ADVERTISEMENT

വിവാദങ്ങള്‍ക്കിടെ നയന്‍താര-വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സിലാണ് 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ റിലീസ് ചെയ്തത്. സിനിമാ ജീവിതത്തിന്റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്ററിയിലുള്ളത്. നയൻതാരയുടെ അമ്മ ഓമന, ആദ്യ ചിത്രത്തിന്റെ സംവിധാകനായ സത്യൻ അന്തിക്കാട് തുടങ്ങി നയൻതാരയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളെല്ലാം ഡോക്യുമെന്ററിയിൽ വന്നു പോകുന്നുണ്ട്. വിവാഹത്തിന്റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്ററിയിലൂടെ കാണാം. ധനുഷ് നിർമിച്ച നാനും റൗഡി താന്‍ ചിത്രത്തിലെ ബിഹൈന്‍ഡ് ദ് സീന്‍സ് ദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1.22 മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. അമിത് കൃഷ്ണനാണ് സംവിധാനം. ഗൗതം വാസുദേവ മേനോന്റെ പേരാണ് നേരത്തെ സംവിധായകസ്ഥാനത്ത് കേട്ടിരുന്നത്. വോയ്സ് ഓവറായി ഉപയോഗിച്ചിരിക്കുന്നത് ഗൗതം മേനോന്റെ ശബ്ദമാണ്. തിരുവല്ല സ്വദേശിയായ ഡയാന കുര്യൻ എങ്ങനെയാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആകുന്നതെന്നും ഡോക്യുമെന്ററിയിലൂടെ പറയുന്നുണ്ട്.

‘‘ചില കാര്യങ്ങള്‍ മനുഷ്യൻ തീരുമാനിക്കും, മറ്റ് ചിലത് ദൈവമോ മറ്റേതെങ്കിലും അദൃശ്യ ശക്തിയോ ആകും തീരുമാനിക്കുക. അങ്ങനെയൊരു വിധിയോ ദൈവമോ തീരുമാനിച്ചതാണ് സിനിമയിലേക്കുള്ള നയൻതാരയുടെ വരവെന്നാണ് എനിക്കു തോന്നുന്നത്. പത്ത് ഇരുപത് വർഷത്തിനു ശേഷം നമ്മൾ പുറകോട്ടു നോക്കുമ്പോൾ നയൻതാരയുടേത് അതിശയകരമായ കടന്നുവരവായിരുന്നു. ‘മനസ്സിനക്കരെ’ എന്ന സിനിമ ഷീലയുടെ ഒരു തിരിച്ചുവരവായി ഹൈലൈറ്റ് ചെയ്യപ്പെട്ടാണ് നിർമിക്കുന്നത്. 

അതുകൊണ്ട് തന്നെ നായിക പുതുമുഖം മതിയെന്ന് തീരുമാനിക്കുന്നു. അങ്ങനെ ഒരു വനിത മാസിക കാണാനിടയായി, അതിലൊരു പരസ്യത്തിൽ ശലഭ സുന്ദരിയെപ്പോലെ ഭയങ്കര ആത്മവിശ്വാസം തോന്നുന്ന പെൺകുട്ടിയെ കണ്ടു. അതിനു മുമ്പ് അവരെ കണ്ടിട്ടുമില്ല. ഞാൻ ആ മാസികയുടെ എഡിറ്ററെ വിളിച്ചു. വനിത മാസികയായിരുന്നു. തിരുവല്ലയിലുള്ള കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു, വിവരങ്ങളും തന്നു. അങ്ങനെ ഞാൻ ആദ്യമായി നയൻതാരയെ വിളിക്കുന്നു. ഡയാന എന്നായിരുന്നു കുട്ടിയുടെ പേര്. ശരിക്കും അന്ന് ഡയാന ഷോക്ക് ആയിപ്പോയി കാണും. ‘ഞാൻ സത്യൻ അന്തിക്കാട് ആണ്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?’ എന്നു ചോദിച്ചു. ‘ഞാൻ സാറിനെ അങ്ങോട്ട് വിളിക്കട്ടെ’ എന്നു പറഞ്ഞ് ഡയാന ആ ഫോൺ കട്ട് ചെയ്തു.

പുലർച്ചെ മൂന്ന് മണിക്കൊരു കോള്‍ വരുന്നു, ഞാൻ നല്ല ഉറക്കത്തിലായിരുന്നു. സിനിമയുടെ കാര്യങ്ങൾ പറഞ്ഞ ശേഷം നാളെ നേരിട്ട് വരാനും ഡയാനയോടു പറഞ്ഞു. ‘സോറി സർ. എന്റെ കുറച്ച് കസിൻസിന് ഞാൻ അഭിനയിക്കുന്നതിൽ താൽപര്യമില്ലെന്നു’ ഡയാന മറുപടിയായി പറഞ്ഞു. ഞാൻ തിരിച്ചു പറഞ്ഞു, ‘‘രണ്ട് തെറ്റാണ് ഡയാന ഇപ്പോൾ ചെയ്തത്, ഒന്ന് എന്നെ മൂന്ന് മണിക്ക് വിളിച്ചുണർത്തി, രണ്ടാമത്തേത് സിനിമയിൽ അഭിനയിക്കില്ലെന്നു പറഞ്ഞു’’. അഭിനയിക്കുന്നത് ഇഷ്ടമാണോ എന്നു ഡയാനോട് ചോദിച്ചു, ‘ഇഷ്ടമാണെന്നു’ പറഞ്ഞു. അങ്ങനെയെങ്കിൽ വന്നു നോക്കൂ, രണ്ട് ദിവസം ഷൂട്ടിങ് ഒക്കെ എങ്ങനെയെന്ന് കാണാമെന്നും ഞാൻ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ ഞാൻ ഡയാനയെ അഭിനയിപ്പിച്ചില്ല, ഷൂട്ട് ചെയ്യുമ്പോൾ കൂടെ കൂട്ടും. ഷീലയും ജയറാമുമൊക്കെ അഭിനയിക്കുന്നത് എന്റെ ഒപ്പം നിന്നു കാണും. അങ്ങനെ ടീമിനെ ഒക്കെ പരിചയമായി. കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്നോട് ഇങ്ങോട്ട് ചോദിച്ചു, ‘ഞാൻ എപ്പോഴാണ് അഭിനയിച്ചു തുടങ്ങേണ്ടതെന്ന്’. അങ്ങനെയാണ് ആദ്യമായി ഡയാന അഭിനയിക്കുന്നത്.’’–ഡോക്യുമെന്ററിയിൽ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ.

നേരത്തെ ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാവായ ധനുഷ് നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും നോട്ടിസ് അയച്ചിരുന്നു.

English Summary:

Amidst controversies, the Nayanthara-Vignesh Shivan wedding documentary has begun streaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com