ADVERTISEMENT

സ്റ്റീഫൻ ദേവസ്സിയുടെ ചെന്നൈയിലുള്ള മ്യൂസിക് ലോഞ്ച് സ്കൂളിൽ മ്യൂസിക് പ്രൊഡക്‌‌ഷൻ പഠിക്കാൻ പോയ അലൻ ജോയ് മാത്യു പറഞ്ഞാണ് കപിൽ എന്ന പേര് ഞാൻ ആദ്യം കേൾക്കുന്നത്. മമ്മൂട്ടി നായകനായ 'ലൗഡ് സ്‌പീക്കറി'ൽ പാടിത്തുടങ്ങി പിന്നീട് 'കൽക്കി', 'ഓപ്പറേഷൻ ജാവ' എന്നീ ചിത്രങ്ങളിലൊക്കെ പാടുകയും 'അയ്യപ്പനും കോശിയും', 'രോമാഞ്ചം', 'കുരുതി', 'ഇഷ്ഖ്' എന്നിങ്ങനെ കുറെയേറെ മലയാളസിനിമകളുടെ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള അലൻ ജോയ് മാത്യു ഗായിക മിന്മിനിയുടെ മകനാണ്. മ്യൂസിക് ലോഞ്ചിലെ തന്റെ സഹപാഠിയായ കപിൽ മിടുക്കനായൊരു കലാകാരനാണെന്നും നല്ലൊരു പാട്ടുകാരനായി വരുമെന്നുമൊക്കെ അലൻ സ്ഥിരമായി പറഞ്ഞിരുന്നു. 'കപിൽ' എന്ന പേര് ആദ്യം കേട്ടപ്പോൾ ഞാൻ പണ്ട് പഠിച്ച ഹിസ്റ്ററി ക്ലാസ്റൂമും 'കപിലവസ്തു'വും ശ്രീബുദ്ധനുമൊക്കെ ഓർമയിൽ വന്നത് ഒരിക്കലും മറക്കില്ല! 

'കപിൽ കപിലൻ' - തീരെ പരിചിതമല്ലാത്തൊരു പേരുമായി വന്ന്, തീരെ ചെറിയ സമയത്തിനുള്ളിൽ തീരെ ചെറുതല്ലാത്ത പുരസ്കാരങ്ങൾ പല ഭാഷകളിൽ നിന്നും നേടിയ മലയാളിയായ ഒരു യുവഗായകൻ. കൊട്ടാരക്കാരനായ കപിൽ മലയാളിയാണെന്നുപോലും മിക്കവർക്കും അറിയില്ല. തികച്ചും മലയാളിയായ ഒപ്പം മികച്ച മറുഭാഷാഗായകനുമായ കപിലിന്റെ സംഗീതവഴികൾ കൊട്ടാരക്കരയിൽ നിന്നാണു തുടങ്ങുന്നത്. 

പ്ലാനിങ് ബോഡ് സെലക്‌ഷൻ ഗ്രേഡ് ജോയിന്റ് ഡയറക്റ്ററായിരുന്ന സി.ആർ.മധുസൂദനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് കപിൽ ജനിച്ചത്. അച്ഛനാണ് സംഗീതത്തിൽ കപിലിന്റെ ആദ്യഗുരു. ജനിച്ചപ്പോൾ മാതാപിതാക്കളിട്ട പേരായ 'കപിലൻ' കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് സ്കൂൾ റെക്കോർഡുകളിൽ 'കപിൽ നായർ' എന്നായി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിഎസ്‌സി ഫിസിക്സ്, ചെന്നൈയിലെ എ.ആർ.റഹ്മാന്റെ കെഎം മ്യൂസിക് കൺസർവേറ്ററിയിൽ നിന്നും ഫൗണ്ടേഷൻ കോഴ്സ്, സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ലോഞ്ച് സ്ക്കൂളിൽ നിന്നും സൗണ്ട് എൻജിനീയറിങ് എന്നിങ്ങനെ ഓരോന്നായി പയറ്റിത്തെളിഞ്ഞാണ് സംഗീതലോകത്തെത്തിയത്. 

അച്ഛനിൽ നിന്നും സംഗീതത്തിൽ ഹരിശ്രീ കുറിച്ച കപിലിന്റെ ആദ്യഗുരുക്കന്മാർ രതീഷ്, കൃഷ്ണകുമാർ, കൊല്ലം സജികുമാർ എന്നിവരായിരുന്നു. കോളജ് പഠനകാലത്ത് നെടുംകുന്നം ശ്രീദേവ് രാജഗോപാലിന്റെ ശിഷ്യനായിരുന്ന കപിൽ ചെന്നൈയിലെത്തിയതിനു ശേഷം ഗായിക അനുരാധ ശ്രീറാമിന്റെ ഭർത്താവും സംഗീതജ്ഞനുമായ ശ്രീറാം പരശുറാം, ഗായകൻ ശ്രീറാം പാർഥസാരഥി എന്നിവരുടെയും കീഴിൽ പഠനം തുടർന്നു.

2016ൽ 'ചെന്നൈ കൂട്ടം' എന്ന മലയാളസിനിമയിൽ സാജൻ.കെ.റാമിന്റെ സംഗീതത്തിൽ 'മാട്ടുപ്പൊങ്കലോ ' എന്ന പാട്ടിലൂടെയാണ് കപിൽ സിനിമാപിന്നണിഗാനരംഗത്തേക്കു പിച്ചവച്ചത്. 

മലയാളപടമായ 'ചെന്നൈ കൂട്ട'ത്തിൽ പാടിത്തുടങ്ങിയ കപിലിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത് ചെന്നൈ പട്ടണമാണ്. 'വന്താരെ വാഴ വയ്ക്കും തമിഴകം' എന്നൊരു ചൊല്ലുണ്ട് തമിഴിൽ. മ്യൂസിക് പഠനത്തിനായി ചെന്നൈയിലെത്തിയ അവിടെത്തന്നെ സെറ്റിൽ ചെയ്ത കപിൽ അവിടത്തെ പഠനകാലത്ത് ചെയ്ത കവർ വേർഷൻ വിഡിയോകളിലൂടെയാണ് സംഗീതസംവിധായകരുടെ ശ്രദ്ധയിൽപ്പെടുന്നത്. അങ്ങനെ അന്യഭാഷയിലെ ആദ്യസിനിമാഗാനം കപിൽ പാടി. രഘു ദീക്ഷിതിന്റെ സംഗീതത്തിൽ 'Happy New Year' എന്ന കന്നഡ ചിത്രത്തിലായിരുന്നു ആ ഗാനം. പടത്തിന്റെ പേര് നല്ല 'ഹാപ്പി' ആയിരുന്നെങ്കിലും വളരെ 'സാഡ്' മൂഡിലുളള 'ബദുക്കെ നീനെന്ധ നാടക' എന്ന് തുടങ്ങുന്ന മെലഡിയാണ് കപിൽ സിനിമയ്ക്കു വേണ്ടി പാടിയത്. 

തൊട്ടുപിന്നാലെ വന്ന അവസരം തെലുങ്കിലായിരുന്നു. മുൻനിരസംഗീതസംവിധായകനായ ദേവി ശ്രീ പ്രസാദിന്റെ സംഗീതത്തിൽ നാനി, കീർത്തി സുരേഷ് എന്നിവർ നായികാനായകന്മാരായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം 'നേനു ലോക്കലി'നു വേണ്ടിയായിരുന്നു ആ അടിച്ചുപൊളിപ്പാട്ട്. കന്നഡയിലാണ് ആദ്യം പാടിയതെങ്കിലും ആദ്യം റിലീസായ സിനിമയും പാട്ടും സമീറ ഭരദ്വാജിനൊപ്പമുള്ള 'ചം പേസാവേ നന്നു' എന്ന് തുടങ്ങുന്ന തെലുങ്ക് ഗാനമാണ്. 

ഒരു മ്യൂസിക് ടെക്‌നീഷ്യനായി കപിൽ 2017ൽ കരിയർ തുടങ്ങിയത് തമിഴിൽ പ്രശസ്തനായ മലയാളസംഗീതസംവിധായകൻ ദിപു നൈനാൻ തോമസിനൊപ്പമായിരുന്നു. അതേ വർഷം തന്നെയാണ് ദിപുവിന്റേയും ആദ്യത്തെ തമിഴ് ചിത്രമായ 'മരഗതനാണയം' പുറത്തിറങ്ങിയത്. 'മരഗതനാണയ'ത്തിലെ 'ഉസിരെടുക്കും കൂട്ടം' പാടി കപിലും തമിഴിൽ അരങ്ങേറി. തമിഴ്‍ ആസ്വാദകരുടെ ഉസിരെടുക്കുന്ന ഗാനങ്ങളുടെ തുടക്കമായിരുന്നു അത്. 

എങ്കിലും കപിലിന്റെ തമിഴിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് 2021ൽ റിലീസായ 'ബാച്ചിലർ' എന്ന സിനിമയിലെ 'അടിയേ നീ താനെടീ' എന്ന പാട്ടാണ്. ദിപു നൈനാൻ തോമസ് തന്നെയാണ് ആ പാട്ടിന്റെയും സംഗീതസംവിധായകൻ. 'ബാച്ചിലറി'ലാണ് കപിൽ സ്വന്തം പേര് 'കപിൽ കപിലനെ'ന്ന് പരിഷ്കരിച്ചത്. കപിലൻ എന്ന പേരിൽ പ്രശസ്തനായൊരു ഗാനരചയിതാവ് തമിഴിൽ ഉള്ളത്കൊണ്ടാണ് അങ്ങനെ പരിഷ്‍കരിച്ചതെങ്കിലും പേരിലെ വ്യത്യസ്തത ഗുണകരമായി. 

'അടിയേ നീ താനെടീ' എന്ന പാട്ടിലൂടെ ആ വർഷത്തെ മിർച്ചി മ്യൂസിക് അവാർഡ്, സൈമ അവാർഡ്‌, ആനന്ദവികടൻ ഫിലിം അവാർഡ്‌ എന്നിങ്ങനെയുള്ള പുരസ്‍കാരങ്ങൾ കപിലിനെ തേടിയെത്തി. പിന്നണിഗാനരംഗത്ത് കപിൽ ശ്രദ്ധേയനാകുകയും ചെയ്തു. 

'അടിയേ' എന്ന തമിഴ് പാട്ടിന്റെ പോപ്പുലാരിറ്റിയാണ് കപിലിനെ മാതൃഭാഷയിലെത്തിച്ചത്. മലയാളത്തിൽ ആദ്യഗാനം പാടി ആറ് വർഷങ്ങൾക്ക് ശേഷം സുഷിൻ ശ്യാം സംഗീതം നൽകിയ അമൽ നീരദ് ചിത്രമായ 'ഭീഷ്മപർവ്വ'ത്തിലെ 'ആകാശം പോലെ' പാടി കപിൽ മലയാളത്തിൽ മടങ്ങിയെത്തി പുതിയൊരു തുടക്കം കുറിക്കുകയും അതങ്ങ് പൊലിക്കുകയും ചെയ്തു. 'ഭീഷ്മപർവം' റിലീസായ 2022 മാർച്ചിൽ തന്നെയാണ് 'പത്രോസിന്റെ പടപ്പുകൾ' എന്ന സിനിമയിൽ ജോ പോൾ എഴുതി ജേക്സ് ബിജോയ് മ്യൂസിക് നൽകിയ 'തീയാണ് ചങ്കത്ത്' എന്നൊരു ഹിറ്റ് സോങ് കൂടി കപിൽ ആലപിച്ചത്. കൂടാതെ 'നൈറ്റ് ഡ്രൈവി'ന് വേണ്ടി നിത്യ മാമനൊപ്പം പാടിയ 'പാതി പാതി പറയാതെ' എന്ന് തുടങ്ങുന്ന ഹൈടെംപോ റൊമാന്റിക് ഡ്യൂയറ്റ് മലയാളത്തിൽ ശ്രദ്ധേയമായ മറ്റൊരു ഹിറ്റായിരുന്നു. 

2022ലെ ഏറ്റവും മികച്ച ഗായകനുള്ള കേരളസംസ്ഥാനപുരസ്കാരവും കപിൽ കപിലനായിരുന്നു. 'പല്ലൊട്ടി- 90 കിഡ്സ്' എന്ന ചിത്രത്തിലെ 'കനവേ മിഴിയിലുണരേ' എന്ന പാട്ടാണ് അവാർഡിന് കപിലിനെ അർഹനാക്കിയത്. സുഹൈൽ കോയ എഴുതി മണികണ്ഠൻ അയ്യപ്പ മ്യൂസിക് നൽകിയ ആ പാട്ടിന് ആ വർഷത്തെ ഏറ്റവും നല്ല പാട്ടുകാരനുള്ള ജെ സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡും കപിലിനെ തേടിയെത്തി. 

2023 ആയപ്പോഴേക്കും ജി.വി.പ്രകാശ്കുമാർ, വിശാൽ ചന്ദ്രശേഖർ, സാം.സി.എസ്, ഗോവിന്ദ് വസന്ത, ജേക്സ് ബിജോയ്, ജോയൽ ജോൺസ്, ഡോൺ വിൻസെന്റ്, കൈലാസ് മേനോൻ, നിഖിൽ രാജൻ, രഞ്ജിൻ രാജ്, ജിബ്രാൻ എന്നിങ്ങനെയുള്ള സംഗീതസംവിധായകർക്കുവേണ്ടി പാടിക്കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം കപിൽ സജീവമായിത്തുടങ്ങി. പാടിയ മിക്ക പാട്ടുകളും ഹിറ്റുകളും. 

'കാതൽ സെയ്' എന്ന തമിഴ് സിനിമക്ക് വേണ്ടി ഇളയരാജയുടെ സംഗീതത്തിൽ 'അപ്പാ ഉൻ സ്വന്തം' എന്ന പാട്ട് പാടിയ കപിൽ 'കസ്റ്റഡി' എന്ന തമിഴ്‍-തെലുഗ് ദ്വിഭാഷാചിത്രത്തിൽ യുവൻ ശങ്കർ രാജയുടെ സംഗീതത്തിലും പാടി. ദിപു നൈനാൻ തോമസിന്റെ ഈണത്തിൽ 'ചിത്ത'ക്കു വേണ്ടി പാടിയ 'തീരാ സ്വാസമേ' തമിഴിൽ വമ്പൻഹിറ്റായപ്പോൾ 2023 ൽ മലയാളത്തിലെ കപിലിന്റെ സൂപ്പർ ഹിറ്റ് ആർഡിഎക്സിനു വേണ്ടി സാം സിഎസിന്റെ സംഗീതത്തിൽ പാടിയ 'നീല നിലവേ' ആയിരുന്നു. ആ പാട്ട് മലയാളത്തിലെ മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡും മഴവിൽ മ്യൂസിക് അവാർഡും കപിലിന് നേടിക്കൊടുത്തു. സാം സിഎസിന്റെ തന്നെ സംഗീതത്തിൽ 'ഫീനിക്സ്' എന്ന ചിത്രത്തിനുവേണ്ടി ചിത്രയ്ക്കൊപ്പം കപിൽ ആലപിച്ച 'എന്നിലെ പുഞ്ചിരി'യെന്ന പാട്ടും നവയുവതയുടെയിടയിൽ റീൽസിലൂടെയും ഷോർട്ട് വിഡിയോകളിലൂടെയും ട്രെൻഡിങ്ങായി മാറി.

കന്നഡയിലും കപിൽ കപിലൻ വെന്നിക്കൊടി പാറിച്ച വർഷമായിരുന്നു 2023. 'സപ്തസാഗരദാച്ച് എല്ലോ' എന്ന കന്നഡ സിനിമയ്ക്കു വേണ്ടി ചരൺരാജിന്റെ ഈണത്തിൽ കപിൽ പാടിയ ടൈറ്റിൽ ഗാനം വൻജനപ്രീതിയാണ് നേടിയത്. ഏറ്റവും നല്ല ഗായകനുള്ള കന്നഡ ഫിലിം ഫെയർ അവാർഡ്, പ്രജാവണി അവാർഡ്, സൈമ അവാർഡ് എന്നിങ്ങനെ ആ പാട്ടിന് കിട്ടിയ അവാർഡുകളുടെ എണ്ണം ഇപ്പോഴും നീളുന്നു. 

അവാർഡിന്റെയും അംഗീകാരങ്ങളുടെയും ധവളിമയിലൂടെ കപിലിന്റെ സംഗീതയാത്ര മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 2024ൽ മലയാളത്തിലെ വലിയ ഹിറ്റായ 'പ്രേമലു'വിൽ വിഷ്ണു വിജയിന്റെ സംഗീതത്തിൽ കപിൽ പാടിയ 'മിനി മഹാറാണി', 'വെൽക്കം ടു ഹൈദരാബാദ്' പോലെയുള്ള പാട്ടുകൾ ഇപ്പോഴും ഹിറ്റ് ചാർട്ടിൽ നിന്നും പോയിട്ടില്ല. മലയാളത്തിൽ 'ലിറ്റിൽ ഹാർട്ട്സ് ', 'നടന്ന സംഭവം', 'പവി കെയർടേക്കർ', 'പാലും പഴവും', 'തണുപ്പ്', 'ചിത്തിനി', 'കഥ ഇന്ന് വരെ', തമിഴിൽ 'വാഴൈ', 'എആർഎം' ,'മദ്രാസ്‌കാരൻ', 'രത്നം', 'വെണ്നിറഇരവുകൾ' - ഈ പാട്ടുകളെല്ലാം സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ മുൻനിരയിലാണ്.

ഈ സ്വരത്തിൽ ഈരടികളും ഈണങ്ങളുമായി തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഇനിയുമിനിയും പുതിയപുതിയ പാട്ടുകളുണ്ടാകുമ്പോൾ, ഇനി വരാനിരിക്കുന്ന സംഗീതവർഷങ്ങൾ കപിലിന്റേതുകൂടിയാണ്...

English Summary:

Musical journey of singer Kapil Kapilan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com