ADVERTISEMENT

കൊച്ചി ∙ പൃഥ്വിരാജിനു പിന്നാലെ ചലച്ചിത്ര വ്യവസായത്തിൽ നിന്നു സ്പോർട്സ് ബിസിനസിൽ നിക്ഷേപം നടത്താൻ നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫനും. സൂപ്പർലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ തൃശൂർ റോർ എഫ്സിയുടെ ഭൂരിപക്ഷ ഓഹരി ഉടമ ആയാണു ലിസ്റ്റിന്റെ അരങ്ങേറ്റം.

ഓസ്ട്രേലിയൻ ഫുട്ബോൾ ടീമായ ബ്രിസ്ബെയ്ൻ റോർ സിഇഒ കാസ് പടാഫ്ത, മാഗ്‌നസ് സ്പോർട്സിലെ ബിനോയിറ്റ് ജോസഫ്, നുസിം ടെക്നോളജീസിലെ മുഹമ്മദ് റഫീഖ് എന്നിവരാണു സഹ ഉടമകൾ. മോളിവുഡ് ചലച്ചിത്ര മേഖലയിൽ നിന്നു കൂടുതൽ പ്രമുഖർ എസ്എൽകെ ടീമുകളിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതായാണു സൂചന. 

ചലച്ചിത്ര താരങ്ങളുടെയും കോർപറേറ്റുകളുടെയും വരവു കേരളത്തിലെ സ്പോർട്സ് വികസനത്തിനും കൂടുതൽ കാണികളെ ആകർഷിക്കാനും സഹായിക്കുമെന്നാണു വിലയിരുത്തൽ.

ബോളിവുഡ് താരങ്ങളും വമ്പൻ കോർപറേറ്റുകളും രാജ്യത്തെ ഫ്രാഞ്ചൈസി സ്പോർട്സ് ലീഗുകളിൽ കോടികൾ എറിയുന്ന വഴിയിലൂടെയാണു കേരളത്തിലെ ചലച്ചിത്ര – കോർപറേറ്റ് ലോകവും. കേരളത്തിൽ വേരു പിടിക്കുന്ന ഫ്രാഞ്ചൈസി സ്പോർട്സ് ലീഗുകളിൽ ചലച്ചിത്ര മേഖല നിക്ഷേപിക്കുന്നത് ആവേശപൂർവം. നടനും നിർമാതാവുമായ പൃഥ്വിരാജാണ് എസ്എൽകെയിലെ നിക്ഷേപത്തിന് ആദ്യം താരത്തിളക്കം നൽകിയത്. 

അദ്ദേഹവും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനുമാണു ഫോർസ കൊച്ചി എഫ്സിയുടെ സഹ ഉടമകൾ. 

പുതുതായി ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലും (കെസിഎൽ) താര നിക്ഷേപമുണ്ട്. സംവിധായകരായ പ്രിയദർശനും സോഹൻ റോയിയുമാണു ടീമുകളെ സ്വന്തമാക്കിയത്.

കേരളത്തിലെ കോർപറേറ്റുകളും സ്പോർട്സ് ബിസിനസിൽ കൈവച്ചു കഴിഞ്ഞു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പാണു പ്രോ വോളി ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ഉടമകൾ. എസ്എൽകെ ടീമായ കാലിക്കറ്റ് എഫ്സിയുടെ ഉടമ ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസാണ്. 

ഇന്ത്യയിൽ സ്പോർട്സിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്ന ബിസിനസ് ഗ്രൂപ്പാകട്ടെ, ലോകത്തെ തന്നെ ഏറ്റവും വലിയ കോർപറേറ്റ് സാമ്രാജ്യങ്ങളിലൊന്നായ റിലയൻസ് തന്നെ!

English Summary:

sports business investment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com