ADVERTISEMENT

പിത്​സയിലും പാസ്തയിലും ന്യൂഡില്‍സിലുമെല്ലാം ചീസ് ഉപയോഗിക്കാറുണ്ട്. പാലില്‍ നിന്നുണ്ടാക്കുന്ന ഈ ഉല്‍പ്പന്നത്തിന്‌ ലോകമൊട്ടാകെ ആരാധകരുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച ചീസുകള്‍ക്ക് റാങ്കിങ് നല്‍കിയിരിക്കുകയാണ് യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ ചീസുകളുടെ ജനപ്രീതി വിലയിരുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 

ഇറ്റലിയില്‍ നിന്നുള്ള പാർമിജിയാനോ റെഗ്ഗിയാനോ എന്നയിനം ചീസാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഏറ്റവും മികച്ചതായി വിലയിരുത്തിയത്. 

ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചീസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് പാർമിജിയാനോ റെഗ്ഗിയാനോ, പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളില്‍ നിന്നുള്ള, അസംസ്കൃത, സെമി സ്കിഡ് പാലില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. മധ്യകാലഘട്ടത്തില്‍ ബെനഡിക്റ്റൈൻ, സിസ്‌റ്റെർസിയൻ സന്യാസിമാർ പോ വാലിയിലെ തണ്ണീർത്തടങ്ങളിലാണ് വിലയേറിയ ഈ ചീസ് ആദ്യമായി നിര്‍മിച്ചത്. പാർമ, റെജിയോ എമിലിയ എന്നീ രണ്ട് നഗരങ്ങളില്‍ നിന്നും ഉത്ഭവിച്ചതിനാല്‍ ചീസിന് പാർമിജിയാനോ റെഗ്ഗിയാനോ എന്ന് പേരുവന്നു. 

എരുമപ്പാലില്‍ നിന്നും ഉണ്ടാക്കുന്ന ചീസാണ് രണ്ടാം സ്ഥാനത്തുള്ള മൊസറെല്ല ഡി ബുഫല കാമ്പാന. എരുമപ്പാലിൽ കാൽസ്യവും പ്രോട്ടീനും കൂടുതലാണെന്നും കൊളസ്ട്രോൾ കുറവാണെന്നും പറയപ്പെടുന്നു. ഉപ്പുവെള്ളത്തില്‍ ഇട്ടാണ് ഈ ചീസ് സൂക്ഷിക്കുന്നത്, അതിനാല്‍ ഇതിന് നേരിയ പുളിരസമുണ്ട്.

മൂന്നാം സ്ഥാനത്തുള്ള സ്ട്രാച്ചിനോ ഡി ക്രെസെൻസ എന്നയിനം ചീസ് ആദ്യം നിർമ്മിച്ചത് ഇറ്റലിയിലെ ലൊംബാർഡിയിലെ പോ താഴ്‌വരയിലാണ്. ഇത് സാധാരണയായി ആൽപ്‌സ് പർവതനിരകളില്‍ മേഞ്ഞുനടക്കുന്ന പശുവിന്‍റെ പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്നു. പൊതുവേ ക്രീമി ചീസ് ആയതിനാല്‍ ഇത് പലപ്പോഴും ഒരു സ്പ്രെഡ് ആയി ഉപയോഗിക്കുന്നു.

ഗ്രീസിലെ സൈക്ലേഡിലുള്ള നക്സോസ് ദ്വീപിൽ, ഏകദേശം ഒരു നൂറ്റാണ്ടായി ഉത്പാദിപ്പിക്കപ്പെടുന്ന ഗ്രാവിയറ നക്സൗ ആണ് നാലാമത് വരുന്നത്. പശുവിൻ പാലിൽ നിന്നോ ആട്ടിൻ പാലിൽ നിന്നോ ഇത് നിര്‍മ്മിക്കാം. 

ബോർഡലെയ്‌റ സെറ ഡ എസ്‌ട്രേല, ചുറ മൊണ്ടെഗ്യൂറ എന്നീ ഇനങ്ങളില്‍പെട്ട ആടുകളുടെ പാലിൽ നിന്ന് നിർമ്മിച്ച ഒരു അർദ്ധ സോഫ്റ്റ് ചീസ് ആണ് സെറ ഡ എസ്‌ട്രെല. പോര്‍ച്ചുഗലില്‍ നിന്നുള്ള ഈ ചീസ് അഞ്ചാംസ്ഥാനത്താണ്‌ ഉള്ളത്. ഈ ചീസ് പോർച്ചുഗലിലെ ഏറ്റവും പഴക്കമേറിയതും അന്താരാഷ്ട്ര അംഗീകാരമുള്ളതുമായ ഒരു പരമ്പരാഗത ഭക്ഷ്യ ഉൽപ്പന്നമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ, പോർച്ചുഗൽ രാജാവ് സെറ ഡ എസ്ട്രേല പർവതനിരയിലെ സെലോറിക്കോ ഡാ ബെയ്‌റയിൽ വിറ്റതാണ് ഈയിനത്തില്‍പ്പെട്ട ആദ്യത്തെ ചീസ് എന്ന് ചരിത്രം പറയുന്നു.

ഇറ്റലിയില്‍ നിന്നുള്ള ബുരാറ്റ, ഫ്രാന്‍സില്‍ നിന്നുള്ള സെന്‍റ് ആന്ദ്രെ, ഫ്രാന്‍സില്‍ നിന്നുള്ള റെബ്ലോചോണ്‍, മോണ്ടിനെഗ്രോയിലെ പ്ലെവൽജ്സ്കി സർ, ഫ്രാന്‍സില്‍ നിന്നുള്ള മോണ്ട് ഡിയോര്‍ എന്നിവയാണ് ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ വരുന്ന മറ്റു ചീസുകള്‍.

English Summary:

The World's 10 Best Cheeses: A Taste Atlas Ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com