ഒരുനോക്ക് കാണാനാവാതെ: കണ്ണൂർ കലക്ടറേറ്റിൽ പൊതുദർശനത്തിന് അനുമതി നൽകാതെ ജില്ലാ ഭരണകൂടം
Mail This Article
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മൃതദേഹം കണ്ണൂർ കലക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കാത്തതിൽ ജീവനക്കാർക്കു പ്രതിഷേധം. പൊതുദർശനത്തിന് അനുമതി നൽകിയില്ലെന്നു മാത്രമല്ല, മൃതദേഹവുമായി പത്തനംതിട്ടയിലേക്കു പോയ ആംബുലൻസ് കലക്ടറേറ്റിനു മുന്നിലേക്കു വരാതിരിക്കാനും ജില്ലാ ഭരണകൂടം ശ്രദ്ധിച്ചു. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിരുന്നു. മൃതദേഹം കലക്ടറേറ്റിലേക്കു പൊതുദർശനത്തിനു കൊണ്ടുവരുമെന്നാണ് സഹപ്രവർത്തകർ കരുതിയത്. എന്നാൽ അതുണ്ടായില്ല.
നവീൻ ബാബു അഴിമതിക്കാരനാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുറ്റം ചാർത്തുമ്പോൾ മൂകസാക്ഷിയായ കലക്ടർ അരുൺ കെ.വിജയനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാർ ഉയർത്തിയത്. സംഘടനാഭേദമില്ലാതെ, ഒറ്റക്കെട്ടായി അവർ മുദ്രാവാക്യം വിളിച്ചു. രോഷം അണപൊട്ടി നിൽക്കുന്ന ജീവനക്കാരുടെ മുന്നിലേക്കു മൃതദേഹം കൊണ്ടുവരാൻ ജില്ലാ ഭരണകൂടത്തിനു ധൈര്യമില്ലായിരുന്നു. പൊതുദർശനം വേണമെന്ന ആവശ്യവുമായി ജീവനക്കാർ ബന്ധപ്പെട്ടപ്പോൾ, ബന്ധുക്കൾ വന്നശേഷം മൃതദേഹം വിട്ടുനൽകുമെന്നാണ് ജില്ലാ ഭരണകൂടം പ്രതികരിച്ചത്.
യാത്രയയപ്പു ചടങ്ങിലേക്കു ക്ഷണിക്കപ്പെടാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയതെങ്കിലും ഇക്കാര്യം കലക്ടർക്ക് അറിയാമായിരുന്നെന്ന് ജീവനക്കാർ പറയുന്നു. ഇതു രോഷം ഇരട്ടിയാക്കി. ഇതോടെ പൊതുവികാരം മാധ്യമങ്ങൾക്കു മുന്നിൽ പ്രകടിപ്പിക്കുന്നതിൽ നിന്നു ജീവനക്കാരെ കലക്ടർ വിലക്കുകയും ചെയ്തു.
ഓഫിസ് സമയം കഴിഞ്ഞിട്ടും ജീവനക്കാരിൽ പലരും കലക്ടറേറ്റ്, സിവിൽസ്റ്റേഷൻ പരിസരങ്ങളിൽ കാത്തുനിന്നു. നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോൾ രാത്രി ഒരുമണി കഴിഞ്ഞിരുന്നു. ഒന്നരയോടെ മൃതദേഹവുമായി ആംബുലൻസ് പത്തനംതിട്ടയിലേക്കു തിരിച്ചു.
കലക്ടറേറ്റിനു മുന്നിലേക്ക് എത്താതിരിക്കാൻ ആംബുലൻസ് വഴിതിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ കോൺഗ്രസിന്റെ ഉപവാസസമരം നടക്കുന്നുണ്ടായിരുന്നു. ആംബുലൻസ് എത്തുമ്പോൾ അന്ത്യോപചാരമർപ്പിക്കാൻ അവരും കാത്തിരുന്നു. എന്നാൽ അതിനൊന്നും അവസരം നൽകാതെ, ജീവിതത്തിൽനിന്നുതന്നെ യാത്രയയപ്പു നൽകിയ നഗരം കടന്ന് നവീൻ ബാബുവിന്റെ മൃതദേഹവുമായി ആംബുലൻസ് പോയി.