ലൈംഗികപീഡനം: പ്രജ്വലിനെതിരായ പരാതിക്കാരെ തടയാൻ ഭീഷണിയും
Mail This Article
ബെംഗളൂരു ∙ പ്രജ്വൽ രേവണ്ണ എംപിക്കെതിരെ മൂന്നാമത്തെ ലൈംഗികപീഡന കേസും റജിസ്റ്റർ ചെയ്തെങ്കിലും കൂടുതൽ പേർ പരാതികളുമായി മുന്നോട്ടു വരുന്നതു തടയാൻ നീക്കമെന്ന് ആരോപണം ഉയരുന്നു. ഇരുനൂറോളം സ്ത്രീകളെ പ്രജ്വൽ പീഡിപ്പിക്കുന്ന മൂവായിരത്തോളം വിഡിയോകൾ പ്രചരിച്ചെങ്കിലും ഇരകൾ നേരിട്ടു പരാതിപ്പെടാത്തത് പ്രത്യേക അന്വേഷണ സംഘത്തിനും (എസ്ഐടി) വെല്ലുവിളിയാണ്. പരാതി നൽകാൻ പൊലീസ് ഏർപ്പെടുത്തിയ ഹെൽപ് ലൈനും വേണ്ടത്ര ഫലം കണ്ടിട്ടില്ല. 25 സ്ത്രീകളെങ്കിലും എസ് ഐടിക്ക് മൊഴി നൽകിയെങ്കിലും രേഖാമൂലം പരാതിപ്പെടാൻ സന്നദ്ധരല്ല.
മുൻ പ്രധാനമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായ ദേവെഗൗഡയുടെ പുത്രനായ രേവണ്ണയുടെ കുടുംബത്തിനുള്ള രാഷ്ട്രീയസ്വാധീനം പരാതി നൽകുന്നതിൽ നിന്ന് ഇരകളെ തടയുന്നുണ്ട്. 3 പേർ പൊലീസുകാരായി ചമഞ്ഞ് ഒരു സ്ത്രീയെ കൊണ്ട് പ്രജ്വലിനെതിരെ വ്യാജപരാതി നൽകിയെന്ന ദേശീയ വനിതാ കമ്മിഷന്റെ ആരോപണത്തെക്കുറിച്ച് എസ് ഐടി അന്വേഷണം ആരംഭിച്ചു.
പ്രജ്വൽ പീഡിപ്പിച്ച യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിതാവ് എച്ച്.ഡി.രേവണ്ണയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം രേവണ്ണയുടെ പിഎയുടെ വീട്ടിൽനിന്നു കണ്ടെത്തിയ വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വലിനെതിരെ മൂന്നാമത്തെ കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ, പ്രജ്വൽ വിദേശത്തുനിന്നു മടങ്ങിവരാത്തത് അന്വേഷണം വൈകിപ്പിക്കുകയാണ്. കേസിൽ ഉൾപ്പെട്ട സ്ത്രീകളെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാൻ ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി ശ്രമിക്കുന്നതായി ആരോപിച്ച് മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിനു പരാതി നൽകി.