മോദിയുടെ ‘ശത്രു’, മമതയുടെ മിത്രം; അസൻസോളിൽ രണ്ടാം വിജയം തേടി ശത്രുഘ്നൻ സിൻഹ
Mail This Article
വയസ്സ് 78 ആയെങ്കിലും ശത്രുഘ്നൻ സിൻഹയുടെ സ്റ്റൈലിനു മാറ്റമില്ല. ഖനിത്തൊഴിലാളികളും ഫാക്ടറിത്തൊഴിലാളികളും പ്രധാന വോട്ടർമാരായ അസൻസോൾ മണ്ഡലത്തിൽ പ്രചാരണത്തിൽ ബഹുദൂരം മുൻപിലാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ഹിന്ദി സിനിമയിലെ വലിയ താരങ്ങളിലൊരാളുമായ ശത്രുഘ്നൻ.
വാജ്പേയി സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന ശത്രുഘ്നൻ ബിജെപിക്കുള്ളിലെ വിമതനായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു കോൺഗ്രസിൽ ചേർന്ന് ബിഹാറിൽ മത്സരിച്ചെങ്കിലും തോറ്റു. പിന്നീടാണു തൃണമൂലിലെത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന ബാബുൽ സുപ്രിയോ ബിജെപിയിൽനിന്നു രാജിവച്ച് തൃണമൂലിൽ ചേർന്നതിനെത്തുടർന്ന് അസൻസോളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3 ലക്ഷം വോട്ടിനാണു ശത്രുഘ്നൻ ജയിച്ചത്.
വോട്ടർമാരിൽ പകുതിയിലേറെപ്പേരും ഹിന്ദി സംസാരിക്കുന്ന മണ്ഡലത്തിൽ ഈ ‘ബിഹാറി ബാബു’വിനെ വീണ്ടും സ്ഥാനാർഥിയാക്കിയിരിക്കുകയാണ് മമത ബാനർജി. എതിരാളി മുൻ കേന്ദ്രമന്ത്രിയും നാട്ടുകാരനുമായ എസ്.എസ്.അലുവാലിയ. ബർദ്മാൻ-ദുർഗാപുർ എംപിയാണ് നിലവിൽ അദ്ദേഹം. 32 വർഷം പാർലമെന്റ് അംഗമായിരുന്ന അലുവാലിയ ബിജെപി സ്ഥാനാർഥിയായതോടെ അസൻസോളിലെ പോരാട്ടം കടുത്തു.
വോട്ടെടുപ്പിലേക്ക് ഇനി 3 ദിനം മാത്രമേയുള്ളൂവെങ്കിലും ശത്രുഘ്നൻ കൂളാണ്. ദിവസം ഒന്നോ രണ്ടോ സ്ഥലങ്ങളിലെ പ്രചാരണം മാത്രം. യോഗയ്ക്കു പുറമേ കടലയും ജീരകവും പച്ചമുളകും അരച്ചുചേർത്ത പ്രത്യേക എനർജി ഡ്രിങ്കും ദിനചര്യയുടെ ഭാഗം. ‘‘ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു ടെൻഷനുമില്ല. എന്റെ മുഖത്തുനിന്ന് നിങ്ങൾക്കതു വായിച്ചെടുക്കാം. അതിൽ തിരഞ്ഞെടുപ്പുഫലവും അടങ്ങിയിരിക്കുന്നു’’- മനോരമയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ബിഹാറിൽനിന്നും ഡൽഹിയിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ച ശത്രുഘ്നൻ ഇപ്പോൾ ഏറ്റവും വലിയ മോദി വിമർശകരിലൊരാളാണ്. ‘‘വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇ.എം.എസ്.നമ്പൂതിരിപ്പാട് മരിച്ചപ്പോൾ കേന്ദ്രമന്ത്രിയായിരുന്ന എൽകെ.അഡ്വാനി തിരുവനന്തപുരത്തെത്തി. ഇന്ന് അങ്ങനെയൊരു മര്യാദ പ്രതീക്ഷിക്കാമോ?. ജനാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണ് സ്വേഛാദിപത്യ ഭരണം നടത്തുന്ന ബിജെപിയിൽനിന്നു രാജിവച്ചത്’’– അദ്ദേഹം പറഞ്ഞു.
ഇത്തവണ ജനം മോദി സർക്കാരിനെ താഴെയിറക്കും. 400 സീറ്റ് കിട്ടുമെന്ന മോദിയുടെ പറച്ചിൽ തള്ളാണ്. 400 സീറ്റ് എവിടെനിന്നു കിട്ടും. മുൻപ് മധ്യപ്രദേശിലും കർണാടകയിലും ഗോവയിലും ചെയ്തതുപോലെ ചോർ ബസാറിൽനിന്നു വാങ്ങുമോ?- ശത്രുഘ്നൻ ചോദിച്ചു.
കേരളവുമായി അടുത്ത ബന്ധമുണ്ട് ശത്രുഘ്നന്. മൂന്നാറിൽ ഒരു വീട് വാങ്ങണമെന്നായിരുന്നു ആഗ്രഹം. ഷോലെയിൽ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതുപോലെ മലയാള സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതും എക്കാലത്തെയും വലിയ നിരാശകളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.
Q തിരഞ്ഞെടുപ്പു ആരംഭിച്ച ശേഷം മോദിയുടെ ഭാഷ മാറിയിരിക്കുന്നു?
A ഒരു മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഭാഷയാണോ അദ്ദേഹത്തിന്റേത്. ജൂൺ 4നു ശേഷം പ്രധാനമന്ത്രിതന്നെ മാറും.
Q ബിജെപി ഭരണത്തിൽ സിനിമക്കാർ ഓച്ചാനിച്ചു നിൽക്കുകയാണോ?
A സിനിമാരംഗത്ത് താഴെത്തട്ടു മുതൽ മുകളിൽ വരെ ഭീതിയുടെ അന്തരീക്ഷമാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ യജമാനൻമാർക്കു വേണ്ടി ജോലി ചെയ്യുമ്പോൾ അവർ പേടിക്കുന്നു. പ്രകാശ് രാജിനെപ്പോലുള്ള ചിലർ സത്യം വിളിച്ചുപറയുന്നു. അവരെ നിർമാതാക്കൾ ഒഴിവാക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം കർഷകർക്കെതിരെ എല്ലാ സെലിബ്രിറ്റികളും ഒരേ ഭാഷയിൽ ട്വീറ്റ് ചെയ്യുന്നു. ഈ ഭരണം അവസാനിക്കണമെന്ന് സിനിമക്കാരും ക്രിക്കറ്റ് താരങ്ങളും ഹൃദയംകൊണ്ട് ആഗ്രഹിക്കുന്നുണ്ട്.
Q ബിജെപി ഭരണഘടനയെത്തന്നെ മാറ്റുമെന്ന ആരോപണം?
A അവർ അതു ചെയ്യും. ഒരു സംസ്ഥാനംതന്നെ കേന്ദ്രഭരണപ്രദേശമായി മാറി. കേട്ടുകേൾവിയില്ലാത്തതാണിത്.