താലികെട്ട് വടക്കുംനാഥന് മുന്നിൽ; ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി; വിഡിയോ
Mail This Article
ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവച്ചു.
കേരളീയത്തനിമയിൽ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോൾ കസവുമുണ്ടും മേൽമുണ്ടും ധരിച്ച് ജിപിയും എത്തി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തുന്നത്. വിവാഹനിശ്ചയശേഷമാണ് ഈ സന്തോഷവാർത്ത ഇവർ പ്രേക്ഷകരുമായി പങ്കുവച്ചതും. ‘‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്.
നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ.’’–ഗോവിന്ദ് പത്മസൂര്യയും ഗോപികയും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ടിവി അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനാണ്. എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം ജനപ്രീതിനേടി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ.
കീ എന്ന ചിത്രത്തിലൂടെ തമിഴിലും അല വൈകുന്ദപുരംലോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.
സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയാണ് ഗോപിക. ശിവം, ബാലേട്ടൻ എന്നീ സിനിമകളിൽ ബാലതാരമായി അരങ്ങേറ്റം. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിന്റെ മക്കളായ മിടുക്കിക്കുട്ടികളിൽ മൂത്തയാളുടെ വേഷമിട്ടത് ഗോപികയായിരുന്നു. ഇളയകുട്ടിയുടെ വേഷത്തിലെത്തിയത് ഗോപികയുടെ സ്വന്തം സഹോദരി കീർത്തനയും. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ഗോപിക പിന്നീട് നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും മുഖം കാണിച്ചു. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുവേദ ഡോക്ടർ കൂടിയാണ്.