റീല്‍ ചെയ്തത് ജോലിയുടെ ഭാഗമായി, മനസാക്ഷി ഇല്ലാത്ത ആളല്ല ഞാൻ: ലിന്റു റോണി
Mail This Article
റീല്‍ വിഡിയോയ്ക്കു വന്ന വിമർശനങ്ങൾക്കു മറുപടിയുമായി നടി ലിന്റു റോണി. എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണെന്നും അങ്ങനെയൊരു ജോലിയുടെ ഭാഗമായി ചെയ്ത വിഡിയോയാണ് ആ റീലെന്നും നടി പറയുന്നു.മനസാക്ഷിയില്ലാത്ത ആളല്ല താനെന്നും വിമർശന കമന്റ് ചെയ്യുന്നവരോട് പുഛ്ഛം മാത്രമെന്നും നടി പ്രതികരിച്ചു.വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടിയുടെ റീൽ വിഡിയോയ്ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. നാട്ടില്‍ ഇത്രയും വലിയ ദുരന്തം നടക്കുമ്പോള്‍ റീല്‍ ഇട്ട് കളിക്കാന്‍ എങ്ങനെ തോന്നുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം.
‘‘നാട് ഈ അവസ്ഥയിൽ നിൽക്കുമ്പോഴാണോ നിങ്ങള്‍ ഇങ്ങനെ പോസ്റ്റ് ഇടുന്നതെന്നാണ് വിമർശനം. ഞാന്‍ ഇപ്പോള്‍ യുകെയില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഞാനിപ്പോള്‍ ഒരു റീല്‍ പോസ്റ്റ് ചെയ്താല്‍ ഫോട്ടോ പങ്കുവച്ചാൽ, ഞാന്‍ മാത്രമല്ല ആര് ചെയ്താലും, ആദ്യം കുറേ ആളുകള്‍ മെസേജ് അയയ്ക്കുന്നത് ‘നാണക്കേട് തോന്നുന്നു, നിങ്ങൾക്കൊരു മര്യാദ ഇല്ലേ’ എന്നാകും.
വളരെ കഷ്ടപ്പെട്ടാണ് ഇവിടെയുള്ള ആളുകള്‍ നമ്മളെ വര്‍ക്ക് പ്രമോട്ട് ചെയ്യാനായി ബന്ധപ്പെടുന്നതും നമുക്ക് പൈസ തരുന്നതും. ഞാന്‍ ഇന്‍ഫ്‌ളുവന്‍സറാണ്. ഓരോരുത്തവര്‍ക്കും അവരവരുടേതായ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. ഏറെ കഷ്ടപ്പെട്ടാണ് അവര്‍ ബിസിനസ് തുടരുന്നതും അത് പ്രമോട്ട് ചെയ്യാന്‍ ഞങ്ങളെ ബന്ധപ്പെടുന്നതും. ആ വിഡിയോയിൽ നിന്നും റീച്ച് കിട്ടിയിട്ടൊക്കെയാകും അവര്‍ക്കൊരു കച്ചവടം നടക്കുന്നത്.
വളരെയധികം വിഷമമുണ്ട്. വളരെയധികം വേദനയോടെയാണ് ഈ വിഡിയോ ഇടുന്നത്. നിങ്ങള്‍ ഈ റീൽസ് കണ്ട് ഇങ്ങനെ സ്‌ക്രോള്‍ ചെയ്ത് കമന്റിടുന്ന സമയം മതിയല്ലോ മുട്ടുകുത്തിയിരുന്ന് പ്രാർഥിക്കാന്‍. നിങ്ങളത് ചെയ്യുന്നുണ്ടോ? നിങ്ങള്‍ കള്ളുകുടിക്കാന്‍ ചെലവാക്കുന്ന പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ടോ? എനിക്കിപ്പോള്‍ ഇവിടെ നിന്നും പറന്ന് അങ്ങോട്ട് വരാന്‍ പറ്റില്ല. ഇവിടെ എനിക്കൊരു കുടുംബമുണ്ട്, നമ്മുടെ സാഹചര്യം വേറെയാണ്. നമ്മള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുക, പ്രാര്‍ഥിക്കുക, പറ്റുന്ന രീതിയിൽ സഹായിക്കുക.
2018ല്‍ വെള്ളപ്പൊക്കത്തില്‍പെട്ടു പോയ ആളാണ് ഞാന്‍. എല്ലാം നഷ്ടപ്പെട്ട് തിരികെ യുകെയിലേക്ക് വരാന്‍ പറ്റുമോ എന്നു പോലും അറിയില്ലായിരുന്നു. പത്തിരുപത്തിയൊന്ന് ദിവസം ഒരു പരിചയവുമില്ലാത്തൊരു വീട്ടില്‍ കുടുങ്ങിപ്പോയ ആളാണ് ഞാന്‍. ആ സാഹചര്യവും വേദനയും എനിക്ക് മനസിലാകും.
ഞാനൊരു അമ്മയാണ്. വളരെ കഷ്ടപ്പെട്ടാണ് എന്റെ ജോലി ചെയ്യുന്നത്. അതിനിടയിൽ കിട്ടുന്ന സമയത്താണ് അതൊന്ന് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാൻ പറ്റുന്നത്. ആ സമയത്ത് അവിടെ വന്ന് നിങ്ങളെപ്പോലുള്ള ആളുകൾ ഇങ്ങനെ മോശപ്പെട്ട കമന്റിടുന്നതിലൂടെ എന്താണ് കിട്ടുന്നത്?
കേരളത്തിന് പുറത്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവരാരും സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് പറയാറില്ലല്ലോ. നമ്മള്‍ ആ ദുഃഖത്തില്‍ പങ്കുചേരുന്നുണ്ട്. നമ്മളാല്‍ പറ്റുന്നത് ചെയ്തു കൊടുക്കുക. ഈ ഇന്‍സ്റ്റഗ്രാമില്‍ സ്‌ക്രോള്‍ ചെയ്ത്, കമന്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ കമന്റ് ചെയ്യില്ലായിരുന്നു. എല്ലാവരും ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മീഡിയയിൽ ഉള്ള ആളുകൾ മാത്രമല്ല ജോലി െചയ്യുന്നത്.
വയനാടിന് വേണ്ടി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞ് ലൈക്സ് കൂട്ടേണ്ട ആവശ്യം എനിക്കില്ല. പലതരം ജോലി ചെയ്യുന്ന ആളുകളുണ്ട്. അവരോടൊക്കെ ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവരോട് മാത്രമേ നിങ്ങൾക്കു പറയുവാനുള്ളൂ. എല്ലാവരും ജോലി ചെയ്യുന്നത് അവരുടെ കുടുംബം പോറ്റാനാണ്.
എന്റെ ജോലിയാണിത്. പറഞ്ഞ സമയത്ത് ആ റീൽ പോസ്റ്റ് ചെയ്യണം എന്നത് എന്റെ ചുമതലയാണ്. മനസാക്ഷിയില്ലാത്ത ആളല്ല ഞാന്‍. വയനാട്ടില്‍ സംഭവിച്ച ദുഃഖത്തിൽ എനിക്കും വിഷമമുണ്ട്. ആ അവസ്ഥ എനിക്കറിയാം. നിങ്ങളുടെ കമന്റുകള്‍ കാണുമ്പോള്‍ പുച്ഛമാണ് തോന്നുന്നത്. ഞാന്‍ പറഞ്ഞത് മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് എന്നെ ബ്ലോക്ക് ചെയ്യാം.’’–ലിന്റു റോണിയുടെ വാക്കുകൾ.