വേഗത്തിൽ ഭാരം കുറയ്ക്കാൻ വാട്ടർ ഫാസ്റ്റിങ്ങുമായി രഞ്ജിനി: അപകടമെന്ന് ആരാധകർ
Mail This Article
വേഗത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള വാട്ടർ ഫാസ്റ്റിങ് തെറാപ്പിയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. 21 ദിവസത്തെ വാട്ടർ ഫാസ്റ്റിങ് തെറാപ്പി താൻ ആരംഭിച്ചെന്നാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 21 ദിവസം വെള്ളം മാത്രം കുടിച്ചു കൊണ്ടുള്ള വാട്ടർ ഫാസ്റ്റിങ് തെറാപ്പി ചെയ്യാനുള്ള രഞ്ജിനിയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് നിരവധി പേർ എത്തി. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായി ചെയ്യുന്ന ഈ മാർഗം കൊണ്ട് ജീവന് തന്നെ ആപത്തായിക്കും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
‘ഇരുപത്തൊന്ന് ദിവസത്തെ വാട്ടർ ഫാസ്റ്റിംഗ് തെറാപ്പി ഞാൻ ആരംഭിച്ചു. എനിക്ക് ഭ്രാന്തായോ എന്ന് പലർക്കും തോന്നുന്നുണ്ടാകും. എന്നാൽ ഈ ഫാസ്റ്റിങ്ങിന് അതിശയകരമായ ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഇന്ന് 3-ാം ദിവസമാണ്, സത്യസന്ധമായി പറയുകയാണെങ്കിൽ ഇന്നാണ് ഇതൊരു വെല്ലുവിളിയായി എനിക്ക് തന്നെ തോന്നുന്നത്. എന്നാലും ഞാനിത് പൂർത്തിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഗുണഫലങ്ങൾ എന്താണെന്ന് എനിക്ക് മനസ്സിലാക്കണം. എനിക്ക് ഇതിലൂടെ കൂടുതൽ കരുത്ത് ലഭിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ ശരീരം ഇതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ആകും. അതിനായി ഞാൻ വിശപ്പോടെ കാത്തിരിക്കുന്നു’. രഞ്ജിനി ഹരിദാസ് കുറിച്ചു.
രഞ്ജിനിയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ടും വിമർശിച്ചു കൊണ്ടും നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രമേ കുടിക്കൂ എന്ന് പറഞ്ഞാൽ അത് അപകടകരമല്ലേ എന്നാണ് പലരും ചോദിക്കുന്നത്. ‘14 മുതൽ 17 ദിവസം വരെ എന്തായാലും അങ്ങനെ പോവും. എനിക്ക് എത്ര ദിവസം വെള്ളം മാത്രം കുടിച്ച് പോകാനാകും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങൾ. അതിന് ശേഷം പതിയെ ഭക്ഷണത്തിലേക്ക് തിരികെ വരികയാണ് ചെയ്യുക’ എന്നാണ് രഞ്ജിനി മറുപടി പറയുന്നത് പറയുന്നത്. താൻ വിദഗ്ദരുടെ കർശനമായ നിരീക്ഷണത്തിനു കീഴിലാണ് ഇത് ചെയ്യുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും രഞ്ജിനി കുറിച്ചു.