‘എടാ മോനെ, ഞങ്ങളും അവനും ഹാപ്പി’: മകന്റെ സർജറിയെക്കുറിച്ച് നടൻ അമൽ ദേവ്
Mail This Article
മകന്റെ സർജറി വിജയകരമായി പൂർത്തിയായ സന്തോഷം പങ്കുവച്ച് നടൻ അമൽ രാജ്ദേവ്. കഴിഞ്ഞ ദിവസമാണ് മൂത്ത മകന്‍ ആദിക്ക് നട്ടെല്ലിന് സര്‍ജറി ചെയ്യാന്‍ പോകുന്ന വിവരം നടന്‍ അമല്‍ രാജ്‌ദേവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സര്‍ജറി വിജയകരമായി പൂര്‍ത്തിയായെന്നും മകന്‍ സുഖം പ്രാപിച്ചു വരുന്നുവെന്നുമുള്ള സന്തോഷ വാര്‍ത്ത പങ്കുവച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍.
‘എടാ മോനെ’ എന്നു വിളിച്ചുകൊണ്ട് പങ്കുവച്ച പുതിയ പോസ്റ്റിലാണ് മകന്‍റെ സര്‍ജറി കഴിഞ്ഞ വിവരം അമല്‍ പറയുന്നത്. ‘‘ഞങ്ങളും അവനും ഹാപ്പിയാണ്. ഇന്നലെ നടന്ന ആദിയുടെ സര്‍ജറി (സ്‌കോളിയോസിസ്) വിജയകരമായി. ഇനി നാല് നാള്‍ ആശുപത്രി വാസം. പിന്നെ വീട്ടില്‍ രണ്ട് മാസം റെസ്റ്റ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്കും ആദിക്കുമൊപ്പം നിന്നവര്‍, പ്രാർഥനകളില്‍ ഒപ്പം കൂട്ടിയവര്‍, ഫോണ്‍ വിളിച്ചവര്‍, മെസേജ് സാന്ത്വനങ്ങള്‍, അവനായി പലയിടത്തായി വഴിപാട് നടത്തിയവര്‍, നേരിട്ടെത്തിയവര്‍, ബന്ധുക്കള്‍, സൗഹൃദങ്ങള്‍, അപരിചിതര്‍, ചക്കപ്പഴം ടീം, ആസ്റ്റര്‍ മെഡിക്കല്‍ ടീം, നാടക ബന്ധുക്കള്‍, ആദിയുടെ സ്‌കൂള്‍ ടീച്ചേര്‍ഴ്‌സ്, ഭാവലയ ടീം.
അങ്ങനെയങ്ങനെ അറിയുന്നതും അറിയാത്തവരുമായി നിങ്ങളോരുരുത്തരും നല്‍കിയ ധൈര്യവും സപ്പോര്‍ട്ടും കരുതലും സാന്ത്വനവും വളരെ വളരെ വിലപ്പെട്ടതാണ്. വാക്കുകള്‍ക്കതീതമാണ് ഈ സ്‌നേഹവും കരുതലും. എല്ലാരോടും എല്ലാരോടും ഒത്തിരി ഇഷ്ടം, ഒത്തിരി നന്ദി.’’– അമല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മകന്റെ അസുഖവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മറ്റൊരു കുറിപ്പ് സമൂഹ മാധ്യമത്തിലൂടെ അമൽ പങ്കുവച്ചിരുന്നു. ‘‘ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയായി..പരാതികളും പരിഭവങ്ങളുമില്ലാതെ മെല്ലെയങ്ങനേയങ്ങ് പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലൻ സ്കോളിയോസീസ്(നട്ടെല്ലിന് വളവ്)രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ പിടിച്ചത് മൂത്തോൻ ആദീനെ. സംഗതി മേജർ സർജറിയാ.. ഏഴെട്ട് മണിക്കൂർ വേണം, അമ്മാതിരി ചെലവുമുണ്ട്. ഒരു മാസം നല്ല ബെഡ് റസ്റ്റ് വേണം .
പക്ഷേ ആദി ഇന്നലേ റെഡിയാ. നോ ടെൻഷൻ. നോ പേടി. അവനിതെല്ലാം വെരി ഈസി, കൃത്യം കൃത്യം എല്ലാം മനസിലാക്കി വച്ചിട്ടുണ്ട്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പല വിഡിയോസും മറ്റും ഞങ്ങളേയും കാണിച്ച് ക്ലാസ്സെടുക്കാറുണ്ട്. അതാണ് ഈ ന്യൂജൻ ഗുണം! നാളെ ആസ്റ്റർ മെഡിസിറ്റിയിലാണ് സർജറി.നിങ്ങടെ കരുതലും പ്രാർത്ഥനയും ഒന്ന് ഡബിളാക്കി അവനങ്ങ് കൊടുത്തേക്കണേ.’’
ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടനാണ് അമല്‍ ദേവ്. നാടകങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അമല്‍ മാലിക്, ക്രിസ്റ്റർ, പെരുമാനി തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പഠിച്ചിറങ്ങിയ അമൽ രാജ് ദേവ്, സൂര്യ കൃഷ്ണമൂർത്തിയുടെ നിരവധി നാടകങ്ങളിൽ സാന്നിധ്യമറിയിച്ചു. നർത്തകിയായ ദിവ്യ ലക്ഷ്മിയാണ് അമലിന്റെ ഭാര്യ. ഇരുവരും ഒന്നിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രേമലേഖനത്തിന്റെ നാടകഭാഷ്യം ആയിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.