ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയ്ക്കുശേഷമെന്ന് മോദി; ലോകത്തിന് ഗാന്ധിജിയെ അറിയില്ലായിരുന്നോ?
Mail This Article
ന്യൂഡൽഹി∙ റിച്ചഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമ 1982 ൽ ഇറങ്ങുന്നതുവരെ ലോകത്തിനു മഹാത്മാഗാന്ധിയെ അറിയില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എബിപി ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് പരാമർശം. മഹാത്മാഗാന്ധിക്കു വേണ്ടത്ര സ്വീകാര്യതയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ഗാന്ധി മഹാത്മാവായിരുന്നു. അദ്ദേഹത്തിന് അത്തരത്തിലുള്ള ആഗോള മതിപ്പുണ്ടാക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ? ആർക്കും അദ്ദേഹത്തെ അറിയുമായിരുന്നില്ല. ‘ഗാന്ധി’ സിനിമ പുറത്തുവന്നപ്പോൾ ഇതാരാണെന്നു ലോകത്തിനു കൗതുകം തോന്നി. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൻ മണ്ടേലയെയും ലോകത്തിന് അറിയാമായിരുന്നെങ്കിൽ, അതിലൊട്ടും കുറഞ്ഞ ആളായിരുന്നില്ല ഗാന്ധിയെന്ന കാര്യം സമ്മതിച്ചേ പറ്റൂ.
ഗാന്ധിയും അദ്ദേഹത്തിലൂടെ ഇന്ത്യയും അംഗീകരിക്കപ്പെടേണ്ടതായിരുന്നു. ലോകം മുഴുവൻ സഞ്ചരിച്ച ശേഷമാണ് ഞാൻ ഇതു പറയുന്നത്’ – അഭിമുഖത്തിൽ മോദി പറഞ്ഞു. പ്രതിപക്ഷം ഇന്ത്യയുടെ സംസ്കാരത്തെയും മൂല്യങ്ങളെയും എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.
മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ആരെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതു കാലാവധി പൂർത്തിയാക്കി പുറത്തുപോകാനിരിക്കുന്ന പ്രധാനമന്ത്രി മാത്രമാണെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
ലോകത്തിന് ഗാന്ധിജിയെ അറിയില്ലായിരുന്നോ?
ദണ്ഡിയാത്രയോടെ ഗാന്ധിജി ലോകപ്രശസ്തിയിലേക്ക് ഉയർന്നിരുന്നു. ലണ്ടനിലും മറ്റും അദ്ദേഹത്തെ കാണാൻ ജനക്കൂട്ടം ഒഴുകിയെത്തി. മിക്ക മാധ്യമങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ലേഖകരെ ചുമതലപ്പെടുത്തിയിരുന്നു.
1930 ലെ മാൻ ഓഫ് ദി ഇയർ ആയി ഗാന്ധിജിയെ തിരഞ്ഞെടുത്ത ടൈം മാഗസിന്റെ 1931 ജനുവരി 5 ലക്കത്തിന്റെ കവർചിത്രം അദ്ദേഹം ആയിരുന്നു. ആൽബർട്ട് ഐൻസ്റ്റൈനെപ്പോലുള്ളവർ അക്കാലം തൊട്ടേ ഗാന്ധിജിയെ ആരാധിച്ചു. അഭിമുഖത്തിൽ നരേന്ദ്ര മോദി പരാമർശിച്ച മാർട്ടിൻ ലൂഥർ കിങ്ങും നെൽസൻ മണ്ഡേലയും മഹാത്മജിയുടെ കടുത്ത ആരാധകരായിരുന്നു.
കൗമാരത്തിൽത്തന്നെ നാസി തടങ്കൽപാളയത്തിൽ മരിച്ച ജൂത പെൺകുട്ടി ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലും ഗാന്ധിജിയുണ്ട്. 1969 ൽ ഗാന്ധിജിയുടെ ജന്മശതാബ്ദിയായപ്പോഴേക്കും നാൽപതോളം രാജ്യങ്ങൾ അദ്ദേഹത്തെ ആദരിച്ച് സ്റ്റാംപ് പുറത്തിറക്കിയിരുന്നു. ലോക്സഭാ ലൈബ്രറിയിൽ അദ്ദേഹത്തെക്കുറിച്ച് വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ച രണ്ടായിരത്തിലേറെ പുസ്തകങ്ങളുണ്ട്.