ആദ്യം ഈണം വന്നു, പിന്നാലെ സ്വരങ്ങളും; വേറിട്ട പരീക്ഷണവഴികളും ഉത്തര മലയാളവും!
Mail This Article
ഹിന്ദിയിൽ നിന്നും മലയാളസിനിമ ആദ്യം കടം കൊണ്ടത് ഈണങ്ങളായിരുന്നു. പിന്നെപ്പിന്നെ സ്വന്തന്ത്രസംഗീതത്തിലേക്ക് വഴിമാറിയപ്പോൾ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ആ ശബ്ദങ്ങളെയും പരീക്ഷിച്ചു. മലയാളം പാടിയ പ്രമുഖമായ ഉത്തരേന്ത്യൻ ശബ്ദങ്ങൾ ഏതൊക്കെയാണെന്നൊരന്വേഷണം.
മന്നാ ഡേ
പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാ ഡേയാണ് മലയാളസിനിമയിൽ പാടിയ ആദ്യത്തെ ഉത്തരേന്ത്യൻ ഗായകൻ. ഈ ബംഗാളി ഗായകന് ഒരു മലയാളി ബന്ധം കൂടിയുണ്ട്. കണ്ണൂർ സ്വദേശിനിയായ സുലോചന കുമാരൻ ആയിരുന്നു മന്നാ ഡേയുടെ ഭാര്യ. 1966ൽ റിലീസായ 'ചെമ്മീന്' വേണ്ടി മന്നാ ഡേ പാടിയ 'മാനസമൈനേ വരൂ' ഒരു എവർഗ്രീൻ ഹിറ്റാണ്. തന്റെ സിനിമയ്ക്കു സംഗീതം നൽകുവാനായി ഉത്തരേന്ത്യയിൽ നിന്നും സലിൽ ചൗധരിയെ വിളിക്കുമ്പോൾ അതേ ചിത്രത്തിൽ ലത മങ്കേഷ്‌കറെക്കൊണ്ടും മന്നാ ഡേയെക്കൊണ്ടും പാടിപ്പിക്കണമെന്നത് സംവിധായകനായ രാമു കാര്യാട്ടിന്റെ ആഗ്രഹമായിരുന്നു. 'കടലിനക്കരെ പോണോരെ' പാടുവാനായി ലത മങ്കേഷ്‌കർ ശ്രമിച്ചെങ്കിലും ഉച്ചാരണത്തിൽ അവർക്ക് തന്നെ തൃപ്തി പോരാതെ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ബംഗാളി മാതൃഭാഷയായ മന്നാ ഡേ പക്ഷേ ഏറെക്കുറെ വിജയിച്ചുവെന്നു പറയാം. പിന്നീട് രാമു കാര്യാട്ട് - സലിൽ ചൗധരി ടീമിന്റെ 'നെല്ലി'ലും ഒരു പാട്ട് മന്നാ ഡേ ജയചന്ദ്രനോടൊപ്പം പാടിയിട്ടുണ്ട്.
മഹേന്ദ്ര കപൂർ
പ്രമുഖനടനായ മധു ആദ്യമായി സംവിധാനം ചെയ്ത 'പ്രിയ' എന്ന സിനിമയിലൂടെയാണ് രണ്ടാമതൊരു ഹിന്ദി ഗായകൻ മലയാളത്തിലെത്തിയത്. അമൃത് സറിൽ ജനിച്ച് പിന്നീട് ബോംബെ നിവാസിയായ മാറിയ മഹേന്ദ്ര കപൂറാണ് ആ ഗായകൻ. മലയാളികളുടെയും പ്രിയപ്പെട്ട സംഗീതസംവിധായകനായ ബോംബെ രവിയുടെ പാട്ടുകളിലൂടെയാണ് മഹേന്ദ്ര കപൂർ ഹിന്ദിയിൽ പ്രശസ്തനായത്. യൂസഫലി കേച്ചേരി എഴുതി എം.എസ്. ബാബുരാജ് ഈണമിട്ട 'സാഗരദേവത' എന്ന് തുടങ്ങുന്ന പാട്ടാണ് മഹേന്ദ്ര കപൂർ മലയാളസിനിമയ്ക്കു വേണ്ടി പാടിയതെങ്കിലും റെക്കോർഡ് പുറത്തിറങ്ങാത്തതിനാൽ സിനിമയ്ക്കുള്ളിൽ മാത്രമായി ആ പാട്ട് ഒതുങ്ങിപ്പോയി. ഇപ്പോഴും അങ്ങനെയൊരു പാട്ടുള്ളതായി മിക്കവർക്കും അറിയില്ല.
ലത മങ്കേഷ്‌കർ
കരിയറിന്റെ തുടക്കകാലത്ത് തമിഴിലും തെലുങ്കിലും പാടിയിട്ടുള്ള ലത മങ്കേഷ്‌കർ മലയാള ഭാഷയിൽ ഒരിക്കലും പാടിയിരുന്നില്ല. അവരെക്കൊണ്ട് മലയാളത്തിൽ ഒരു പാട്ടെങ്കിലും പാടിക്കുകയെന്ന 'ചെമ്മീനി'ൽ തുടങ്ങിയ രാമു കാര്യാട്ടിന്റെ സ്വപ്നം അദ്ദേഹം സാക്ഷാൽക്കരിച്ചത് 1974ൽ അദ്ദേഹം സംവിധാനം ചെയ്ത 'നെല്ലി'ലൂടെയാണ്. സലിൽ ചൗധരിയുടെ ഈണത്തിനനുസരിച്ച് വയലാർ എഴുതിയ 'കദളി കൺകദളി' പാടി ലതയുടെ ശബ്ദം മലയാളത്തിലും മുഴങ്ങി. 'മുളയ്ക്കും കുളിർമുഖക്കുരു മുത്തുകൾ പോലെ , മുളമ്പൂ മയങ്ങും കുന്നിന് താഴേ' എന്നൊക്കെയുള്ള കടുകട്ടിവാക്കുകൾ അവർക്ക് പാടാനായി കൊടുത്തത് അൽപ്പം കടന്നുപോയെന്ന് പാട്ട് കേൾക്കുമ്പോൾ ഇടക്കൊക്കെ തോന്നാറുണ്ട്. എന്തായാലും ഈയൊരു പാട്ടിന് ശേഷം ലത മങ്കേഷ്‌കർ ഈ വഴിയേ ഒരിക്കലും വന്നിട്ടില്ല.
കിഷോർ കുമാർ
1950ൽ റിലീസായി സൂപ്പർഹിറ്റായ തെലുങ്കുചിത്രം 'സംസാരം' മലയാളത്തിലേക്ക് 1975ൽ റീമേക്ക് ചെയ്തതാണ് 'അയോധ്യ'. 'അയോധ്യ'യിൽ പ്രേം നസീറിന് വേണ്ടി പാടുവാനാണ് ഹിന്ദിയിലെ ബഹുമുഖപ്രതിഭയായ നിത്യഹരിത ഗായകൻ കിഷോർ കുമാർ മലയാളത്തിലെത്തിയത്. പി. ഭാസ്ക്കരൻ എഴുതിയ ‘എ ബി സി ഡി’ എന്നു തുടങ്ങുന്ന തമാശരീതിയിലുള്ള പാട്ടിന് സംഗീതം കൊടുത്തത് ജി. ദേവരാജൻ. പാട്ട് അക്കാലത്ത് ആകാശവാണിയിലെ സ്ഥിരം പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ഈ ഒരൊറ്റ പാട്ടുമാത്രമാണ് കിഷോർ കുമാർ മലയാളത്തിൽ പാടിയത്.
തലത്ത് മഹമൂദ്
1977 ജനുവരിയിൽ റിലീസായ രാമു കാര്യാട്ട് ചിത്രമായിരുന്നു 'ദ്വീപ്'. പാട്ടുകൾക്ക് എം.എസ്. ബാബുരാജ് ഈണം കൊടുത്തപ്പോൾ സിനിമയുടെ പശ്ചാത്തലസംഗീതം സലിൽ ചൗധരിയാണ് നിർവ്വഹിച്ചത്. ഹിന്ദി സിനിമാപിന്നണിഗായകൻ എന്നതിനോടൊപ്പം ഗസൽ ഗായകനായും ഖ്യാതി നേടിയ തലത്ത് മഹമൂദ് 'കടലേ നീലക്കടലേ' എന്ന പാട്ടിലൂടെ മലയാളത്തിലും തന്റെ സ്വരസാന്നിധ്യമറിയിച്ചു. ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് ജോസാണ്. ഒരു കാലത്ത് മലയാളസിനിമയിലെ റൊമാന്റിക് ഹീറോ ആയി അറിയപ്പെട്ടിരുന്ന ജോസിന്റെ ആദ്യചിത്രം കൂടിയായിരുന്നു 'ദ്വീപ്'
ആശ ഭോസ്‌ലെ
യേശുദാസ് പാടിയ അനശ്വരഗാനങ്ങളുമായി 'ചിത് ചോർ' 1976ലാണ് ഹിന്ദിയിൽ പുറത്തിറങ്ങിയത്. അതിന്റെ വിജയമാവാം തൊട്ടടുത്ത വർഷം, അതായത് 1977ൽ 'സുജാത' എന്ന സിനിമയിലൂടെ സംഗീതസംവിധായകനായ രവീന്ദ്ര ജയിനെ മലയാളത്തിൽ അവതരിപ്പിക്കുവാൻ സംവിധായകൻ ഹരിഹരനെ പ്രേരിപ്പിച്ചത്. പിൽക്കാലത്ത് ബോംബെ രവി, രഘുനാഥ് സേഥ്, ഉത്തം സിങ് എന്നീ സംഗീതസംവിധായകരെയൊക്കെ മലയാളത്തിന് പരിചയപ്പെടുത്തിയതും ഹരിഹരൻ തന്നെയാണ്. ഇപ്പറഞ്ഞ മ്യൂസിക് ഡയറക്ടേഴ്സ് എല്ലാവരും മലയാളികളായ ഗായകരെക്കൊണ്ട് മാത്രം മലയാളത്തിൽ പാടിപ്പിച്ചപ്പോൾ രവീന്ദ്ര ജയിൻ മാത്രം ആദ്യചിത്രത്തിൽ ഗായികമാരായി രണ്ട് ഉത്തരേന്ത്യക്കാരെയാണ് അവതരിപ്പിച്ചത്. അതിൽ ആദ്യത്തെയാൾ ആശാ ഭോസ്‌ലെ ആയിരുന്നു. ജയഭാരതിക്കു വേണ്ടി പാടിയ 'സ്വയംവര ശുഭദിന മംഗളങ്ങൾ' ആശ ഭോസ്‌ലെ പാടിയ ഒരേയൊരു മലയാളം പാട്ടായി ചരിത്രത്തിലിടം നേടി.
ഹേമലത
രവീന്ദ്ര ജയിന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരിയാണ് ഹേമലത. അവർ പാടിയ അധികം പാട്ടുകളും രവീന്ദ്ര ജയിന്റെ ഈണത്തിലുള്ളവയാണ്. യേശുദാസിനൊപ്പം പാടിയ 'ചിത് ചോറി'ലെ 'തു ജോ മേരെ സുർ മേം' ഹേമലതക്ക് ഫിലിം ഫെയർ അവാർഡും നേടിക്കൊടുത്തിട്ടുണ്ട്. മുൻപ് സൂചിപ്പിച്ച ഹരിഹരൻ സംവിധാനം ചെയ്ത 'സുജാത'ക്കു വേണ്ടി ഹേമലത പാടിയ 'ആശ്രിതവത്സലനെ' എന്ന ഗാനരംഗത്ത് അഭിനയിച്ചത് ഉത്തരേന്ത്യക്കാരിയായ നന്ദിത ബോസ് ആണ്. ഹേമലതയുടെയും ഒരേയൊരു മലയാളഗാനമാണ് 'ആശ്രിതവത്സലനെ'.
മുഹമ്മദ് റാഫി
മലയാളികൾ അത്രയേറെ സ്നേഹിക്കുന്ന മുഹമ്മദ് റാഫിയെക്കൊണ്ട് ഒരു മലയാളഗാനം പാടിക്കുവാൻ പലരും ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അത് സാധ്യമായില്ല. 'സുബൈദ' എന്ന ചിത്രത്തിലെ 'പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത് ' എന്ന പാട്ട് അദ്ദേഹത്തെക്കൊണ്ട് പാടിക്കാനായി എം എസ് ബാബുരാജ് കുറെ ശ്രമിച്ചെങ്കിലും ഉച്ചാരണം ബുദ്ധിമുട്ടായതിന്റെ പേരിൽ മുഹമ്മദ് റാഫി പാടാതിരിക്കുകയും ഒടുവിൽ ആ പാട്ട് ബാബുരാജ് തനിയെ പാടിയതായും വായിച്ചതോർക്കുന്നു. 1979ൽ പ്രതാപ് പോത്തൻ, തനൂജ (കാജോളിന്റെ അമ്മ) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പി.ഗോപികുമാർ സംവിധാനം ചെയ്ത 'തളിരിട്ട കിനാക്കൾ' എന്ന ചിത്രത്തിന് വേണ്ടിയും മുഹമ്മദ് റാഫിയെ മലയാളഭാഷയിൽ അവതരിപ്പിക്കാൻ ഒരു ശ്രമം നടന്നു. മലയാളത്തിൽ പാടാനുള്ള ആത്മവിശ്വാസക്കുറവ് ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് മുഹമ്മദ് റാഫി വ്യക്തമാക്കി. 'തളിരിട്ട കിനാക്കളു'ടെ സംഗീതസംവിധായകനായ ജിതിൻ ശ്യാമിന്റെ കീഴിൽ നേരത്തെ ഹിന്ദിസിനിമയിൽ മുഹമ്മദ് റാഫി പാടിയിട്ടുണ്ടായിരുന്നു. മാത്രമല്ല, മുഹമ്മദ് റാഫിയുമായി മുഹമ്മദ് ഇസ്മായിൽ എന്ന ജിതിൻ ശ്യാമിന് നല്ലൊരു സൗഹൃദവുമുണ്ടായിരുന്നു. അതിനാൽ മലയാളസിനിമയിൽ ഒരു ഹിന്ദി പാട്ടെങ്കിലും പാടുവാനുള്ള ജിതിൻ ശ്യാമിന്റെ നിർബന്ധത്തിന് വഴങ്ങി 'തളിരിട്ട കിനാക്കളി'ൽ 'ശബാബ് ലേകെ' എന്ന് തുടങ്ങുന്നൊരു ഹിന്ദിഗാനം മുഹമ്മദ് റാഫി പാടി. ആയിഷ് കമാൽ ആണ് പാട്ടെഴുതിയത്. സിനിമയിൽ ഈ ഗാനം കുതിരവട്ടം പപ്പുവും അടൂർ ഭവാനിയും ചേർന്നഭിനയിച്ച ഒരു ഹാസ്യഗാനമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഭൂപീന്ദർ സിങ്
എം. ടി. വാസുദേവൻ നായർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് 'മഞ്ഞ്'. കാത്തിരിപ്പിന്റെയും ഏകാന്തതയുടെയും തണുത്തുറഞ്ഞ കാഴ്ചകളുമായി പുറത്തിറങ്ങി നിരൂപകപ്രശംസ നേടിയ ചിത്രത്തിൽ ഗുൽസാർ എഴുതിയ ഹിന്ദി ഗാനശകലങ്ങളാണധികവും. എം.ബി. ശ്രീനിവാസൻ സംഗീതം നൽകിയ 'മഞ്ഞി'ലൂടെ ബോളിവുഡ് സംഗീതരംഗത്തെ ബഹുമുഖപ്രതിഭയായ ഭൂപീന്ദർ സിങ്ങും മലയാളം പാടിയില്ലെങ്കിലും മലയാള സിനിമയിലെത്തി.
അൽക്ക യാഗ്നിക്
നെടുമുടി വേണു, പല്ലവി ജോഷി എന്നിവർ മുഖ്യവേഷത്തിലെത്തി മോഹൻ സംവിധാനം ചെയ്ത സിനിമയാണ് 'തീർത്ഥം'. 1987ൽ റിലീസായ ഈ സിനിമയുടെ സംഗീതസംവിധാനം ബോംബെ രവിയായിരുന്നു. പശ്ചാത്തലസംഗീതത്തിലെ ഏതാനും ചില ഹിന്ദുസ്ഥാനി കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് അൽക്ക യാഗ്നിക്കും മലയാളസിനിമയിലെത്തി. പാട്ടുകൾ കാസറ്റുരൂപത്തിൽ ഇറങ്ങാത്തതുകൊണ്ടും ചിത്രത്തിന്റെ ടൈറ്റിലിൽ അൽക്കയുടെ പേരില്ലാത്തതുകൊണ്ടും അവർ മലയാളസിനിമയിൽ പാടിയത് ആരും അന്ന് ശ്രദ്ധിച്ചില്ല.
വർഷങ്ങൾക്ക് ശേഷം 1997ൽ സുനിൽ സംവിധാനം ചെയ്ത 'പൂനിലാമഴ'യിൽ ഹിന്ദിയിലെ പ്രശസ്തരായ ലക്ഷ്മികാന്ത് പ്യാരേലാൽ ടീമിനെയാണ് സംഗീതസംവിധായകരായി അവതരിപ്പിച്ചത്. അതിൽ ഹിന്ദി ഗാനരചയിതാവായ സമീർ എഴുതിയ 'വൺ സിപ്' എന്ന് തുടങ്ങുന്ന ഹിന്ദിഗാനമാണ് അൽക്ക യാഗ്നിക് മലയാളസിനിമക്ക് വേണ്ടി പാടിയ പാട്ടായി അറിയപ്പെടുന്നത്
ഉദിത് നാരായൺ
ജോണി ആന്റണിയുടെ ആദ്യസംവിധാനസംരംഭമായ സിഐഡി മൂസയുടെ സംഗീതം വിദ്യാസാഗറിന്റേതായിരുന്നു. 2003ൽ തിയറ്ററുകളിലെത്തിയ ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ച മൂലംകുഴിയിൽ സഹദേവന് വേണ്ടി 'ചിലമ്പൊലിക്കാറ്റിനെ' വിളിക്കുവാൻ വിദ്യാസാഗർ മലയാളത്തിൽ അവതരിപ്പിച്ച ഉത്തരേന്ത്യൻ ഗായകനാണ് ഉദിത് നാരായൺ. 1994ൽ 'കാതലനി'ൽ പാടിച്ചുകൊണ്ട് എ.ആർ. റഹ്‌മാനാണ് ഉദിത്തിനെ തെന്നിന്ത്യയിലെത്തിച്ചത്. ഒട്ടേറെ ഹിന്ദി, തമിഴ് ഹിറ്റുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ ആ ശബ്ദം മലയാളത്തിൽ ക്ലച്ച് പിടിച്ചെന്ന് പറയാം. പിന്നീട് പത്തിലേറെ ഹിറ്റ് പാട്ടുകൾ ഉദിത് നാരായൺ മലയാളത്തിൽ പാടി. അതിൽ ഏറെയും ദിലീപിന് വേണ്ടിയായിരുന്നു. വിദ്യാസാഗറിനെക്കൂടാതെ ദീപക് ദേവ്, എം.ജയചന്ദ്രൻ, ഗോപി സുന്ദർ, ദീപാങ്കുരൻ എന്നിവർക്ക് വേണ്ടിയും ഉദിത് നാരായൺ മലയാളത്തിൽ പാടിയിട്ടുണ്ട്.
കൈലാഷ് ഖേർ
കാശ്മീരിയായ കൈലാഷ് ഖേർ മലയാളത്തിൽ ആദ്യം പാടിയത് പ്രിയദർശൻ ചിത്രമായ 'കിളിച്ചുണ്ടൻ മാമ്പഴ'ത്തിലായിരുന്നു. വിദ്യാസാഗറാണ് കൈലാഷ് ഖേറിനെ ഈ ചിത്രത്തിലൂടെ മലയാളത്തിൽ അവതരിപ്പിച്ചത്. (നമ്മുടെ വിനീത് ശ്രീനിവാസൻ ആദ്യമായി സിനിമയിൽ പാടിയതും ഈ സിനിമയിലാണ്) 'പറയുക നീ കഥ' എന്ന പാട്ട് കൈലാഷ് ഗംഭീരമായി പാടി അനശ്വരമാക്കിയെന്നു പറയാം. പിന്നീട് കീർത്തിചക്ര, കാണ്ഡഹാർ, ബോംബെ മാർച്ച് 12 എന്നിങ്ങനെ ഏതാനും മലയാളചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. അവയെല്ലാം തന്നെ ഹിന്ദി പാട്ടുകൾ ആയിരുന്നുവെന്ന് മാത്രം.
ശ്രേയ ഘോഷാൽ
രാജസ്ഥാനിൽ വളർന്ന ബംഗാളി വേരുകളുള്ള ശ്രേയ ഘോഷാലിനെ ഒരു ഉത്തരേന്ത്യൻ ഗായികയായി മലയാളികൾ കണക്കാക്കുന്നതേയില്ല. ഉച്ചാരണത്തിലുള്ള മലയാളിത്തവും ആലാപനത്തികവും അവരെ അത്രമേൽ മലയാളിയാക്കുന്നു. ആലാപനത്തിന് നാല് കേരള സംസ്ഥാനപുരസ്കാരങ്ങൾ നേടിയ മറ്റൊരു നോർത്തിന്ത്യൻ ഗായികയും ഇതുവരെ ഇല്ല.
2007ൽ ബിഗ് ബി എന്ന മമ്മൂട്ടിച്ചിത്രത്തിന് വേണ്ടി അമൽ നീരദിന്റെ നിർദേശപ്രകാരമാണ് സംഗീതസംവിധായകൻ അൽഫോൻസ് ജോസഫ് ശ്രേയയെ മലയാളത്തിലേക്ക് ക്ഷണിക്കുന്നത്. ചിത്രത്തിലെ അതിവൈകാരികത നിറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിൽ പിന്നണിയിലുള്ള 'വിട പറയുകയാണോ' എന്ന വിഷാദഗാനമാണ് ശ്രേയ പാടിയ മലയാളത്തിലെ ആദ്യഗാനം. വിട പറയാനെത്തിയ ശ്രേയയെ വിടാതെ പിടിച്ചു നിർത്തിയ ചരിത്രമാണ് പിന്നെ നാം കണ്ടത്. മലയാളത്തിലെ പ്രഗത്ഭരായ എല്ലാ സംഗീതസംവിധായകരും അവരെക്കൊണ്ട് ഒരു പാട്ടെങ്കിലും പാടിച്ചിട്ടുണ്ട്. തൽക്കാലം ഇത്രയും മാത്രം പറയാം.. കാരണം ശ്രേയ ഘോഷാലിന്റെ പാട്ടുകളെപ്പറ്റി പറഞ്ഞാൽ അതൊരുപാടുണ്ട്.
സാധന സർഗം
മഹാരാഷ്ട്ര സ്വദേശിനിയായ സാധന സർഗം 1982ൽ ഗുജറാത്തി സിനിമയിലാണ് പാടിത്തുടങ്ങിയതെങ്കിലും ഹിന്ദി സിനിമാഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. എ.ആർ.റഹ്‌മാൻ 'മിൻസാരക്കനവി'ലെ 'വെണ്ണിലവേ വെണ്ണിലവേ' പാടിച്ചുകൊണ്ട് സാധനയെ തമിഴിൽ അവതരിപ്പിക്കുകയും പിന്നീട് 'സ്നേഹിതനേ', 'കൊഞ്ചും മൈനാക്കളേ' പോലെയുള്ള സൂപ്പർഹിറ്റുകൾ കൊടുക്കുകയും ചെയ്തു.
2011ൽ 'ഒരു നുണക്കഥ' എന്ന ചിത്രത്തിൽ വി.ശ്രീകുമാറിനൊപ്പം 'പൊൻമുളംതണ്ടിൽ' എന്നൊരു യുഗ്മഗാനം പാടിയാണ് സാധന മലയാളത്തിലെത്തിയത്. മിഥുൻ ഈശ്വരായിരുന്നു സംഗീതം. ആകെ നാല് സിനിമകളിൽ പാടിയ സാധനയുടെ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയഗാനം ബോംബെ മാർച്ച് 12 എന്ന ചിത്രത്തിൽ അഫ്സൽ യൂസഫിനു വേണ്ടി പാടിയ 'വിരിയുന്നു കൊഴിയുന്നു' എന്ന പാട്ടാണ്.
സോനു നിഗം
നമ്മുടെ അയൽസംസ്ഥാനമായ കർണാടകത്തിൽ സോനു നിഗം എന്ന ഗായകൻ അവരുടെ ആസ്ഥാനഗായകനെപ്പോലെയാണ്. പക്ഷെ മലയാളസിനിമയിൽ അദ്ദേഹം എത്തിയത് വളരെ വൈകിയാണ്. 2010ൽ മേജർ രവി സംവിധാനം ചെയ്ത 'കാണ്ഡഹാറി'ൽ ഒരു ഹിന്ദിയിലുള്ള ഒരു ദേശഭക്തിഗാനം പാടിയാണ് ഹരിയാനക്കാരനായ സോനു നിഗം മലയാളത്തിലെത്തിയത്.
2011ൽ അഫ്സൽ യൂസഫിന്റെ സംഗീതത്തിൽ ബോംബെ മാർച്ച് 12ൽ 'ചക്കരമാവിൻ കൊമ്പത്ത് ', 2013ൽ '8.20'യിൽ അലക്സ് കയ്യാലക്കകത്തിന്റെ ഈണത്തിൽ 'തൂമഞ്ഞിൻ' എന്നെ പാട്ടുകളും സോനു നിഗം മലയാളത്തിൽ പാടിയിട്ടുണ്ട്.
'സാമ്രാജ്യം 2'വിലൂടെ കുമാർ സാനു, 'സാമ്രാജ്യം 2'വിലൂടെ തന്നെ ഷാൻ മുഖർജി, 'അന്തിപ്പൊൻവെട്ട'ത്തിലൂട സുനിധി ചൗഹാൻ, 'ട്രെയിനി'ലൂടെ ജാവേദ് അലി,
'അൻവറി'ലൂടെ സുഖ്‌വിന്ദർ സിങ് എന്നിങ്ങനെ വേറെയും നോർത്തിന്ത്യൻ ഗായകർ മലയാളസിനിമയിൽ സ്വരം കേൾപ്പിച്ചിട്ടുണ്ട്. പങ്കജ് ഉദാസും അനൂപ് ജലോട്ടയും മലയാളഭാഷയിൽ ചലച്ചിത്രേതരഗാനങ്ങളും പാടിയിട്ടുണ്ട്. മിക്കവയും അവരെക്കൊണ്ടു പാടിക്കുവാനായി മാത്രം പാടിച്ചതെന്ന് തോന്നുന്ന പാട്ടുകൾ! കൂടാതെ സൗത്ത് ഇന്ത്യൻ വേരുകളുള്ള, എന്നാൽ നോർത്ത് ഇന്ത്യൻ ഗായകരായി അറിയപ്പെടുന്ന ഉഷ ഉതുപ്പ്, ഹരിഹരൻ, കവിത കൃഷ്ണമൂർത്തി, ശങ്കർ മഹാദേവൻ, കെ കെ എന്ന കൃഷ്ണകുമാർ , ലക്ഷ്മി ശങ്കർ എന്നിവരൊക്കെയും മലയാളസിനിമയിൽ മലയാളത്തിൽ തന്നെ പാടുകയും പാട്ടിന്റെ ലോകത്ത് വെന്നിക്കൊടി പാറിക്കുകയും ചെയ്തിട്ടുണ്ട്.
ഭാഷാശുദ്ധിക്ക് വേണ്ടി ബുദ്ധിമുട്ടി പഠിച്ച് ലൈവ് ആയി പാടി റെക്കോർഡ് ചെയ്തിരുന്ന ആ പഴയ കാലത്തു നിന്നും ഇപ്പോൾ എവിടെ നിന്നും എങ്ങനെയും പാടാൻ കഴിയുന്ന പാൻ ഇന്ത്യൻ സിനിമാലോകത്തെത്തുമ്പോൾ പാട്ടിന്റെയും പാട്ടുകാരുടെയും ഭാഷക്കെന്ത് പ്രസക്തി അല്ലേ!