എല്ലാവരെയും ‘പാട്ടുകാരാക്കുന്ന’ ജാലവിദ്യ, കഥകൾ ഏറെയുള്ള കരോക്കെ! അറിയുമോ പിന്നണിയിലെ ആ ജപ്പാൻകാരനെ?
Mail This Article
കരോക്കെ ഉപകരണം ആദ്യമായി ലോകത്തിനു പരിചയപ്പെടുത്തിയ ജാപ്പനീസ് എൻജിനീയർ ഷിഗെയ്ച്ചി നെഗിഷി ഈ വർഷം ജനുവരിയിലാണ് ലോകത്തോടു വിടപറഞ്ഞത്. വാർധക്യ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണത്തോടെ കരോക്കെ എന്ന ലോകത്തിലെ ഏറ്റവും ജനകീയമായ പാട്ട് വിദ്യയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. എന്താണ് കരോക്കെ ഉപകരണം, കരോക്കെ സംഗീതത്തിന്റെ പിറവി, സമൂഹത്തിലെ സ്വാധീനം എന്നിങ്ങനെ പലവിധ കാര്യങ്ങൾ ഷിഗെയ്ച്ചി നെഗിഷി എന്ന പേരിനൊപ്പം ചേർത്തുവായിക്കേണ്ടിയിരിക്കുന്നു.
ലോകമെമ്പാടും നാടും നഗരവും പാട്ട് കൊണ്ടു നിറയ്ക്കുന്ന കരോക്കെ യന്ത്രത്തിന് 1956 മുതലുള്ള ചരിത്രം പറയാനുണ്ട്. 1956 ലാണ് ഗായകനും സംഗീതാസ്വാദകനുമായ ഷിഗെയ്ച്ചി, ഇലക്ട്രോണിക്‌സ് ഉപകരണ കമ്പനി സ്ഥാപിച്ചത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റീരിയോ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഉണങ്ങാത്ത മുറിവുകളും പേറി ജയിൽ വാസവും അനുഭവിച്ച് രണ്ടാം ജീവിതത്തിലെ തുടക്കമെന്ന നിലയിലാണ് അദ്ദേഹം പുതിയ സംരംഭത്തിനു തിരിതെളിച്ചത്.
സംഗീതാസ്വാദകനായ ഷിഗെയ്ച്ചി ഒഴിവുവേളകളിൽ പാട്ടുകൾ പാടിയാണ് സന്തോഷം കണ്ടെത്തിയിരുന്നത്. ഒരിക്കൽ കമ്പനിയിലിരിക്കെ പാട്ടുകൾ പാടിയപ്പോൾ പാട്ടിനു പശ്ചാത്തലസംഗീതം തനിയെ രൂപമെടുത്താൽ കൂടുതൽ നന്നായി പാടാം എന്നു ചിന്തിച്ചു. ആ ചിന്തയുടെ ഭാഗമായി നടത്തിയ പരീക്ഷണത്തിന്റെ ഫലമായി അദ്ദേഹം കരോക്കെ ഉപകരണം നിർമിച്ചെടുത്തു.
തന്റെ കമ്പനിയിലെ കാറുകൾക്കു സ്റ്റീരിയോ നിർമിക്കുന്ന എൻജിനീയറോട് കാര്‍ സ്റ്റീരിയോ ഉപകരണത്തില്‍ ഒരു മൈക്ക് ഇന്‍പുട്ട് ടെര്‍മിനല്‍ സ്ഥാപിക്കാൻ ഷിഗെയ്ച്ചി ആവശ്യപ്പെട്ടു. അത് വിജയകരമായി പൂർത്തിയാക്കിയ ശേഷം ജാപ്പനീസ് ഗായകനായ യോഷിയോ കോഡാമയുടെ 'മുജോ നോ യൂമെ' എന്ന ഇൻസ്‌ട്രുമെന്റൽ ഗാനത്തിന്റെ ടേപ്പ് വച്ച് അതിനൊപ്പം പാടി. അങ്ങനെ ലോകത്തിലെ ആദ്യത്തെ കരോക്കെ ഗാനം ആ ഉപകരണം കണ്ടുപിടിച്ച ആളുടെ ശബ്ദത്തിൽ തന്നെ പുറത്തു വന്നു.
തന്റെ വിശ്രമവേളകളിൽ സന്തോഷം പകരാനും ചുറ്റുമുള്ള പാട്ടുകാർക്കിടയിലേക്കു വ്യാപിപ്പിക്കാനും നടത്തിയ ഈ കണ്ടുപിടുത്തം ലോകം ഇത്ര കണ്ട് ഏറ്റെടുക്കുമെന്ന് ഷിഗെയ്ച്ചി നഗേഷി വിചാരിച്ചതേയില്ല. പാട്ടിനെ ഇത്രയും ജനകീയമാക്കാനും ചെലവ് കുറയ്ക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമൊക്കെ കരോക്കെ ഉപകരണം കാരണമായി. ആദ്യം മുതൽ പല നിലയ്ക്കും കരോക്കെ ഉപകരണങ്ങളുടെ രൂപ ഭാവങ്ങൾ മാറി. ഇപ്പോൾ വരികൾ കാണുന്ന ബ്ലൂടൂത്ത് ചിപ്പ് ഉള്ള കരോക്കെയും കരോക്കെ സംഗീതത്തിനായി നിരവധി മൊബൈൽഫോൺ അപ്ലിക്കേഷനും ഒക്കെ സജീവമായി. ജപ്പാനില്‍ ഇപ്പോഴും കരോക്കെ വലിയൊരു വിപണിയാണ്. ഇന്ന് ജപ്പാനില്‍ 8000 ല്‍ അധികം കരോക്കെ ബോക്‌സ് വേദികളുണ്ട്
കരോക്കെ ലോകത്തെല്ലായിടത്തുമെന്നതുപോലെ കേരളത്തിലും വലിയ സ്വാധീനം ചെലുത്തി. പ്രത്യേകിച്ച് ഉത്സവകാലത്താണ് കരോക്കെ മേളം കേരളത്തിൽ കൂടുതലായി മുഴങ്ങിക്കേൾക്കുന്നത്. പള്ളിപ്പെരുന്നാളുകളും പൂരങ്ങളും ഉൾപ്പെടെ നിരവധി വേദികൾ കരോക്കെയുടെ ഓളങ്ങളിൽ മുങ്ങിക്കുളിക്കുന്നു. നാട്ടിലെ ചെറിയ ഗാനമേള സംഘങ്ങൾ മുതൽ രാജ്യാന്തര ബാൻഡുകൾ വരെ പാട്ടുമായി യാത്ര ചെയ്യുന്നത് കരോക്കെയുടെ സഹായത്തോടെയാണ്.
വിനോദയാത്രകള്‍, സകൂൾ–കോളജ് ആഘോഷങ്ങള്‍, വിവാഹ വേദികളിൽ, വീട്ടിലെ ആഘോഷങ്ങൾ എന്നിവിടങ്ങളിലൊക്കെ കുറേയധികം പാട്ടുകളും പാട്ടുകാരും പിറക്കുന്നത് കരോക്കെയിലൂടെയാണ്. കെട്ടിലും മട്ടിലും കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയെങ്കിലും എല്ലാവരെയും പാട്ടുകാരാക്കുന്ന കരോക്കെയുടെ ജാലവിദ്യയിൽ മാറ്റമില്ല. സ്വന്തം മുറിയിൽ ഒറ്റയ്ക്കിരുന്നു പാടി നോക്കുമ്പോൾ ഒഴുകി വരുന്ന പശ്ചാത്തല സംഗീതത്തോളം ഭംഗിയുള്ള കണ്ടെത്തൽ മറ്റെന്താണുള്ളത്?