ADVERTISEMENT

ന്യൂഡൽഹി∙ ആംആദ്‍മി പാർട്ടി ദേശീയ കൺവീനറായ അരവിന്ദ് കേജ്‍രിവാളിന്റെ സംസ്ഥാനമായ ഹരിയാനയിൽ ആംആദ്മി പാർട്ടിക്ക് നിയമസഭയിൽ പൂജ്യം സീറ്റ്. ജമ്മു കശ്മീരിൽ ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നു. ദോഡ സീറ്റിലാണ് എഎപി സ്ഥാനാർഥി മെഹ്‌രാജ് മാലിക് വിജയിച്ചത്. 4538 വോട്ടുകൾക്കാണ് ബിജെപിയിലെ ഗജയ് സിങ് റാണയെ പരാജയപ്പെടുത്തിയത്.

നാഷനൽ കോൺഫറന്‍സ് സ്ഥാനാർഥി ഖാലിദ് നജിബ് സുഹർവാർദി 9894 വോട്ടുകൾക്ക് മൂന്നാം സ്ഥാനത്തായി. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ശക്തിരാജാണ് ഈ സീറ്റിൽ വിജയിച്ചത്. എഎപി വിജയം രാഷ്ട്രീയ എതിരാളികളെ ‍ഞെട്ടിച്ചു.

അധികാരത്തിലുള്ള ഡൽഹിയിൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കുമ്പോഴാണ് പാർട്ടിക്ക് തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിൽ തിരിച്ചടിയുണ്ടായിരിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു ജയിൽമോചിതനായ കേജ്‌രിവാൾ അപ്രതീക്ഷിതമായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ജാമ്യം കിട്ടിയെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും കേജ്‌രിവാൾ തീരുമാനിച്ചത്. അടുത്ത വർഷം നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന നിലപാടിലാണ് കേജ്‍രിവാൾ.

ഹരിയാനയിൽ എഎപി–കോൺഗ്രസ് സീറ്റ് ധാരണ പരാജയപ്പെട്ടിരുന്നു. എഎപിയുടെ സംസ്ഥാന നേതാക്കളാണ് ദേശീയ നേതാക്കളുടെ ചർച്ചകൾക്ക് തടസ്സമായത്. കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും എഎപി ബന്ധത്തിന് എതിരായിരുന്നു. വോട്ടുകൾ ബിജെപിയിലേക്ക് ഭിന്നിച്ച് പോകാതിരിക്കാൻ സഖ്യം നല്ലതാണെന്നായിരുന്നു രാഹുലിന്റെ നിലപാട്. പ്രാദേശിക എതിർപ്പു കാരണം ഇതു നടന്നില്ല. 90 സീറ്റിൽ പത്തു സീറ്റ് വേണമെന്ന എഎപി ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഏഴു സീറ്റിലധികം നൽകില്ലെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. പിന്നീട് എല്ലാ സീറ്റുകളിലും എഎപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഎപിയുടെ പ്രകടനം മോശമായിരുന്നു. 46 സീറ്റിൽ സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒരു സീറ്റിലും വിജയിക്കാനായില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടു. കോൺഗ്രസുമായുള്ള സഖ്യത്തിന്റെ ഭാഗമായി കുരുക്ഷേത്ര സീറ്റ് ലഭിച്ചു. 30,000 വോട്ടിനാണ് പരാജയപ്പെട്ടത്.

English Summary:

Aam Aadmi Party failed in Haryana and won in Jammu and Kashmir Assembly seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com