്റ് ഹാഫ്, ആന്റി ക്ളൈമാക്സ് എന്നിങ്ങനെ ഏഴു ഭാഗങ്ങളിലായാണ് 1000 ബേബീസ് പുറത്തിറിക്കിയിരിക്കുന്നത്. സീരീസിന്റെ ആദ്യ മൂന്ന് എപ്പിസോഡുകൾ ആകർഷകമായിരുന്നു. സസ്പെൻസ് നിറഞ്ഞ ഒരു കഥ കൊണ്ട് കാഴ്ചക്കാരനെ ആകർഷിക്കുന്നത്തിൽ ആദ്യ മൂന്ന് ഭാഗങ്ങൾ വിജയിച്ചു. തുടർന്നു വന്ന ഭാഗങ്ങൾ അനാവശ്യമായ വഴിതിരിച്ചുവിടലുകളും ഇഴഞ്ഞ രംഗങ്ങളും കൊണ്ട് അല്പം വിരസമായി. അവിശ്വസനീയമായ സബ്‌പ്ലോട്ടുകൾ എങ്ങനെ മൂലകഥയുമായി ബന്ധിപ്പിക്കണമെന്ന ആശയകുഴപ്പം എഴുത്തുകാരന് ഉള്ളതുപോലെയാണ് പ്രേക്ഷകന് അനുഭവപ്പെട്ടത്. നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസിന്റെ കഥ എഴുതിയിരിക്കുന്നത് നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ്. 1000 ബേബീസിനെ ഏറ്റവും മിഴിവുറ്റതാക്കിയത് ഫൈസ് സിദ്ദിക്കിന്റെ ഛായാഗ്രഹണമാണ്. സാറയുടെയും ബിബിന്റെയും വീടിന്റെ ഭയാനകമായ അന്തരീക്ഷവും സാറയുടെ ഭ്രാന്തമായ പെരുമാറ്റവും പിരിമുറുക്കമുള്ള ചോദ്യം ചെയ്യൽ രംഗങ്ങളിലുമെല്ലാം ഫൈസ് സിദ്ദിക്കിന്റെ ദൃശ്യവൽക്കരണം മികവുറ്റതായിരുന്നു. ഭീതിതമായ കഥാപശ്ചാത്തലവും സസ്‌പെൻസും നിറഞ്ഞ ഈ സൈക്കോളജിക്കൽ ത്രില്ലറിനു അനുയോജ്യമായ വിധത്തിൽ പശ്ചാത്തല സംഗീതമൊരുക്കിയത് ശങ്കർ ശർമയാണ്. സീരീസിന്റെ തീം സോങ് ആലപിച്ചതും ശങ്കർ ശർമ്മയായിരുന്നു.
മലയാളം സിനിമ പ്രവർത്തകർ വെബ് സീരീസ് രംഗത്തേക്ക് ചുവടുവച്ചു തുടങ്ങിയിട്ട് അധികനാളായില്ല. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രംഗങ്ങളും അഭിനയ മുഹൂർത്തങ്ങളുമുള്ള 1000 ബേബീസ് മലയാള വെബ് സീരീസ് രംഗത്ത് സുപ്രധാന ചുവടുവെപ്പാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്നാണ് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നത്. നല്ലൊരു കഥയും കാസ്റ്റിങ്ങും മികവുറ്റ ഛായാഗ്രഹണവും കൊണ്ട് സമ്പന്നമായ 1000 ബേബീസ് ഉറപ്പായും കണ്ടിരിക്കേണ്ട ഒരു വെബ് സീരീസാണ്.