കണ്ണീർപ്പുഴയായി മലയാലപ്പുഴ; നവീന് യാത്രാമൊഴി
Mail This Article
പത്തനംതിട്ട ∙ ദുഃഖം തളംകെട്ടിനിന്ന കാരുവള്ളിൽ വീട്ടിലേക്ക് നവീൻ ബാബു അവസാനമായി കടന്നുവന്നു, ചേതനയറ്റ ശരീരമായി. പ്രിയപ്പെട്ടവരുടെ കണ്ണുകളിൽനിന്ന് ഇറ്റുവീണ കണ്ണീർത്തുള്ളികളെ സാക്ഷിയാക്കി നാട് അദ്ദേഹത്തിന് യാത്രാമൊഴിയേകി. കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയത്.
കണ്ണൂരിലെ യാത്രയയപ്പ് ചടങ്ങിലെ വേദനിപ്പിക്കുന്ന വാക്കുകൾക്ക് ഇരയായ നവീൻ ബാബുവിന് സ്നേഹത്തിന്റെ ഭാഷയിൽ യാത്രയയപ്പു നൽകുകയായിരുന്നു ജന്മനാട്. പ്രളയകാലത്തും കോവിഡ് കാലത്തും മികച്ച പ്രകടനം കാഴ്ചവച്ച റവന്യു ഉദ്യോഗസ്ഥൻ നവീൻ ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലം പത്തനംതിട്ടയിലായിരിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് മടങ്ങുന്നത്.
11.35ന് ഭൗതിക ശരീരം മലയാലപ്പുഴയിലെ വീട്ടിലെത്തിച്ചു. വീട്ടിലെ സ്വീകരണമുറിയിലേക്കാണ് ആദ്യം മൃതദേഹമെത്തിച്ചത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ച ശേഷം പൊതുദർശനത്തിനായി വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ ഇടത്തേക്ക് എത്തിച്ചു. ഉച്ചകഴിഞ്ഞ് 2.45ന് സംസ്കാര കർമങ്ങൾ ആരംഭിച്ചു. മക്കളായ നിരഞ്ജനയും നിരുപമയും ചേർന്നാണ് അന്ത്യകർമങ്ങൾ ചെയ്തത്. കർമങ്ങൾ പൂർത്തിയാക്കി 3.45ന് മൃതദേഹം ചിതയിലേക്കെടുത്തു. ഇളയ മകൾ നിരുപമയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
വിങ്ങലോടെ സഹപ്രവർത്തകർ
പത്തനംതിട്ട ∙ അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ ഏറ്റുവാങ്ങേണ്ടിയിരുന്ന പത്തനംതിട്ട കലക്ടറേറ്റിൽ ഇന്നലെ നവീൻ ബാബുവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയതു കണ്ണീർ പൂക്കൾ. ജില്ലയുടെ ഭരണ സാരഥ്യത്തിൽ രണ്ടാമനായി ചുമതലയേൽക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ മൃതശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ ജനപ്രതിനിധികളും സിവിൽ സർവീസ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും അടക്കിപ്പിടിച്ച സങ്കടം കണ്ണീർച്ചാലുകളായൊഴുകി.
എഡിഎമ്മായി ചുമതലയേൽക്കുന്നതു കാത്തിരുന്ന പ്രിയപ്പെട്ടവരുടെ ആദരവും സ്നേഹവായ്പുകളും ഒരു നൂറു പുഷ്പങ്ങളായി അദ്ദേഹത്തിനു മേൽ നിറഞ്ഞു. സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം ഒട്ടേറെപ്പേർ കലക്ടറേറ്റിലേക്ക് ഇന്നലെ രാവിലെയെത്തി. പ്രിയപ്പെട്ട നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കു കാണാനുള്ള വരി കലക്ടറേറ്റിലേക്കുള്ള പ്രധാന കവാടത്തോളം നീണ്ടു.
ഇതിലും മികച്ച യാത്രയയപ്പ് നവീൻ അർഹിച്ചിരുന്നു:പി.ബി.നൂഹ്
പത്തനംതിട്ട ∙ ‘പോയതു നാട്ടുകാർക്കാണ്, ഇതിലും മികച്ച യാത്രയയപ്പ് നവീൻ ബാബു അർഹിച്ചിരുന്നു’, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സപ്ലൈകോ സിഎംഡി പി.ബി.നൂഹിന്റെ പ്രതികരണം ഇതായിരുന്നു. നേരത്തെ നൂഹ് പത്തനംതിട്ട കലക്ടറായിരുന്നപ്പോൾ നവീൻ ബാബുവിനൊപ്പം പ്രവർത്തിച്ച കാര്യങ്ങൾ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. താൻ കലക്ടറായി പ്രവർത്തിച്ച 3 വർഷത്തിനിടെ സംഭവ ബഹുലമായ സംഭവങ്ങളുണ്ടായപ്പോൾ നവീൻ ബാബു കാര്യക്ഷമമായി പ്രവർത്തിച്ച കാര്യങ്ങൾ നൂഹ് വിശദമായി കുറിച്ചു.
2018ലെ വെള്ളപ്പൊക്കത്തിൽ പത്തനംതിട്ടയിലെ പ്രമാടത്ത് ഫ്ലഡ് റിലീഫ് മെറ്റീരിയൽ കലക്‌ഷൻ കേന്ദ്രത്തിൽ പുലർച്ചെ 3 വരെ പ്രവർത്തിച്ച നവീൻ ബാബുവിനെയാണു തനിക്ക് പരിചയമെന്നും ശബരിമലയുമായി ബന്ധപ്പെട്ട ചുമതലകൾ വിശ്വസിച്ച് ഏൽപിക്കാൻ കഴിയുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നെന്നും കോവിഡ് കാലത്ത് തിരുവല്ലയിലെ ക്വാറന്റീൻ കേന്ദ്രം പരാതികളില്ലാതെ ഏകോപിപ്പിച്ച കാര്യവും നൂഹ് അനുസ്മരിച്ചു.
എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണെന്നും, അദ്ദേഹം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നുവെന്നും നൂഹ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ആരോടും മുഖം കറുപ്പിക്കാത്ത വ്യക്തി: ദിവ്യ എസ്.അയ്യർ
എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച വേദിയിൽ കരച്ചിലടക്കാൻ പ്രയാസപ്പെടുകയായിരുന്നു മുൻ കലക്ടർ ദിവ്യ എസ്.അയ്യർ. മന്ത്രിമാരായ കെ.രാജനും, വീണാ ജോർജുമാണ് ദിവ്യയെ ആശ്വസിപ്പിച്ചത്. ആരോപണങ്ങൾ വിശ്വസിക്കാൻ കഴിയുന്നില്ല, നവീൻ ഒരു പാവത്താനാണെന്നും ദിവ്യ പറഞ്ഞു.
ജോലി ചെയ്യുന്നതിൽ ആത്മാർഥതയുള്ള മനുഷ്യനായിരുന്നു. ഒരു മനുഷ്യനെപ്പോലും കുത്തി നോവിക്കാത്ത ഒരാളോടും മുഖം കറുപ്പിക്കാത്ത വ്യക്തിയായിരുന്നു നവീൻ ബാബു. അദ്ദേഹത്തിന് ഡപ്യൂട്ടി കലക്ടറായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ് അവസാനമായി കണ്ടത്. അന്ന് ചേംബറിലെത്തി കണ്ടു. ഫോട്ടോയെടുത്തു. വീണ്ടും ഇവിടെ ഇങ്ങനെ കാണേണ്ടി വരുന്നത് സഹിക്കാനാകുന്നില്ലെന്നും ദിവ്യ എസ്.അയ്യർ പറഞ്ഞു.