ADVERTISEMENT

ഡൽഹിയിലെ പ്രഗതി മൈതാനമാണു വേദി. പുറത്ത് ഇന്ദ്രപ്രസ്ഥത്തിലെ പൊള്ളിക്കുന്ന ചൂട്. ശരീര സൗന്ദര്യ മത്സരമാണ്. നീന്തൽ വേഷത്തിൽ മോഡലുകൾ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. ഒരു മലയാളിയും ഉണ്ട് അക്കൂട്ടത്തിൽ. വിധികർത്താക്കൾ ആരുടെ കൈ പിടിച്ചുയർത്തുമെന്നു പറയാനാവുന്നില്ല. വലിഞ്ഞു മുറുകിയ ആകാംക്ഷയുടെ നിമിഷങ്ങൾ. ഗോൾഡ് പ്രൈസ് ഗോസ് ടു.... ഓഷോ ജിമ്മി എന്നു കേട്ടതും ഡൽഹിയുടെ താപതരംഗം ഡെക്കാൻ പീഠഭൂമിയും കടന്ന് കൊച്ചിക്കു മീതേ കയ്യടികളായി പെയ്തിറങ്ങി. ബോഡി ബിൽഡിങ് മത്സരത്തിൽ മലയാളത്തിൽ നിന്ന് ആദ്യമായി ഒരു മിസ് ഇന്ത്യ ഏഷ്യയെ ചുംബിച്ചു.

ഏഷ്യൻ ശരീര സൗന്ദര്യ മത്സരത്തിൽ ചാംപ്യൻഷിപ് നേടുന്ന ആദ്യ മലയാളി എന്ന പെരുമ കൊച്ചി കാക്കനാട് കട്ടിക്കനാൽ വീട്ടിൽ ജിമ്മി കെ. ആന്റണിയുടെയും സലീനയുടെയും മകൾ ഓഷോ ജിമ്മിക്കു (24) സ്വന്തമായതിനു പിന്നിൽ നീണ്ട 7 വർഷത്തെ കഠിനാധ്വാനമുണ്ട്. ന്യൂഡൽഹിയിൽ ജൂൺ രണ്ടാം വാരം നടന്ന ഷേറു ക്ലാസിക് ഏഷ്യൻ ബോഡി ബിൽഡർ മത്സരത്തിലാണ് ഓഷോ ചരിത്രം രചിച്ചത്.

ആരുടെയും കുത്തകയല്ല ശരീരസൗന്ദര്യ മത്സരം. അവിടെ മലയാളി സ്ത്രീകളുടെ കാൽപ്പെരുമാറ്റവും കേട്ടുതുടങ്ങി. വ്യത്യസ്ത രംഗങ്ങളിലേക്കു മടികൂടാതെ ഇറങ്ങിവരാൻ മലയാളി പെൺകുട്ടികൾ ശ്രമിക്കണം. ഒളിംപ്യ ബോഡി ബിൽഡിങ് വിമൻസ് വെൽനസാണ് അടുത്ത ലക്ഷ്യം. പറ്റുമെങ്കിൽ ലോക ചാംപ്യനാകണം. യുഎസിൽ അടുത്ത വർഷമായിരിക്കും മത്സരം. അതിനു മുൻപ് മുംബൈയിൽ നടക്കുന്ന ഒരു യോഗ്യതാ റൗണ്ട് കൂടി അഭിമുഖീകരിക്കണം. – ഓഷോ സ്വപ്നങ്ങൾ പങ്കുവച്ചു.

പൂവാലൻ പയ്യനെ ഇടിച്ചിട്ട പെൺശൗര്യം

ശല്യം ചെയ്യാനെത്തിയ പൂവാലനെ എറണാകുളം ടൗണിൽ അടിച്ചിട്ടാണ് ഓഷോ ജിമ്മി എന്ന പാവം സ്കൂൾ കുട്ടിയുടെ ഫിറ്റ്– ഫൈറ്ററിലേക്കുള്ള പ്രയാണം തുടങ്ങുന്നത്. കയ്യിൽക്കയറി പിടിച്ച പൂവാലനിട്ട് പൊട്ടിക്കുന്നത് അധ്യാപിക കണ്ടു. ഇടിക്കളത്തിലേക്കുള്ള ഓഷോയുടെ വഴികൂടി ഈ സംഭവത്തോടെ മലർക്കെ തുറന്നു. ജാവലിൻ ത്രോയിലും ഡിസ്‌കസ് ത്രോയിലും സജീവമായിരുന്ന ഓഷോയുടെ ജീവിതം ഇടിക്കൂടുകളിലേക്കും തലയിട്ടു തുടങ്ങി. 17–ാം വയസ്സിലാണു തുടക്കം. രാജഗിരി, സെന്റ് തെരേസാസ് സ്കൂളുകളിലെയും മഹാരാജാസ് കോളജിലെയും പഠനകാലത്ത് ബോക്‌സിങ്ങിൽ തോന്നിയ താൽപര്യം ബോഡി ബിൽഡിങ് രംഗത്തേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. എതിർപ്പുകളും തിക്താനുഭവങ്ങളും വിടാതെ പിന്തുടർന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് ഓഷോ അവയെ നേരിട്ടു.

2017 ൽ കൊച്ചിയിൽ നടന്ന വിമൻസ് ഫിഗർ മത്സരം മുതൽ മിസ് ഏഷ്യ ബിക്കിനി ഫിറ്റ്നസ്, പവർ ലിഫ്റ്റർ, ബോക്സർ, നീന്തൽ തുടങ്ങി 15 മത്സരങ്ങളിൽ ഇതിനോടകം പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വച്ചു. ഭക്ഷണം മുതൽ വ്യായാമം വരെ അതികഠിനമാണ് ബോഡി ബിൽഡിങ് പരിശീലനം. ലക്ഷക്കണക്കിനു രൂപയും വേണം. മത്സരത്തിന് ആഴ്ചകൾക്കു മുൻപേ ഉപ്പ് വിലക്കും. അവസാന ദിവസങ്ങളിൽ വെള്ളം പോലും നിയന്ത്രിച്ചു മാത്രമേ കുടിക്കാനാവൂ. എന്നാലും ഇതൊരു ത്രില്ലാണ്. ആത്മവിശ്വാസവും ആരോഗ്യവും ഉറപ്പു നൽകുകയും സ്പോർട്സ്മെൻ സ്പരിറ്റിൽ നിലനിർത്തുകയും ചെയ്യും.

ഡാൻസ്, മോഡൽ, ജിം ട്രെയിനർ

ഒപ്പം പ്രവർത്തിച്ച ബോഡി ബിൽഡറുമായി ഉണ്ടായ ചെറിയ തർക്കം ഓഷോയുടെ കരിയറിന്റെ താളം ഇടയ്ക്കു തെറ്റിച്ചു. ചുമലിന് ഏറ്റ പരുക്കിൽ നിന്നു മോചനമില്ലെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും ഓഷോ വിട്ടുകൊടുത്തില്ല. കഠിനാധ്വാനവും ഈ രംഗത്തോടുള്ള അഭിനിവേശവുമാണ് 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോഴത്തെ വിജയത്തിൽ എത്തിച്ചത്. എൻപിസി കേരള മത്സരത്തിൽ മിസ് കേരള ആയാണ് ഓഷോ ആദ്യം തന്റെ വരവ് അറിയിച്ചത്.

ബോക്‌സിങ് കം ബോഡി ബിൽഡർ, ജിം ട്രെയിനർ, എന്നീ മേഖലകളിൽ കഴിവു തെളിയിച്ച ഓഷോ സാഹസിക സ്‌പോർട്‌സ് ഷോകളിലും സജീവമാണ്. ക്ലാസിക് ഡാൻസറും മോഡലും കൂടിയാണ്. ഇടയ്ക്കു സിനിമയിലും ഒരു കൈ നോക്കിയെങ്കിലും ശ്രമം ഉപേക്ഷിച്ചു. യുഎസിൽ നിന്ന് ഓൺലൈനിൽ പരിശീലനം നൽകുന്ന റ്യാൻ ഹിന്റൺ, സഹപരിശീലകരായ അഭിൽ ജോൺ, നോബിൻ നെൽസൺ, കൊച്ചി കാക്കനാട്ടെ ട്രാൻസ്4മേഴ്സ് ഫിറ്റ്നസ് ക്ലബ്, ശരീര പോഷണത്തിന് ആവശ്യമായ സപ്ലിമെന്റ്സ് നൽകുന്ന പീറ്റേഴ്സ് സ്പോർട്സ് നുട്രീഷൻ തുടങ്ങി പിന്തുണയ്ക്കുന്നവർ ഏറെയാണ്. സ്വന്തമായി ജിം ശൃംഖല തന്നെ ആരംഭിക്കാനാണു പ്ലാൻ.

ഗിരീഷ് പുത്തഞ്ചേരി ഇട്ട പേര്

പിതാവ് ജിമ്മിയും സഹോദരൻ സോളമനും സിനിമാ രംഗത്താണ്. ഓഷോ എന്ന പേരു പോലും സിനിമാ രംഗത്ത് നിന്നുള്ളതാണ്. പിതാവിന്റെ അടുത്ത സുഹൃത്തായ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് സുഹൃത്തിന്റെ മകൾക്ക് ഓഷോ എന്ന പേരിട്ടത്.

English Summary:

Sunday special about Osho Jimmy First Malayali woman to win championship in Asian body beauty pageant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com