പാട്ടൊരുക്കാൻ എഐ, വേണ്ടെന്ന് ലോകഗായകർ! വരാനിരിക്കുന്നത് എന്ത്?
Mail This Article
തിരക്കും സ്ട്രെസ്സും അനുഭവിക്കുന്ന സമയത്ത് നല്ലൊരു പാട്ട് കേട്ടാൽ മനസ്സൊന്നു ശാന്തമാകില്ലേ? സമ്മർദം അകറ്റാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് സംഗീതാസ്വാദനം. മനുഷ്യമനസ്സിൽ വികാരങ്ങൾ സൃഷ്ടിക്കാനും രസിപ്പിക്കാനും സാധിക്കുന്ന സംഗീതത്തിന് ഒരുപക്ഷേ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാകാം. വിവിധ ഭാഷകളിലെ വിവധ ഈണങ്ങളിലുള്ള ഗാനങ്ങൾ കൊണ്ടു സമ്പന്നമാണ് നമ്മുടെ സംഗീതലോകം. സാങ്കേതിക ലോകത്തെ പുരോഗതി സംഗീതലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ കൊച്ചു കുട്ടികൾക്കു പോലും ഇന്ന് ഇലക്‌ട്രോ-പോപ് മുതൽ അക്കോസ്റ്റിക് ട്യൂണുകൾ വരെ സൃഷ്ടിക്കാൻ കഴിയും. ഈ എഐ കാലത്ത് സംഗീതലോകത്തുണ്ടാകുന്ന ഈണങ്ങൾക്കും താളങ്ങൾക്കും പുതുമകളേറെയാണ്. നിർമിത ബുദ്ധിയിലൂടെ പാട്ടൊരുക്കാൻ സഹായിക്കുന്ന ചില ടൂളുകൾ പരിചയപ്പെടാം.
* AI- ജനറേറ്റഡ് മ്യൂസിക് പ്ലാറ്റ്‌ഫോമുകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഗാനങ്ങൾ രചിക്കുന്നതിനും സംഗീതം നിർമിക്കുന്നതിനും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾ ആണ് AI- ജനറേറ്റഡ് മ്യൂസിക് പ്ലാറ്റ്‌ഫോമുകൾ. വലിയ ഡാറ്റ ബേസ് ഉപയോഗിച്ചാണ് പുത്തൻ ഗാനങ്ങളെ എഐയുടെ സഹായത്തോടെ സൃഷ്ടിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങൾ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന AI- ജനറേറ്റഡ് മ്യൂസിക് പലതരം വികാരങ്ങളെയും സംഗീതത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെയും കൂട്ടിയിണക്കി നമുക്കു മുന്നിൽ അവതരിപ്പിക്കുന്നു. രണ്ട് മിനിറ്റ് വരെ ദൈർഘ്യമുള്ള പാട്ടുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഇന്ന് നിരവധിയുണ്ട്.
* റിഫ്യൂഷൻ
ഡെവലപ്പർ സേത്ത് ഫോർസ്‌ഗ്രെനും റോബോട്ടിസ്റ്റ് ഹെയ്ക് മാർട്ടിറോസും ചേർന്ന് തയ്യാറാക്കിയ AI ടൂൾ ആണ് റിഫ്യൂഷൻ. ടെക്സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കിയാണ് റിഫ്യൂഷൻ ഉപയോഗിച്ച് രസകരമായ ട്യൂണുകൾ നിർമിക്കുന്നത്. ലോകത്തിന്റെ ഏത് കോണിൽ ഉള്ളവർക്കും ഇ AI ടൂൾ ഉപയോഗിച്ച് സംഗീത പരീക്ഷണങ്ങൾ നടത്താനാവും. വിവിധതരത്തിലുള്ള ശബ്ദങ്ങൾ സൃഷ്ടിക്കാൻ ആവുന്നതും ഈ AI ടൂളിന്റെ പ്രത്യേകതയാണ്
* ചക്ക്
തത്സമയ ശബ്ദ സമന്വയത്തിനും സംഗീതം സൃഷ്ടിക്കുന്നതിനുമുള്ള ഒരു പ്രോഗ്രാമിങ് ഭാഷയാണ് ചക്ക്. കമ്പോസർമാർ, ഗവേഷകർ തുടങ്ങി സംഗീത മേഖലയുമായി ബന്ധപ്പെട്ട നിൽക്കുന്നവർക്ക് ഏറ്റവും പ്രയോജനകരമായ ഒരു AI ടൂൾ കൂടിയാണ് ചക്ക്. പ്രിൻസ്റ്റൺ സർവകലാശാലയിൽ ഗെ വാങ്, പെറി കുക്ക് എന്നിവർ ചേർന്നാണ് ചക്ക് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
* ജ്യൂക്ഡെക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് റോയൽറ്റി രഹിത സംഗീതം സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു വെബ്‌സൈറ്റ് ആണ് ജ്യൂക്ഡെക്. ദശലക്ഷത്തിലധികം സംഗീത ശകലങ്ങൾ സൃഷ്ടിക്കാൻ ഈ വെബ്‌സൈറ്റ് ഉപയോഗിച്ചിട്ടുണ്ട്. പ്രമുഖ ബ്രാൻഡുകളായ കൊക്കകോള, ഗൂഗിൾ, യുകെടിവി, ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം തുടങ്ങിയവയ്ക്കു വേണ്ടി ജൂക്ക്ഡക്കിന്റെ സഹായത്തോടെ മ്യൂസിക് നിർമിച്ചിട്ടുണ്ട്
മോർഫിയുഎസ്, AIVA, ഗൂഗിൾ മജന്ത തുടങ്ങിയവയും AI മ്യൂസിക് നിർമ്മാണത്തിനു സഹായിക്കുന്ന പ്ലാറ്റ്ഫോമുകളാണ്. 2023 ഡിസംബറിൽ ആരംഭിച്ച സുനോ AI, 2024 ഏപ്രിലിൽ തുടങ്ങിയ Udio എന്നിവയും ഈ മേഖലയിലെ ശ്രദ്ധേയമായ രണ്ട് വെബ് ആപ്ലിക്കേഷനുകളാണ്.
* സിംപ്ലി ഡിലൈറ്റഡ്
2022 ൽ സ്ഥാപിതമായ മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ് ആയ സുനോ ഇൻകോർപ്പറേറ്റിൽ നിന്നുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ 'സിംപ്ലി ഡിലൈറ്റഡ്' ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സാങ്കേതികതകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു സൃഷ്ടിയാണ്. വളരെ ചെറിയ സമയം കൊണ്ടാണ് ഗാനം ലോക ശ്രദ്ധ നേടിയത്. വളരെ കുറച്ച് കമാൻഡുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഗാനം ആലപിച്ചതും എഐ ടെക്നിക്കുകൾ ഉപയോഗിച്ചാണ്. സംഗീതലോകത്ത് മാന്ത്രികതകൾ സൃഷ്ടിക്കാനും അവയ്ക്കു വലിയൊരു ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാനും കഴിയുന്നു എന്നതു വളരെ മനോഹരമായ കാര്യം തന്നെ.
AI ജനറേറ്റഡ് മ്യൂസിക് ഉയർത്തുന്ന ഭീഷണികൾ
ഒരു കൂട്ടം കലാകാരന്മാരുടെ ആത്മസമർപ്പണമാണ് ഓരോ ഗാനവും. പാട്ടെഴുത്ത് മുതൽ അതിന്റെ അവസാനഘട്ടം വരെയും ടീം വർക്കായി ചെയ്തിരുന്ന കാര്യത്തെ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തയ്യാറാക്കുന്നതോടെ കൂട്ടായ്മയുടെയും കൂടിച്ചേരലുകളുടെയും കാലം ഇല്ലാതായി മാറുകയും ചെയ്തേക്കാം. കംപ്യൂട്ടറുകളിൽ നിറയ്ക്കുന്ന കോഡുകളിലൂടെ തയാറാക്കപ്പെടുന്ന ഗാനങ്ങൾക്കിപ്പോൾ ആസ്വാദകർ കൂടുകയാണ്. കംപ്യൂട്ടർവൽകൃത ഗാനങ്ങൾ അരങ്ങു തകർക്കുന്നുവെന്ന് വലിയൊരു വിഭാഗത്തിനു പരാതിയുമുണ്ട്. കംപ്യൂട്ടറിൽ തയ്യാറാക്കപ്പെടുന്ന ഗാനങ്ങളുടെ സ്ഫുടതയും മറ്റ് ഭാവങ്ങളും കൃത്യമായി മനുഷ്യരിലേക്ക് എത്തുന്നുണ്ട് എന്നും നമുക്ക് പറയാനും അവകാശപ്പെടാനും സാധിക്കില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ ഭീഷണി. ഒപ്പം കലാകാരന്മാരുടെ ഉപജീവനത്തെക്കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്നു.
കലാകാരന്മാരും കലാലോകവും എഐ മ്യൂസിക് മാജിക്കിനെ തങ്ങൾക്കു വലിയ ഭീഷണി ഉയർത്തുന്ന ഒന്നായാണ് കാണുന്നത്. ബില്ലി ഐലിഷ്, മിറാൻഡ ലെയ് ലാംബെർട്ട് എന്നിവരുൾപ്പെടെ നൂറുകണക്കിന് സംഗീതജ്ഞരാണ് ഈ ഭീഷണി തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു പറഞ്ഞ് മുന്നോട്ടു വന്നത്. കലാകാരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്ന ഒന്നാണ് എഐ മ്യൂസിക്കെന്നും സംഗീതലോകത്തിനു മൂല്യച്യുതി വരുത്തുന്നതിന് എഐ മ്യൂസിക് ഇടവരുത്തുമെന്നും അവർ ആരോപിക്കുന്നു. എഐ മ്യൂസിക് പ്രൊഡക്‌ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെടുന്നതായും അവർ AI ഡവലപ്പർമാരോടും ടെക് കമ്പനികളോടും ആവശ്യപ്പെട്ടുകഴിഞ്ഞു.
ഗാനങ്ങൾ രചിക്കാനും സംഗീതം നൽകാനും എഐ സങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്തിലൂടെ അതിലൂടെ ചിട്ടപ്പെടുത്തുന്ന ഗാനങ്ങൾക്കും ചിലപ്പോൾ ഒരു ആർട്ടിഫിഷ്യൽ സ്വഭാവമുണ്ടാകാൻ സാധ്യതകൾ ഉണ്ടെന്നാണ് ഒരു പക്ഷം. എ ഐ പ്രോഗ്രാം വഴി ചെയ്തെടുക്കപ്പെട്ട ശബ്ദങ്ങൾക്ക് ഭാവിയിൽ കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. അതേസമയം ഡാറ്റാ ബേയ്സുകളുടെ സഹായത്തോടെ തയാറാക്കപ്പെടുന്ന ഗാനങ്ങൾക്ക് വികൃതാനുകരണം ഉണ്ടാവാനുള്ള സാധ്യതകൾ കുറയും എന്നും കരുതപ്പെടുന്നു. പുത്തൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരുക്കുന്ന ഗാനങ്ങൾ ഇക്കാലത്തെ സംഗീതാസ്വാദകർക്ക് കിട്ടിയ സന്തോഷത്തെ സംഗീതലോകം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തുവെന്ന് ഉറപ്പിച്ചു പറയാം.