ADVERTISEMENT

യുഎസ് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പിടികൂടിയ മലയാളിയുടെ കഥ. മധു നായർ, ന്യൂയോർക്ക് ആ അമേരിക്കൻ അനുഭവം എഴുതുന്നു

1986: ന്യൂയോർക്ക് സിറ്റിയിലാണു സംഭവങ്ങളുടെ തുടക്കം. കംപ്യൂട്ടറുകളുമായി ബന്ധപ്പെട്ട സെമിനാറുകളിലും എക്സിബിഷനുകളിലും പങ്കെടുക്കുക എന്റെ ജോലിയുടെ ഭാഗമായിരുന്നു. ജേക്കബ് ജാവിറ്റ് സെന്ററിലെ എക്സിബിഷൻ കണ്ടു പടിയിറങ്ങി വരുമ്പോൾ മധ്യവയസ്കനായ ഒരു സായ്പ് വന്നു സ്വയം പരിചയപ്പെടുത്തി. സംസാരരീതി കേട്ടപ്പോൾത്തന്നെ സായ്പ് വിദേശിയാണെന്നു മനസ്സിലായി. സാമാന്യ മര്യാദയുടെ പേരിൽ ഞാനും പേരു പറഞ്ഞ് അയാൾക്കു ഹസ്തദാനം ചെയ്തു. ഞാൻ ഇന്ത്യക്കാരനാണെന്ന് രൂപത്തിൽ മനസ്സിലാക്കിയാവണം അയാൾ നമസ്തേ എന്നു പറഞ്ഞത്. ഇന്ത്യയിൽ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ആഹ്ലാദം തുളുമ്പുന്ന പൂച്ചക്കണ്ണുകളോടെ അയാൾ മൂന്നുവർഷം ഇന്ത്യയിൽ ചെലവഴിച്ച കാര്യം പറഞ്ഞു. അവിടെ എന്തു ചെയ്യുകയായിരുന്നു എന്നു ചോദിച്ചപ്പോൾ ഒട്ടും അറയ്ക്കാതെ അയാൾ മറുപടി തന്നു, ഡൽഹിയിലെ സോവിയറ്റ് എംബസിയിൽ ഉദ്യോഗസ്ഥനായിരുന്നു. ആദ്യമായിട്ടാണ് കമ്യൂണിസ്റ്റ് റഷ്യയിൽ നിന്ന് ഒരാളെ, അതും നയതന്ത്ര ഉദ്യോഗസ്ഥനെ ഞാൻ പരിചയപ്പെടുന്നത്.

റഷ്യൻ വംശജരായ പലരും എന്നോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. അവരെല്ലാം സോവിയറ്റ് യൂണിയനോടു ബദ്ധശത്രുത പുലർത്തുന്നവരായിരുന്നു. സോവിയറ്റ് എന്ന വാക്കു തന്നെ അവർ വെറുത്തിരുന്നു. അമേരിക്കയിലെ ക്യൂബൻ വംശജരും പെറ്റ നാടിന്റെ രാഷ്ട്രീയ സംവിധാനത്തെ നഖശിഖാന്തം എതിർക്കുന്നവരായിരുന്നു. ക്യൂബയിൽ വക്കീലായിരുന്ന ഒരാൾ എന്റെ സഹായത്തോടെ വാഷിങ്ടൻ ഡിസിയിലെ ഒരു ഹോട്ടലിൽ സെക്യൂരിറ്റി ഗാർഡായി ജോലി നേടിയതോർക്കുന്നു. ന്യൂയോർക്ക് സിറ്റിയിൽ ടാക്സി ഓടിക്കുന്ന ഒരു റഷ്യക്കാരൻ സോവിയറ്റ് യൂണിയനിൽ ഡോക്ടറായിരുന്നു എന്നും നേരിട്ടറിഞ്ഞിട്ടുണ്ട്.

ഇംഗ്ലിഷ് പരിജ്ഞാനത്തിന്റെ കുറവും ജന്മനാടുകളിലെ വിദ്യാഭ്യാസ യോഗ്യതകൾ അമേരിക്കയിൽ സ്വീകാര്യമല്ലാത്തതും ഒക്കെയാണു മുഖ്യകാരണങ്ങൾ. ആദ്യമായി പച്ച കമ്യൂണിസ്റ്റുകാരനെക്കണ്ട് ഉള്ളിന്റെയുള്ളിൽ ഞാൻ സ്വൽപം പകച്ചു. അതു പുറത്തു കാണിക്കാതെ ഞാൻ ഇന്ത്യയിൽ നിന്നു വന്ന സന്ദർശകനാണെന്നു സായ്പിനോടു കള്ളം പറഞ്ഞു. അധികം സംസാരിക്കാതെ അയാൾ ഒരു ടെലിഫോൺ നമ്പർ തന്നു, സ്വന്തം പേരിലെ ഫോൺ ഉപയോഗിക്കരുതെന്നും വിളിക്കണമെന്നു തോന്നിയാൽ പബ്ലിക് ഫോൺ ഉപയോഗിക്കണമെന്നും അയാൾ ഉപദേശിച്ചതു കേട്ട ഞാൻ സ്വൽപം ഭയന്നുവെങ്കിലും എന്റെ സുരക്ഷയിലെ അയാളുടെ ആകാംക്ഷ ശ്രദ്ധയിൽപെട്ടു.

അന്നു രാത്രി ചിന്ത മുഴുവനും കണ്ടു മുട്ടിയ റഷ്യക്കാരനെക്കുറിച്ചായിരുന്നു. ഞാനൊരു ഭീരുവാണെന്നു സ്വയം വിലയിരുത്തി. കമ്യൂണിസ്റ്റ് നാട്ടിൽ ജനിക്കുന്നവരെല്ലാം ശത്രുക്കളാണെന്ന അമേരിക്കൻ രീതിക്കു ഞാനും അടിമപ്പെട്ടതായി തോന്നി. പിറ്റേന്നു ജോലി കഴിഞ്ഞ് കോസ്റ്റ് ഗാർഡിന്റെ ഫെറിബോട്ടിൽ സൗത്ത് ഫെറിയിൽ ഇറങ്ങി ബൗളിങ് ഗ്രീൻ സബ്‌വേ സ്റ്റേഷനിലേക്കു നടക്കുന്നതിനിടയിൽ കണ്ട പബ്ലിക് ബൂത്തിൽ കയറി സായ്പിനെ ഫോൺ ചെയ്തു. പ്രതികരണം അതീവ ഹൃദ്യമായിരുന്നു. ഉടനെ തമ്മിൽ കാണാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു, പിറ്റേന്നു ലഞ്ചിനാകാമെന്നു മറുപടി പറഞ്ഞത് അയാൾക്കു സ്വീകാര്യമായി.

ഫിഫ്ത്ത് അവന്യുവിലെ ഒരു കൊറിയൻ റസ്റ്ററന്റാണു സായ്പ് തിരഞ്ഞെടുത്തത്. കൊറിയൻ ഭക്ഷണം എനിക്കു പ്രിയമാണെന്നു സായ്പ് എങ്ങനെ അറിഞ്ഞു എന്നതിശയിച്ചു. സർക്കാരുദ്യോഗത്തിൽ ദീർഘമായ സമയം ലഞ്ചിനു ചെലവഴിക്കാൻ കഴിയുന്നത് വലിയ ആശ്വാസമാണ്. കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ സിവിലിയൻ കംപ്യൂട്ടർ വിഭാഗം തലവനായിരിക്കുന്നതുകൊണ്ട് ഓഫിസിൽ നിന്ന് ഏറെ നേരം വിട്ടു നിന്നാലും മേലധികാരികളിൽ നിന്നു ചോദ്യങ്ങളൊന്നും ഉണ്ടാകില്ല. മിക്ക ദിവസവും ഫെറി കടന്നു വേൾഡ് ട്രേഡ് സെന്റർ പരിസരത്തുള്ള ചെറു ഹോട്ടലുകളിലെത്തിയാകും ഉച്ചഭക്ഷണം. 

റഷ്യൻ സായ്പിനോടൊപ്പം അധിക നേരം ചെലവഴിക്കേണ്ട എന്നു കരുതിയാണു ഡിന്നറിനു പകരം ലഞ്ച് ആക്കിയത്. കൊറിയൻ റസ്റ്ററന്റിൽ ഞാനെത്തും മുൻപേ സായ്പ് കാത്തിരിപ്പുണ്ടായിരുന്നു. ഉച്ചയ്ക്കു മദ്യപാനം ഒഴിവാക്കുകയാണെന്നു പറഞ്ഞപ്പോൾ വൈനെങ്കിലും ആകാമെന്നു സായ്പ് നിർബന്ധിച്ചു. എന്നെ കുടിപ്പിച്ചു വിവരങ്ങൾ ചോർത്തുവാനുള്ള സായ്പിന്റെ പൂതി കൈയ്യിലിരിക്കട്ടെയെന്നു കരുതി ഞാൻ വൈൻ നിരസിച്ചു. മണിക്കൂറുകളോളം നീണ്ട സംഭാഷണത്തിന്റെ തുടക്കത്തിൽത്തന്നെ ഞാൻ ഇന്ത്യയിൽ നിന്നു വന്ന ടൂറിസ്റ്റല്ലെന്ന സത്യം വെളിപ്പെടുത്തിയത് സായ്പിനെ അതിശയിപ്പിച്ചില്ല. ഞാൻ അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥനാണെന്ന കാര്യം എങ്ങനെ അയാൾ മനസ്സിലാക്കിയെന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു മറുപടി. നിങ്ങൾ സോവിയറ്റ് ചാരനാണോയെന്ന എന്റെ വെട്ടിത്തുറന്നുള്ള ചോദ്യത്തിൽ പതറാതെ അയാൾ മറുപടി തന്നു.

‘തീർച്ചയായും അല്ല. ന്യൂയോർക്കിലെ സോവിയറ്റ് കോൺസുലേറ്റിൽ ടെക്നോളജി ലിയാസോൺ ഓഫിസർ എന്ന നിലയിൽ അമേരിക്കയിലെ പ്രൊഫഷണലുകളുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രം.’ ഞാനതു വിശ്വസിച്ചു. സാങ്കേതികമായി ഞാനിപ്പോൾ യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനല്ല. കോസ്റ്റ് ഗാർഡ് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റിനു കീഴിലാണ്. ഞാൻ സാരഥി ആയിരിക്കുന്ന സിസ്റ്റത്തിൽ മറ്റു രാജ്യങ്ങളെ പങ്കാളികളാക്കാൻ വേണ്ടി പെന്റഗണിന്റെ കീഴിലുള്ള സ്ഥാപനമല്ല എന്നാക്കി തീർത്തിരിക്കുകയാണ് സർക്കാർ. വിദേശ ചാരന്മാർക്ക് എന്നിൽ നിന്നു ചോർത്താനുള്ള രഹസ്യങ്ങളൊന്നുമില്ല, പിന്നെന്തിനു പേടിക്കണം?

ആദ്യ കൂടിക്കാഴ്ചയിൽ എന്റെ ജോലിയുടെ വിശദാംശങ്ങളെക്കുറിച്ച് ഒരു ചോദ്യവും സായ്പിൽ നിന്നുണ്ടായില്ല. കൂടുതലും സംസാരിച്ചത് ഞാനാണ്. സോവിയറ്റ് യൂണിയനിലെ സാമൂഹിക കാര്യങ്ങളെക്കുറിച്ച് എന്റെ ചോദ്യങ്ങൾക്ക് സായ്പ് വ്യക്തമായി മറുപടി തന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തെ അന്ധമായി ന്യായീകരിക്കുന്ന രീതിയിലല്ല സായ്പ് സംസാരിച്ചത്. പക്ഷേ, പരസഹായമോ ബന്ധുബലമോ ഇല്ലാതെ എല്ലാ തുറകളിലും അവിടെ ഏവർക്കും അർഹിക്കുന്ന സ്ഥാനമാനം ലഭിക്കുന്നു എന്ന് സായ്പ് പറഞ്ഞത് അവിശ്വസനീയമായി തോന്നി. അയാൾ ഒരു പോസ്റ്റ്മാന്റെ മകനാണെന്നും പഠിക്കാനുള്ള ഉത്സാഹം കൊണ്ടുമാത്രം ഇക്കണോമിക്സിൽ പിഎച്ച്ഡി ബിരുദം നേടി സോവിയറ്റ് യൂണിയന്റെ ബ്യൂറോക്രസിയുടെ ഏറ്റവും ആകർഷകമായ ഫോറിൻ ട്രേഡ് ബ്യൂറോയിൽ ഉദ്യോഗസ്ഥാനായെന്നും വെളിപ്പെടുത്തി. സോവിയറ്റ് ഫോറിൻ സർവീസിൽ പ്രഫഷനലുകളുടെ സേവനം കഴിവതും പ്രയോജനപ്പെടുത്തുന്നു.

കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും സുഖജീവിതമാണവിടെ എന്നു സായ്പ് പറഞ്ഞപ്പോൾ ഞാൻ തർക്കവാദം ഉന്നയിച്ചു. വിശ്വവിഖ്യാത നോവൽ ‘ഡോക്ടർ ഷിവാഗോ’ എഴുതിയ ബോറിസ് പാസ്റ്റർ നാക്കിന് നൊബേൽ പുരസ്കാരം സ്വീകരിക്കാനുള്ള അവസരം സോവിയറ്റ് സർക്കാർ നിഷേധിച്ചതും അലക്സാണ്ടർ ഷോൽ സെനിസ്റ്റിൻ നാടുവിട്ടതുമൊക്കെ ഞാൻ സായ്പിനെ ഓർമിപ്പിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ തന്നെ സാഹിത്യ, കാലാരംഗത്തും മാത്രമല്ല രാഷ്ട്രീയരംഗത്തും കൂച്ചുവിലങ്ങുകൾ ഉണ്ടെന്ന് സായ്പും വാദിച്ചു. ഇന്ത്യയിൽ തുച്ഛമായ വിലയ്ക്കു ലഭ്യമാകുന്ന റഷ്യൻ പുസ്തകങ്ങൾ അമേരിക്കയിൽ ലഭ്യമാകാത്തതു നിരോധനം മൂലമാണെന്നു സായ്പ് പറഞ്ഞതു സത്യമായിരുന്നു. വളരെ തൃപ്തികരമായ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ പിരിഞ്ഞു.

സായിപ്പിനെക്കുറിച്ചുള്ള ആശങ്കകളൊക്കെ വിട്ടുമാറിയിരിക്കുന്നു. ആ റഷ്യക്കാരനെ വീണ്ടും പലതവണ ഞാൻ കണ്ടു. ഉച്ചഭക്ഷണമല്ലാതെ വാരാന്തങ്ങളിലെ ദീർഘമായ അത്താഴം കഴിക്കലിനായി കണ്ടുമുട്ടലുകൾ മാറി. ഭക്ഷണപ്രിയനായിരുന്ന സായ്പിന് ന്യൂയോർക്ക് സിറ്റിയിലെ പ്രധാന തീറ്റസ്ഥലങ്ങളൊക്കെ സുപരിചിതമായിരുന്നു. മൻഹാറ്റനിലെ പ്രശസ്തമായ റഷ്യൻ ടീ റൂമിൽ ഞാൻ ആദ്യമായി പോകുന്നത് സാക്ഷാൽ റഷ്യക്കാരനുമൊത്തായിരുന്നു എന്നതു രസകരമായി തോന്നിയിട്ടുണ്ട്. സിറ്റിയിലെ ഏറ്റവും പ്രസിദ്ധമായ റസ്റ്ററന്റാണു റഷ്യൻ ടീ റൂം, അവിടെ നേരത്തേ ബുക്ക് ചെയ്യാതെ സീറ്റ് ലഭിക്കില്ല. പേരിൽ മാത്രം റഷ്യനും വിഭവങ്ങളൊക്കെ ഫ്രഞ്ചു രീതിയിലുമാണെന്നു സായ്പ് തമാശ പറഞ്ഞു. ആറു മാസത്തോളമായി ഈ സുഹൃത്ത് ബന്ധം തുടങ്ങിയിട്ട്, ഒരു പൈസയും എനിക്കു ചെലവില്ലാത്ത തീറ്റ ഏർപ്പാടുകളല്ലാതെ വേറൊന്നും സായ്പ് എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരു സമയം ഇയാൾ സ്വവർഗാനുരാഗിയാണോ എന്നുപോലും ഞാൻ സംശയിച്ചു. 

അവസാനമായി ഞാൻ സായ്പിനെക്കണ്ടത് ഒരു ജനുവരി മാസത്തിലാണ്. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ജന്മദിനമായ ആ ജനുവരി 15 പൊതുഅവധി ദിവസമായിരുന്നു. ബ്രോങ്ക്സിൽ എന്റെ വീടിനടുത്തുള്ള ഇറ്റാലിയൻ റസ്റ്ററന്റിൽ ഒത്തുകൂടി. സായ്പ് ഒറ്റയ്ക്കായിരുന്നില്ല; കൂടെ ഒരു മീശ വച്ച മധ്യവയസ്കനും ഉണ്ടായിരുന്നു. സായ്പിനു സ്ഥലം മാറ്റം ആയി എന്നും കൂടെയുള്ളയാളാവും ഇനി ഞാനുമായുള്ള ബന്ധം തുടർന്നുകൊണ്ടുപോവുക എന്നും അറിയിച്ചപ്പോൾ ഞാൻ അസ്വസ്ഥനായി. അന്ന് അധിക സമയം അവരോടൊപ്പം ചെലവഴിച്ചില്ല. വേഗം ഭക്ഷണം കഴിച്ചു ഞാൻ യാത്ര പറഞ്ഞു പിരിഞ്ഞു. പുറത്തു നല്ല മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

സബ്‌വേ സ്റ്റേഷൻ വരെ മഞ്ഞുമഴയിൽ നടക്കാൻ മടിച്ച് ടാക്സിയിൽ ഞാൻ വീട്ടിലെത്തി. കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്ന ഭീതി മനസ്സിലുണ്ടായി. റഷ്യൻ സായ്പിന്റെ ലക്ഷ്യം വെറും സുഹൃത്ത് ബന്ധം ആയിരുന്നില്ലെന്നും സംശയിച്ചു. പുതിയ സായ്പിനെക്കണ്ടപ്പോൾ ഒരു പ്രഫഷനൽ ചാരന്റെ ലക്ഷണങ്ങൾ ഉള്ളതായി തോന്നി. അയാളെ ഇനി കാണുന്ന പ്രശ്നമേയില്ലായെന്നും മനസ്സിൽ കരുതി.

സോവിയറ്റ് യൂണിയനും ക്യൂബയുമൊക്കെ അമേരിക്കയുടെ ശത്രു രാജ്യങ്ങളാണ്. അമേരിക്കൻ പൗരന് അവിടങ്ങളിൽ സന്ദർശിക്കാൻ വിലക്കുണ്ട്. അവരോട് സൗഹാർദം കൂടുന്നതും ദേശദ്രോഹമായി മുദ്രകുത്തപ്പെട്ടേക്കാം. ഞാൻ അമേരിക്കയിൽ വെറുമൊരു കുടിയേറ്റക്കാരൻ മാത്രമല്ല. പൗരത്വം സ്വീകരിച്ച് ഫെഡറൽ ഗവൺമെന്റ് സിവിൽ സർവീസിൽ ഉന്നതങ്ങളിലെത്തി ടോപ് സീക്രട്ട് ക്ലിയറൻസ് ലഭിച്ച ഉദ്യോഗസ്ഥനാണ്. എന്റെ നിറമോ വംശമോ പ്രശ്നമാക്കാതെ മെരിറ്റടിസ്ഥാനത്തിൽ മാത്രം സർവീസിലെടുത്ത് അർഹിക്കുന്ന പ്രമോഷനൊക്കെ നൽകി ജീവിതം സുരക്ഷിതമാക്കിയ രാഷ്ട്രത്തോട് നിസീമമായ കടപ്പാടുണ്ട്. 

എല്ലാം മാറി മറിയുന്നു

ഇതുവരെ എന്റെ സർവീസ് റെക്കാർഡിൽ ഒരു കറുത്ത പുള്ളിപോലും വീണിട്ടില്ല. ഇപ്പോൾ ഞാൻ സെക്യൂരിറ്റി സംവിധാനങ്ങളിലെ ലക്ഷ്മണരേഖ ഖണ്ഡിച്ചോ എന്ന സംശയം മനഃപ്രയാസമുണ്ടാക്കി. പിറ്റേന്ന് ഓഫിസ് ലൈബ്രറിയിൽ നിന്നു യുഎസ് സിവിൽ സർവീസ് റൂളുകളുടെ തടിയൻ പുസ്തകം എടുത്ത് അടിമുടി പരതി. സർവീസിലുള്ളപ്പോൾ വിദേശികളുമായി സമ്പർക്കം പാടില്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, സംശയാസ്പദമായി എന്തെങ്കിലും നിരീക്ഷിച്ചാൽ താമസംവിനാ മേലധികാരികളെ വിവരം ധരിപ്പിക്കണമെന്നു വ്യക്തമായി എഴുതിയിരിക്കുന്നു.

എന്റെ മുൻപിൽ രണ്ടു വഴികളാണു തുറന്നു കണ്ടത്. ഒന്നുകിൽ എല്ലാം അടഞ്ഞ അധ്യായമായി കരുതുക. അതിലുമുണ്ട് പ്രശ്നം. റഷ്യക്കാരന് എന്റെ ഫോൺ നമ്പർ കൊടുത്തിട്ടില്ലെങ്കിലും നമ്പർ അൺലിസ്റ്റ് അല്ലാത്തതിനാൽ ഡയറക്ടറിയിൽ നിന്നു കണ്ടെടുക്കാൻ ഒരു പ്രയാസവുമില്ല. ഇതുവരെയുള്ള കോളുകളൊക്കെ ഞാനങ്ങോട്ടു ചെയ്യുകയായിരുന്നു, അതെല്ലാം പബ്ലിക്  ബൂത്തുകളിൽ നിന്നും. അതു നിർത്തിയാൽ പുതിയ റഷ്യക്കാരൻ എന്റെ ഫോണിൽ വിളിച്ചെന്നിരിക്കും.

federal-bureau-of-investigation-fbi

സെക്യൂരിറ്റി ക്ലിയറൻസ് ഉള്ള എന്റെ ഫോൺ എഫ്ബിഐ നിരീക്ഷണത്തിലായിക്കൂടെന്നില്ല. അങ്ങനെ ഞാൻ പിടിക്കപ്പെട്ടാൽ സംഗതികൾ കൈവിട്ടുപോകും. രണ്ടാമത്തെ വഴി മേലധികാരികളോട് എല്ലാം തുറന്നു പറയുക എന്നതാണ്. സ്വയം റിപ്പോർട്ട് ചെയ്താൽ ചിലപ്പോൾ എനിക്കു സർവീസ് റെക്കോർഡിൽ ഗുഡ് എൻട്രി മാത്രമല്ല ശ്ലാഘനീയമായ സേവനത്തിനു പ്രശസ്തി പത്രവും ലഭിച്ചെന്നിരിക്കും. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാൽ ഭയപ്പെടാൻ ഒന്നും ഇല്ല. ഈ വിധം ഞാൻ ചിന്തിച്ചത് ആനമണ്ടത്തരമായി എന്നു പിൽക്കാല അനുഭവങ്ങൾ തെളിയിച്ചു.

നടന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്റ്റേഷൻ ചീഫിന്റെ അടുത്തേക്കു ഞാൻ നേരിട്ടു പോയി. മധ്യവയസ്കനായ അലാസ്കക്കാരൻ അഡ്മിറലിന് എന്നോടു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. കോസ്റ്റ് ഗാർഡ് സ്റ്റേഷനിലെ പല ആഘോഷങ്ങളുടെയും ചുമതല അദ്ദേഹം എന്നെ ഏൽപിക്കുമായിരുന്നു. ഒരു പരിപാടിക്ക് ചീഫ്ഗസ്റ്റായി ഇന്ത്യൻ കോൺസുൽ ജനറലിനെ ക്ഷണിക്കാൻ അദ്ദേഹം അനുവാദമരുളി. മഹാരാഷ്ട്രക്കാരനായ ആ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫിസറുടെ ക്വീൻസ് ഇംഗ്ലിഷിലുള്ള നർമ രസം കലർന്ന പ്രസംഗം കോസ്റ്റ് ഗാർഡ് സേന അതിശയത്തോടെ കേട്ടിരുന്നു.

എന്റെ റഷ്യൻ ബന്ധത്തെക്കുറിച്ചുള്ള വിവരണം ശ്രദ്ധിച്ചു കേട്ടിട്ട് ചിരിച്ചു കൊണ്ട് ഒരു കാരണവരുടെ ഭാവത്തിൽ സായ്പ് എന്നെ ഉപദേശിച്ചു. ‘If I were you I could have kept quiet. Now I am forced to report this to FBI. They are nasty, but don’t panic and succumb to their tactics. If your conscience is clear, nothing to fear. But if I smell any rotten eggs along the line you can count me out. But my son, I promise to fight tooth and nail if FBI try to trap you. They are notorious to nail even innocents.''  

federal-bureau-of-investigation-fbi-1

സായ്പിന്റെ വാക്കുകൾ ഒരു പ്രവചനം പോലെയായി. പിറ്റേന്നു തന്നെ വേൾഡ് ട്രേഡ് സെന്ററിലുള്ള എഫ്ബിഐ ഓഫിസിലെത്താൻ എനിക്കു നിർദേശം കിട്ടി. അവിടെ എന്നെ കാത്തിരിക്കുന്നത് ഒരു ഡസനോളം എഫ്ബിഐ ഏജന്റുമാർ. ചോദ്യം ചെയ്യൽ തുടങ്ങും മുൻപേ എല്ലാവരെയും പരിചയപ്പെടുത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പേരു മാത്രം പറഞ്ഞവരോട് സിവിൽ സർവീസ് റാങ്ക് കൂടി വെളിപ്പെടുത്താൻ ആവശ്യപ്പെട്ടതും ഞാൻ എല്ലാം കുറിച്ചെടുത്തതും പലരുടെയും നെറ്റി ചുളിപ്പിച്ചു. ചോദ്യം ചെയ്യൽ ടീമിലുണ്ടായിരുന്ന സൈക്യാട്രിസ്റ്റ് ഒഴികെ എല്ലാവരും സിവിൽ സർവീസിൽ എന്നെക്കാളും താഴെയാണെന്ന് ഉറപ്പു വരുത്തി.

ചോദ്യം ചെയ്യൽ സൗഹാർദപരമായിരുന്നു. നടന്ന സംഭവങ്ങളൊക്കെ വിശദമായി വിവരിക്കാൻ പറഞ്ഞു. എല്ലാം അവർ റിക്കാർഡ് ചെയ്യുന്നുണ്ടായിരുന്നു. അതിന് എന്റെ മുൻകൂർ സമ്മതം ചോദിക്കാമായിരുന്നില്ലേ എന്ന എന്റെ സംശയത്തോട് അവർ ലാഘവത്തോടെ പ്രതികരിച്ചു. എന്നാലും റിക്കോർഡിങ് പകർപ്പു കാണണമെന്നും അതുശരിയാണെന്നു കണ്ട് എനിക്ക് ഒപ്പു വയ്ക്കണമെന്നും ഞാൻ നിർബന്ധം പിടിച്ചു. അന്വേഷണത്തലവൻ സൗഹാർദപൂർവം എന്നെ ഓർമിപ്പിച്ചു, ഇതു കോടതിയല്ല, നിങ്ങൾ പ്രതിയുമല്ല.

ഓഫിസിൽ തിരികെയെത്തിയത് വളരെ ആശ്വാസത്തോടെയാണ്. അഡ്മിറലിനെക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. എഫ്ബിഐയുടെ മാന്യമായ പെരുമാറ്റത്തെക്കുറിച്ചു പറഞ്ഞപ്പോൾ സായ്പിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. ‘This is just a curtain raiser, now wait for the drama’. ഇതൊരു തുടക്കം മാത്രം, ഇനിയാണു നാടകം; കാത്തിരുന്നു കാണൂ എന്ന്!

English Summary:

Sunday special story of Malayali Madhu Nair who was caught by the US investigation agency Federal Bureau of Investigation (FBI)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com