ADVERTISEMENT

ഇന്‍റർനെറ്റിലെ വിവരശേഖരണ രംഗത്ത് പുത്തൻ തരംഗമായി മാറിയ ചാറ്റ് ജിപിറ്റിക്ക് (ChatGPT)പിന്നിലെ കമ്പനിയായ ഓപ്പൺഎഐ (OpenAI), പുതിയൊരു വിപ്ളവത്തിന് കൂടി കളമൊരുക്കുന്നു. ഗൂഗിളിന് കനത്ത വെല്ലുവിളിയുമായി സേർച്ച് എൻജിൻ പ്ലാറ്റ്ഫോമായ സേർച്ച് ജിപിറ്റി (SearchGPT) അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓപ്പൺഎഐ.

കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി എതിരാളികളില്ലാതെ അപ്രമാദിത്തം തുടർന്ന സെർച്ച് എൻജിൻ ഭീമന്മാരായ ഗൂഗിളിന് ഇത് വൻ തിരിച്ചടിയാണ്. നിർമിത ബുദ്ധി (എഐ/AI) അധിഷ്ഠിതമായ ചാറ്റ് ജിപിറ്റി ചുരുങ്ങിയകാലം കൊണ്ടാണ് ആഗോളതലത്തിൽ തരംഗമായത് എന്നതും ഗൂഗിളിന് ആശങ്കയാകും. 

search-gpt - 1

സേർച്ച് ജിപിറ്റി അവതരിപ്പിക്കുമെന്ന ഓപ്പൺഎഐയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്‍റെ ഓഹരി (Alphabet shares) വില കൂപ്പുകുത്തിയത് ഇതിനുദാഹരണമാണ്. ഇന്നലെ അമേരിക്കൻ ഓഹരി വിപണിയായ നാസ്ഡാക്കിൽ മൂന്ന് ശതമാനം ഇടിഞ്ഞ് 167.28 ഡോളറിലാണ് ആൽഫബെറ്റ് ഓഹരി വിലയുള്ളത്. കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

അതിവേഗം, വിശ്വസ്തത
 

സേർച്ച് ജിപിറ്റി നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുവിഭാഗം ആളുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ ഇത് ചാറ്റ് ജിപിറ്റിയുമായി ബന്ധിപ്പിക്കും. ഉപയോക്താക്കൾക്ക് വിശ്വാസ്യതയേറിയ സ്രോതസ്സുകളിൽ നിന്നുള്ള ഉത്തരങ്ങൾ തൽക്ഷണം ലഭ്യമാക്കാൻ സേർച്ച് ജിപിറ്റിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു.

സേർച്ച് ജിപിറ്റിയുടെ പ്രോട്ടോടൈപ്പ് (ആദ്യഘട്ട മാതൃക) ആണ് ഓപ്പൺഎഐ തിരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം യൂസർമാർക്കായി നിലവിൽ അവതരിപ്പിച്ചത്. കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ വൈകാതെ അവതരിപ്പിക്കാനാണ് ശ്രമം.

ഗൂഗിളിന് വമ്പൻ വെല്ലുവിളി
 

2022 നവംബറിൽ ഉപയോക്താക്കളിലേക്ക് ചാറ്റ് ജിപിറ്റി എത്തിയതുമുതൽ ആശങ്കയിലാണ് ആൽഫബെറ്റിലെ നിക്ഷേപകർ. മറ്റൊരു മനുഷ്യനോട് സംസാരിക്കുന്നതുപോലെ അഥവാ ചാറ്റിങ് പോലെ വിവരങ്ങൾ തേടാമെന്നതാണ് ചാറ്റ് ജിപിറ്റിയുടെ മുഖ്യ ആകർഷണം.

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

ഇതുവഴി ഓപ്പൺഎഐ വിപണിവിഹിതം വാരിക്കൂട്ടുമോ എന്ന ഭീതിയാണ് ആൽഫബെറ്റിന്‍റെ നിക്ഷേപകർക്കുള്ളത്. മാത്രമല്ല, ഓപ്പൺഎഐക്ക് മൈക്രോസോഫ്റ്റുമായി സഹകരണമുണ്ട്. ഓപ്പൺ എഐയുടെ പിന്തുണയോടെ മൈക്രോസോഫ്റ്റിന്‍റെ സേർച്ച് എൻജിനായ ബിങ് (Bing) വിപണിവിഹത്തിൽ മുന്നേറുമോ എന്ന ആശങ്കയും ശക്തം.

നിലവിൽ തന്നെ ലോകത്തെ 18-24 പ്രായക്കാരായ ഉപയോക്താക്കൾക്കിടയിൽ കൂടുതൽ പേരും ചാറ്റ് ജിപിറ്റിയിലേക്ക് ചുവടുമാറ്റിയതായി വിലയിരുത്തലുകളുണ്ട്. 2015ലാണ് ഓപ്പൺഎഐയുടെ തുടക്കം. 80 ബില്യൺ ഡോളറാണ് (6.7 ലക്ഷം കോടി രൂപ) കമ്പനിക്ക് നിക്ഷേപകർ കൽപിക്കുന്ന വിപണിമൂല്യം.

chat-gpt

ഐഫോൺ നിർമാതാക്കളായ ആപ്പിളുമായി സഹകരിക്കാനുള്ള ഒരുക്കങ്ങളും ഓപ്പൺഎഐ നടത്തുന്നുണ്ടെന്ന വെല്ലുവിളിയും ഗൂഗിളിന് മുന്നിലുണ്ട്. ആപ്പിളിന്‍റെ വോയിസ് അധിഷ്ഠിത സഹായസംവിധാനമായ (Voice Assistant) സിരിയുമായി (Siri) ചാറ്റ് ജിപിറ്റിയെ ബന്ധിപ്പിക്കാനാണ് ചർച്ചകൾ.

ചാറ്റ് ജിപിറ്റിക്ക് മറുപടിയുമായി 'ജെമിനൈ' (Google Gemini) എന്ന എഐ അധിഷ്ഠിത സംവിധാനം ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും, കൂടുതൽ സ്വീകാര്യത ആഗോളതലത്തിൽ ലഭിച്ചത് ചാറ്റ് ജിപിറ്റിക്കാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

English Summary:

Alphabet Shares Plummet as OpenAI Reveals Upcoming SearchGPT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com