ഐആർസിടിസിയുടെ ലാഭത്തിൽ വൻ വളർച്ച; വരുമാനത്തിലും ഉണർവ്
Mail This Article
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 33.3% വളർച്ചയോടെ 308 കോടി രൂപയുടെ ലാഭം നേടി. വരുമാനം 11.8% ഉയർന്ന് 1,120.5 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 232 കോടി രൂപയും വരുമാനം 1,002 കോടി രൂപയുമായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ലാഭം 284.18 കോടി രൂപയും വരുമാനം 1,154.8 കോടി രൂപയുമായിരുന്നു. 2023-24ലെ അന്തിമ ലാഭവിഹിതമായി കമ്പനി ഓഹരിയൊന്നിന് 4 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA) കഴിഞ്ഞപാദത്തിൽ 9% ഉയർന്ന് 375 കോടി രൂപയിലെത്തി. എബിറ്റ്ഡ മാർജിൻ 34.2 ശതമാനത്തിൽ നിന്ന് 33.5 ശതമാനയി കുറഞ്ഞു. വരുമാനത്തിൽ ഓൺലൈൻ ടിക്കറ്റ് വിൽപനയുടെ വിഹിതം 29 ശതമാനത്തിൽ നിന്ന് 28.5 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഇന്ന് കമ്പനിയുടെ ഓഹരികൾ 0.69% താഴ്ന്ന് 918 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വരുമാനത്തിൽ ഓൺലൈൻ ടിക്കറ്റ് വിൽപനയുടെ വിഹിതം കുറഞ്ഞതും എബിറ്റ്ഡ മാർജിനിലുണ്ടായ ഇടിവും സ്വാധീനിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.
റെയിൽവേ ടിക്കറ്റുകൾ ഓൺലൈനിൽ വിൽക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഐആർസിടിസി. റെയിൽവേയിൽ ഭക്ഷണം, കുടിവെള്ള വിതരണം എന്നിവയും നിർവഹിക്കുന്നത് ഐആർസിടിസിയാണ്. ഇതിന് പുറമേ ആഭ്യന്തര, വിദേശ ടൂറിസം പായ്ക്കേജുകളും കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ആഡംബര വിമാനയാത്ര, വിദേശ വിമാനയാത്ര, ഹോട്ടൽ ബുക്കിങ്, അവധിക്കാല പായ്ക്കേജുകൾ, തീർഥാടന യാത്ര തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
കേന്ദ്രസർക്കാരിന് 62.4% ഓഹരി പങ്കാളിത്തമാണ് ഐആർസിടിസിയിലുള്ളത്. 7.1% ഓഹരികൾ വിദേശ നിക്ഷേപകരുടെയും 10.5% ആഭ്യന്തര ധനകാര്യ നിക്ഷേപകരുടെയും ബാക്കി റീറ്റെയ്ൽ നിക്ഷേപകരുടെയും കൈവശമാണ്. 73,400 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 38% നേട്ടം നൽകിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വിലയിലുണ്ടായത് 11 ശതമാനത്തോളം നഷ്ടമാണ്.