ADVERTISEMENT

മുംബൈ ∙ മുംബൈ ‘മിനി ഇന്ത്യ’യാണെങ്കിൽ നഗരത്തിലെ നോർത്ത് സെൻട്രൽ ലോക്സഭാ മണ്ഡലം ‘മിനി മുംബൈ’യാണ്. ബോളിവുഡ് താരവസതികളും ചേരികളും ഒരേപോലെയുണ്ട്. ഇതരസംസ്ഥാനക്കാരും മണ്ണിന്റെ മക്കളുമെല്ലാം ഇടകലർന്നു കഴിയുന്നു. വോട്ടർമാരിൽ ഉദ്ധവ് താക്കറെയും ഷാറുഖ് ഖാനും സൽമാൻ ഖാനും സച്ചിൻ തെൻഡുൽക്കറുമുണ്ട്. കരീന കപൂർ, സെയ്ഫ് അലി ഖാൻ, സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, രൺബീർ കപൂർ, ആലിയ ഭട്ട്, ജോൺ ഏബ്രഹാം എന്നിങ്ങനെ നീളുന്നു നോർത്ത് സെൻട്രലിൽ താമസിക്കുന്ന താരങ്ങളുടെ പട്ടിക.

ബാന്ദ്രയിലെ പാലി ഹിൽ ഇൗ മണ്ഡലത്തിലാണ്. അന്തരിച്ച നടൻ ദിലീപ്കുമാറിന്റെ ബംഗ്ലാവിനു തൊട്ടടുത്താണ് സുനിൽ ദത്ത്–നർഗീസ് താരദമ്പതികളുടെ ബംഗ്ലാവ്. ഇവരുടെ മകൾ പ്രിയാ ദത്ത് ഇവിടെ കോൺഗ്രസ് എംപിയായിരുന്നു. മോദി തരംഗത്തിൽ 2014ലും ’19 ലും പ്രിയയെ തോൽപിച്ച പൂനം മഹാജനാകട്ടെ ബിജെപി ഇത്തവണ സീറ്റ് നിഷേധിക്കുകയും ചെയ്തു.

അന്തരിച്ച മുതിർന്ന നേതാവ് പ്രമോദ് മഹാജന്റെ മകൾക്കു പകരം ബിജെപി സ്ഥാനാർഥിയാക്കിയത് നഗരത്തിന് ഏറെ സുപരിചിതനായ പുതുമുഖത്തെയും – ഉജ്വൽ നികം. 26/11 മുംബൈ ഭീകരാക്രമണക്കേസിൽ പാക് ഭീകരൻ അജ്മൽ കസബിനു തൂക്കുകയർ വാങ്ങിക്കൊടുത്ത സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

1993 ലെ മുംബൈ സ്ഫോടനപരമ്പര, 2003 ലെ ഇരട്ടസ്ഫോടനങ്ങൾ, ഗുൽഷൻ കുമാർ വധം, പ്രമോദ് മഹാജൻ വധം തുടങ്ങിയ കേസുകളിലെ സർക്കാർ അഭിഭാഷകൻ. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകളിൽ ജീവപര്യന്തവും വധശിക്ഷയും ആവശ്യപ്പെട്ട പ്രോസിക്യൂട്ടർ. പത്മശ്രീ ജേതാവ്. പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചാണ് നികം ബിജെപിയുടെ കൊടിപിടിച്ചിരിക്കുന്നത്.

എന്നാൽ, എതിർസ്ഥാനാർഥി കോൺഗ്രസിലെ വർഷ ഗായ്ക്‌വാഡ് ജനകീയ നേതാവാണ്. കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷ. പാർട്ടിയുടെ ദലിത് മുഖം. ഉദ്ധവ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. മുൻ എംപി ഏക്നാഥ് ഗായ്ക്‌വാഡിന്റെ മകളും ധാരാവി എംഎൽഎയുമായ വർഷ അടിതടകളെല്ലാം പഠിച്ചു പയറ്റിത്തെളിഞ്ഞ നേതാവാണ്.

നികമിനാകട്ടെ ഇത് ആദ്യ തിരഞ്ഞെടുപ്പാണ്. ‘‘രാജ്യത്തിനെതിരെ പോരാടിയവർക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ ഞാൻ ചെയ്ത കാര്യങ്ങൾക്ക് ജനങ്ങൾക്കറിയാം. അതും എൻഡിഎയുടെ കരുത്തുമാണ് എന്റെ ആത്മവിശ്വാസം’’– നികം പറയുന്നു.

‘‘ഉജ്വൽ നികം നല്ല അഭിഭാഷകനാണ്. പക്ഷേ, ജനങ്ങളുടെ കോടതിയിൽ എനിക്കാണു മികവ്’’– വർഷയുടെ വാക്കുകളിലും ആത്മവിശ്വാസം.

English Summary:

Mumbai North Central Loksabha constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com