അവളുടെ മനസ്സിൽ വിരിഞ്ഞത് മഴവിൽ പ്രണയമോ? പപ്പേട്ടനോടു പോലും പറഞ്ഞില്ലല്ലോ! ആ നൊമ്പരത്തെ എന്തു വിളിക്കണം?
Mail This Article
മനസ്സിൽ എപ്പോഴെങ്കിലും ഒരു ഇഷ്ടം അങ്ങനെ വീർപ്പുമുട്ടിക്കിടന്നിട്ടുണ്ടോ? പ്രിയമുള്ളരൊരാൾ അതു കേട്ട് എന്തു മറുപടി നൽകുമെന്നറിയാതെ, പറയാൻ വയ്യാതെ, പറയാതിരിക്കാൻ വയ്യാതെ... എന്തൊരു ശ്വാസം മുട്ടലായിരിക്കും അത്. മണിക്കുട്ടിയെ ഓർമയില്ലേ? ‘സ്‌നേഹം’ എന്ന ജയരാജ് ചിത്രത്തിലെ ദീനക്കാരിയായ നായിക. കാലു വയ്യാത്ത കുട്ടിയെന്ന ലോകത്തിന്റെ സഹതാപം മുഴുവൻ ഏറ്റവും വാങ്ങി ജീവിതം ഒരു കട്ടിലിൽ തളയ്ക്കപ്പെട്ട പാവം നായിക.
ജാലകം തുറന്നെത്തിയ കാഴ്‌ചകളിലൂടെയായിരുന്നു മണിക്കുട്ടിയുടെ കുട്ടിക്കാലം. ആ വഴിക്കാഴ്‌ചയുടെ ഫ്രെയ്‌മിലേക്ക് എന്നാണ് പപ്പേട്ടൻ കടന്നു വരുന്നത്? ആദ്യമായി? മണിക്കുട്ടിക്ക് ഓർമ പോര. എന്തായാലും അന്നു മുതൽക്കാണ് അവളുടെ കാഴ്‌ചകളിൽ അതുവരെ നുണയാ കൽക്കണ്ടം മധുരിച്ചു തുടങ്ങിയത്. അടുത്ത തൊടിയിലെ താമസക്കാരനായിരുന്നു പപ്പേട്ടൻ. വല്ലപ്പോഴും അമ്മയെ കാണാനും കുശലം തിരക്കാനും വീട്ടിൽ വരുമ്പോൾ മണിക്കുട്ടിയുടെ മുറിയിലേക്കും കടന്നു വരും. എന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കും. ചിലപ്പോൾ എന്തെങ്കിലും അവൾക്കുവേണ്ടി കൊണ്ടുവരികയും ചെയ്യും. ഒരിക്കൽ വന്നപ്പോൾ കൈ നിറയെ ചായപ്പെൻസിലുകളുണ്ടായിരുന്നു. കുട്ടിക്കാലം മുതൽക്കെ അവൾക്കിഷ്‌ടമായിരുന്നു ആളുകളുടെ മുഖചിത്രം വരയ്‌ക്കാൻ. അക്കൂട്ടത്തിൽ മുൻപു പലപ്പോഴും അവൾ പപ്പേട്ടനെയും വരച്ചിട്ടുണ്ട്. കടലാസിൽ വരച്ചു കീറിക്കളയുന്ന മുഖചിത്രങ്ങൾക്കിടയിൽനിന്ന് മണിക്കുട്ടി ആദ്യമായി മനസ്സിലേക്കെടുത്തുവച്ചതും പപ്പേട്ടന്റെ ആ പരുക്കൻ മുഖം തന്നെ. അതുകൊണ്ടാകാം ആരും കാണാതെ ഓരോവട്ടം വരയ്‌ക്കുമ്പോഴും പപ്പേട്ടനു മുമ്പത്തേക്കാൾ ചന്തം വയ്‌ക്കുന്നതുപോലെ. മൂക്കറ്റം ഇറങ്ങിപ്പോരുന്ന കണ്ണടയ്‌ക്കിടയിലൂടെ പാളി നോക്കുന്നത് മണിക്കുട്ടിയെ തന്നെയാണെന്നു തോന്നുംപോലെ. പുതിയ ചായപ്പെൻസിലിന്റെ മാജിക്കാണോ? അതോ മനസ്സിലെ മഴവിൽപ്രണയം തൊടുവിരൽത്തുമ്പിൽ ചാലിച്ചു വരഞ്ഞതുകൊണ്ടോ? അറിയില്ല. ആരോടും പറഞ്ഞിട്ടുമില്ല. പപ്പേട്ടനോടു പോലും.
അതുകൊണ്ടല്ലേ എന്നും തനിച്ചു വഴിനടന്നുകണ്ടിരുന്ന പപ്പേട്ടന്റെ കൂടെ നിഴൽപോലെ മറ്റൊരു പെൺരൂപം കണ്ടുതുടങ്ങിയപ്പോൾ മണിക്കുട്ടിയുടെ കണ്ണു നനഞ്ഞത്. പപ്പേട്ടന്റെ അമ്മാവന്റെ മകൾ. പടിപ്പുരയ്‌ക്കുമുന്നിലെ നടവഴിയിലൂടെ പപ്പേട്ടനും ആ പെൺകുട്ടിയും കൂടി ഓരോന്നു മിണ്ടിപ്പറഞ്ഞു പോകുന്നത് കൊതിയോടെ നോക്കിയിരിക്കുമ്പോൾ മണിക്കുട്ടിയുടെ കണ്ണു നിറയും. ഒറ്റയ്‌ക്കടുത്തു കിട്ടുമ്പോൾ പപ്പേട്ടനോടു പറയാൻ ഒരു രഹസ്യം മണിക്കുട്ടി മനസ്സിൽ കരുതി വച്ചിരുന്നു. ആ രഹസ്യം തനിക്കു മുമ്പേ അവൾ പപ്പേട്ടനോട് പറഞ്ഞിരിക്കുമോ? തനിക്കു മാത്രം തരാനുള്ളൊരു മറുപടിയുടെ മധുരം പപ്പേട്ടൻ അവൾക്കു കൊടുത്തിരിക്കുമോ എന്ന നൊമ്പരം മണിക്കുട്ടിയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകും.
ഗാനം: പേരറിയാത്തൊരു നൊമ്പരത്തെ
ചിത്രം: സ്‌നേഹം
രചന: യൂസഫലി കേച്ചേരി
സംഗീതം: പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
ആലാപനം: കെ.ജെ. യേശുദാസ്
പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണിൽ വീണുടയുന്ന തേൻകുടത്തെ
കണ്ണുനീരെന്നും വിളിച്ചു
തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപമെന്നു വിളിച്ചു
മുറിവേറ്റു കേഴുന്ന പാഴ്‌മുളന്തണ്ടിനെ
മുരളികയെന്നു വിളിച്ചു
മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൗനസംഗീതത്തെ
മാനസമെന്നു വിളിച്ചു
പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു