ബാർ കോഴ: വീര്യം കുറയ്ക്കാൻ മലക്കം മറിച്ചിൽ; ശബ്ദസന്ദേശത്തിനു പുതിയ വ്യാഖ്യാനവുമായി ബാർ ഉടമ
Mail This Article
തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിൽ മന്ത്രി എം.ബി.രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. മദ്യനയം മാറ്റുന്നതിനു കോഴ കൊടുക്കണമെന്ന ആരോപണമല്ല, ഈ ആരോപണമുന്നയിച്ചു പുറത്തുവന്ന ശബ്ദരേഖയ്ക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
ഇതിനിടെ, ബാർ ഉടമാ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ മുൻനിലപാടിൽനിന്നു മലക്കം മറിഞ്ഞു. സംഘടനയുടെ യോഗത്തിൽ ഒറ്റപ്പെടുത്തിയതിന്റെ മാനസികാവസ്ഥയിലാണു ബാറുടമകളുടെ ഗ്രൂപ്പിൽ ശബ്ദസന്ദേശമിട്ടതെന്നും ഉദ്ദേശിച്ചതുപോലെ പറയാൻ അപ്പോഴത്തെ അവസ്ഥയിൽ കഴിഞ്ഞില്ലെന്നും അനിമോൻ വാട്സാപ്പിൽ കുറിപ്പിട്ടു. പറഞ്ഞതു തെറ്റിദ്ധാരണയുണ്ടാക്കി.
സംഘടനയുടെ ബിൽഡിങ് ഫണ്ടാണ് ആവശ്യപ്പെട്ടത് എന്നതുൾപ്പെടെ അസോസിയേഷന്റെ കഴിഞ്ഞദിവസം നൽകിയ വിശദീകരണം അതേപടി കുറിപ്പിൽ ആവർത്തിച്ചിട്ടുണ്ട്. ഈ വാട്സാപ് സന്ദേശത്തിനപ്പുറം കൂടുതലൊന്നും പറയാനില്ലെന്ന് അനിമോൻ ‘മനോരമ’യോടു പ്രതികരിച്ചു.
പുതിയ മദ്യനയം അനുകൂലമാക്കാൻ പണം കൊടുക്കണമെന്നും ഇതിനായി രണ്ടരലക്ഷം രൂപ വീതം നൽകണമെന്നും ബാർ ഉടമകളുടെ ഗ്രൂപ്പിൽ അനിമോൻ നൽകിയ ശബ്ദസന്ദേശമാണു വിവാദത്തിനു തുടക്കമിട്ടത്.
ശബ്ദസന്ദേശം വിവാദമായ പശ്ചാത്തലത്തിൽ മന്ത്രി എം.ബി.രാജേഷ് നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഇന്നലെയാണ് 12 അംഗ സംഘം രൂപീകരിച്ചത്. ക്രൈംബ്രാഞ്ച് എസ്പി പി.എസ്.മധുസൂദനനും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ബിനുകുമാറും 2 ഇൻസ്പെക്ടർമാരും 8 പൊലീസുകാരുമടങ്ങിയതാണു സംഘം. സമാന്തരമായി എക്സൈസ് ഇന്റലിജൻസ് വിഭാഗവും രഹസ്യാന്വേഷണം തുടങ്ങി.
നാളെ അനിമോന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലായിരുന്നു ക്രൈംബ്രാഞ്ച്. അനിമോൻ തന്നെ ആരോപണം പിൻവലിച്ചതോടെ സിപിഎമ്മിനും സർക്കാരിനും ആശ്വാസമായി. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണമല്ല, ജുഡീഷ്യൽ അന്വേഷണമാണു വേണ്ടതെന്നു യുഡിഎഫ് ആവശ്യപ്പെട്ടു. 2 മന്ത്രിമാർക്കു കോഴയിടപാടിൽ പങ്കുണ്ടെന്നാണു യുഡിഎഫിന്റെ ആരോപണം.
സ്വകാര്യ സന്ദർശനത്തിന് മന്ത്രി യൂറോപ്പിൽ
ഇതിനിടെ, എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഒരാഴ്ചത്തെ യൂറോപ്പ് സന്ദർശനത്തിനായി കുടുംബസമേതം യാത്ര തിരിച്ചു. ഫ്രാൻസ്, ബൽജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണു മന്ത്രിയുടെ യാത്ര. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യയാത്രയാണ്. രണ്ടിനു തിരിച്ചെത്തും.
വിവാദവും കേസും ആയ ശേഷം അനിമോന്റെ കുറിപ്പ്
ബിൽഡിങ് ഫണ്ടിൽ ഇടുക്കി ജില്ലയാണു സഹകരിക്കാത്തതെന്നും അതിനു കാരണം ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയായ ഞാനാണെന്നും നിർവാഹകസമിതി യോഗത്തിൽ പ്രസിഡന്റ് സുനിൽകുമാർ കുറ്റപ്പെടുത്തി. പറഞ്ഞ സമയത്തു റജിസ്ട്രേഷൻ നടക്കാതിരുന്നാൽ സംഘടനയുടെ ഒരു കാര്യത്തിനും ഇറങ്ങില്ലെന്നും പോളിസി എന്തായെന്നൊന്നും ചോദിച്ച് ആരും വിളിക്കരുതെന്നും സുനിൽകുമാർ പറഞ്ഞു. ഈ ഭീഷണിയെ ഞാൻ ശക്തമായി എതിർത്തു. അവരെല്ലാം കൂടി എന്നെ ആക്ഷേപിച്ചാണ് ഇറക്കിവിട്ടത്. അന്നേരത്തെ ഒരു മാനസികാവസ്ഥയിലാണു ശബ്ദസന്ദേശമിട്ടത്. പക്ഷേ അതിനു ഞാൻ ഉദ്ദേശിച്ച അർഥമല്ല വന്നത്.