എഴുത്തിനൊപ്പം സീരിയലും: കൃഷ്ണ തുളസീ ഭായി അഭിമുഖം
Mail This Article
ഇന്ദുലേഖ സീരിയലിലെ രേവതി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് കൃഷ്ണതുളസീ ഭായി. അഭിനയത്തോടൊപ്പം കവിതയെഴുത്തും പ്രിയമായ കൃഷ്ണതുളസി ‘എന്ന് സ്വന്തം കൃഷ്ണ’ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ചെറുപ്പം മുതൽ ഒപ്പമുള്ള കലപരമായ അഭിനിവേശമാണ് അഭിനയ മേഖലയിലേക്ക് കൃഷ്ണതുളസിയെ എത്തിച്ചത്. സമൂഹമാധ്യമങ്ങളിൽ കൃഷ്ണതുളസി എഴുതുന്ന കുറിപ്പുകളും കവിതകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കലയുടെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിക്കുന്ന കൃഷ്ണ തുളസീ ഭായ് മനസ്സ് തുറക്കുന്നു.
സീരിയലിലും സിനിമയിലും തിരക്കേറുന്നു
കുടുംബശ്രീ ശാരദ, സുന്ദരി എന്നീ സീരിയലുകളിൽ പ്രധാന മുഴുനീള വേഷങ്ങളാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രധാന ചാനലുകളിലും തമിഴിൽ സൺ ടിവി ഉൾപ്പെടെയുള്ള ചാനലുകളിലും സീരിയലുകൾ ചെയ്യുന്നുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ അനുരാഗം, മിലൻ, മൺവിളക്ക്, എന്നീ സിനിമകളിൽ അഭിനയിച്ചു. എല്ലാം റിലീസിന് തയ്യാറാകുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചില ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഭാഗമാവാനുള്ള തയാറെടുപ്പുകളിലാണ് ഇപ്പോൾ.
കസ്തൂരി രാജയുടെ കവിതാ സമാഹാരത്തിന്റെ കവർ ഗേൾ
തമിഴ് സംവിധായകനായ കസ്തുരി രാജ തന്റെ 'ഒരു പഴയ കാതൽ കടിതം'എന്ന കവിതാ സമാഹാരത്തിനു വേണ്ടി എന്റെ ഒരു ചിത്രം നൽകുമോ എന്ന് ചോദിച്ചിരുന്നു. തന്റെ കഥാപാത്രത്തിന്റെ തീക്ഷണത ഉൾക്കൊള്ളാൻ കൃഷ്ണയുടെ മുഖത്തിനാവുന്നതായിരുന്നു അദ്ദേഹം പറഞ്ഞത്. ശരിക്കും പറഞ്ഞാൽ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.
അഭിനയരംഗത്തേക്ക്
പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഞാൻ അഭിനയ രംഗത്ത് എത്തുന്നത്. അതിനുശേഷം ‘നന്ദനം’ എന്ന സീരിയലിൽ വേഷമിട്ടു. ഇന്ദുലേഖയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പ്രിയനന്ദനന്റെ അശാന്തം എന്ന ഷോർട് ഫിലിം ചെയ്തിരുന്നു. അശാന്തം പക്ഷേ പ്രേക്ഷകരിലേക്ക് എത്തിയില്ല. മറ്റു ചില ഹ്രസ്വചിത്രങ്ങളും ചെയ്തിട്ടുണ്ട്. ശിവറാം മണിയുടെ തിമിരം എന്ന സിനിമ ചെയ്തിരുന്നു.
ആർ. ശ്രീനിവാസന്റെ വാരണാസി എന്ന സിനിമയിലും വേഷമിട്ടു. അതിന്റെ ഷൂട്ടിങ് തുടരുമ്പോഴാണ് കോവിഡ് വ്യാപനം ഉണ്ടായത്. അതോടെ ഷൂട്ടിങ് മുടങ്ങി. മറ്റൊരു ചിത്രവും കോവിഡ് കാരണം പ്രതിസന്ധിയിലായി. ‘ഐആം ദി സോറി’ എന്നൊരു വെബ് സീരിസിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴിൽ ആൽബങ്ങളും ചെയ്തു. തമിഴിൽനിന്നും സീരിയൽ ഓഫർ വന്നിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ അതും മുടങ്ങി.
എഴുത്തിലേക്ക്
സ്കൂളിൽ പഠിക്കുമ്പോൾ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കോളജിൽ പഠിക്കുമ്പോൾ മാഗസിനിൽ എഴുതിത്തുടങ്ങി. ഞാൻ ഫിസിയോതെറാപ്പി പഠിച്ചത് കോയമ്പത്തൂരിൽ ആയിരുന്നു. അവിടെ മലയാളി അസോസിയേഷന്റെ മാസികകളിലും മറ്റും എഴുതുമായിരുന്നു. ചെറുപ്പത്തിൽ അച്ഛൻ ഞങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങിത്തരുമായിരുന്നു. വായനയും എഴുത്തുമായിരുന്നു എന്റെ ലോകം. അഭിനയവും ഇഷ്ടമായിരുന്നു. സോഷ്യൽ മീഡിയ സജീവമായതിനുശേഷം എഴുതാറുണ്ട്. ശാന്തം മാഗസിൻ, ഡി സി ബുക്സിന്റെ സമാഹാരം എന്നിവയിലൊക്കെ എന്റെ കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'എന്ന് സ്വന്തം കൃഷ്ണ' എന്ന ലഘുകവിതകളുടെയും കുറിപ്പുകളുടെയും സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. വിതരണത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ച് പുസ്തകം ഉടൻ പുസ്തകശാലകളിൽ എത്തുന്നതാണ്. അഭിയത്തോടൊപ്പം എഴുത്തും കൊണ്ടുപോകാനാണ് താൽപര്യം. സാഹിത്യസംബന്ധിയായ കൂട്ടായ്മകളിലും ചർച്ചകളിലും പങ്കെടുക്കാറുണ്ട്.
കുടുംബം
പന്തളം ആണ് സ്വദേശം. കുറേനാൾ ദുബായിൽ ആയിരുന്നു. വീട്ടിൽ അമ്മയും സഹോദരങ്ങളും ഉണ്ട്. അച്ഛൻ മരിച്ചു പോയി. ഇപ്പോൾ എന്റെ അമ്മയ്ക്കും മകൾക്കുമൊപ്പം തിരുവനന്തപുരത്താണു താമസം. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ട് അഭിനയവും എഴുത്തുമൊക്കെ ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നു.