ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരില്ല, എന്റെ സ്പെഷൽ ചമ്മന്തിക്കും ആരാധകരുണ്ട്; സ്മിനു സിജോ
Mail This Article
മലയാള സിനിമയിൽ യുവനിരയുടെ അമ്മയായി പേരെടുത്ത താരമാണ് സ്മിനു സിജോ. കുടുംബിനി എന്ന നിലയിൽനിന്നു സിനിമയിലെത്തിയ സ്മിനു പെട്ടെന്നുതന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി. പാചകത്തെ പ്രണയിക്കുന്നവളാണ് താനെന്ന് സ്മിനു പറയുന്നു. ‘‘വീട്ടിൽ വരുന്നവർ ആഹാരം കഴിച്ചുകഴിയുമ്പോൾ ചോദിക്കാറുണ്ട്, സ്മിനു എങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്, ഞങ്ങൾ ചെയ്യുമ്പോൾ ശരിയാകാറില്ലല്ലോ എന്നൊക്കെ. അപ്പോൾ ഞാൻ പറയുന്ന ഡയലോഗാണ് ‘പാചകത്തെ പ്രണയിച്ചാൽ രുചിയേറും’ എന്നത്. എനിക്കു ചെറുപ്പം മുതലേ പാചകം ഇഷ്ടമാണ്. എന്റെ പപ്പ ഭക്ഷണപ്രിയനായിരുന്നു. അദ്ദേഹം ഓരോ ഫൂഡും രുചിച്ച്, ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ നമുക്കും കഴിക്കാൻ തോന്നും. പപ്പയിൽനിന്നാണ് എനിക്കും പാചകത്തോട് ഇഷ്ടം തോന്നി തുടങ്ങിയത്.’’
ഒത്തില്ല എന്നായിരിക്കും ആദ്യത്തെ കമന്റ്
ഞങ്ങൾ നാലു മക്കളാണ്. അന്നൊക്കെ പപ്പ ജോലികഴിഞ്ഞു വരുമ്പോൾ എന്തെങ്കിലും കഴിക്കാൻ കൊണ്ടുവരും. എന്നിട്ട് ഇതുപോലെ ഉണ്ടാക്കി നോക്കാമോ എന്നു ചോദിക്കും. എനിക്ക് അതൊക്കെ ഇഷ്ടമായതുകൊണ്ട് വേഗം ചെയ്തുനോക്കും. നമ്മൾ അങ്ങനെ കാര്യമായി എന്തെങ്കിലും ഉണ്ടാക്കി പപ്പയ്ക്ക് കൊടുക്കുമ്പോൾ പറയുന്ന ആദ്യ കമന്റ് ‘ഒത്തില്ല’ എന്നായിരിക്കും. കാരണം ഭക്ഷണം രുചിച്ചു നോക്കാൻ പപ്പയ്ക്ക് വല്ലാത്തൊരു കഴിവാണ്. എന്നാലും കുറച്ചുകഴിയുമ്പോള്‍ പറയും നല്ലതായിരുന്നുവെന്ന്. ആ വാക്കുകളാണ് നമ്മളെ വീണ്ടും പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ഞാൻ ആസ്വദിച്ചാണ് കുക്ക് ചെയ്യുന്നത്. എന്നാൽ എന്റെ അനിയത്തി നേരെ തിരിച്ചാണ്, അവൾക്ക് എല്ലാം വേഗം തീരണം, പെട്ടെന്ന് എങ്ങനെയെങ്കിലുമൊക്കെ പണി തീർക്കുക എന്നതാണ് പുള്ളിക്കാരിയുടെ ലക്ഷ്യം. അതുപോല നാത്തൂൻ ഒരു ദിവസം എന്നെ വിളിച്ചിട്ട് ബീഫ് കറിയുണ്ടാക്കുന്നതെങ്ങനെയാണ് എന്ന് ചോദിച്ചു. അവർ ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല, മകൻ പറയുന്നത് ഞാൻ ബീഫ് ഉണ്ടാക്കുന്നതുപോലെ ആകുന്നില്ല എന്നായിരുന്നുവത്രേ. സത്യം പറഞ്ഞാൽ ഞാൻ അങ്ങനെ പ്രത്യേകിച്ചൊരു രീതിയിലുമല്ല ചെയ്യുന്നത്. എന്റെ സ്റ്റൈലിൽ ഉണ്ടാക്കുന്നുവെന്ന് മാത്രം. പക്ഷേ നേരത്തേ പറഞ്ഞതുപോലെ ഞാനതിൽ കുറച്ച് ഇഷ്ടവും പ്രണയവും ഒക്കെ ചേർക്കുന്നതുകൊണ്ടാകാം രുചി തോന്നുന്നത്.
കുറച്ച് ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരില്ല
എനിക്ക് ചോറ് ഭയങ്കര ഇഷ്ടമാണ്. കല്യണത്തിനോ മറ്റു പരിപാടികൾക്കോ പോയാൽ അവിടുത്തെ ഫുഡ് വ്യത്യസ്തമായിരിക്കുമല്ലോ. ചിലപ്പോൾ ചോറ് കിട്ടിയെന്ന് വരില്ല. പക്ഷേ അതൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് ഒരു പിടി ചോറ് വാരിക്കഴിച്ചില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല. എനിക്ക് വീട്ടിലുണ്ടാക്കുന്നതെന്തും ഇഷ്ടമാണ്. പുറത്തുപോകുമ്പോൾ പുതിയ വിഭവങ്ങൾ കഴിക്കാറുണ്ടെങ്കിലും നാടൻ ഭക്ഷണം തന്നെയാണ് നല്ലത്.
ചോറുകഴിഞ്ഞാൽ രണ്ടാം സ്ഥാനം പൊറോട്ടയും മുട്ടക്കറിയുമാണ്. വീട്ടിൽ എല്ലാത്തരം ഫുഡും ഞാൻ ഉണ്ടാക്കിനോക്കാറുണ്ട്. പക്ഷേ എത്ര ശ്രമിച്ചിട്ടും പൊറോട്ട ശരിയാകുന്നില്ല. പണ്ട് കഴിച്ചിരുന്ന നല്ല മൊരിഞ്ഞ ഒരു പൊറോട്ടയുണ്ട്. ഇപ്പോഴത് എവിടെയും കാണാനില്ല. ഞാൻ കുറേ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ അത്ര രുചിയുള്ള പൊറോട്ട ഇപ്പോൾ കിട്ടാനേയില്ല എന്നതാണ് എന്റെ സങ്കടം. പിന്നെയെനിക്ക് ഇഷ്ടം എല്ലും കപ്പയുമാണ്. അത് സാധാരണ ഉണ്ടാക്കുന്നതുപോലെയല്ല, എന്റെയൊരു സ്റ്റൈലിലാണ് എപ്പോഴും ഉണ്ടാക്കാറ്. പ്രത്യേകിച്ചൊന്നുമില്ല, ഞാൻ എല്ലാംകൂടി ഒരുമിച്ച് കുക്കറിലിട്ട് വിസിലടിപ്പിക്കും. അതിനൊരു പ്രത്യേക രുചിയാണ്. എന്റെ രണ്ടുമക്കളേയും അത്യാവശ്യം കുക്കിങ് പഠിപ്പിച്ചിട്ടുണ്ട്. പുതിയതായി എന്തെങ്കിലും കഴിച്ചാൽ അത് പാകം ചെയ്ത് നോക്കാനും ശ്രമിക്കാറുണ്ട്. പിന്നെ എല്ലാവർക്കും ഇഷ്ടമുള്ളൊരു ചമ്മന്തിയുണ്ട്. അതിന്റെ റെസിപ്പി ഞാൻ പറഞ്ഞുതരാം. അത്ര വലിയ സംഭവമൊന്നുമല്ല. എന്നാലും നല്ല രുചിയാണ് അതിന്. ഞാൻ ഗ്യാരന്റി’’.
സ്പെഷൽ ചമ്മന്തിയുടെ കൂട്ടിതാ
‘‘ചെറിയ ഉള്ളി, പിരിയൻ മുളക്, വാളംപുളി ഒരു ചെറിയ ഉരുള, കറിവേപ്പില, ഇഞ്ചി, ഉപ്പ്, വെളിച്ചെണ്ണ. ആദ്യം ഓരോന്നും എണ്ണയിൽ ഒന്ന് വഴറ്റിയെടുക്കണം. എന്നിട്ട് എല്ലാ ചേരുവകളും കൂടി മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതെല്ലാം കൂടി വഴറ്റിയ അതേ എണ്ണ തന്നെ അതിലേക്ക് ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കാം.
വളരെ സിംപിളായൊരു ചമന്തിയാണ്. എന്നാൽ ടേസ്റ്റോ അപാരവും. വൈകുന്നേരം കുറച്ച് കപ്പ പുഴുങ്ങിയതിന്റെ കൂടെ ഈ ചമ്മന്തിയും കൂട്ടി ഒരു പിടി പിടിക്കണം, ഒരു ഗ്ലാസ് കട്ടൻ കാപ്പിയും കൂടിയുണ്ടെങ്കിൽ പൊളിക്കും’’.