ദിലീപിന്റെ അവസാന രംഗം അഗാധമായ ഏകാന്തതയിൽ; പി എഫ് മാത്യൂസ്
Mail This Article
അകാലത്തിൽ അന്തരിച്ച സിനിമാ സീരിയൽ നടൻ ദിലീപ് ശങ്കറിനെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ്. വലിയ തിരശ്ശീലയിൽ മുഖം നിറഞ്ഞു നിൽക്കണമെന്ന് ആഗ്രഹിച്ച നടനായിരുന്നു ദിലീപ്. എന്നാൽ, അഭിനയജീവിതം മിനി സ്ക്രീനിലേക്ക് ചുരുങ്ങി. അസഹനീയമായ അന്ത്യനിമിഷങ്ങൾ അഗാധമായ ഏകാന്തതയിൽ ആയിപ്പോയെന്നും പി.എഫ് മാത്യൂസ് കുറിച്ചു.
പി.എഫ് മാത്യൂസിന്റെ വാക്കുകൾ: ''എന്നെക്കാളും ഏറെ ഇളയതായിരുന്നു അയാൾ. പലപ്പോഴും അനിയനേപ്പോലെ കൂടെയുണ്ടായിട്ടുണ്ട്. അഭിനയം കൂടാതെ വേറേയും കുറേ സിദ്ധികളുണ്ടായിരുന്നതിനാൽ കലാശാല പ്രതിഭയുമായിരുന്നു. തിരശീലയിലെ നടനായാൽ മാത്രം മതി എന്നാണ് ആഗ്രഹിച്ചത്. 1995ൽ ദൂരദർശനിലെ റോസസ് ഇൻ ഡിസംബർ എന്ന പരമ്പരയിലൂടെ അഭിനയം തുടങ്ങാൻ ഞാനൊരു കാരണമായി. അതിലെ ലെനി എന്ന കഥാപാത്രം പുതിയൊരു വഴി തുറന്നു കൊടുക്കും എന്ന് തന്നെ കരുതി. അദ്ഭുതമൊന്നുമുണ്ടായില്ല. തുടർന്ന് തനിയെ കുറേ ദൂരം സഞ്ചരിച്ചു. എല്ലാ നടൻമാരെയും പോലെ വലിയ തിരശ്ശീലയിൽ തന്റെ മുഖം കാണണമെന്ന് ആഗ്രഹിച്ചെങ്കിലും വിജയിച്ചില്ല. മിനിസ്ക്രീനിലേക്ക് ചുരുങ്ങി. കാലം മാറിയപ്പോൾ മിനിസ്ക്രീനിൽ ഒരു സാധ്യതയുമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു. അവസാന രംഗം അഗാധമായ ഏകാന്തതയിൽ ആയിരുന്നു. അസഹനീയമായ ആ നിമിഷങ്ങൾ തനിയെ കഴിച്ചുകൂട്ടി. സഹജീവികൾ അറിഞ്ഞപ്പോൾ രണ്ടു ദിവസം കഴിഞ്ഞിരുന്നു. വലിയ തിരശ്ശീലയിൽ മുഖം നിറഞ്ഞു നിൽക്കണമെന്ന് ആഗ്രഹിച്ചയാൾ മുഖം തരാതെ മടങ്ങി. ഇതൊരു കണ്ണോക്ക് ആണോ എന്നറിയില്ല. പക്ഷെ ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ സമാധാനമുണ്ടാകില്ല. സഹോദരാ വിട!''
പി.എഫ് മാത്യൂസിന്റെ തിരക്കഥയിലൊരുങ്ങിയ റോസസ് ഇൻ ഡിസംബറിലൂടെയാണ് ദിലീപ് ശങ്കർ അഭിനയരംഗത്തെത്തുന്നത്. സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ദിലീപ് ജനപ്രീതി നേടിയത്.
സീരിയൽ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായാറാഴ്ചയാണ് ദിലീപിന്റെ ശരീരം അഴുകിയ നിലയിൽ ഹോട്ടൽ മുറിയിൽ നിന്നു കണ്ടെടുത്തത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സീരിയൽ സെറ്റിൽ നിന്നും പലരും വിളിച്ചെങ്കിലും ദിലീപ് ഫോണെടുക്കുന്നുണ്ടായിരുന്നില്ല. അണിയറപ്രവർത്തകർ നേരിട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾരോഗത്തിന് ചികിത്സയിലായിരുന്നു താരമെന്ന് അടുത്ത സുഹൃത്തുക്കൾ വെളിപ്പെടുത്തി.