ADVERTISEMENT

സംവിധായകൻ ജിസ് ജോയ്‍യുടെ കരിയറിൽ വഴിത്തിരിവായ എല്ലാ സിനിമകളിലും സംഗീതം നൽകിയിരിക്കുന്നത് ദീപക് ദേവ് ആണ്. ആദ്യ ചിത്രമായ ബൈസിക്കിൾ തീവ്സിൽ തുടങ്ങിയ ആ കൂട്ടുകെട്ട് ജിസിന്റെ ആദ്യ ഹിറ്റായ സൺഡേ ഹോളിഡേയിലും തുടർന്നു. ഫീൽ ഗുഡ് ട്രാക്ക് മാറ്റി, തലവൻ എന്ന ത്രില്ലർ സിനിമയിലൂടെ ജിസ് പുതിയ സിനിമാക്കാഴ്ചകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചപ്പോൾ, സംഗീതം ഏൽപ്പിച്ചത് ദീപക് ദേവിനെ തന്നെയായിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ജിസും ദീപക് ദേവും ഒരുമിച്ചപ്പോൾ പ്രേക്ഷകർക്കു ലഭിച്ചത്, അതുവരെ അനുഭവിക്കാത്ത ത്രില്ലർ സിനിമയുടെ അനുഭവപരിസരങ്ങളായിരുന്നു. തലവൻ സ്വന്തമാക്കിയ വിജയത്തിൽ തീർച്ചയായും വലിയൊരു പങ്ക് സംഗീതസംവിധായകൻ ദീപക് ദേവിന് അവകാശപ്പെട്ടതാണ്. തലവൻ എന്ന സിനിമയെക്കുറിച്ചും സൂപ്പർ സിലക്ടീവ് ആകുന്ന സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും മനസു തുറന്ന് ദീപക് ദേവ് മനോരമ ഓൺലൈനിൽ. 

സിലക്ടീവ് ആകുന്നത് മനഃപൂർവം

തലവൻ ഒരു വ്യത്യസ്തമായ പ്രൊജക്ടാണ്. പശ്ചാത്തലസംഗീതത്തിലും വേറിട്ട ഒരു സമീപനമാണ് സ്വീകരിച്ചത്. അതു പലരും ശ്രദ്ധിച്ചു. അങ്ങനെ പലരും പറഞ്ഞതിനു പിന്നിൽ ഒരു കാരണമുണ്ട്. എല്ലാ പടത്തിലും അടുപ്പിച്ച് ഒരേ ടൈപ്പ് വന്നു കഴിഞ്ഞാൽ, അതിന്റെ പുതുമ നഷ്ടപ്പെടും. പിന്നെ എല്ലാ ത്രില്ലറുകളുടെയും സ്കോർ ഒരുപോലെ ഇരിക്കുന്നല്ലോ എന്നു തോന്നും. അതിനിടയിൽ, വല്ലപ്പോഴും സ്കോർ ചെയ്യുന്ന ഞാൻ ഒരു സിനിമയുമായി വരുമ്പോൾ അത് വേറിട്ടതായി തോന്നാനുള്ള സാധ്യത കൂടുതലാണ്. ഞാൻ ഒരുപാട് സിനിമകൾ ചെയ്യാതിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.   

രണ്ടു തരത്തിലുള്ള സംതൃപ്തിയുണ്ട്. ആഗ്രഹിക്കുന്ന തരത്തിലുള്ള വർക്ക് ചെയ്യാൻ കഴിയുന്ന സിനിമയാണെങ്കിൽ ബജറ്റ് നോക്കാതെ ചെയ്യും. അല്ലെങ്കിൽ ബിഗ് ബജറ്റ് പ്രൊജക്ട് ആകണം. ഇതു രണ്ടും ഒരുമിക്കുന്ന വർക്കാണെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല. ചിലപ്പോൾ കഥ നല്ലതായിരിക്കും. ബജറ്റ് ഉണ്ടാകില്ല. അങ്ങനെയുള്ള പ്രൊജക്ടുകൾ ബജറ്റ് നോക്കാതെ ചെയ്യും. ശ്രദ്ധിക്കപ്പെടാത്ത കുറേ സിനിമകൾ വെറുതെ ചെയ്തിട്ട് കാര്യമില്ല. കാരണം, അതിനു വേണ്ടിയെടുക്കുന്ന പരിശ്രമങ്ങൾ അറിയപ്പെടാതെ പോകുമ്പോൾ വിഷമമാണ്. പൈസ മാത്രമല്ലല്ലോ എല്ലാം. അതുകൊണ്ടാണ് സിലക്റ്റീവ് ആകുന്നത്.  

ജിസ് മിനുക്കിയെടുത്ത തലവൻ

ആറു പ്രാവശ്യമാണ് എനിക്ക് ഈ പടം ഫ്രഷ് ആയി വന്നത്. ആദ്യം കിട്ടിയ വേർഷൻ മൊത്തം തീർത്ത് മിക്സിന് കൊടുത്തു വിട്ടതിനു ശേഷമാണ് രണ്ടാമത്തെ തലവൻ വരുന്നത്. അപ്പോൾ ആദ്യം കൊടുത്തതിനെപ്പറ്റി ചോദിച്ചപ്പോൾ ജിസ് പറഞ്ഞു, "അതവിടെ ഇരിക്കട്ടെ ഇതൊന്നു കണ്ടു നോക്കൂ," എന്ന്. കണ്ടപ്പോൾ ആദ്യത്തേതിനേക്കാൾ മികച്ചതാണ് രണ്ടാമത്തതെന്നു തോന്നി. അങ്ങനെ ആറു തവണ ചെയ്തിട്ടുണ്ട്. ജിസ് മിനുക്കി മിനുക്കിയെടുത്ത വേർഷനാണ് ഇപ്പോൾ പ്രേക്ഷകർക്കു മുൻപിലുള്ളത്. ഒരു മിസ്റ്ററി ത്രില്ലറും കൂടി ആയതുകൊണ്ട് പഴുതുകൾ ഇല്ലാത്ത എഡിറ്റിങ് വേണമല്ലോ. ആരെങ്കിലും ഒരു സംശയം ചോദിച്ചു കഴിഞ്ഞാൽ, ജിസ്മോൻ അപ്പോൾ കത്രികയുമായി ഇരിക്കും. അതായിരുന്നു പതിവ്. 

thalavan-poster

ജിസ് റഫറൻസ് തന്നില്ല

എന്നെ ആശയക്കുഴപ്പത്തിലാക്കുന്ന യാതൊരു ഇടപെടലുകളും ജിസിന്റെ കയ്യിൽ നിന്നും ഉണ്ടാവില്ല എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഞങ്ങൾ പരസ്പരം 'അളിയാ' എന്നാണ് വിളിക്കുന്നത്. ജിസ് പറഞ്ഞത്, 'പടം കണ്ടു കഴിഞ്ഞാൽ അളിയനു മനസ്സിലാവും എവിടെ എന്തിടണമെന്നും എന്തിടരുെതന്നും. ഏതെങ്കിലും ഒരു സ്ഥലത്ത് ഞാൻ ഉദ്ദേശിച്ചതല്ല എന്നു തോന്നുകയാണെങ്കിൽ മാത്രം ഞാൻ പറയാം'. വർക്ക് ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം ഇതിലൂടെ കിട്ടുമെന്ന ഗുണമുണ്ട്. അതിനൊപ്പം, എന്നിലുള്ള പൂർണ വിശ്വാസം കൊണ്ടാണ് ജിസ് കണ്ണും പൂട്ടി ഈ സിനിമ എന്നെ ഏൽപ്പിക്കുന്നത്. സാധാരണ സംവിധായകർ റഫറൻസ് മ്യൂസിക് ഇട്ട് സംഗീതസംവിധായകർക്കു കൊടുക്കുന്ന ട്രെൻഡ് ഉണ്ട്. ആ റഫറൻസ് ഫോളോ ചെയ്തു വേണം സിനിമയ്ക്ക് സംഗീതം ഒരുക്കാൻ. കാരണം, അതു വച്ചാണ് എഡിറ്റ് ചെയ്തിരിക്കുക. ജിസ് റഫറൻസ് മ്യൂസിക് ഇട്ടിട്ടാകും എഡിറ്റ് ചെയ്യിപ്പിച്ചിരിക്കുക. പക്ഷേ, അതൊന്നും എന്റെ അടുത്തേക്ക് വന്നിട്ടില്ല. അവസാനം ജിസ് കൊടുത്ത റഫറൻസ് മ്യൂസിക് ഒന്നു കേൾക്കണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, "അത് ഇനി കേൾക്കണ്ട. കാരണം, അതിൽ നിന്നൊക്കെ എത്രയോ വ്യത്യാസമായാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇനി അതു േകട്ടിട്ട് അതിലേക്കൊന്നും പോകണ്ട," എന്ന്.   

നല്ല സിനിമയ്ക്കായുള്ള വഴക്കുകൾ

ഇടയ്ക്ക് ചില വഴക്കുകളൊക്കെ ഞങ്ങൾക്കിടയിൽ ഉണ്ടാവാറുണ്ട്. ഞങ്ങൾ ഇനി ഒരുമിച്ചു വർക്ക് ചെയ്യില്ലെന്നു വിചാരിച്ചു ഇരിക്കുമ്പോഴാകും ജിസ് പുതിയ സിനിമയുമായി വരിക. തലവൻ വന്നപ്പോൾ എല്ലാം മറന്ന് അദ്ദേഹം എന്നെ സമീപിച്ചു. വഴക്കൊന്നും ശാശ്വതമല്ല. സിനിമ നന്നാവാൻ വേണ്ടി ചിലപ്പോൾ തമ്മിൽ ചില പിടിവിലികൾ ഒക്കെയുണ്ടാകും. തലവന്റെ തീം സോങ് ചെയ്തപ്പോൾ ചെറിയൊരു വഴക്കുണ്ടായിരുന്നു. ആദ്യം ചെയ്തപ്പോൾ ഞാൻ പലയിടത്തും തീം സോങ് ഇട്ടിരുന്നു. പക്ഷേ, പിന്നീട് അതു വേണ്ടെന്നു വച്ചു. അതു വേണ്ടെന്നു വയ്ക്കുമ്പോൾ മ്യൂസിക് ഉണ്ടാക്കിയ വ്യക്തി എന്ന നിലയ്ക്ക് എനിക്ക് ഒരു വിഷമം ഉണ്ടാകുമല്ലോ. ആ ഒരു വിഷമം പറഞ്ഞപ്പോൾ എൻഡ് ടൈറ്റിൽസിൽ ഇടാം എന്നു ജിസ് പറഞ്ഞു. എൻഡ് ൈടറ്റിൽസിനു വേണ്ടിയാണോ ഇങ്ങനത്തെ ഒരു പാട്ട് ഉണ്ടാക്കിയതെന്ന് ഞാൻ ചോദിച്ചു. അതായിരുന്നു തർക്കം. പക്ഷേ, പടം കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നി ജിസ് പറഞ്ഞതു തന്നെയായിരുന്നു ശരി എന്ന്.  

പ്രേക്ഷകർക്കൊപ്പം തലവൻ കണ്ടപ്പോൾ

സിനിമ തിയറ്ററിൽ കണ്ടത് വേറെ ഒരു അനുഭവമായിരുന്നു. മ്യൂസിക് ചെയ്തപ്പോൾ മാസ് ആയി തോന്നിയ സീൻ അല്ല പ്രേക്ഷകർക്ക് മാസ് ആയി തോന്നിയത്. ഒട്ടും പ്രതീക്ഷിക്കാത്ത ഡയലോഗുകൾക്കാണ് ചിരി വീഴുന്നത്. ഉദാഹരണത്തിന് ഈ പടത്തിൽ ഹ്യൂമർ ഒട്ടുമില്ല. ആകെയുള്ളത് ജാഫർ ഇടുക്കി പൊലീസ് സ്റ്റേഷനിൽ വന്ന് സംസാരിക്കുന്നതാണ്. അവിടെ ഹ്യൂമർ ആണെന്നു തോന്നിക്കുന്ന യാതൊരു മ്യൂസിക് വേണ്ട എന്ന് തീരുമാനിച്ചിരുന്നു. സാധാരണ ഒരു പൊലീസ് സ്റ്റേഷന്റെ ആംപിയൻസിൽ ബ്ലാങ്കായിട്ടാണ് അത് ചെയ്തത്. വയർലെസിന്റെ സൗണ്ട് മാത്രമേ ഉള്ളൂ. തിയറ്ററിന്റെ നിശബ്ദതയിൽ ജാഫർ ഇടുക്കിയുടെ ഡയലോഗിന് ആളുകൾ കുടുകുടെ ചിരിക്കുന്ന ശബ്ദം കേട്ടപ്പോൾ തോന്നിയ സന്തോഷം വേറെ ലെവൽ ആയിരുന്നു. 

പോസ്റ്റർ
പോസ്റ്റർ

ചില ഡയലോഗുകൾ പഞ്ച് ഡയലോഗായിട്ടല്ല സിനിമയിൽ പ്ലേസ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു സീനിൽ ആസിഫ് അലി കോട്ടയം നസീറിന്റെ അടുത്ത് 'എടുത്തിട്ട് പിഴിയും, വണ്ടിയിൽ കേറെടാ' എന്നു പറയുന്നുണ്ട്. തിയറ്ററിൽ ഈ സീനിന് വലിയ പവർ ആയിരുന്നു. പ്രേക്ഷകർ കയ്യടിച്ചു. അതുപോലെ തിരിച്ചും ഉണ്ടായിട്ടുണ്ട്. നമുക്ക് ഭയങ്കര രോമാഞ്ചം കൊള്ളുന്ന ചില സീനുകൾ, തിയറ്ററിൽ സാധാരണ സീൻ പോലെയാണ് തോന്നിയത്. ഒരു സ്റ്റുഡിയോ റൂമിലിരുന്നോ മിക്സിങ് തിയറ്ററിലിരുന്നോ കാണുന്ന ഒരു ഇംപാക്ട് അല്ല, ശരിക്കും ഒരു ക്രൗഡിന്റെ കൂടെ ഇരുന്ന് സിനിമ കാണുമ്പോൾ.

ജിസിന് ഒപ്പം നാഴികക്കല്ലായ സിനിമകൾ

ജിസിന്റെ കരിയറിൽ വഴിത്തിരിവായ എല്ലാ സിനിമകളിലും ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ജിസിന്റെ ആദ്യ സിനിമ 'ബൈസിക്കിൾ തീവ്സ്' ഒരു ത്രില്ലർ സിനിമ ആയിരുന്നു. ഇന്നായിരുന്നു ആ ചിത്രം ഇറങ്ങിയതെങ്കിൽ, പ്രേക്ഷകർ ആഘോഷിക്കുമായിരുന്നു. കാലത്തിനു മുൻപെ ജിസ് ഒരുക്കിയ ചിത്രമായിരുന്നു അത്. അതുകൊണ്ടാണ് അർഹിച്ച അംഗീകാരം ആ ചിത്രത്തിനു ലഭിക്കാതെ പോയത്. തലവനെക്കാളും ത്രില്ലിങ് ആണ് ബൈസിക്കിൾ തീവ്സ്. ട്വിസ്റ്റോടു ട്വിസ്റ്റാണ് അതിൽ. അതിനു ശേഷം, ജിസിന് വലിയ ബ്രേക്ക് നൽകിയ സൺഡേ ഹോളിഡേയിലും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു. ഇപ്പോൾ തലവനിലും. 

എമ്പുരാൻ 'എൽ 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ (മോഹൻലാലും, പൃഥ്വിരാജും സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്)
എമ്പുരാൻ 'എൽ 2' ഫസ്റ്റ് ലുക്ക് പോസ്റ്റർ (മോഹൻലാലും, പൃഥ്വിരാജും സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്)

എംപുരാൻ ഒരു വിഷ്വൽ ട്രീറ്റ്

എംപുരാനാണ് ഇനി വരാനിരിക്കുന്ന വലിയ പ്രൊജക്ട്. എത്ര പാട്ടുകൾ, എങ്ങനെ, അതെല്ലാം തീരുമാനിക്കുന്നതേയുള്ളൂ. ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിക്കു തോന്നും അവിടെ സ്കോർ അല്ല, പാട്ടായിരിക്കും യോജിക്കുക എന്ന്. അപ്പോൾ പാട്ടിന്റെ എണ്ണം കൂടും.  പൃഥ്വി എനിക്കു അയച്ചു തരുന്ന വിഷ്വലുകൾ കാണുമ്പോൾ ശരിക്കും അമ്പരന്നു പോയിട്ടുണ്ട്. സാധാരണ, പോസ്റ്റ് പ്രൊഡക്ഷൻ കഴിയുമ്പോഴാണ് ഇത്രയും ഫിനിഷിങ് കാണാറുള്ളത്. ഷൂട്ടു കഴിഞ്ഞ് സ്പോട്ട് എഡിറ്റ് ചെയ്ത് അയച്ചു തരുന്ന വിഷ്വലുകൾ പോലും 'റെ‍ഡി ഫോർ റിലീസ്' ക്വാളിറ്റിയുണ്ട്. അത്രയും പെർഫെക്ഷനോടെയാണ് ഷൂട്ട് ചെയ്യുന്നത്. വിഎഫ്എക്‌സിൽ ചെയ്യും എന്നു വിചാരിച്ച പല കാര്യങ്ങളും അവർ ഒറിജിനൽ ആയി തന്നെ ഷൂട്ട് ചെയ്തു. കുറെ വണ്ടികളൊക്കെ തല്ലിപ്പൊളിക്കുന്നത് കണ്ടപ്പോൾ ഞാൻ പൃഥ്വിയോടു ചോദിച്ചു, 'ഇതൊക്കെ ഒറ്റയടിക്ക് കറക്റ്റ് ഷോട്ട് കിട്ടിയില്ലെങ്കിൽ പിന്നെയും വണ്ടി വാങ്ങണ്ടേ' എന്ന്! അത്രയും റിഹേഴ്സൽ ചെയ്ത് അവസാനം ഉറപ്പായാലേ പൊളിക്കുന്ന ഷോട്ട് എടുക്കൂ എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അങ്ങനെ സാഹസികവും വെല്ലുവിളി ഉയർത്തുന്നതുമായ കുറെ ഫുട്ടേജുകൾ ഞാൻ കണ്ടു. 

അടുത്തത് ഇടിയൻ ചന്തു

എംപുരാനു മുൻപ് 'ഇടിയൻ ചന്തു' എന്ന സിനിമയാകും റിലീസ് ആകുക. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സിനിമയാണ്. പീറ്റർ ഹെയ്ൻ ആണ് ഫൈറ്റ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. വിഷ്ണുവിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫൈറ്റും കഥയുമാണ് 'ഇടിയൻ ചന്തു' എന്ന സിനിമയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതു തന്നെയാണ് എന്നെ ആ സിനിമയിലേക്ക് ആകർഷിച്ച ഘടകവും. 

English Summary:

Music director Deepak Dev speaks about his long-standing partnership with director Jis Joy and their latest movie, Thalavan. He also shares glimpses of Empuran, directed by Prithviraj.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com