കോഴിക്കോട്ട് വേരുകളുള്ളൊരു കുടുംബം ചൈനയിൽ; ചീനവേരുകളുള്ളൊരു കുടുംബം കോഴിക്കോട്ടും!
Mail This Article
കോഴിക്കോട്ട് വേരുകളുള്ളൊരു കുടുംബം ചൈനയിൽ; ചീനവേരുകളുള്ളൊരു കുടുംബം കോഴിക്കോട്ട്. ആറോ ഏഴോ നൂറ്റാണ്ടിനു മുൻപ്, ചീനച്ചട്ടിയും ചീനവലയും ചീനപ്പട്ടും ചീനഭരണിയും കേരളത്തിനു ലഭിച്ചുകൊണ്ടിരുന്ന കാലത്തെന്നോ കച്ചവടത്തിനു പുറപ്പെട്ട ഒരു മലയാളിയുടെയും ചീനക്കാരന്റെയും പിൻമുറക്കാർ. ചൈനയും കേരളക്കരയും തമ്മിലുള്ള വാണിജ്യ–സാംസ്കാരിക ബന്ധങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടിയിലാണ് മദ്രാസ് ഐഐടിയിലെ അസോഷ്യേറ്റ് പ്രഫസറും ഗവേഷകനുമായ ഡോ. ജോ തോമസ് കാരക്കാട്ട് ഇവരെ കണ്ടെത്തിയത്. കേരള–ചൈന ബന്ധങ്ങളെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കിയ ഡോ. ജോ തോമസ് കാരക്കാട്ട് തന്റെ കണ്ടെത്തലുകൾ വിവരിക്കുന്നു.
വളരെ പൗരാണികകാലത്തു തന്നെ മലയാളക്കരയും ചൈനയുമായി വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും പന്ത്രണ്ടും പതിനഞ്ചും നൂറ്റാണ്ടുകൾക്കിടയിലാണ് ഇവ ശക്തമായത്. പത്താം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടുവരെ ചൈന വാണിരുന്ന സോങ് രാജവംശത്തിന്റെ കാലത്തും, 13–14 നൂറ്റാണ്ടുകളിലെ യുവാൻ വംശത്തിന്റെ കാലത്തും, 14–15 നൂറ്റാണ്ടിലെ മിങ് വംശത്തിന്റെ കാലത്തും ഈ ബന്ധങ്ങൾ വിപുലമായിരുന്നു.
കോഴിക്കോടിന്റെ വളർച്ച
1341–ലെ പ്രളയത്തിൽ മുസിരിസ് തുറമുഖം (കൊടുങ്ങല്ലൂർ ഭാഗത്തെന്നു കരുതപ്പെടുന്നു) തകർന്നതിനെത്തുടർന്നാണ് ദക്ഷിണേഷ്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നായി കോഴിക്കോട് വളർന്നുതുടങ്ങിയത്. മിങ് കാലഘട്ടത്തിലായിരുന്നു കോഴിക്കോടിന്റെ യഥാർഥ ഉയർച്ച. ചൈനയുടെ കിഴക്കൻ തീരത്തുനിന്നായിരുന്നു പ്രധാനമായും കേരളതീരത്തേക്കുള്ള യാത്രകൾ. മൺസൂൺ കാറ്റിന്റെ ചംക്രമണം അനുസരിച്ചായിരുന്നു യാത്രകൾ. ഓരോ യാത്രയും ഏതാണ്ട് 20 മാസമെടുക്കുമായിരുന്നു.
സമുദ്രയാത്രയിൽ ദിക്ക് കണ്ടെത്താൻ അവർക്ക് ഒരു പ്രത്യേക ജല കോംപസ് ഉണ്ടായിരുന്നു. കപ്പലിന്മേൽ കാറ്റടിക്കുന്ന ഭാഗത്തുനിന്നെടുത്ത കടൽവെള്ളം ഒരു ബേസിനിൽ ശേഖരിച്ച് അതിൽ സാവധാനം ഇറക്കിവയ്ക്കുന്ന മീനിന്റെ ആകൃതിയിലുള്ള ഒരു കാന്തികസൂചിയുടെ ചലനത്തിൽ നിന്നാണ് അവർ വടക്കുദിക്ക് അറിഞ്ഞിരുന്നത്.
വ്യാപാരികളുടെ യാത്ര
1371–1435 കാലത്ത് ജീവിച്ചിരുന്ന മിങ് നാവികൻ ഷേങ് ഹേ ഏഴുതവണ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ യാത്ര നടത്തിയിരുന്നു. ആദ്യ യാത്രയിൽ (1405–1407) കോഴിക്കോട് സാമൂതിരിക്ക് ഒരു വെള്ളിമുദ്രയും മറ്റു പ്രമാണിമാർക്ക് അവരുടെ സ്ഥാനമനുസരിച്ചുള്ള ചീനവസ്ത്രങ്ങളും സമ്മാനിച്ചതായി മിങ് വംശത്തിന്റെ രേഖകളിൽ പറയുന്നു. ആ യാത്രയുടെ ഓർമയ്ക്കായി കോഴിക്കോട്ട് ഒരു സ്മാരകം നിർമിച്ചതായി 1970–ൽ ഗവേഷണം നടത്തിയ ഡാ–ഷൂ ഹുവാങ് എന്ന ചരിത്രകാരൻ പഴയ മിങ് കാലഘട്ടത്തിലെ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പറയുന്നു.
1413–ലെ നാലാം യാത്രയിൽ കൊച്ചി (ചീനഭാഷയിൽ കെചി) ഭരണാധികാരിക്കു മറ്റൊരു മുദ്ര സമ്മാനിച്ചതായും കൊച്ചിയിൽ ഒരു ഫലകം സ്ഥാപിച്ചതായും അദ്ദേഹം പറയുന്നു. അഞ്ചാം യാത്രയിൽ (1416–1420) മാനിന്റെ ജാതിയിൽപ്പെട്ട ഒരു കൃഷ്ണമൃഗത്തെ കോഴിക്കോട്ടുകാർ ചീനക്കാർക്കു സമ്മാനമായി അദ്ദേഹത്തിന്റെ കൈവശം കൊടുത്തയച്ചതായി ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട്, കൊല്ലം, കൊച്ചി, മലാക്ക, ഹോർമുസ് എന്നിവിടങ്ങളിലെ ചില വ്യാപാരികൾ ചീനക്കാരുടെ മടക്കയാത്രയിൽ അവരോടൊപ്പം ചേർന്നതായും പറയപ്പെടുന്നു. ഷേങ് ഹെയുടെ ഏഴാമത്തെ യാത്രയിൽ ആഫ്രിക്കയിൽ നിന്നു മടങ്ങും വഴി കോഴിക്കോട്ട് വച്ച് അദ്ദേഹം അന്തരിച്ചതായാണ് കരുതപ്പെടുന്നത്. ഈ ബന്ധങ്ങളുടെ ജീവനുള്ള ശേഷിപ്പുകൾ അന്വേഷിച്ചാണു ഞാൻ ഗവേഷണം നടത്തിയത്.
കോഴിക്കോട്ടെ മുസ്‌ലിം പള്ളികളെക്കുറിച്ചുള്ള ഗവേഷണത്തിൽ 15ാം നൂറ്റാണ്ടുവരെ പഴക്കമുള്ള പള്ളികൾ കണ്ടെത്താനായി. അവയിൽ പന്തലായനിയിലുള്ള ഒരു പള്ളി ഇന്നും ചീനംപള്ളിയെന്നാണ് അറിയപ്പെടുന്നത്. ചീനയിൽ നിന്നെത്തിയ മുസ്‌ലിം വ്യാപാരികളാണ് അതു നിർമിച്ചതെന്നാണു വിശ്വസിക്കുന്നത്. ഇതിനടുത്തായുള്ള ഒരു സ്ഥലത്താണ് ‘ഗുവാങ്ചാങ്’ എന്നു ചൈനക്കാർ വിളിക്കുന്ന ചന്തയുണ്ടായിരുന്നതെന്നും കരുതുന്നു.
കോഴിക്കോട്ടെ സിൽക് സ്ട്രീറ്റിൽ ഒരു ചീനവ്യാപാരിയും ഒരു കോഴിക്കോട് വ്യാപാരിയും തമ്മിൽ കച്ചവടച്ചർച്ച ചിത്രീകരിക്കുന്ന ഒരു ശിൽപം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ചർച്ചകൾക്കു ചില കീഴ് വഴക്കങ്ങളുണ്ടായിരുന്നു. ചീനവ്യാപാരിയും നാട്ടുകാരനായ ദല്ലാളും ചേർന്നു ചർച്ചയ്ക്കുള്ള ദിവസം ആദ്യം നിശ്ചയിക്കും. നിശ്ചയിച്ച ദിവസം ഇരുവരും ഓരോ ചരക്കും പ്രത്യേകം പ്രത്യേകം എടുത്തു ചർച്ചചെയ്യും. പട്ടിനങ്ങളാണ് ആദ്യം ചർച്ചയ്ക്കെടുക്കുക. ഉറപ്പിച്ചുകഴിഞ്ഞാൽ എല്ലാവരും കൈകോർത്ത് നിശ്ചയിച്ച വിലയിൽ മാറ്റമുണ്ടാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കും. ഒന്നുമുതൽ മൂന്നു മാസം വരെ നീളുമായിരുന്നു ഈ ചർച്ചകൾ. എല്ലാം പൂർത്തിയായശേഷമേ ചരക്കുകൾ പരസ്പരം കൈമാറൂ. ഓരോ ഇടപാടിലും ചുങ്കം സാമൂതിരിക്കു നൽകണം.
ചൈനാ ബന്ധങ്ങൾ
കൂട്ടുമ്മുഖം കുടുംബത്തിലെ സിദ്ദിഖ് കൂട്ടുമ്മുഖം തന്റെ കുടുംബത്തിന് പണ്ടുകാലത്ത് ചീനവ്യാപാരമുണ്ടായിരുന്നതായി സാക്ഷ്യപ്പെടുത്തുന്നു. തന്റെ പൂർവികരിൽ ചിലർ ചൈനീസ് വംശജരാണെന്നും സിദ്ദിഖ് പറയുന്നു. കോഴിക്കോട്ടെ ചീനക്കാരെപ്പോലെ ചീനയിലെ കോഴിക്കോട്ടുകാരെയും എനിക്കു കണ്ടെത്താനായി. തെക്കൻ ചൈനയിലെ ഗൂവാൻഷി പ്രവിശ്യയിലെ ഗുലി മാ കുടുംബക്കാർ. ചൈനീസ് ഭാഷയിൽ കോഴിക്കോടിനുള്ള പേരാണു ഗുലി. 700 വർഷം മുൻപ് കോഴിക്കോട്ടുനിന്നെത്തിയ മാ–ലി–കി എന്നു ചൈനീസ് ഭാഷയിൽ വിളിക്കുന്ന ഒരു വ്യാപാരിയുടെ പിന്തുടർച്ചക്കാരാണ് എന്നവർ അവകാശപ്പെടുന്നുമുണ്ട്. ഇദ്ദേഹത്തിന്റെ യഥാർഥ മലയാളിനാമം കണ്ടെത്താനായിട്ടില്ല.
അദ്ദേഹത്തിന്റെ പതിനാലു തലമുറകഴിഞ്ഞുള്ള പിന്തുടർച്ചക്കാരനായി അവകാശപ്പെടുന്ന മാ ഷൂൻകായ്‌യുടെ കൈവശം കുടുംബത്തിന്റെ പൂർണവംശാവലിരേഖയുണ്ട്. അതിനെ അവർ ജിയാപു എന്നു വിളിക്കുന്നു. ചിങ് വംശക്കാലത്ത് (പതിനെട്ടാം നൂറ്റാണ്ടിൽ) ക്രോഡീകരിച്ച ഈ വംശരേഖയിൽ മാ–ലി–കി എന്നൊരു കേരളക്കാരൻ കടലുകൾ താണ്ടി ചൈനയിലെത്തിയതായും ഒടുവിൽ ഗുവാൻഷി പ്രവിശ്യയിൽ താമസമാക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഒരു ചൈനക്കാരിയെ വിവാഹം കഴിച്ചതായും അതിൽ ഹാൻ മോ എന്നും ചിയൻ റൻ എന്നും രണ്ടു പേരുള്ള ഒരു പുത്രൻ ജനിച്ചതായും പറയുന്നു.
ഹാൻ മോയുടെ പുത്രനായി ഷീ യിൻ എന്നൊരാളിന്റെ പേര് രേഖയിലുണ്ട്. ഇവരുടെ അഞ്ചാം തലമുറയുടെ കാലത്ത് ഇവർ മിങ് രാജവംശത്തിൽ ഉദ്യോഗം വഹിച്ചതായും പറയുന്നു. ഇവരുടെ പതിനൊന്നും പന്ത്രണ്ടും തലമുറക്കാർ വളരെ സ്വാധീനമുള്ള പ്രമാണികളായിരുന്നുവെന്നും പല വ്യാപാര സംരംഭങ്ങളും സ്ഥാപിച്ചതായും അറിയുന്നു. 12ാം തലമുറക്കാർ തെക്കൻ ഗ്വിലിൻ പ്രവിശ്യയിൽ ഒരു മസ്ജിദും ഒരു കുടുംബ കബറിസ്ഥാനും നിർമിച്ചു. 1970–കളിൽ മാ കുടുംബക്കാരുടെ പൈതൃകസ്വത്തുക്കൾ പലതും സർക്കാർ കണ്ടുകെട്ടി. 14ാം തലമുറക്കാരനായ മാ ഷൂൻകായ് ആണ് ഈ വിവരങ്ങൾ എനിക്കു നൽകിയത്.