ADVERTISEMENT

"പാടിയത് എങ്ങനെയുണ്ട്"-ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ തന്റെ പ്രിയ സൗണ്ട് എൻജിനീയർ ദമൻ സൂദിനോട് തന്റെ പാട്ടിനെക്കുറിച്ച് അഭിപ്രായം ചോദിച്ചു. സംവിധായകൻ യാഷ് ചോപ്രയുടെ ദർ സിനിമയിലെ പാട്ടായിരുന്നു അതെന്ന് ദമൻ സൂദ് ഓർക്കുന്നു. 

ദീദി ഞാൻ സത്യ പറയണോ അതോ വെറുതേ പറയണോ എന്നു ദമൻ സൂദ് തിരികെ ചോദിച്ചപ്പോൾ സത്യം പറയാൻ ലതമങ്കേഷ്കർ പറഞ്ഞു. "ലതമങ്കേഷകറിന് എങ്ങനെ പാടാൻ പറ്റുമോ അതു പോലെ പാടിയില്ല"- ദമൻസൂദ് പറഞ്ഞു. 

"ഏതായാലും അടുത്തദിവസം യാഷ് ചോപ്രയുടെ ഫോൺ വിളിയെത്തി. എന്ത് മണ്ടത്തരമാണ് നിങ്ങൾ പറഞ്ഞത്. എല്ലാം ശരിയായതായിരുന്നു. ആ പാട്ട് വീണ്ടും ചെയ്യണമെന്നാണ് ലതാജി പറയുന്നത്. പ്രശ്നമുണ്ടാക്കിയ താങ്കൾ തന്നെ അതു ശരിയാക്കണമെന്ന് പറഞ്ഞു. ഏതായാലും ജഗജീത് സിങിന്റെ റെക്കോർഡിങ് നിശ്ചയിച്ചിരുന്ന ദിവസം മാറ്റി ലതാജിക്കായി ആ പാട്ട് ചെയ്തു –ദമൻ സൂദ് പറഞ്ഞു.

ദമൻസൂദ്

അരനൂറ്റാണ്ടിലധികമായി സൗണ്ട് റെക്കോർഡിങ്-ഓഡിയോ എൻജിനീയറിങ് മേഖലയിൽ മുഴങ്ങുന്ന പേരാണ് ദമൻസൂദിന്റേത്. ലത മങ്കേഷ്കർക്ക് ഏറ്റവും പ്രിയങ്കരനായ സൗണ്ട് എൻജിനീയർ. തങ്ങൾ രണ്ടാളും ചേരുമ്പോഴുണ്ടാകുന്ന മാസ്മരികത പറഞ്ഞറിയിക്കാനാവാത്തതെന്ന് ലത മങ്കേഷ്കർ തന്നെ ദമൻ സൂദിനെക്കുറിച്ച് പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്. പാടിയത് അത്ര ശരിയായില്ലെന്ന് ലത മങ്കേഷ്കറോട് നേരിട്ട് പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഇന്ത്യയിലെ വിരലിലെണ്ണാവുന്ന വ്യക്തികളിൽ ഒരാളും ദമൻ സൂദാവും. “ലതാജിയുടെ മിക്ക പാട്ടുകളും ലോകം കേൾക്കും മുൻപേ ആദ്യം കേൾക്കാൻ ഭാഗ്യം ലഭിച്ച കാതുകളാണ് എന്റേത്”-ദമൻസൂദ് പറഞ്ഞു.

daman-lata2
ദമൻ സൂദ് (റിജോ ജോസഫ് ∙മനോരമ), ലത മങ്കേഷ്കർ (എഎഫ്പി)

മൂംബൈയിലെ വെസ്റ്റേൺ ഔട്ട്ഡോർ സ്റ്റുഡിയോയുടെ ഡയറക്ടറായി ദശാബ്ദങ്ങളോളം പ്രവർത്തിച്ച ദമൻസൂദിന്റെ ഡേറ്റ് കിട്ടാൻ കുറഞ്ഞത് ഒരു മാസം മുൻപേ ബുക്ക് ചെയ്യേണ്ടിയിരുന്നു. ആയിരത്തിലധികം റേഡിയോ-ടെലിവിഷൻ പരസ്യങ്ങളുടെയും അത്രയും തന്നെ ചലച്ചിത്രഗാനങ്ങൾ ഉൾപ്പെടെയുള്ളവയുടെയും റെക്കോർഡിങ് നടത്തിയിട്ടുള്ള പ്രതിഭ. ഇന്ത്യയിൽ 110 ഓളം സ്റ്റുഡിയോകൾ രൂപകൽപന ചെയ്യുന്നതിലും സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രശസ്ത യാഷ് രാജ് സ്റ്റുഡിയോ, എസ് ആൻഡ് വി സ്റ്റുഡിയോ തുടങ്ങിയവയുടെയും സാങ്കേതിക ഉപദേഷ്ടാവും സീനിയർ എൻജിനീയറുമായിരുന്നു. എഫ്ടിഐ ഉൾപ്പെടെയുള്ള എൻജിനീയറിങ് സ്ഥാപനങ്ങളുടെ സിലബസ് തയാറാക്കുന്നതിലും പ്രധാനിയായി. യുകെയിലെ സറെ യൂണിവേഴ്സിറ്റിയിൽ നിന്ന് റെക്കോർഡിങ്ങിൽ ഉന്നതപഠനവും നടത്തിയ ദമൻ സൂദിന്റെ പേര് മലയാളത്തിന് അത്ര പരിചിതമല്ലെങ്കിലും അദ്ദേഹം റെക്കോർഡ് ചെയ്ത പാട്ടുകളെല്ലാം നമുക്ക് ഏറെ പ്രിയങ്കരം. 1998ൽ മലയാളത്തിൽ ദയ എന്ന രാജീവ് അഞ്ചൽ ചിത്രത്തിലും അദ്ദേഹം സൗണ്ട് എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്.

മിലേ സുർ മേരാ തുമാരാ... എന്ന ലോക് സേവാ സമാചാർ പരിഷദിന്റെ ദേശീയോദ് ഗ്രഥന ഗാനം റെക്കോർഡ് ചെയ്തത് ദമൻ സൂദ് ആണ്. സൂപ്പർഹിറ്റ് ഹിന്ദി ചലച്ചിത്രങ്ങളായ ദിൽവാലേ ദുൽഹനിയാ ലേ ജായെംഗെ, ദർ, ദിൽ തോ പാഗൽ ഹൈ, കുച്ച് കുച്ച് ഹോതാ ഹൈ, മൊഹബതേൻ, ഗദർ,മാച്ചിസ്, ഗുപ്ത്, ദേവദാസ് തുടങ്ങി ഒരു നിര തന്നെയുണ്ട്. കുർബാനി ചിത്രത്തിലെ ലൈല ഒ ലൈല പാട്ടാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഗസൽഗായകൻ ജഗജീത് സിങ്ങിനായി 75 ആൽബങ്ങളും പങ്കജ് ഉധാസുമായി ചേർന്ന് 15 ആൽബങ്ങളും ചെയ്തു. ഭീം സെൻ ജോഷി, പണ്ഡിറ്റ് രവിശങ്കർ, ബിസ്മില്ലാ ഖാൻ, അല്ലാരഖ, ബാലമുരളീ കൃഷ്ണ, സാക്കിർ ഹുസൈൻ, ശിവകുമാർ ശർമ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടങ്ങി അതിപ്രശസ്തരുടെ പല ഹിറ്റ് ആൽബങ്ങളുടെയും സൗണ്ട് റെക്കോഡിസ്റ്റ് ദമൻ സൂദാണ്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡിയോ എൻജിനീയറിങ് സൊസൈറ്റി (എഇഎസ്) അംഗമായ അദ്ദേഹമാണ് എഇഎസ് ചാപ്റ്റർ ഇന്ത്യയിൽ ആരംഭിച്ചതും.

2022 ൽ ഗ്രഫിറ്റിയുടെ (ഗ്രാജ്യുവേറ്റ്സ് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, റാപാ അവാർഡ്, ഐആർആർഎ അവാർഡ് തുടങ്ങി ശബ്ദമേഖലയിലെ നിരവധി എണ്ണംപറഞ്ഞ അവാർഡുകളും ആദരങ്ങളും നേടിയിട്ടുള്ള ദമൻ സൂദ് ഓർത്തഡോക്സ് സഭയുടെ സംഗീത വിഭാഗമായ ശ്രുതി വിദ്യാലയത്തിൽ ആരംഭിച്ച ലൈവ് സൌണ്ട് കോഴ്സിന്റെ ഉദ്ഘാടനം നിർവഹിക്കാൻ കേരളത്തിൽ എത്തിയതാണ്. കോഴ്സിന്റെ ഉപദേശക സമിതി അംഗം കൂടിയാണ് അദ്ദേഹം. യേശുദാസ്, എസ്.പി.ബാലസുബ്രഹ്മണ്യം, എസ്.ജാനകി ഉൾപ്പെടെയുള്ളവരുടെ ധാരാളം ഗാനങ്ങൾ റെക്കോർഡ് ചെയ്യുകയും ദക്ഷിണേന്ത്യൻ സിനിമകളിലെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ദമൻ സൂദ് മനസ്സ് തുറക്കുന്നു.

daman6
ദമൻ സൂദ് (റിജോ ജോസഫ് ∙മനോരമ)

∙ ലത മങ്കേഷ്കറുമായുള്ള അടുപ്പം, അവരുടെ ശബ്ദത്തിന്റെ പ്രത്യേകത?

ദൈവകൃപ എന്നു മാത്രമേ ആ ബന്ധത്തെക്കുറിച്ച് പറയാനുള്ളൂ. ഒരിക്കൽ പോലും ലതാജിയുടെ ശബ്ദം ഇക്വലൈസ് ചെയ്യേണ്ടി വന്നിട്ടില്ല. ചിലപ്പോൾ ലോ കട്ട് മാത്രം ചെയ്യേണ്ടി വരും. ആറ് ദശകത്തിലേറെയായി സംഗീതത്തിനായി വഴങ്ങിയ, മിനുസപ്പെട്ട ആ ശബ്ദത്തിൽ എന്തു ചെയ്യാനാണ്. ഏതു പാട്ടു കിട്ടിയാലും കുട്ടികൾക്ക് പുതിയ പാട്ടു കിട്ടുന്ന ഉത്സാഹത്തിലായിരുന്നു ലതാജി. പലതവണ പാടി നോക്കി നല്ലതായെന്ന് സ്വയം ഉറപ്പുതോന്നുമ്പോൾ മാത്രം െറക്കോർഡ് ചെയ്യാൻ തയാറായിരുന്നുള്ളൂ. ഒരിക്കൽ ലതാജിയുമായി ചേർന്ന് ഒരു പൊതു സംഗീത പരിപാടി ചെയ്യാൻ ആഗ്രഹിച്ചു. അങ്ങനെ ചർച്ച്ഗേറ്റിൽ ബ്രബോൺ സ്റ്റേഡിയത്തിൽ വൻവേദി സജ്ജമാക്കി. പക്ഷേ ലതാജി പാടാൻ തുടങ്ങിയപ്പോൾ കടൽക്കാറ്റ് വീശുന്നതിന്റെ പ്രശ്നം കൊണ്ട് അത്രമനോഹരമായില്ല. ലതാജിയുമായി ഓപ്പൺ എയർ പരിപാടി ചെയ്യില്ലെന്ന് അന്നു തീരുമാനിച്ചതാണ്. പിന്നീട് ചെയ്തിട്ടുമില്ല. ലതാജിയും ജഗജീദ് സിങ്ങുമായുള്ള ഒരു ആൽബം ചെയ്യാൻ രണ്ടരവർഷമെടുത്തു. ഇരുവരുടെയും അസൗകര്യങ്ങളും മറ്റുമായി അതു നീണ്ടുപോവുകയായിരുന്നു. ലതാ മങ്കേഷ്കർ നിർമിച്ച ലേകിൻ എന്ന ചിത്രത്തിലെ യാരാ സില്ലി, യാരാ സില്ലി എന്ന പാട്ടും റെക്കോർഡ് ചെയ്യാൻ സാധിച്ചു.

daman7
ദമൻ സൂദ് (റിജോ ജോസഫ് ∙മനോരമ)

∙ മറ്റു കലാകാരന്മാരുമായുള്ള റെക്കോർഡിങ് അനുഭവങ്ങൾ?

മിലേ സുർ മേരാ തുമാരാ ചെയ്തത് ഏതാണ്ട് 36 വർഷം മുൻപാണ്. ഭീം സെൻ ജോഷിയുമായുള്ള അനുഭവം ഓർമയിൽ വരുന്നു. പത്തു സെക്കൻഡ് മാത്രം നീളുന്ന പാട്ടാണ് വേണ്ടത്. വളരെ വിസ്തരിച്ച് പാടിയിരുന്ന അദ്ദേഹം പത്തു സെക്കൻഡിലേക്ക് പാടാൻ വല്ലാതെ വിഷമിച്ചു. ഒടുവിൽ ഞാൻ പറഞ്ഞു അങ്ങ് ഇഷ്ടമുള്ളതു പോലെ പാടിക്കോ. ആവശ്യമായ ഭാഗം ഞാൻ എഡിറ്റ് ചെയ്ത് എടുത്തോളാമെന്ന്. അപ്പോഴാണ് അദ്ദേഹത്തിന് സന്തോഷമായതും പാടിയതും. അമോൽപലേക്കറുടെ ചിത്രത്തിൽ ഒരു പാട്ട് ഇതുപോലെ ബീറ്റിനൊപ്പം പാടാൻ പറ്റാതെ വന്നു. അന്നെല്ലാം സ്റ്റുഡിയോയിൽ വന്ന് ഓർക്കസ്ട്ര സംഘത്തിനൊപ്പം  പാടുകയാണല്ലൊ ചെയ്യുന്നത്. ശ്യാം റാവുവാണ് ഓർക്കസ്ട്ര കണ്ടക്ട് ചെയ്യുന്നത്. അദ്ദേഹത്തെ ശ്രദ്ധിക്കുകയേ വേണ്ട. ചുമ്മാതങ്ങ് തുടങ്ങിക്കോ എന്നു പറഞ്ഞു.

ബിസ്മില്ലാ ഖാൻ

ഷഹനായിയുടെ മുടിചൂടാ മന്നൻ ബിസ്മില്ലാ ഖാനുമായി ചേർന്ന് മ്യൂസിക് ടുഡേ എന്ന ആൽബം ചെയ്തു. അദ്ദേഹം ബനാറസിൽ നിന്ന്11 മണിക്ക് സ്റ്റുഡിയോയിൽ വരുമെന്നു പറഞ്ഞു. കാത്തിരുന്ന് ഒരു മണിയായിട്ടും കാണാതായപ്പോൾ ആഹാരം കഴിക്കാനിറങ്ങാമെന്ന് തീരുമാനിച്ചു പുറത്തേക്കിറങ്ങുമ്പോൾ ദാ എത്തി അദ്ദേഹം. നേരെ സ്റ്റുഡിയോയുടെ കൺട്രോൾ റൂമിന്റെ തറയിലിരുന്ന് അദ്ദേഹം ഹുക്കാ വലിക്കാൻ തുടങ്ങി. ഇവിടെ വച്ചു തന്നെ റെക്കോർഡ് ചെയ്തോ എന്നും പറഞ്ഞു. ഞാൻ  ഉപകരണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ അടുത്തു സെറ്റു ചെയ്തു. ഒടുവിൽ ഒരുവിധം പ്രേരിപ്പിച്ച് സ്റ്റുഡിയോ ബൂത്തിൽ കൊണ്ടിരുത്തി റെക്കോർഡ് ചെയ്യുകയായിരുന്നു.

മെഹദി ഹസൻ

മെഹദി ഹസന്റെ തൊണ്ടയിൽ ഗോയിറ്റർ പോലെ എന്തോ ഒരു അസുഖം വന്ന സമയം. ശഹദ് എന്ന ആൽബം ചെയ്യാൻ അദ്ദേഹം എത്തി. പാട്ടുകൾ റെക്കോർഡ് ചെയ്തു. അടുത്ത ദിവസം അദ്ദേഹം അത്  കേൾക്കാൻ ആഗ്രഹിച്ചു. എക്കോയും ഇഫക്ടുകളുമൊന്നും വേണ്ട, അതെല്ലാം മാറ്റി പച്ചയായ തന്റെ ശബ്ദം മതിയെന്നു പറഞ്ഞു. ശരിക്കും ഞെട്ടിപ്പോയി. എന്നാൽ അവരെല്ലാം തങ്ങളുടെ ശബ്ദത്തെക്കുറിച്ചു ബോധ്യമുള്ളവരും അതിന്റെ മേന്മ സ്വയം പരിശോധിച്ച് വിലയിരുത്തുന്നവരുമാണെന്ന് മനസ്സിലായി. അതാണ് അവരെല്ലാം മഹാന്മാരാകാൻ കാരണവും.

daman-lata3
ദമൻ സൂദ് (റിജോ ജോസഫ് ∙മനോരമ), ലത മങ്കേഷ്കർ (എഎഫ്പി)

അനൂപ് ജലോട്ട

പാട്ടു വായിക്കുകയാണോ എന്ന് ഒരിക്കൽ അനൂപ ജലോട്ടയോട് ചോദിച്ചു. നിങ്ങൾ മാത്രമാണ് ഇങ്ങനെ കൃത്യമായി പറഞ്ഞതെന്നും പരിശീലനത്തിന് തീരെ സമയം കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അനൂപിന്റെ പിതാവ് പുരുഷോത്തം ജലോട്ടയെയും നല്ലവണ്ണം അറിയാമായിരുന്നു. മകന്റെ പരിശീലനത്തിലെ പോരായ്മകളിൽ അദ്ദേഹവും ബോധവാനായിരുന്നു. പരിശീലിക്കണമെന്ന് മകനോട് പറയണമെന്ന് പുരുഷോത്തമും പറഞ്ഞിട്ടുണ്ട്.

∙ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത റെക്കോർഡിങ്?

സത്യത്തിൽ റെക്കോർഡിങ് എനിക്ക് ഹരമാണ്. ഏറ്റവും സന്തോഷത്തോടെയാണ് അത് ചെയ്യുന്നത്. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുന്നു. സ്റ്റുഡിയോയിൽ ഞാൻ തന്നെയാണ് ഗായകർക്ക് മൈക്രൊഫോൺ ശരിയാക്കി നൽകുന്നത്. അപ്പോഴാണ് അവരുമായി അടുപ്പം സൃഷ്ടിക്കാൻ കഴിയുന്നതും അവരുടെ മനസ്സ് നിറഞ്ഞുള്ള ശബ്ദവും പാട്ടും പുറത്തു കൊണ്ടുവരാൻ കഴിയുന്നതും. എന്നോടൊപ്പം പ്രവർത്തിക്കുന്നവരെല്ലാം വീണ്ടും എന്റെ അടുത്ത് തന്നെ വരുമായിരുന്നു. ദേവദാസ് സിനിമയിലെ ഡോലാരെ ഡോലാരെ എന്ന പാട്ട് ചെയ്തത് ഓർമയിൽ വരുന്നു. 2002ലാണ്. മുംബൈയിൽ അന്ന് കനത്ത മഴയും പ്രളയവും. പ്രളയം പേടിച്ച് എല്ലാവരും വീടുകളിലും രക്ഷാകേന്ദ്രങ്ങളിലും മറ്റും കഴിയുന്ന സമയം. ഞാനും വീട്ടിലാണ്. എന്നാൽ ആ പ്രളയത്തെയും അവഗണിച്ച് സഞ്ജയ് ലീലാ ബൻസാലി കാറുമായി വീട്ടിലെത്തി. അടിയന്തരമായി പാട്ട് റെക്കോർഡ് ചെയ്യണം. ഇന്നു ചെയ്തില്ലെങ്കിൽ കലാകാരന്മാരുടെയും ഗായകരുടെയും ഒന്നും ഡേറ്റ് കിട്ടില്ല. വീണ്ടും പടം വൈകും. അതു കൊണ്ട് ഫൗണ്ടനിലെ സ്റ്റുഡിയോയിലേക്ക് അടിയന്തരമായി പോകാമെന്ന് പറഞ്ഞാണ് അദ്ദേഹം എത്തിയത്. രാവിലെ ഒൻപതിന് തന്നെ സ്റ്റുഡിയോയിലേക്ക് പെരുമഴയത്ത് അവർക്കൊപ്പം പോയി. ആരുടെയും സഹായമില്ലാതെ ഏകനായി സ്റ്റുഡിയോ സജ്ജമാക്കി. ആ പാട്ടിന് 2003ൽ ജോഹന്നസ് ബർഗിൽ ഐഫ അവാർഡും കിട്ടി. സഞ്ജയ് ഒക്കെ എത്ര സമർപ്പിതരാണെന്നും അതു കൊണ്ടാണ് അവർക്ക് നേട്ടങ്ങൾ കൊയ്യാൻ കഴിയുന്നതെന്നും അന്ന് മനസ്സിലാക്കി.

∙ ഏറ്റവും നല്ല കലാകാരനായി തോന്നിയിട്ടുള്ളത്?

ജഗജീത് സിങ്. സമ്പൂർണ കലാകാരനായിരുന്നു. ഗസലിന്റെ വരികൾക്കും അർഥത്തിനുമെല്ലാം നല്ല പ്രാധാന്യം നൽകുന്ന വ്യക്തി.സുഹൃത്താണെങ്കിൽ പോലും എഴുതുന്നത് നല്ല വരികളല്ലെങ്കിൽ അദ്ദേഹം പാടില്ലായിരുന്നു. കഠിന പ്രയത്നശാലി. ഏറ്റവും ലളിതമായി ഇടപെടുന്നത് മുഹമ്മദ് റാഫിയും എസ്.പി.ബാലസുബ്രഹ്മണ്യവുമായിരുന്നു, നല്ല മനുഷ്യർ.

∙ കുർബാനി സിനിമയുടെ പാട്ട് റെക്കോർഡിങ്ങിലേക്ക് എത്തിയത്?

കുർബാനി സിനിമയിലെ ആപ് ജൈസെ കോയി മേരാ എന്ന പാട്ട് നിർമാതാവും സംവിധാകയനും അഭിനേതാവുമായ ഫിറോസ് ഖാൻ റെക്കോർഡ് ചെയ്തത് യുകെയിലെ അബ്ബി റോഡ് സ്റ്റുഡിയോയിലാണ്. പ്രശസ്തമായ ബീറ്റിൽസ് എല്ലാം റെക്കോർഡ് ചെയ്യുന്ന അതേ സ്റ്റുഡിയോയിൽ. നാസിയ ഹസ്സൻ എന്ന പാക്കിസ്ഥാനി പാട്ടുകാരിയെ ഇന്ത്യയ്ക്കു പരിചയപ്പെടുത്തിയ പാട്ടാണത്. അവിടെ സ്റ്റീരിയോ സിസ്റ്റത്തിലാണ് ഇതെല്ലാം ചെയ്തിരുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് അന്ന് മോണോ സിസ്റ്റം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ നാല് സ്റ്റീരിയോ റെക്കോർഡർ ഉപയോഗിച്ച് എട്ടു ട്രാക്കുകൾ വച്ച് ഞാൻ പാട്ട് റെക്കോർഡ് ചെയ്തു. അങ്ങനെ വെസ്റ്റേൺ ഓഡിയോ എന്ന ചെറിയ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനം ചെയ്യാമെന്ന് തെളിയിച്ചു.ലൈലാ ഓ ലൈലാ എന്ന പാട്ട് അങ്ങനെയാണ് ചെയ്തത്. 

daman8
ദമൻ സൂദ് (റിജോ ജോസഫ് ∙മനോരമ)

∙ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണമെഡലോടെ സൗണ്ട് റെക്കോർഡിങ്ങും സൗണ്ട് എൻജിനീയറിങ്ങും പാസായ ശേഷമുള്ള നാളുകൾ?

അക്കാലത്ത് ജോലി ലഭിക്കാൻ പ്രയാസമായിരുന്നു. ഏതായാലും പഠിച്ചിറങ്ങിയ ഉടൻ ദാദറിലെ ബോംബെ ലാബ്( ബോംബെ സൗണ്ട് സർവീസസിൽ) അസിസ്റ്റൻഡായി ജോലി ലഭിച്ചു. ബാക്ക് ഗ്രൗണ്ട് മ്യൂസിക്, മിക്സിങ് എന്നിങ്ങനെ എല്ലാ ജോലിയും ചെയതു. അന്നെല്ലാം ഒപ്റ്റിക്കൽ റെക്കോർഡിങ് സിസ്റ്റമാണ്. അക്കാലത്ത് നാല് സ്റ്റുഡിയോകൾ മാത്രമാണ് മുംബൈയിൽ ഉണ്ടായിരുന്നത്. മെഹബൂബ് സ്റ്റുഡിയോ, ഫിലിം സെന്റർ, ബോംബെ സൗണ്ട്, ഫേമസ് സ്റ്റുഡിയോ എന്നിവയായിരുന്നു അത്. 73 വരെ ബോംബെ സൌണ്ട്സിൽ ജോലി ചെയ്തു. സ്വതന്ത്രനാകാൻ ആഗ്രഹിച്ചു.

റേഡിയോയ്ക്കും മറ്റും ജിംഗിൾസ് ഒക്കെ ചെയ്യുന്ന വെസ്റ്റേൺ ഔട്ട് ഡോർ സ്റ്റുഡിയോയിൽ ജോലി ചെയ്യാൻ തുടങ്ങി. ഹിന്ദി, മറാഠി, ഗുജറാത്തി, തമിഴ്, കന്നട, മലായളം എന്നിങ്ങനെ മിക്ക ഭാഷകളിലും ജിംഗിൾസ് ഇറക്കാൻ കഴിഞ്ഞു. ആൽബങ്ങളും സീരിയലുകളും വലിയ സിനിമകളും അവിടെ ചെയ്യാമെന്ന് തെളിയിച്ചു. കുർബാനി ചെയ്തതോടെ നല്ല പേരായി. സാങ്കേതിക മുന്നേറ്റങ്ങളിൽ പങ്കാളിയായി. 2002വരെ അവിടെ തുടർന്നു. ആ സ്റ്റുഡിയോ യുടിവി ഏറ്റെടുത്തു. നിരവധി പരീക്ഷണങ്ങളുടെയും നേട്ടങ്ങളുടെയും നാളുകളായിരുന്നു. അനലോഗ് സംവിധാനത്തിൽ നിന്ന് ഡിജിറ്റലിലേക്ക് കാര്യങ്ങൾ മാറി. അതിനൊപ്പവും നിർണായക നേട്ടങ്ങൾ അടയാളപ്പെടുത്താനായി.

∙ചലച്ചിത്രത്തിൽ ഉൾപ്പെടെ സൗണ്ട് എൻജിനീയറുടെ പങ്ക് എത്രത്തോളം?

കലാകാരന്മാരിൽ നിന്ന് മികച്ചത് പുറത്തെടുക്കുന്നതിൽ സൗണ്ട് എൻജിനീയറുടെ പങ്ക് വലുതാണ്. ഒരു പാട്ട് മികച്ചതാക്കുന്നതിൽ, ചലച്ചിത്രത്തിനു മികവേകുന്നതിൽ എല്ലാം ശബ്ദമിശ്രണത്തിനും സൗണ്ട് എൻജിനീയർക്കും വലിയ പങ്കുണ്ട്. അതും കലാപ്രവർത്തനം തന്നെയാണ്. മനുഷ്യന്റെ തൊണ്ട തന്നെയാണ് ഏറ്റവും നല്ല ഉപകരണം. അതിലൂടെ അവൻ സൃഷ്ടിക്കുന്ന മാന്ത്രികലോകം അദ്ഭുതപ്പെടുത്തുന്നതാണ്. കാതിലൂടെ കേൾക്കുന്ന അതേ മികവ് സൃഷ്ടിക്കാനാണ് ഞാൻ ശ്രമിക്കാറ്. നല്ല സംഗീതത്തിനും ശബ്ദത്തിനുമായി കാതുകൾ പരുവപ്പെടുത്തുക. നല്ല സംഗീതം മാത്രം കേട്ടു കേട്ട് കാതുകൾക്ക് അതൊരു ശീലമാക്കുക.

ശബ്ദമാണ് ഏറ്റവും വലിയ മാധ്യമം. ശബ്ദമാണ് എല്ലാം. ബൈബിളിൽ ഉൽപ്പത്തിയുടെ ആദ്യ അധ്യയത്തിൽ പത്തുതവണ ഉണ്ടാകട്ടെ എന്ന് ദൈവം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശബ്ദം ദൈവസൃഷ്ടിയാണ്. കുഞ്ഞുങ്ങൾ കരഞ്ഞു കൊണ്ടാണ് ജനിക്കുന്നത്. ശബ്ദമില്ലെങ്കിൽ അതിനെ ചാപിള്ളയായി കരുതും. ശബ്ദമാണ് നിങ്ങളെ പിടിച്ചിരുത്തുന്നത്. ശക്തമായ വിനിമയോപാധി ശബ്ദമാണ്. അവതാർ സിനിമ ശബ്ദമില്ലാതെ കണ്ടു നോക്കൂ. എത്രപെട്ടെന്ന് നമ്മൾ മടുക്കും. ശബ്ദത്തിന് ഇത്ര പ്രാധാന്യം ഉള്ളതിനാൽ സൌണ്ട് എൻജിനിയർക്ക്് വലിയ പങ്കുണ്ട്. എന്നാൽ ഇപ്പോൾ ബോളിവുഡിലെ ചലച്ചിത്രസംഗീതം കൂടുതൽ ഓർണമെന്റലാണ്. പാട്ടുകാരനെ കേൾക്കാനാകുന്നില്ല. റിഥവും ഓർക്കസ്ട്രയും മാത്രമായി പാട്ട് മാറുന്നു. അതേസമയം ദക്ഷിണേന്ത്യയിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള ചലച്ചിത്രങ്ങളും ഇവിടെ ഇറങ്ങുന്നത് സന്തോഷകരമാണ്.

English Summary:

Musical life of sound engineer Daman Sood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com