ADVERTISEMENT

എയർപോർട്ടിൽ സിഐഎസ്എഫ് ഓഫിസറോട് തട്ടിക്കയറിയതിനു പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി മഞ്ജു പത്രോസ്. തായ്‍ലൻഡ് യാത്രയ്ക്കിടെയാണ് ബാഗേജ് ചെക്കിങ്ങിനിടയിൽ ഓഫിസറുമായി വാക്കുതർക്കം ഉണ്ടായത്. ബ്ലാക്കീസ് എന്ന തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഈയടുത്ത് നടത്തിയ സർജറിയുടെ ബാക്കിപത്രമെന്ന നിലയിൽ പല ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും അതു മാനസികമായി തന്നെ ഉലച്ചുകളഞ്ഞെന്നും മഞ്ജു പത്രോസ് പറഞ്ഞു. 

മഞ്ജു പത്രോസിന്റെ വാക്കുകൾ: ‘‘ആ സിഐഎസ്എഫ് ഓഫിസർ എന്നെക്കുറിച്ച് എന്തു ചിന്തിച്ചിട്ടുണ്ടാകുമോ ആവോ?! തായ്‍ലൻഡിൽ നിന്നു ഞങ്ങൾ തിരിച്ചുവരികയായിരുന്നു. എയർപോർട്ടിൽ നിന്ന് ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. ലഗ്ഗേജ് അതിനോടകം കൊടുത്തുവിട്ടിരുന്നു. അതിനുശേഷമാണ് കുപ്പി വാങ്ങിയത്. അവർ അത് സിപ്‍ലോക്ക് ഉള്ള കവറിൽ അല്ല തന്നത്. അതു സീൽ ചെയ്തു തരാതിരുന്നത് അവരുടെ ഭാഗത്തു നിന്നു വന്ന വീഴ്ചയാണ്. ഞങ്ങൾ പൈസ മുടക്കി കുപ്പി വാങ്ങിച്ചത് ഷോൾഡർ ബാഗിൽ വച്ചു. കുപ്പി വാങ്ങിയത് പപ്പയ്ക്കാണ്. ഹാൻഡ് ലഗ്ഗേജ് സ്ര്കീൻ ചെയ്തപ്പോൾ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞു. ഞാനുടനെ ഉച്ചത്തിൽ പ്രതികരിച്ചു. എന്തുകൊണ്ട് പറ്റില്ലെന്ന് എന്റെ പൊട്ട ഇംഗ്ലിഷിലും ഹിന്ദിയിലും ചോദിക്കാൻ തുടങ്ങി. ഇനി എന്തുചെയ്യും എന്ന തരത്തിൽ ഞാനൽപം ഓവറായി ടെൻഷടിക്കാൻ തുടങ്ങി. എന്റെ കൂടെയുള്ളവർ എന്നോടു സമാധാനപ്പെടാനൊക്കെ പറയുന്നുണ്ട്. ‘നീ ഒന്നടങ്ങ്... എന്തിനാണ് ഈ ബഹളം’ എന്നൊക്കെ എന്നോടു പറയുന്നുണ്ട്. ആ ഓഫിസർ വളരെ കൂൾ ആയിരുന്നു. എന്നോടു പറ്റില്ലെന്നു തന്നെ തീർത്തു പറഞ്ഞു. അദ്ദേഹം കൂളായി പറയുമ്പോൾ എനിക്കു പിന്നെയും ദേഷ്യം വരും. ഒടുവിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങൾ വിമാനത്തിൽ കയറിയതിനു ശേഷം സിമി എന്നോടു ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്’.’’

ആ സംഭവത്തിനു ശേഷമാണ് ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത സർജറിക്കു പിന്നാലെ തനിക്കു നേരിടേണ്ടി വന്ന മാനസികപ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയതും വൈദ്യസഹായം തേടിയതുമെന്ന് മഞ്ജു പറഞ്ഞു. ‘‘ഹോർമോൺ ചികിത്സ തുടങ്ങിയതിനു ശേഷം ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ട്. ചൂടും വിയർപ്പും ഇപ്പോഴുമുണ്ട്. എന്നാൽ അന്നുണ്ടായ പോലെ ഇപ്പോഴില്ല. അന്ന് എന്റെ തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു. സർജറി കഴിയുന്നതോടെ എല്ലാം ഓകെ ആകുന്നില്ല. തുടർചികിത്സ ആവശ്യമാണ്. സർജറിക്കു ശേഷം എനിക്കെന്തോ വലിയ സങ്കടം ഉള്ള പോലെയായിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവും ജീവിതത്തിൽ ഇല്ലെങ്കിലും എനിക്കു വെറുതെ കരച്ചിൽ വരുമായിരുന്നു. ചെറിയ കാര്യം മതി കരച്ചിൽ വരാൻ! അതെല്ലാം ഇപ്പോൾ മാറി.’’

മഴവിൽ മനോരമയിലെ ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മഞ്ജു പത്രോസ് പിന്നീട് മറിമായം എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ധാരാളം ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകപ്രീതി നേടിയ താരം സിനിമകളിലും ശ്രദ്ധ നേടി. ബിഗി ബോസ് റിയാലിറ്റി ഷോയിലും മഞ്ജു പങ്കെടുത്തിരുന്നു. ഗർഭപാത്രത്തിലെ ഫൈബ്രോയ്ഡും സിസ്റ്റുകളും സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുൻപ് മഞ്ജു തന്നെ ആരാധകരോടു തുറന്നു പറഞ്ഞിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനായി നടത്തിയ സർജറിക്കുവേണ്ടി അഭിനയരംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. അതിനുശേഷം വീണ്ടും സജീവമായി കരിയറിൽ ശ്രദ്ധ ചെലുത്തുന്നതിന് ഇടയിലാണ് ഹോർമോൺ വ്യതിയാനം കൊണ്ടുണ്ടായ മാനസികാരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞത്. 

English Summary:

Manju Pillai said that she had to go through many hormonal changes as an aftermath of the recent surgery and that it had shaken her mentally.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com