സലിംകുമാറിനൊപ്പവും ശ്രദ്ധേയമായ അഭിനയം; രഞ്ജുഷയുടെ വിയോഗത്തില്‍ നടുങ്ങി സിനിമാലോകം
Mail This Article
നടി രഞ്ജുഷ മേനോന്റെ മരണത്തിൽ നടുങ്ങി സിനിമാലോകം. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് മുപ്പത്തിനാലുകാരിയായ രഞ്ജുഷയെ സ്വന്തം കിടപ്പുമുറിയിലെ ഫാനിൽ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരകയായിട്ടാണ് കരിയർ ആരംഭിച്ചത്. 2018 ൽ ഷാഫി സംവിധാനം ചെയ്ത ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിൽ സലിം കുമാർ അവതരിപ്പിച്ച ലോനപ്പൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയ രഞ്ജുഷ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശവപ്പെട്ടി കച്ചവടക്കാരനായ ലോനപ്പന്റെ മകൻ മരിക്കുമ്പോൾ, സലിം കുമാറിനോടു കിടപിടിക്കുന്ന അഭിനയം കാഴ്ചവച്ച് പ്രേക്ഷകരെ കയ്യിലെടുത്തു രഞ്ജുഷ. എങ്കിലും പിന്നെ സിനിമകളിൽ അധികം കണ്ടിട്ടില്ല. സിറ്റി ഓഫ് ഗോഡ്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം നടത്തിയ രഞ്ജുഷ പിന്നീട് മിനി സ്ക്രീനിലെ മിന്നും താരമായി മാറി.
മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ ആനന്ദരാഗം, വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നടിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മരണ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഭർത്താവ് മനോജ് വർമയ്ക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം കരിയത്തുള്ള ഫ്‌ളാറ്റിലാണ് രഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജുഷയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ മനോജ് സെക്യൂരിറ്റിയെ വിളിച്ച് വീട്ടിൽ പോയി നോക്കാൻ പറയുകയായിരുന്നു.
സെക്യൂരിറ്റി വിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെത്തുടർന്ന് മനോജിനെ അറിയിച്ചു. മനോജ് എത്തി വീടിനു പിന്നിൽ ഏണി വച്ച് കയറി ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടതെന്ന് സെക്യൂരിറ്റി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മികച്ച നർത്തകി കൂടിയായ താരം ഇംഗ്ലിഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.