സ്ത്രീകൾക്ക് താൽപര്യമില്ല, പുരുഷന്മാര്ക്ക് മടി; കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന മദ്യം നിറം മാറുന്നു
Mail This Article
കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന മദ്യം ഏതാണെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ– ‘ബ്രാൻഡി’. ബ്രാൻഡിയുടെ നിറം എന്തെന്നു ചോദിച്ചാൽ ഒരിക്കൽ പോലും മദ്യം ഉപയോഗിക്കാത്തവരും പറയും– ‘ചുവപ്പ്’. എന്നാൽ ഈ സങ്കൽപമെല്ലാം മാറുകയാണ്. ചുവപ്പിൽനിന്നു വെളുപ്പിലേക്കു തെളിഞ്ഞുവരികയാണു ബ്രാൻഡി. വോഡ്കയും ജിന്നും വൈറ്റ് റമ്മും അരങ്ങുവാഴുന്ന ‘വൈറ്റ് സ്പിരിറ്റ്’ ശ്രേണിയിൽ കാലുറപ്പിക്കാൻ കേരളത്തിലെ വിപണിയിലേക്കു ‘വൈറ്റ് ബ്രാൻഡി’യും എത്തിത്തുടങ്ങുകയാണ്.
‘മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ്’ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ ഹാനിയുടെ അളവു കുറയ്ക്കാനാണു നിറം ഒഴിവാക്കുന്നതെന്നാണു വൈറ്റ് ബ്രാൻഡി നിർമാതാക്കളുടെ അവകാശവാദം. കേരള വിപണിയിൽ രണ്ടു വർഷം മുൻപാണു വൈറ്റ് ബ്രാൻഡി സാന്നിധ്യമറിയിച്ചത്. ‘ലെമൗണ്ട്’ എന്ന പേരിൽ ഇറക്കിയ ഈ വൈറ്റ് ബ്രാൻഡിയുടെ ചുവടു പിടിച്ച് ‘ഡാഡി വിൽസൺ’ എന്ന ബ്രാൻഡ് കൂടി അവരുടെ വൈറ്റ് ബ്രാൻഡി 2024 സെപ്റ്റംബറിൽ വിപണിയിലിറക്കി. കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കാസർകോട്ടുള്ള നോർമണ്ടി ബ്രെവറീസ് ആൻഡ് ഡിസ്റ്റിലേഴ്സിന്റേതാണ് ഉൽപന്നം.
2020–21ൽ കേരളത്തിൽ ആകെ 16.4 കോടി കുപ്പി ബ്രാൻഡിയാണു വിറ്റത്. അടുത്ത വർഷം ഇത് 16.92 കോടി കുപ്പിയായും 2022–23ൽ 19.21 കോടി കുപ്പിയായും മാറി. ഒരുകാലത്ത് ഒന്നാം സ്ഥാനത്തുനിന്ന റമ്മിനെ ആറു വർഷം മുൻപാണു ബ്രാൻഡി പിന്തള്ളിയത്. ഇപ്പോൾ വിൽപനയിൽ റം രണ്ടാമതും വോഡ്ക മൂന്നാമതും വിസ്കി നാലാമതുമാണ്. വൈറ്റ് ബ്രാൻഡിയുടെ വരവോടെ വോഡ്ക പ്രേമികളിലേക്കും ഒരുപക്ഷേ ബ്രാൻഡി കടന്നുകയറിയേക്കാം. ഇതൊക്കെയാണെങ്കിലും, വർഷങ്ങളായി തുടരുന്ന ബ്രാൻഡിശീലം വിട്ട് എത്ര പേർ നിറമില്ലാത്തതിലേക്കു മാറുമെന്നതു കാത്തിരുന്നു കാണേണ്ടതാണ്.
∙ എങ്ങനെ വൈറ്റ് ആവുന്നു?
മദ്യത്തിലെ നിറം പൂർണമായി ഒഴിവാക്കി, കൃത്രിമ നിറവും മധുരവും നൽകാതെ ഉൽപാദിപ്പിക്കുന്നു എന്നതാണു നിർമാതാക്കളുടെ അവകാശവാദം. മദ്യത്തിനു നിറം നൽകുന്നതു ‘കാരമൽ’ ആണ്. ഇതുണ്ടാക്കുന്നതു പഞ്ചസാരയിൽനിന്നാണ്. നിറവും മധുരവും കുറയുന്നതോടെ അതുവഴിയുള്ള ആരോഗ്യപ്രശ്നം കുറയുമെന്ന് ഇവർ അവകാശപ്പെടുന്നു (മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ മറക്കുന്നില്ല). നിറമില്ലാതാകുന്നെങ്കിലും, ബ്രാൻഡിയുടെ രുചി ശീലിച്ചു പോന്നവർക്ക് ആ രുചി തന്നെ ലഭിക്കുമെന്നാണു വാഗ്ദാനം.
∙ എന്തുകൊണ്ടു വൈറ്റിനു പ്രിയം
പാർട്ടികളിലും ചെറു കൂട്ടായ്മകളിലും നടക്കുന്ന സോഷ്യൽ ഡ്രിങ്കിങ് ആണ് വൈറ്റ് സ്പിരിറ്റിന്റെ ഇടം. മദ്യം ഉപയോഗിക്കുന്ന സ്ത്രീകൾ പൊതുവേ തിരഞ്ഞെടുക്കുന്നതു വൈറ്റ് സ്പിരിറ്റാണെന്നാണ് നേരത്തേ നടത്തിയ പല സർവേകളിലും അവർ പങ്കുവച്ച അഭിപ്രായം. നിറം ചേർത്തതിനോട് അവർക്കു താൽപര്യം കുറവാണ്. കുടുംബാംഗങ്ങൾകൂടി പങ്കെടുക്കുന്ന പാർട്ടികളിൽ നിറമുള്ള മദ്യം കഴിക്കാൻ മടിക്കുന്ന പുരുഷൻമാരുമുണ്ട്, എന്നാൽ ഇഷ്ടം ബ്രാൻഡിയാണു താനും. ഈ മനഃശാസ്ത്രം കൂടി മനസ്സിലാക്കിയാണു കൂടുതൽ നിർമാതാക്കൾ വൈറ്റ് സ്പിരിറ്റ് രംഗത്തേക്ക് ഇറങ്ങുന്നത്.
∙ മദ്യമേഖലയിൽ പരീക്ഷണങ്ങൾ പലത്
രാജ്യത്താകെ നടക്കുന്ന മദ്യക്കയറ്റുമതിയിൽ ഒരു ശതമാനം പോലും കേരളത്തിൽനിന്നില്ല. കേരളത്തിലെ ഡിസ്റ്റിലറികളിൽ ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ കൂടുതൽ കയറ്റുമതി സാധ്യതകൾ തേടുമെന്നു സർക്കാർ എല്ലാ മദ്യനയത്തിലും പ്രഖ്യാപിക്കുന്നതാണ്. ഇത്തവണ അതിനുള്ള ഫയൽനീക്കം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ്, കയറ്റുമതി സാധ്യത മുന്നിൽ കണ്ടു പുതിയ മേഖലകളിലേക്കു കടക്കാൻ കേരളത്തിലെ ഡിസ്റ്റിലറികൾ തയാറാവുന്നത്.
മദ്യക്കയറ്റുമതി രംഗത്തു കേരളം പിന്നിലാണെങ്കിലും രാജ്യത്തെ മറ്റു പല ബ്രാൻഡുകളും അങ്ങനെയല്ല. ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഇന്ത്യയിലെ അമൃത് ഡിസ്റ്റിലറീസ്.
ജപ്പാൻ, നെതർലൻഡ്‌സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തയ്‌വാൻ, യുകെ, യുഎസ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസ് അമൃത് സിംഗിൾ മാൾട്ട് വിസ്കി വിൽക്കുന്നുണ്ട്.
അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിക്ക് 2019ൽ വേൾഡ് വിസ്കി പ്രൊഡ്യൂസർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചിരുന്നു. 1948ൽ ആരംഭിച്ച കമ്പനിയുടെ 75–ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ബെല്ല’ എന്ന റം അതിൽ ഉപയോഗിച്ചിരിക്കുന്ന ശർക്കരയുടെ പേരിലാണു ശ്രദ്ധ നേടിയത്. നൂറു ശതമാനം ശര്‍ക്കരയില്‍ നിന്നുണ്ടാക്കിയതായിരുന്നു ബെല്ല. ഇങ്ങനെ പല പരീക്ഷണങ്ങളും മദ്യമേഖലയിൽ നടക്കുന്നുണ്ട്.
∙ ശർക്കരയിൽനിന്ന് ‘ബെല്ല’
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടുള്ള ആദരസൂചകമായിട്ടായിരുന്നു ബെല്ലയുടെ വരവ്. സഹ്യാദ്രി പർവതനിരകളിലെ ഫലഭൂയിഷ്ഠമായ മണ്ണിൽനിന്നും കർണാടകയിലെ മാണ്ഡ്യയിൽനിന്നും ഉൽപാദിപ്പിക്കുന്ന പോഷകസംപുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമിക്കുന്നത്. കന്നടയില്‍ ബെല്ല എന്നാല്‍ ‘ശർക്കര’ എന്നാണർഥം. കേരളത്തിലും പലയിടത്തും ശർക്കരബെല്ലം എന്ന വാക്ക് പ്രചാരത്തിലുണ്ട്. ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ സംഭരിച്ചാണ് ഇത് തയാറാക്കുന്നത്.
ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ പിതാവ് എന്നാണ് അമൃത് ഡിസ്റ്റിലറി സ്ഥാപകന്‍ നീലകണ്‌ഠ റാവു ജഗ്ദലേ അറിയപ്പെടുന്നത്. ഇന്ത്യന്‍ പൈതൃകത്തോടും സംസ്കാരത്തോടും റാവുവിനുണ്ടായിരുന്ന അഭിനിവേശമാണ് ബെല്ലയിലൂടെ യാഥാർഥ്യമായത്. ശര്‍ക്കര കൊണ്ട് സിംഗിള്‍ റം ഉണ്ടാക്കാനുള്ള ആദ്യത്തെ ലൈസന്‍സ് ഇന്ത്യയിൽ അമൃതിനാണ് ആദ്യം ലഭിക്കുന്നത്, 2012ൽ. തുടർന്ന് 2023 ജൂലൈയിൽ ബെല്ല റം കമ്പനി ആദ്യമായി പരിചയപ്പെടുത്തി. അതിനു പിന്നാലെയായിരുന്നു ബെംഗളൂരുവിൽ രാജ്യാന്തരതലത്തിലെ ലോഞ്ച് സംഘടിപ്പിച്ചത്.
∙ ഇന്ദ്‌രിയും ചിറാപ്പുഞ്ചിയും
2023ൽ ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയിൽനിന്നുള്ള ഇന്ദ്‌രി എന്ന ബ്രാൻഡായിരുന്നു. അതോടൊപ്പം ചിറാപ്പുഞ്ചിയിലെ മഴയെ കുപ്പിയിലാവാഹിച്ച ‘ചിറാപ്പുഞ്ചി’ എന്ന ജിന്നും ഇന്ത്യ ലോകത്തിനു മുന്നിലെത്തിച്ചു. വിസ്കീസ് ഓഫ് ദ് വേൾഡ് അവാർഡ്സിലാണ് ഇന്ദ്‌രി മികവിന്റെ കിരീടം നേടിയത്. ഹരിയാന ആസ്ഥാനമായ പിക്കാഡിലി ഡിസ്റ്റിലറീസാണ് ഇന്ദ്‌രിയുടെ നിർമാതാക്കൾ. സിദ്ധാർഥ ശർമയാണു സ്ഥാപകൻ.
2021ൽ ഇന്ദ്‌രി–ട്രിനി എന്ന പേരിട്ടായിരുന്നു നിർമാണത്തുടക്കം. രാജസ്ഥാനിൽനിന്നു തിരഞ്ഞെടുത്ത ആറു നിരകളുള്ള ബാർലിയും യമുനയിൽനിന്നുള്ള ശുദ്ധമായ ഹിമാനി വെള്ളവുമാണ് ഇന്ദ്‌രിയുടെ ഹൈലൈറ്റ്സ്. പരമ്പരാഗത ഇന്ത്യൻ ശൈലിയിൽ ചെമ്പുപാത്രത്തിൽ വാറ്റിയെടുക്കുന്ന ബാർലിയും അതിനൊപ്പം ഡ്രൈ ഫ്രൂട്സ്, മസാലകൾ, ചോക്‌ലേറ്റ്, വറുത്ത പരിപ്പ് അടക്കം പരമ്പരാഗത രുചിക്കൂട്ടുകളും ചേർത്താണു നിർമാണം. ഹിമാലയൻ താഴ്‌വരയിലാണിതിന്റെ നിർമാണം.
മദ്യം നിർമിക്കാൻ യാതൊരാലോചനയുമില്ലാതിരുന്ന മയൂഖ് ഹസാരികയെന്ന ഒരാളാണ് ചിറാപ്പുഞ്ചി ജിന്നിനു പിന്നിലെന്നതാണു കൗതുകം. ഓരോ തവണയും മേഘാലയയിലെ ഷില്ലോങ് സന്ദർശിക്കുമ്പോഴും ചിറപ്പുഞ്ചിയിലെ മഴയെ എങ്ങനെ ലോകത്തിനു മുഴുവൻ അനുഭവിപ്പിക്കാം എന്നൊരാലോചന മയൂഖിനെ വന്നുമുട്ടിയിരുന്നു. മദ്യനിർമാണത്തിലെ ഡച്ച് സാങ്കേതികവിദ്യയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സവിശേഷമായ കൂട്ടുകളും കൃത്യമായ അനുപാതത്തിൽ സമ്മേളിപ്പിച്ചതോടെയാണ് ചിറാപ്പുഞ്ചി ജിൻ കുപ്പിയിലായത്.
43 ശതമാനമാണ് സ്പിരിറ്റ്, ബാക്കി പ്രത്യേക നിലയിൽ ശുദ്ധീകരിച്ച ജലവും സവിശേഷ കൂട്ടുകളും. ഡച്ച് (നെതർലൻഡ്സ്) സാങ്കേതികവിദ്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സവിശേഷമായ കൂട്ടുകളും കൃത്യമായ അനുപാതത്തിൽ സമ്മേളിപ്പിച്ചതോടെ ചിറാപ്പുഞ്ചി ജിൻ കുപ്പിയിലായി. മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽനിന്നുള്ള തനതു സുഗന്ധ ദ്രവ്യങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.