വരുമെന്നു പറഞ്ഞാൽ വന്നിരിക്കും! വാക്ക് പാലിക്കാൻ ബിടിഎസ്, അക്ഷമയോടെ ലോകം
Mail This Article
സൈനികസേവനത്തിന് ഒടുവിൽ പാട്ടുലോകത്തേക്കു വീണ്ടും മടങ്ങിയെത്താൻ ബിടിഎസ്. ബാൻഡ് അംഗം ജിമിന്റെ സോളോ ആൽബം ‘മ്യൂസ്’ ജൂലൈ 19നു പുറത്തിറങ്ങുമെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. ഇരുപത്തിയെട്ടുകാരനായ ജിമിൻ നിർബന്ധിത സൈനിക സേവനം കഴിഞ്ഞ് ഇറങ്ങുന്നതോടെയാകും ആൽബത്തിന്റെ റിലീസ്. ജിമിന്റെ ആദ്യ സോളോ ആൽബം ‘ഫെയ്സ്’ വൻ തരംഗമായിരുന്നു. ഒന്നരക്കൊല്ലത്തെ സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയ ബിടിഎസിലെ മറ്റൊരു അംഗം ജിൻ കഴിഞ്ഞ ദിവസം നടത്തിയ സംഗീതപരിപാടി കാണാൻ ആരാധകർ ഒഴുകിയെത്തിയിരുന്നു.
2022ലെ ബിടിഎസിന്റെ വേർപിരിയൽ പ്രഖ്യാപനം ആരാധകവൃന്ദത്തെ ഒന്നാകെ ഉലച്ചിരുന്നു. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരം ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങി. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ രണ്ടു വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ പ്രവേശിച്ചു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി.
സൈനികസേവനം പൂർത്തിയാക്കി തങ്ങൾ മടങ്ങിവരുമെന്നും പഴയതുപോലെ വേദികളിലെത്തുമെന്നും ബിടിഎസ് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. അവരൊന്നിച്ച് ലോകവേദികൾ കീഴടക്കാൻ വരുമെന്ന പ്രതീക്ഷയിലാണ് ‘ബിടിഎസ് ആർമി’ എന്നറിയപ്പെടുന്ന ആരാധകവൃന്ദം. ആദ്യ അംഗത്തിന്റെ മടങ്ങിവരവോടെ ആരാധകരുടെ ആവേശം വാനോളമുയർന്നു. പക്ഷേ ബാൻഡിലെ എല്ലാ അംഗങ്ങളും മടങ്ങിയെത്താൻ 2025വരെ ആർമി കാത്തിരിക്കണം.
ബാൻഡ് അംഗം ജംഗൂക് ഈ മാസം തന്നെ മടങ്ങിയെത്തും. ഒക്ടോബറിൽ ആണ് ജെ–ഹോപിന്റെ സൈനികസേവനം പൂർത്തിയാവുക. ബിടിഎസിലെ മറ്റ് അംഗങ്ങളുടെ സൈനികസേവനം അടുത്തവർഷമേ അവസാനിക്കൂ. 2025 ജൂൺ 10നാണ് ആർഎമ്മും വിയും മടങ്ങിയെത്തുക. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിൻ ആണ് ഏറ്റവുമൊടുവിലായി സൈനിക സേവനത്തിനിറങ്ങിയത്. സുഗ തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാൾ പട്ടാള ക്യാംപിൽ ചികിത്സയിലായിരുന്നു.