കാതു കുത്തിയപ്പോൾ പോലും കരഞ്ഞു, ഈ വേദന അറിഞ്ഞില്ല: അഗ്നിക്കാവടിയാടി കാർത്തിക് സൂര്യ
Mail This Article
ആദ്യമായി അഗ്നിക്കാവടി എടുത്തതിന്റെ വിശേഷങ്ങൾ പങ്കുവച്ച് വ്ലോഗറും അവതാരകനുമായ കാർത്തിക് സൂര്യ. കാവടിയുടെ വ്രതം കഠിനമാണെന്നും മലേഷ്യയിൽ മുരുകൻ കോവിലിൽ ചെന്നപ്പോഴാണ് വേല്‍ കുത്തി അഗ്‌നിക്കാവടി എടുക്കണമെന്ന ആഗ്രഹമുണ്ടായതെന്നും കാർത്തിക് പറയുന്നു. തെക്കൻ കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് അഗ്നിക്കാവടി എടുക്കുന്നത്. കാപ്പണിഞ്ഞ സ്വാമിമാരാണ് അഗ്നിയിലൂടെ കാവടി നടത്തുന്നത്.
‘‘അയ്യപ്പനു കറുപ്പാണെങ്കിൽ മുരുകനു കാവിയാണ്. ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു അഗ്നിക്കാവടി എടുക്കാൻ പോവുകയാണ്. പതിനാറു വയസ്സിലാണ് ഞാൻ ആദ്യമായി കാവടി എടുക്കുന്നത്. ഇപ്പോൾ ഈ കാവടി എടുക്കാൻ കാരണമുണ്ട്. മലേഷ്യയിൽ മുരുകൻ കോവിലിൽ പോയി. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാൻ. അവിടെ എത്തിയപ്പോൾ മനസ്സും കൂളായി. അന്നാണ് വേല്‍ കുത്തി അഗ്‌നിക്കാവടി എടുക്കണമെന്ന ആഗ്രഹമുണ്ടായത്. എന്തായാലും മനസ്സ് നിറഞ്ഞ് കാവടി എടുത്ത് ആഴിയിലിറങ്ങാം എന്ന് തീരുമാനിച്ചു.
കാവടിയുടെ വ്രതം കഠിനമാണ്. ദിവസവും രാവിലെ നിർമാല്യം കണ്ടു തൊഴുതിരിക്കണം. അഞ്ചുമണിക്ക് ദർശനം നടത്താൻ രാവിലെ നാലുമണിക്കെങ്കിലും എഴുന്നേറ്റു പോകണം. ഈ 21 ദിവസവും കാലിൽ ചെരുപ്പിടാൻ പാടില്ല. ദിവസവും രാത്രി ദീപാരാധന തൊഴണം. സസ്യഭക്ഷണം ആയിരിക്കണം. വ്രതം എടുക്കുന്ന സമയത്ത് ഞാൻ രണ്ടു ഇവന്റുകൾ വേണ്ടെന്നുവച്ചു. കാരണം ആൾക്കൂട്ടത്തിനിടയിൽ പോകാൻ പാടില്ല.
എന്തിനാണ് വേദന സഹിച്ച് ഇത് ചെയ്യുന്നതെന്ന് ചോദിച്ചാൽ, കാവടി എടുക്കുമ്പോൾ നമ്മൾ വേദന അറിയില്ല. അമ്പലത്തിൽ ചെന്ന് കണ്ണടച്ചുനിന്ന് തൊഴുമ്പോൾ ചെണ്ടമേളം കേൾക്കുന്നതിനിടയിൽ വേദന അറിയില്ല. ഞാൻ കണ്ണടച്ച് നിൽക്കുമ്പോൾ കവിളിൽ കിറു കിറു എന്ന ശബ്ദം കേട്ടു. കണ്ണ് തുറന്നപ്പോൾ ഞാൻ കാവടി കുത്തി നിൽക്കുകയാണ്. എന്റെ കാത് കുത്തിയപ്പോൾ പോലും ഞാൻ കരഞ്ഞു, പക്ഷേ നമ്മുടെ വ്രതം കൃത്യമാണെങ്കിൽ, ഭക്തി യഥാർഥമാണെങ്കിൽ വേദനിക്കില്ല. ദൈവാനുഗ്രഹം ഉള്ളവർക്കു മാത്രമേ കാവടി എടുക്കാൻ പറ്റൂ.
രണ്ടു പ്ലാവിൽ കാപ്പ് കെട്ടി അതിന്റെ അനുവാദം ചോദിച്ചിട്ട് അത് മുറിച്ച് കത്തിച്ച് കനൽ ഉണ്ടാക്കി ആ കനലിലാണ് നടക്കുന്നത്. പണ്ട് ഞാൻ കാവടി എടുത്തപ്പോൾ 21 ദിവസത്തെ വ്രതം ആണ് എടുത്തത്. അന്ന് ഞാൻ എത്ര ദീപാരാധന കണ്ടിട്ടും തൊഴുതിട്ടും അനുഗ്രഹം കിട്ടുന്നില്ല. അന്ന് ഞങ്ങളുടെ ഒരു സുഹൃത്ത് ഗിരി അണ്ണൻ എന്നെ ഒരുപാട് അമ്പലങ്ങളിൽ കൊണ്ടുനടന്ന് തൊഴുവിച്ച് അനുഗ്രഹം വാങ്ങിത്തരാൻ നോക്കിയിട്ടുണ്ട്. എന്നിട്ടും അനുഗ്രഹം കിട്ടിയിട്ടില്ല. അപ്പോഴാണ് അറിഞ്ഞത് ഞാൻ കുടുംബ ക്ഷേത്രത്തിൽനിന്ന് അനുവാദം വാങ്ങിയിട്ടില്ലെന്ന്.
അവിടെച്ചെന്ന് തൊഴുത് അനുവാദം വാങ്ങി. ഗിരിയണ്ണൻ ഇപ്പോൾ ജീവനോടെ ഇല്ല, അദ്ദേഹത്തിന്റെ ആത്മാവ് എവിടെയാണെങ്കിലും ശാന്തി ലഭിക്കട്ടെ. കാപ്പുകെട്ടുന്നതിന്റെ അന്നാണ് എനിക്ക് അനുഗ്രഹം കിട്ടിയത്. കാപ്പ് എന്നുപറഞ്ഞാൽ ഒരു ചെറിയ നൂലാണ്. കാവടി എടുക്കുന്നതിനു മുൻപു നമ്മുടെ കയ്യിൽ കെട്ടും. അത് കെട്ടിക്കഴിഞ്ഞാൽ വ്രതം കുറച്ചുകൂടി കടുക്കും. നമ്മൾ വളരെ ശ്രദ്ധിച്ചു മാത്രമേ പിന്നെ നടക്കാൻ പാടുള്ളൂ.’’– കാർത്തിക് സൂര്യ പറയുന്നു.