ADVERTISEMENT

കോട്ടയം ∙ കോളജ് വിദ്യാർഥിനിയായ മകളെയും ആൺസുഹൃത്തുക്കളെയും ഒരു കിലോഗ്രാം ലഹരിമരുന്നുമായി പിടികൂടിയെന്നും രക്ഷിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് വ്യാജന്റെ ഫോൺ കോൾ. സിബിഐ ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ഫോൺ വിളിച്ചത്. വീട്ടമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലം വ്യാജ ‘സിബിഐ ഉദ്യോഗസ്ഥ’ന്റെ തന്ത്രം പാളി.

ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ഇന്നലെ വാട്സാപ് കോളിലൂടെ ഭീഷണി എത്തിയത്. ചങ്ങനാശേരിയിലെ ഒരു കോളജിലെ വിദ്യാർഥിനിയാണ് ഇവരുടെ മകൾ. ഭർത്താവിന്റെ പേരു ചോദിച്ചാണ് വീട്ടമ്മയ്ക്കു ഫോൺ കോൾ എത്തിയത്. തുടർന്നു വിദ്യാർഥിനിയുടെ പേരു പറഞ്ഞ ശേഷം ‘കുട്ടിയുടെ അമ്മയല്ലേ’ എന്നായി ചോദ്യം.

മകൾ തന്നെയാണ് നമ്പർ തന്നതെന്നും മകളും 3 സുഹൃത്തുക്കളും ലഹരിമരുന്നുമായി തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നുമാണ് ഫോൺ വിളിച്ചയാൾ അറിയിച്ചത്. നിങ്ങളുടെ മകൾ തെറ്റുകാരിയല്ലെന്നും പക്ഷേ, അവളെ രക്ഷിക്കണമെങ്കിൽ പണം വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. പണം നൽകാൻ തയാറല്ലെങ്കിൽ ഇവരെ ഇപ്പോൾത്തന്നെ ഡൽഹിയിലേക്കു കൊണ്ടുപോകുകയാണെന്നും യുവാവ് ഭീഷണിപ്പെടുത്തി.

സംഭവം കേട്ട് വീട്ടമ്മ ആദ്യം ഞെട്ടി. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഫോണിലൂടെ പണം ആവശ്യപ്പെടില്ലല്ലോ എന്ന കാര്യം ഓർത്തത്. താൻ തിരികെ വിളിക്കാമെന്നു വീട്ടമ്മ പറഞ്ഞെങ്കിലും ഫോൺ കട്ട് ചെയ്യരുതെന്നും കട്ട് ആക്കിയാൽ ദുഃഖിക്കേണ്ടി വരുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. എന്തും വരട്ടെയെന്നു വിചാരിച്ച് വീട്ടമ്മ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ കോളജിലേക്ക് വിളിക്കുകയുമായിരുന്നു.

മകൾ കോളജിലുണ്ടെന്ന് അറിഞ്ഞതോടെയാണ് വന്നത് വ്യാജ കോൾ ആയിരുന്നുവെന്നും പണം തട്ടുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും മനസ്സിലായത്. തുടർന്നു വിവരം പൊലീസിൽ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്തു. അപ്പോഴും വ്യാജ സിബിഐ ഉദ്യോഗസ്ഥന്റെ ഫോൺ കോൾ വരുന്നുണ്ടായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമായിരുന്നു വിളിച്ച ആളുടെ വാട്സാപ് പ്രൊഫൈലിൽ ഉണ്ടായിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു.

English Summary:

Fake call demanding money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com