‘ഇഎംഎസിനെ അറിയാമോ?’: എഫ്ബിഐ പിടികൂടിയ മലയാളിയുടെ കഥ
Mail This Article
ഒന്നും സംഭവിക്കാത്തപോലെ രണ്ടാഴ്ച കഴിഞ്ഞു. ഇതിനിടെ ഒരു എഫ്ബിഐ ഏജന്റ് ഞാൻ വീട്ടിൽ ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തിയശേഷം ഭാര്യ സരോജയെ വന്നു കണ്ടു. എന്റെ റഷ്യൻ ബന്ധം ഭാര്യ അറിഞ്ഞിട്ടുണ്ടോ എന്നതായിരുന്നു അവരുടെ സംശയം. റഷ്യയിൽ നിന്നൊരു സുഹൃത്തുണ്ടായ കാര്യം തുടക്കത്തിൽ ഞാനവളോടു പറഞ്ഞിരുന്നില്ല. എങ്കിലും വിവരം മേലധികാരികളെ അറിയിച്ചപ്പോൾ എല്ലാ കാര്യങ്ങളും വിശദമായി അവളെ ധരിപ്പിച്ചിരുന്നു.
സരോജയെ കണ്ടു സംസാരിക്കാൻ വന്ന എഫ്ബിഐ ഏജന്റ് ചെറുപ്പക്കാരനായിരുന്നു. ഏജൻസിയിൽ ഇപ്പോഴും പ്രോബേഷനറാണെന്നവൾ മനസ്സിലാക്കി. അയാൾ ഒരു അക്കൗണ്ടൻസി ബിരുദധാരിയാണെന്നറിഞ്ഞ് അവൾ ചോദിച്ചു. ‘നിങ്ങൾ വാൾസ്ട്രീറ്റിലോ മറ്റോ മാന്യമായ പണി തേടാതെ എന്തിനീ പൊലീസ് വേഷം കെട്ടി നടക്കുന്നു? ’ എഫ്ബിഐ റിക്രൂട്ടിലേക്ക് കണക്കെഴുത്ത് ഐച്ഛികമായി പഠിച്ചവർക്ക് മുൻഗണനയുണ്ടെന്നവൾ അറിഞ്ഞിരുന്നില്ല.
ഒരു യാഥാസ്ഥിതിക ഇന്ത്യ വീട്ടമ്മയെ ചോദ്യം ചെയ്ത് കേസിനു തുമ്പുണ്ടാക്കാനാണു സായ്പ് എത്തിയത്. ഹോസ്പിറ്റലിൽ ചികിത്സയ്ക്കെത്തിയ ഗുണ്ടാത്തലവൻമാരോടു പോലും ഡോക്ടറെന്ന നിലയിൽ ഇടപെടേണ്ടി വന്നിട്ടുള്ള സരോജയ്ക്കു സായ്പിനെ കണ്ട് മുട്ടിടിച്ചില്ല.
ലോക കാര്യങ്ങളറിയാനുള്ള എന്റെ ജിജ്ഞാസ അനന്തമാണെന്നും റഷ്യക്കാരനുമായി ചങ്ങാത്തം കൂടിയത് ആ തലത്തിലാണെന്നും സരോജ സായ്പിനെ ധരിപ്പിച്ചു. പ്രശ്നങ്ങളൊക്കെ തീർന്നുവെന്ന് അവളും കരുതി.
രണ്ടാഴ്ച കഴിഞ്ഞ് എഫ്ബിഐ വീണ്ടും എന്നെ വിളിപ്പിച്ചു. ഇത്തവണ അന്തരീക്ഷം അത്ര സൗഹാർദപരമായിരുന്നില്ല. എന്റെ 20 വർഷത്തെ അമേരിക്കൻ ജീവിതത്തിന്റെ, ഞാൻ പോലും മറന്നുപോയ കാര്യങ്ങളുടെ വിശദവിവരണങ്ങളുടെ ഫയൽ മുൽപിൽ വച്ചാണ് ചോദ്യശരങ്ങൾ ഉണ്ടായത്. ഒരുചോദ്യം ഇഎംഎസ് നമ്പൂതിരിപ്പാടിനെ അറിയാമോ എന്നായിരുന്നു. അറിയുക മാത്രമല്ല നേരിട്ടു കണ്ടിട്ടും സംസാരിച്ചിട്ടുമുണ്ടെന്നും ഞാൻ മറുപടി നൽകി.
ഒരു കാലത്ത് സിപിഎം പ്രസിദ്ധീകരണമായ പീപ്പിൾസ് ഡമോക്രസിയുടെ വരിക്കാരനായിരിക്കുന്നതും ബ്ലിറ്റ്സ് വാരികയിൽ അമേരിക്കൻ സർക്കാരിനെ വിമർശിച്ച് ലേഖനമെഴുതിയതും ചോദ്യം ചെയ്യപ്പെട്ടു. ഇതൊക്കെ യുഎസ് സിവിൽ സർവീസിൽ ചേരുന്നതിനു മുൻപാണെന്നു ഞാനും വാദിച്ചു. ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയാണെന്ന നിഗമനത്തിൽ അവർ എത്തിക്കഴിഞ്ഞിരുന്നു.
വർഷങ്ങൾക്കു മുൻപ് മെക്സിക്കോയിലേക്ക് ഞാൻ യാത്ര ചെയ്തതെന്തിനായിരുന്നു എന്ന ചോദ്യം എന്നെ ചൊടിപ്പിച്ചു. ന്യൂയോർക്കിൽ നിന്നു കാറോടിച്ച് മെക്സിക്കോ വരെ പോയത് ഉല്ലാസയാത്ര ആയിരിക്കില്ല എന്നാണു ധ്വനി. ചോദ്യശരങ്ങളുടെ ഇടയിൽ പലതവണ എന്നെ മധു എന്നു മാത്രം വിളിച്ച ആളോട് സിവിൽ സർവീസിലെ റാങ്ക് എന്താണെന്നു ഞാൻ ചോദിച്ചു. ജിഎസ് 11 എന്നു മറുപടി കേട്ട് ഞാൻ അയാളെ ഓർമിപ്പിച്ചു.
‘നിങ്ങൾ ഒരു ജിഎസ് 15നോടാണു സംസാരിക്കുന്നത്. ഫസ്റ്റ് നെയിം വേണ്ട, മിസ്റ്റർ നായർ എന്നു വിളിക്കണം.’ എന്റെ ഇത്തരത്തിലെ പ്രതികരണം അവർ പ്രതീക്ഷിച്ചതല്ല. പക്ഷേ പിന്നെയുള്ള ചോദ്യം ചെയ്യൽ സ്വൽപം മയത്തിലായി. എന്തിനാണ് ഞാൻ റഷ്യക്കാരനുമായി സൗഹൃദം സ്ഥിപിച്ചതെന്നും അവസാനം ആ വിവരം മേലധികാരിയെ അറിയിക്കുവാനുണ്ടായ സാഹചര്യവും പ്രചോദനവും എന്തായിരുന്നു എന്നുമാണ് അവർക്കു പ്രധാനമായി അറിയാനുണ്ടായിരുന്നത്. വളരെ വിശദമായി ഇക്കാര്യങ്ങൾ അവരോടു പറഞ്ഞിട്ടും അവർക്കു വിശ്വാസമാകുന്നില്ല. ഇതുവരെ നിശബ്ദനായിരുന്ന സൈക്യാട്രിസ്റ്റ് ഇടപെട്ടു എന്നെ തളയ്ക്കാൻ ശ്രമിച്ചു.
‘നിങ്ങളുടെ ബോഡി ലാംഗ്വേജ് പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെടുന്നില്ല.’
ഞാൻ പൊട്ടിത്തെറിച്ചു.
‘നിങ്ങൾ എന്നെ ഇവിടെ ജനിച്ചുവളർന്ന ഒരാളായിട്ടാണു വിലയിരുത്തുന്നത്. എന്റെ ബോഡി ലാംഗ്വേജ് മനസ്സിലാക്കുവാൻ നിങ്ങൾ പ്രാപ്തനല്ല.’
കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം എഫ്ബിഐ ടീം തലവൻ ഒരാവശ്യം ഉന്നയിച്ചു.
‘നിങ്ങൾ ലൈ ഡിറ്റക്ടർ ടെസ്റ്റ് എടുക്കാവാൻ തയാറാണോ?’
‘ഒരിക്കലും തയാറല്ല’
എന്റെ ദൃഢ സ്വരത്തിലെ മറുപടി അവരെ ചൊടിപ്പിച്ചു.
‘ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തുകൊണ്ട് ഈ ടെസ്റ്റ് എടുത്തുകൂടാ.?’
‘നിങ്ങളിതു യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോടു ചോദിക്ക്’
എന്റെ പ്രതികരണം മനസ്സിലാക്കാൻ അവർ സ്വൽപം സമയമെടുത്തു. അക്കാലത്ത് വിദേശകാര്യ ചുമതലയുള്ള സ്റ്റേറ്റ് സെക്രട്ടറി ഷുൽട്ട്സ് ഒരു കേസിൽ പെട്ടിരുന്നു. അദ്ദേഹം ലൈ ഡിറ്റക്ടർ ടെസ്റ്റ് നിരസിച്ചത് പത്രങ്ങളിൽ വാർത്ത ആയിരുന്നു. അമേരിക്കൻ പൗരനെ ഇക്കാര്യത്തിൽ നിർബന്ധിക്കാൻ നിയമമില്ലെന്ന് എനിക്കറിയാമായിരുന്നു.
ചോദ്യം ചെയ്യലിൽ എന്റെ നിസ്സഹകരണം എഫിബിഐ ഗൗരവമായി കണക്കാക്കി തുടർ നടപടികളിലേക്കു തിരിഞ്ഞു. ലൈ ഡിറ്റക്ടർ ടെസ്റ്റ് എടുക്കില്ലെന്നു ഞാൻ നിർബന്ധം പിടിച്ചത് അബദ്ധമായോ എന്ന് എനിക്കു തോന്നി. ഒരു വിദേശി സുഹൃത്തായി എന്നത് കുറ്റമാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല. ദേശസുരക്ഷ അപകടത്തിലാക്കുന്ന ഒരു കാര്യവും ചെയ്തിട്ടില്ലെന്നു മാത്രമല്ല ഒരു ശരാശരി അമേരിക്കൻ പൗരനെക്കാൾ ദേശസ്നേഹം പുലർത്തിയിട്ടുമുണ്ട്.
പെന്റഗണിലെ അഴിമതിക്കഥകൾ കുപ്രസിദ്ധമാണ്. കോടികളുടെ കംപ്യൂട്ടർ സാമഗ്രികൾ വാങ്ങിക്കൂട്ടുന്ന പർച്ചേസ് കമ്മിറ്റികളിൽ അംഗമായിരുന്നപ്പോഴൊക്കെ എന്നെ സ്വാധീനിക്കാൻ കമ്പനികളുടെ ശ്രമം ഉണ്ടായിട്ടുണ്ട്. സ്വൽപം വഴങ്ങിയാൽ കോടികൾ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെത്തും, ആഡംബര കപ്പൽ ക്രൂയിസ് വെക്കേഷനുകൾ ആസ്വദിക്കാം, പിന്നെ മദ്യം മദിരാക്ഷി എന്തു വേണമെങ്കിലും ലഭ്യം. ഈ പ്രലോഭനങ്ങളൊന്നും എന്നിൽ ലവലേശം ഏശിയിട്ടില്ല. വിദേശി സമ്പർക്കം സംശയാസ്പദമായി തോന്നിയ നിമിഷം വിവരം മേലധികാരിയെ അറിയിക്കുകയും ചെയ്തു. പിന്നെ ഞാനെന്തിനു ക്രൂശിക്കപ്പെടണം.?
എന്നാൽ ഞാൻ ക്രൂശിക്കപ്പെടുക തന്നെ ചെയ്തു. എഫ്ബിഐ എനിക്കെതിരെ കൂലംകഷമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്റെ സഹപ്രവർത്തകർ മാത്രമല്ല ഞാനുമായി സൗഹൃദം പുലർത്തിയിരുന്ന നൂറോളം വ്യക്തികൾ ചോദ്യം ചെയ്യപ്പെട്ടു. അവരിൽ ഭൂരിഭാഗവും ഞാൻ എന്തോ വലിയ കുറ്റകൃത്യം ചെയ്തതായി വിശ്വസിച്ചു. എന്റെ ഉറ്റ സുഹൃത്തുക്കളിലൊരാൾ എഫ്ബിഐക്കാരന്റെ കാലുപിടിച്ച് എന്നെ ഉപദ്രവിക്കല്ലേ എന്നു യാചിച്ച കാര്യം അറിയിച്ചപ്പോൾ ആത്മഹത്യയാണ് ഇതിലും ഭേദം എന്നു തോന്നി.
ഓഫിസിൽ ഞാനൊരു ചാരനാണെന്ന അപഖ്യാതി പരന്നു കഴിഞ്ഞിരുന്നു. ഏതു നിമിഷവും ഞാൻ അറസ്റ്റിലാകും എന്ന വിശ്വാസത്തിൽ കീഴ്ജീവനക്കാർ എന്നിൽ നിന്ന് അകൽച്ച പാലിച്ചു. എന്റെ നിർദേശങ്ങൾക്ക് ഒരു വിലയും ഇല്ലാതായി. എന്നോട് അതീവ ഇഷ്ടം പ്രകടമാക്കിയിരുന്ന മിസൗറിക്കാരൻ കോസ്റ്റ് ഗാർഡ് പയ്യൻ ഗദ്ഗദത്തോടെയാണു പ്രതികരിച്ചത്. ‘നിങ്ങൾ ഇത്തരക്കാരനാണെന്ന് ഒരിക്കലും കരുതിയില്ല.’ അതുകേട്ട് മനം നീറിയെങ്കിലും എനിക്കു മറുപടി ഇല്ലാതെയായി. പരാതിയുമായി അഡ്മിറലിനെ സമീപിച്ചപ്പോൾ ആദ്യം പറഞ്ഞ വാക്കുകൾ അദ്ദേഹം ആവർത്തിച്ചു. ‘ഡുനോട്ട് പാനിക്, ജസ്റ്റ് ഹോൾഡോൺ’
ഞാൻ ധർമസങ്കടത്തിലായി. ഓഫിസിൽ നിന്നു ലീവെടുത്ത് കുറെക്കാലം മാറിനിൽക്കാമെന്നു കരുതി. അഡ്മിറലിനെ കണ്ടപ്പോൾ അദ്ദേഹം എന്റെ അവകാശങ്ങളെ ഓർമിപ്പിച്ചു. അന്വേഷണം നേരിടുന്ന എനിക്ക് അഡ്മിനിസ്ട്രേറ്റീവ് ലീവിന് അർഹതയുണ്ട്. പലതവണ കോടതികളിൽ ജൂറി ഡ്യൂട്ടിക്കു പോയപ്പോഴൊക്കെ അഡ്മിനിസ്ട്രേറ്റീവ് ലീവ് എടുത്തിട്ടുണ്ട്. രക്തദാനത്തിൽ റെക്കോർഡ് സൃഷ്ടിച്ച് റെഡ്ക്രോസ് മെഡൽ നേടിയപ്പോൾ സഹപ്രവർത്തകർ കളിയാക്കിയിട്ടുണ്ട്, രക്തദാനം അര ദിവസത്തെ അഡ്മിനിസ്ട്രേറ്റീവ് ലീവ് ലഭ്യമാക്കിയുള്ള ഭൂതദയ പ്രയോഗമാണെന്റേതെന്ന്. ലീവിനുള്ള അപേക്ഷ വാങ്ങി അഡ്മിറൽ ആശ്വസിപ്പിച്ചു.
എഫ്ബിഐ അന്വേഷണം മാസങ്ങളോളം നീണ്ടേക്കാം, അതുവരെ മുഴുവൻ ശമ്പളം പറ്റി വിശ്രമിക്കുക. പക്ഷേ കാര്യങ്ങൾ ആ വഴിക്കല്ല നീങ്ങിയത്. എന്റെ അഡ്മിനിസ്ട്രേറ്റീവ് ലീവ് റദ്ദാക്കാൻ എഫ്ബിഐ ഇടപെട്ടു. കാരണം ഞാൻ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ട്. എന്റെ പാസ്പോർട്ട് അസ്ഥിരപ്പെടുത്താനുള്ള വകുപ്പുകളൊന്നും എഫ്ബിഐയ്ക്കു ലഭിച്ചിട്ടില്ല. എന്നെ സർവീസിൽ നിലനിർത്തിയാലേ അവരുടെ അന്വേഷണം സുഗമമാകൂ.
എഫ്ബിഐ അന്വേഷണം ഒന്നും കണ്ടെത്താനാവാത്ത അവസ്ഥയിലെത്തുമെന്ന് എനിക്കു തീർച്ചയായിരുന്നു. ഏതെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിലല്ലേ അവർക്കു കണ്ടുപിടിക്കാനാകൂ എന്ന എന്റെ വിശ്വാസത്തിൽ ഉലച്ചിൽ തട്ടാൻ തുടങ്ങി. അഡ്മിറൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ എന്നെ പൂർണമായും കുറ്റവിമുക്തനാക്കുവാൻ എഫ്ബിഐ ഒരിക്കലും തയാറാവാനിടയില്ല. തെളിയാത്ത കേസുകൾ അവസാനിപ്പിക്കുന്ന രീതിയല്ല അവരുടേതെന്നു ഞാൻ മനസ്സിലാക്കി.
അമേരിക്കൻ നീതി നിർവഹണ സംവിധാനം കുറ്റമറ്റതല്ല, ഒരു കുറ്റവും ചെയ്യാത്തവരും വർഷങ്ങളോളം ജയിൽവാസം അനുഭവിക്കേണ്ടി വന്ന വാർത്തകൾ ശ്രദ്ധിച്ചിട്ടുണ്ട്. അതിലൊന്നു തികച്ചും കദനകഥയായിരുന്നു. 50 വർഷത്തോളം ജയിലിടയ്ക്കപ്പെട്ട അന്ധനായ റെഡ് ഇന്ത്യക്കാരൻ ജയിൽ വിട്ടുപോകാൻ വിസമ്മതിച്ച കഥ. എഫ്ബിഐ കള്ളക്കേസുണ്ടാക്കി എന്നെയും തടവിലാക്കുമെന്ന ഭീതി വേട്ടയാടാൻ തുടങ്ങി. ആകെയുള്ള ആശ്വാസം കോസ്റ്റ് ഗാർഡ് അഡ്മിറലിന്റെ വാക്കുകളാണ്. അദ്ദേഹത്തെപ്പോലും വിശ്വസിക്കാമോ എന്ന സംശയമുണ്ടായി.
നിയമസഹായം തേടാനായി എന്റെ അടുത്ത ശ്രമങ്ങൾ. അമേരിക്കയിൽ ഇതുവരെ ഒരു കേസിലും പെടാത്ത എനിക്കു വക്കീലന്മാരെയൊന്നും പരിചയമില്ലായിരുന്നു. ഫെഡറൽ ക്രൈം സ്പെഷ്യലൈസ് ചെയ്യുന്ന ഒരു ലോ ഫേമിനെ സമീപിച്ചപ്പോൾ ആകെ നിരാശനായി. അവരുടെ ഫീസ് മണിക്കൂർ വച്ചാണ്, ആയിരം ഡോളറിലാണു തുടക്കം തന്നെ. കേസ് നടത്തി ഉള്ളതെല്ലാം വിറ്റു തുലയ്ക്കുന്നതിനു പകരം ജയിലിൽ പോവുകയാകും ഭേദമെന്നു തോന്നി. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ എന്നത് പുകൾപെറ്റ മനുഷ്യാവകാശ സംരക്ഷണ നിയമസഹായ സംഘടനയാണ്. അവർ എന്റെ കേസിൽ കഴമ്പൊന്നും കണ്ടില്ല. കാരണം ഞാനിതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും.
ന്യൂയോർക്ക് ടൈംസിൽ ഇതൊരു വാർത്തയാക്കാൻ ശ്രമിച്ചപ്പോൾ പത്രം എന്റെ കഥയിൽ വാർത്തയൊന്നും കണ്ടില്ല; തികച്ചും നിസ്സഹായാവസ്ഥയിൽ അടുത്ത നടപടി എന്തായിരിക്കുമെന്നതിൽ വ്യക്തതയുണ്ടായില്ല. ജയിലിലാകും മുൻപേ നാട്ടിലെത്തി അമ്മയെ കാണണമെന്നു തോന്നി. അഡ്മിനിസ്ട്രേറ്റീവ് ലീവ് മാത്രമേ എഫ്ബിഐക്കു തടയാനാകു. സിക്ക് ലീവ് എടുക്കാമെന്നു വച്ചു. സരോജയുടെ സഹപ്രവർത്തക ആന്ധ്രക്കാരി സൈക്യാട്രിസ്റ്റിൽ നിന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അഡ്മിറലിനെ ഏൽപിച്ച് ഞാൻ ലീവിലായി.
എനിക്കു മാനസിക വൈഷമ്യം ഉണ്ടെന്നുള്ളതിൽ പാവം സായ്പിന് സംശയമില്ലായിരുന്നു. പിറ്റേന്നു തന്നെ കുവൈത്തിലെത്തി ഒരു സുഹൃത്തിനോടൊപ്പം ഒരു വാരം എല്ലാം മറന്നു സുഖമായി താമസിച്ചു ഞാൻ നാട്ടിലെത്തി ഒരു മാസത്തോളം അമ്മയോടൊപ്പം കഴിഞ്ഞു. ന്യൂയോർക്ക് വീട്ടിലെ കാര്യങ്ങളെല്ലാം സരോജ ഭംഗിയായി നിർവഹിക്കുന്നുവെന്നത് വലിയ ആശ്വാസമായി. കൊച്ചുമകന്റെ ദീർഘമായ കത്തുകൾ ചില്ലറയൊന്നുമല്ല ആഹ്ലാദ നിമിഷങ്ങൾ പകർന്നത്. വിഷമതകളൊന്നും അറിയിക്കാതെ അമ്മയോടൊപ്പം ഒരു മാസത്തോളം കഴിഞ്ഞതോടെ എന്റെ ഭയാശങ്കകളൊക്കെ പമ്പ കടന്നു. എന്തും നേരിടാൻ തയാറായി ഞാൻ യുഎസിൽ തിരികെയെത്തി.
(തുടരും)