ADVERTISEMENT

ന്യൂഡൽഹി ∙ യുപിഎ സർക്കാരിനെ താഴെയിറക്കി 2014 ൽ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിലെത്തിച്ച പല കാരണങ്ങളിൽ ‘അവസാനത്തെ ആണി’ രാഹുൽ ഗാന്ധി പാർട്ടിക്കുള്ളിൽ ഉയർത്തിയ കലാപമാണെന്നു പ്രണബ് മുഖർജി പറഞ്ഞിട്ടുള്ളതായി മകൾ ശർമിഷ്ഠ മുഖർജി വെളിപ്പെടുത്തി. മുൻ രാഷ്ട്രപതിയെപ്പറ്റിയുള്ള ‘പ്രണബ്: മൈ ഫാദർ’ എന്ന പുസ്തകത്തിലാണ് ശർമിഷ്ഠയുടെ വെളിപ്പെടുത്തൽ. 

ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാനായി കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് പരസ്യമായി കീറിയതുൾപ്പെടെ രാഹുൽ ഉയർത്തിയ പ്രതിഷേധങ്ങളെയാണ് പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. സ്വന്തം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ രാഹുലിനോടുള്ള വിശ്വാസം പ്രണബിനു നഷ്ടമായെന്നു പുസ്തകത്തിലുണ്ട്. 

പ്രണബ് മുഖർജി,ശർമിഷ്ഠ മുഖർജി
പ്രണബ് മുഖർജി,ശർമിഷ്ഠ മുഖർജി

ഷോ കാണിക്കുന്നതിനു പകരം ഓർഡിനൻസ് ഒഴിവാക്കാനായിരുന്നു രാഹുൽ ശ്രമിക്കേണ്ടിയിരുന്നത്. മന്ത്രിസഭാ തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കാൻ അയാൾ ആരാണെന്നായിരുന്നു പ്രണബ് പ്രതികരിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. 

രാഷ്ട്രീയ പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ രാഹുലിൽ നിന്നുണ്ടായി, രാഷ്ട്രീയം മുഴുവൻസമയ ജോലിയാണ് തുടങ്ങിയ നിരീക്ഷണങ്ങളും രാഹുലിനെക്കുറിച്ചു പ്രണബ് നടത്തി. നിർണായക ഘട്ടങ്ങളിൽ അവധിയെടുത്തു പോകുന്ന രാഹുലിന്റെ രീതിയിലും പ്രണബിന് എതിർപ്പുണ്ടായിരുന്നു. രാഹുലിന്റെ ഓഫിസ് ഉൾപ്പെടെ വിശ്വസ്തരെക്കുറിച്ചും പ്രണബിന് എതിർപ്പായിരുന്നു.

അതേസമയം, മോദിയെക്കുറിച്ചു വലിയ മതിപ്പോടെയായിരുന്നു പ്രണബ് സംസാരിച്ചിരുന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ആളുകളുടെ മിടിപ്പ് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന ഏക പ്രധാനമന്ത്രി മോദിയാണെന്ന് പലവട്ടം പ്രണബ് തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ശർമിഷ്ഠ എഴുതുന്നു. 

2004 ൽ പ്രധാനമന്ത്രി ആക്കിയില്ലെന്നതിനു പുറമേ, ആദ്യ യുപിഎ മന്ത്രിസഭയിൽ ആഗ്രഹിച്ച വകുപ്പുകളും പ്രണബിനു കിട്ടിയില്ല. ഒരുനാൾ പ്രധാനമന്ത്രിയാകാൻ മോഹിച്ചിരുന്നുവെന്ന് പ്രണബ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പുസ്തകത്തിൽ പറയുന്നു.

English Summary:

Controversy on Book by Pranab Mukharjee's daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com